TopTop
Begin typing your search above and press return to search.

ന്യൂനമർദ്ദം നാശം വിതയ്ക്കുമോ? കോവിഡ് കാലത്ത് രക്ഷാപ്രവർത്തനത്തിന് നാല് തരം ക്യാമ്പുകൾ സജ്ജമാക്കി തദ്ദേശ സ്ഥാപനങ്ങൾ

ന്യൂനമർദ്ദം നാശം വിതയ്ക്കുമോ? കോവിഡ് കാലത്ത് രക്ഷാപ്രവർത്തനത്തിന് നാല് തരം ക്യാമ്പുകൾ സജ്ജമാക്കി തദ്ദേശ സ്ഥാപനങ്ങൾ

കോവിഡിന് പുറമെ കേരളത്തിന് വെല്ലുവിളിയായി മഴയും. ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ ഭീഷണിയില്‍ സംസ്ഥാനം. മഴ നിലയ്ക്കാതെ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതോടെ സംസ്ഥാനത്ത് മഴ കനക്കാനുള്ള സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി. മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രളയ സാധ്യത നിലവിലില്ലെങ്കിലും മലയോര മേഖലകള്‍ക്ക് മഴ ഭീഷണിയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. അതിതീവ്ര മഴയും അത് വഴിയുണ്ടാകാവുന്ന ദുരന്തങ്ങളും മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കുമ്പോഴും കോവിഡ് 19 രോഗ വ്യാപനം സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അടിയന്തര സാഹചര്യം വന്നാൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നാല് തരം പുനരധിവാസ കേന്ദ്രങ്ങളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ സജ്ജമാക്കിയിട്ടുളളത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മുന്‍കൂട്ടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ അതിനെ തുടര്‍ന്നുള്ള ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാവും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. എന്നാല്‍ നിലവിലെ മോഡലുകള്‍ അനുസരിച്ച് ന്യൂനമര്‍ദ്ദം മഹാരാഷ്ട്ര ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളെയായിരിക്കും ബാധിക്കുക. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ മഴ ലഭിക്കുമെങ്കിലും തീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഒഡീഷ തീരത്തേക്കാണ് എത്തുന്നതെങ്കില്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടാവും. അത്തരത്തില്‍ സംഭവിച്ചാല്‍ കേരളത്തില്‍ ദുരന്ത സമാനമായ അന്തരീക്ഷമുണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

കേരളത്തില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ലഭിക്കേണ്ടുന്ന മഴയിലും 23 ശതമാനം കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്. അതിനാല്‍ തന്നെ അതിതീവ്ര മഴയുണ്ടായാലും പ്രളയം ഉണ്ടാവാനുള്ള സാധ്യതകള്‍ ദുരന്ത നിവാരണ അധികൃതര്‍ തള്ളിക്കളയുന്നു. എന്നാല്‍ രണ്ട് ദിവസം തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ പ്രധാന നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാഹചര്യമുണ്ടാവും. മൂന്ന് ദിവസങ്ങള്‍ മുമ്പ് ഒരു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളെല്ലാം വെള്ളക്കെട്ടിലായിരുന്നു. മഴ കുറവ് ലഭിച്ചതിനാല്‍ ഡാമുകളിലും ജലാശയങ്ങളിലും വെള്ളം കുറവായതിനാല്‍ വെള്ളക്കെട്ടുണ്ടായാലും അതിവേഗം വെള്ളം ഒഴുകി പോവാനുള്ള സാധ്യതയാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മലയോര മേഖലകളിലാണ് വലിയ ഭീഷണി നിലനില്‍ക്കുന്നത്. കഴിഞ്ഞ ഒരു ദിവസം പെയ്ത മഴയില്‍ സംസ്ഥാനത്ത് രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. തിരുമലയിലും കോഴിക്കോട് കാവിലുംപാറയിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ' ഒരു ദിവസത്തെ മഴ പെയ്തപ്പോള്‍ തന്നെ രണ്ടിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. യഥാര്‍ഥത്തില്‍ മലയോര മേഖലകള്‍ക്ക് മഴ ഭീഷണിയാണ്. തുടര്‍ച്ചയായി മഴ പെയ്താല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത നിര്‍ദ്ദേശം ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്.' ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക് വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി നല്‍കി. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലും സമീപ ജില്ലകളിലുമുള്ള താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ദുരന്ത നിവാരണ അതോറ്റി നല്‍കുന്നത്.

2018, 2019 വര്‍ഷങ്ങളില്‍ ഓഗസ്റ്റ് മാസത്തിലാണ് തീവ്ര മഴയും പ്രളയവും ഉണ്ടായത്. 3000 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ സാമൂഹിക അകലം പാലിച്ച് രോഗ വ്യാപനം വര്‍ധിക്കാതെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും നാല് തരം കേന്ദ്രങ്ങള്‍ തയ്യാറാക്കി ലിസ്റ്റ് നല്‍കിയതായി ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈ റിസ്‌ക് ആളുകളെ ഒരു ക്യമ്പിലേക്കും, ക്വാറന്റൈനില്‍ കഴിയുന്നവരെയും ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും സാധാരണക്കാരെയും വേറെ വേറെ ക്യാമ്പുകളിലും മാറ്റിപ്പാര്‍പ്പിക്കും. എന്നാല്‍ ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായാല്‍ അതിവേഗം ആ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റേണ്ടതായുണ്ട്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഇത് നടപ്പാക്കാനാവുമോ എന്ന സംശയം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ദുരന്ത നിവാരണ അതോറിറ്റിയ്ക്കുമുണ്ട്. 'ഓരോ താലൂക്കുകള്‍ കേന്ദ്രീകരിച്ചും ഇന്‍സിഡന്റ് റസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ദുരന്തമുണ്ടായാല്‍ ഓരോ ഉദ്യോഗസ്ഥനും ചെയ്യേണ്ട ജോലികള്‍ തരംതിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസം. ഇന്ത്യയില്‍ തന്നെ ആദ്യമായി തദ്ദേശ സ്ഥാപനങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കുകയും എമര്‍ജന്‍സി റസ്‌പോണ്‍സ് സിസ്റ്റം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അടിയന്തിരഘട്ടത്തില്‍ ഉടനടി ഇടപെടാനും ഇത് വഴി കഴിയും. എന്നാല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുന്നത് സംസ്ഥാനത്തിന് മുന്നിലുള്ള ഭീഷണി തന്നെയാണ്.' ഫഹദ് മര്‍സൂക് പറഞ്ഞു.

കോവിഡിന്റെ സാഹചര്യത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടന്നിട്ടില്ല. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. അതിനാല്‍ വെള്ളമൊഴുകി പോവാനുള്ള സംവിധാനങ്ങള്‍ ഫലപ്രദമാവുമോ എന്ന സംശയവും നിലനിൽക്കുന്നു. ഓഗസ്റ്റ് 13ന് ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യുൂനമര്‍ദ്ദം കൂടി രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. അങ്ങനെ വന്നാല്‍ തുടര്‍ച്ചയായ മഴ കേരളത്തില്‍ ദുരിതം വിതയ്ക്കും എന്നാണ് വിദഗ്ദ്ധരുടെ ആശങ്ക.


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories