കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു. ഏറ്റവും ശ്രദ്ധേയം സംസ്ഥാനത്തിന്റെ ആഭ്യന്തരകടബാധ്യത കുതിച്ചുകയറിയെന്നതാണ്. ശമ്പളം, പലിശ, പെന്ഷന് ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91- ശതമാനമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും താഴേയ്ക്ക് തന്നെയാണ്. വളര്‍ച്ച നെഗറ്റീവായി തുടരുന്നു ഇത്തവണയും. - 6.62% ശതമാനമാണ് ഇത്തവണ കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ച. എന്നാല്‍ കൃഷിഭൂമിയുടെ അളവ് വര്‍ധിച്ചു. നെല്ല് ഉല്പാദനം കൂടി എന്നത് നേട്ടമായി കണക്കാക്കപ്പെടുന്നു. പച്ചക്കറി ഉത്പാദനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കാര്‍ഷിക വായ്പ 73,034 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. കേന്ദ്ര നികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതത്തിലും കുറവ് വന്നു. വിനോദ സഞ്ചാര മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വരുത്തിയത്. 2020-ലെ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും നഷ്ടമുണ്ടായത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് കാരണം ആഭ്യന്തര വരുമാനത്തില്‍ 1.56 ലക്ഷം കോടിയുടെ ഇടിവുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവും തിരിച്ചടിയായി. കാര്‍ഷിക മേഖലയിലും അനുബന്ധമേഖലയിലും തിരിച്ചടിയുണ്ടായി. വളര്‍ച്ചാനിരക്ക് നെഗറ്റീവായി തുടരുകയാണ്.ഉല്പാദന മേഖലയിലെ വളര്‍ച്ച 1.5 ശതമാനമാണ്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിടല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ സാരമായിത്തന്നെ ബാധിച്ചു.