TopTop
Begin typing your search above and press return to search.

'വിമാനത്താവളത്തിന് അദാനി പറ്റില്ല, വിഴിഞ്ഞത്ത് ആവാമെന്നത് ശരിയായ കാഴ്ചപ്പാടല്ല'; സർക്കാരിന്റെ വികസനനയങ്ങളെ പരിഷത്ത് ചോദ്യം ചെയ്യുന്നു - ടി പി കുഞ്ഞിക്കണ്ണൻ / അഭിമുഖം

വിമാനത്താവളത്തിന് അദാനി പറ്റില്ല, വിഴിഞ്ഞത്ത് ആവാമെന്നത് ശരിയായ കാഴ്ചപ്പാടല്ല; സർക്കാരിന്റെ വികസനനയങ്ങളെ  പരിഷത്ത് ചോദ്യം ചെയ്യുന്നു -  ടി പി കുഞ്ഞിക്കണ്ണൻ / അഭിമുഖം

പഴയ കേരളത്തിന് സംഭവിച്ച കേടുപാടുകൾ തീർക്കുകയല്ല, പുതിയ കേരളം നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 2018 ഓഗസ്റ്റിലുണ്ടായ വലിയ പ്രളയത്തിന് ശേഷം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് റീബിൽഡ് കേരള അടക്കമുള്ള പദ്ധതികൾ വന്നത്. 2020ൽ ലോകത്തെല്ലായിടുത്തുമെന്ന പോലെ കൊറോണ വൈറസ് ഉണ്ടാക്കിയ ഗുരുതരമായ പ്രതിസന്ധിയാണ് കേരളവും നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം സംസ്ഥാന സർക്കാർ കൊണ്ടുവന്ന വിവിധ പദ്ധതികൾ വിവാദത്തിന്റെ നിഴലിലാണ്. സ്വകാര്യ കൺസൾട്ടൻസികളുടെ കുത്തൊഴുക്കും അവയ്ക്കായി സർക്കാർ നൽകിയ സൗകര്യങ്ങളും ചട്ടവിരുദ്ധമായ നടപടികളുണ്ടായെന്ന ആരോപണങ്ങളും വിമർശനങ്ങൾക്ക് കാരണമായി. പല തവണ പാരിസ്ഥിതികാനുമതി നിഷേധിക്കപ്പെട്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി തേടാൻ വീണ്ടും കെഎസ്ഇബിക്ക് സർക്കാർ എൻഒസി (നിരാക്ഷേപ പത്രം) നൽകി. ഇഐഎ പോലെ അത്യന്തം വിനാശകരമായ പരിസ്ഥിതി നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നു. അതേസമയം വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾ അനുമതി നൽകേണ്ട കാര്യമില്ലെന്ന പുതിയ വ്യവസായ നയം സംസ്ഥാന സർക്കാർ അവതരിപ്പിച്ചു. നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തിലെ ഭേദഗതികൾ വിവാദമായി. ക്വാറികൾക്ക് ജനവാസമേഖലയിൽ നിന്നുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചു. 2019ൽ മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമുണ്ടായ വലിയ മണ്ണിടിച്ചിൽ ദുരന്തങ്ങളും 2020ലെ പെട്ടിമുടി ദുരന്തവുമൊന്നും സർക്കാരിന്റെ കണ്ണ് തുറപ്പിച്ചോ എന്നത് സംശയമാണ്. ദുരന്തങ്ങൾക്ക് ശേഷവും പാറമടകൾക്ക് അതിവേഗ എൻഒസി കൊടുക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗം നൽകി. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ പുതിയ വികസനകാഴ്പ്പാടുകളുടേയും മാതൃകകളുടേയും പ്രശ്നങ്ങൾ വിലയിരുത്തുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയുമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണൻ.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുതലാളിത്ത വികസന സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യാനും പരിസ്ഥിതി പ്രശ്നങ്ങളിൽ പൊതുസമൂഹത്തെ ബോധവത്കരിക്കാനും രാഷ്ട്രീയമായി തിരുത്താനും ഒരു കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ വരുന്ന പദ്ധതികളുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹ്യപ്രശ്നങ്ങളെ ജനങ്ങൾക്കിടയിൽ ഒരു ചർച്ചയായി വളർത്താനെങ്കിലും നിലവിൽ പരിഷത്തിന് കഴിയുന്നുണ്ടോ?

അതിവേഗ റെയിൽപ്പാതയ്ക്കെതിരായ നിലപാട് ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഒരു സംഘടനയെന്ന നിലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മാത്രമേ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളൂ. കേരളത്തിലെ ഗതാഗതത്തിന്റെ മുൻഗണനയിൽ ഒരിക്കലും കെ റെയിൽ വരുന്നില്ല എന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പരിഷത്തിന്റെ നിലപാട് ദ ഹിന്ദു മാത്രമാണ് വാർത്തയായി പ്രസിദ്ധീകരിച്ചത്. ഹിന്ദു നാല് കോളത്തിൽ വിശദമായി അത് കൊടുത്തു. ദേശാഭിമാനിയോ മലയാള മനോരമയോ മാതൃഭൂമിയോ ഒന്നും അത് ചെയ്തില്ല. പ്രാദേശിക കൂട്ടായ്മകളുടെ രൂപത്തിൽ ചെറിയ പ്രതിഷേധങ്ങളുണ്ടാകുന്നുണ്ടാകാം. കോഴിക്കോട് ജില്ലയിലെ എലത്തൂർ, തിക്കോടി, പയ്യോളി പോലുള്ള പ്രദേശങ്ങളിൽ സമരങ്ങൾക്ക് പരിപാടികളുണ്ടെന്നറിയുന്നു. അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി, ചെറുവള്ളി എസ്റ്റേറ്റിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ശബരിമല വിമാനത്താവളം തുടങ്ങിയ പദ്ധതികളോട് പരിഷത്ത് ശക്തമായ എതിർപ്പുയർത്തിയിട്ടുണ്ട്. ഇതൊന്നും കേരളത്തിന്റെ വികസനത്തിന് ഗുണം ചെയ്യുന്ന പദ്ധതികളല്ല.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭകൾ സ്വീകരിക്കുന്ന നടപടികൾ വലിയ നാശമുണ്ടാക്കുന്ന കാര്യങ്ങളാണ്. ബ്രഹ്മപുരത്തെ പ്ലാന്റ്, കോഴിക്കോട് നഗരസഭ നടത്തുമെന്ന് വാശിപിടിക്കുന്ന പദ്ധതി ഇതെല്ലാമുണ്ട്. ഉറവിട മാലിന്യ സംസ്കരണം ഇവരുടെ അജണ്ടയിലില്ല. മാലിന്യങ്ങൾ ഒന്നിച്ച് കൂട്ടി കത്തിച്ച് കറണ്ടുണ്ടാക്കാമെന്ന മിഥ്യാബോധമാണ് ഇവർക്കുള്ളത്. സൈലന്റ് വാലി പദ്ധതിക്കെതിരെ പരിഷത്ത് സംസ്ഥാന വ്യാപകമായി ശക്തമായ പ്രചാരണം നടത്തുന്ന കാലത്തുള്ള രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷമല്ല ഇപ്പോൾ കേരളത്തിലുള്ളത്. അന്ന് സിപിഎമ്മിൽ മാത്രമല്ല, എല്ലാ രാഷ്ട്രീയ കക്ഷികളിലും നമുക്ക് സംവദിക്കാനും കടന്നുചെല്ലാനും കഴിയുന്ന ഇടങ്ങളുണ്ടായിരുന്നു. ചർച്ചയ്ക്കുള്ള ജനാധിപത്യ ഇടമുണ്ടായിരുന്നു. ഇപ്പോൾ അതില്ല. വികസനമെന്നത് ചില ഏജൻസികളെ വച്ച് നടപ്പാക്കേണ്ട ഒന്നായി മാറി.

വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ വിദേശ കൺസൾട്ടൻസികളെ ഏൽപ്പിക്കുന്നു. എസ്റ്റിമേറ്റ് വലുതാകുന്നതിന് അനുസരിച്ച് അവരുടെ കമ്മീഷനും വലുതാകുന്നു. നല്ലൊരു തുക കമ്മീഷനായി ലഭിക്കുന്ന ഈ കൺസൾട്ടൻസികൾക്ക് പ്രോജക്ട് നടപ്പാകുന്നതും നടപ്പാകാതിരിക്കുന്നതും ഒരു പ്രശ്നമല്ല. കെ റെയിൽ സംബന്ധിച്ച് പരിഷത്ത് പ്രസ്താവന ഇറക്കിയതിന് പിന്നാലെ ദ ഹിന്ദുവിൽ തന്നെ ഇതിന് മറുപടിയായി ഒരു പ്രസ്താവന കണ്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി കൊടുക്കുമെന്നാണ് അതിൽ പറഞ്ഞുകണ്ടത്. ആദ്യ എസ്റ്റിമേറ്റിൽ ഇതുണ്ടായിരുന്നില്ല. ഈ നാലിരട്ടി കൊടുക്കുമെന്ന് പറയുമ്പോളും അതിന് എവിടെ നിന്നാണ് പണം എന്ന് ആരും ചോദിക്കുന്നില്ല. പരിഷത്ത് ഇത്തരം പ്രശ്നങ്ങളിലെല്ലാം വ്യക്തമായ നിലപാടുകളെടുക്കുന്നുണ്ട്. എന്നാൽ അത് ഒരു സമര രൂപത്തിലേയ്ക്ക് കൊണ്ടുവരാനും സുസ്ഥിരതയുണ്ടാക്കാനും കഴിയുന്നില്ല. ഇത്തരത്തിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ശക്തമായ ആക്രമണമാണ് മറുഭാഗം നടത്തുന്നത്.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വൻകിട പദ്ധതികൾക്കുള്ള ഭൂമിയുടെ ലഭ്യത ഒരു വലിയ പ്രശ്നമല്ലേ?

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തതിൽ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിച്ചു. തുറമുഖം അദാനിക്ക് കൊടുത്തതിൽ ആരും പ്രതിഷേധിച്ചിട്ടില്ലല്ലോ. വിഴിഞ്ഞം തുറമുഖം വലിയ തോതിൽ പാരിസ്ഥിതിക ആഘാതവും ജനജീവിതത്തിന് ഭീഷണിയുമുണ്ടാക്കുമെന്ന് പറഞ്ഞ ഞങ്ങൾ അന്ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ജാഥയും കൺവെൻഷനുമൊക്കെ നടത്തി. അന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഞങ്ങൾക്ക് എതിരായിരുന്നു. സീ പോർട്ടും എയർ പോർട്ടും കൊടുക്കാൻ പാടില്ല എന്നാണ് പരിഷത്തിന്റെ നിലപാട്. എന്നാൽ സീ പോർട്ട് കൊടുക്കാമെന്നും എയർപോർട്ട് കൊടുക്കാൻ പാടില്ലെന്നും പറയുന്നത് ശരിയല്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറുന്നതിനേക്കാൾ വലിയ പ്രശ്നം തുറമുഖത്തിന്റെ കൈമാറ്റമാണ്. ഇതൊന്നും ആർക്കും വിഷയമല്ല.

'പരിസ്ഥിതി തീവ്രവാദികൾ' വേഴ്സസ് 'വികസനവാദികൾ' എന്നൊരു ദ്വന്ദ്വം സൃഷ്ടിക്കാനുള്ള ശ്രമം നിലവിലെ സർക്കാരിന്റെ കാലത്ത് ശക്തമായിട്ടുണ്ടല്ലോ?

ചെറുവള്ളി എസ്റ്റേറ്റിലെ വിമാനത്താവള പദ്ധതിയെ വിമർശിച്ചാൽ നമ്മൾ വികസനവിരുദ്ധരായി മാറുന്ന നിലയാണുള്ളത്. സിപിഎമ്മിന് ഇത്തരം പ്രശ്നങ്ങൾ മനസ്സിലാകാത്തതിനോ അംഗീകരിക്കാത്തതിനോ എന്ത് ചെയ്യാൻ കഴിയും. കോൺഗ്രസ്സിനോടോ ബിജെപിയോടോ ഇത്തരം കാര്യങ്ങൾ പറയാൻ കഴിയില്ലല്ലോ. അത്തരമൊരു നിസ്സഹായത പരിഷത്ത് അടക്കമുള്ള സംഘടനകളെ ബാധിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ ഇ ഐ എ (എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ്) കൊണ്ടുവരുന്നു. എങ്ങനെ കാണുന്നു ഇതിനെ?

ഇഐഎ ജനാധിപത്യവിരുദ്ധമായ ഒന്നാണ്. ജനങ്ങളുടെ പങ്കാളിത്തം ഇല്ലാതാക്കുകയാണ്. ചർച്ചകളില്ല. ഒരു ഭാഗത്ത് പരിസ്ഥിതി നിയമങ്ങളെ ദുർബലപ്പെടുത്തുകയും മറുഭാഗത്ത് കൽക്കരി കുഴിച്ചെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുകയും ചെയ്യുന്നു. ആർക്കും എവിടെയും എന്ത് തരം വ്യവസായങ്ങളും നടത്താമെന്ന നില. പരിസ്ഥിതി ആഘാതമില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ നൽകുന്നതിൽ കൺസൾട്ടൻസികൾ പങ്ക് വഹിക്കുന്നു. ഇഐഎ എന്നത് തന്നെ കട്ട് ആൻഡ് പേസ്റ്റ് ആണ്. കേരളത്തിൽ പരിസ്ഥിതി സംഘടനകളെല്ലാം പുതിയ രൂപത്തിലുള്ള സമരസംഘാടനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതായിട്ടുണ്ട്. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല. ഇത്തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് കരുതുന്ന ധാരാളം പേർ ഇപ്പോളും സിപിഎമ്മിലുണ്ട്. അതേസമയം ഇത് തന്നെയാണ് ശരിയായ വികസനമാതൃക എന്ന് കരുതുന്നവരുമുണ്ട്. ഇഐഎയിൽ കേന്ദ്രസർക്കാരിനെ എതിർത്ത് പ്രസ്താവന ഇറക്കുന്നവർ തന്നെ അടുത്ത ദിവസം പാറ പൊട്ടിക്കുന്നതിന്റെ ദൂരപരിധി കുറക്കുന്നു. സീ പോർട്ട് അദാനി എടുത്തോട്ടെ, എയർപോർട്ട് എടുക്കണ്ട എന്നാണ് പറയുന്നത്. ക്വാറികളും ജനവാസമേഖലകളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചതിന് പിന്നിൽ പ്രധാനപ്പെട്ട പദ്ധതി വിഴിഞ്ഞമാണ്. ഇടുക്കിയിൽ പാറ പൊട്ടിച്ചെടുത്താലേ വിഴിഞ്ഞത്ത് കൊണ്ടുവന്നിടാൻ പറ്റൂ. വിഴിഞ്ഞം ഒരു റിയൽ എസ്റ്റേറ്റ് വികസനപരിപാടി മാത്രമാണ്. ടാറ്റയ്ക്ക്മ ദേശീയ കാഴ്ചപ്പാടുണ്ട് എന്നെങ്കിലും പറയാം. റിലയൻസിനും അദാനിക്കും അങ്ങനെ ഒന്ന് പോലുമില്ല. മണ്ണ് വാങ്ങി വിൽക്കുന്നയാണ് അദാനി. പ്രകൃതി വിഭവങ്ങളടക്കം എല്ലാ അയാൾക്ക് വിൽപ്പനയ്ക്കുള്ള വസ്തുക്കൾ മാത്രമാണ്. അമ്പത് വർഷത്തിന് ശേഷം ഈ രാജ്യത്തുണ്ടാകുന്ന ഭരണസംവിധാനം എത്തരത്തിലായിരിക്കുമെന്ന് പറയാൻ കഴിയില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം ഏതൊക്കെ തരത്തിൽ അട്ടിമറിക്കപ്പെടുമെന്നും കയ്യേറ്റം ചെയ്യപ്പെടുമെന്നും പറയാനാകില്ല. കരാറുണ്ടാക്കുന്നവരൊന്നും അന്നുണ്ടാകില്ല. ആരാണ് ഇതിലൊക്കെ പരിശോധന നടത്താൻ പോകുന്നത്.

ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വ്യാപക പ്രചാരണം ഹൈറേഞ്ച് മേഖലകളിൽ നടത്തുകയുണ്ടായി. ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഒന്നാകെ കുടിയിറക്കും, ഈ റിപ്പോർട്ട് നടപ്പാക്കിയാൽ എന്നാണ് പ്രചരിപ്പിച്ചത്. ഗാഡ്ഗിൽ റിപ്പോർട്ട് എന്താണ് എന്ന് വിശദീകരിച്ച്, അത് പൊതുസമൂഹത്തിൽ ചർച്ചയാക്കാൻ ലക്ഷ്യമിട്ട് മുന്നോട്ടുവന്നത് ശാസ്ത്ര സാഹിത്യ പരിഷത്ത് മാത്രമായിരുന്നു. നടപ്പാക്കാൻ സാധിക്കാത്ത അപ്രായോഗിക റിപ്പോർട്ടാണെന്ന പ്രചാരണത്തിന് പുറമെ, ഈ റിപ്പോർട്ട് ഒരു ചർച്ച പോലുമാക്കപ്പെടാൻ പാടില്ല എന്ന നിലയിലായില്ലേ കാര്യങ്ങൾ?

ഇത്തരം പ്രചാരണം കൊണ്ട് സിപിഎമ്മിനുണ്ടായ നേട്ടം, ഇടുക്കിയിൽ കച്ചവടം നടത്തുകയും പാറ പൊട്ടിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരാളെ അവർക്ക് എംപിയായി കിട്ടി. ഗാഡ്ഗിൽ റിപ്പോർട്ട് മലയാളത്തിൽ പ്രസിദ്ധീകരിച്ചത് പരിഷത്ത് മാത്രമാണ്. പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിൽ മറ്റൊരിടത്തും പ്രാദേശിക ഭാഷയിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. പകർപ്പവകാശമില്ലാത, ആർക്കും ഇത് പ്രസിദ്ധീകരിക്കാൻ കഴിയുന്ന വിധത്തിലാണ് പരിഷത്ത് നിലപാട് സ്വീകരിച്ചത്. കോഴിക്കോട്ടെ വിദ്യാർത്ഥി എന്ന പ്രസിദ്ധീകരണം ഇത് അടിച്ചിറക്കിയിരുന്നു. പരിഷത്ത് ഇത് പൂർണമായും പരിഭാഷപ്പെടുത്തി ഇറക്കുകയായിരുന്നു. ഞാനിതുമായി ബന്ധപ്പെട്ട് മറ്റൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധവ് ഗാഡ്ഗിലുമായി അഭിമുഖം നടത്തിയാണ് ഇത് പ്രസിദ്ധീകരിച്ചത്. എന്നാൽ ഗാഡ്ഗിൽ എന്ന് തന്നെ പറയാൻ പാടില്ല എന്ന നിലയ്ക്കുള്ള സമീപനമാണ് സിപിഎമ്മിനുണ്ടായിരുന്നത്. പിന്നീട് കസ്തൂരിരംഗനും ഉമ്മൻ വി ഉമ്മനുമെല്ലാം വന്ന് ഒന്നുമില്ലാതായി.

കസ്തൂരിരംഗന്റേയും ഉമ്മൻ വി ഉമ്മന്റേയും കമ്മിറ്റികൾ തന്നെ വന്നത് വാസ്തവത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിനെ തിരസ്കരിക്കുക, ദുർബലപ്പെടുത്തുക ഒക്കെ ലക്ഷ്യമിട്ടായിരുന്നില്ലേ?

തീർച്ചയായും. ഗാഡ്ഗിൽ റിപ്പോർട്ട് എങ്ങനെ നടപ്പാക്കാതിരിക്കാം എന്നതായിരുന്നു കസ്തൂരിരംഗന്റെ അജണ്ട. അതിനേക്കാൾ മോശമായിരുന്നു ഉമ്മൻ വി ഉമ്മന്റെ കാര്യം. കൃഷി, ഭൂമി വനഭൂമി, താമസ ഭൂമി ഈ മൂന്ന് ഭൂമിയും മാറ്റിനിർത്തണമെന്നാണ് ഉമ്മൻ വി ഉമ്മൻ പറയുന്നത്. ഇത് മൂന്നും ഒഴിച്ചാൽ പിന്നെ എന്ത് ഭൂമിയാണ് ഇവിടെയുള്ളത്? സൈലന്റ് വാലി പോലെ പ്രത്യേക സംരക്ഷിത വന ഭൂമി മാത്രം കുറച്ച് ബാക്കിയുണ്ടാകും. ബാക്കി ഭൂമിയിൽ എന്ത് തരം പരിപാടികളുമാകാം എന്നതാണ് നില.

കേരള സമൂഹത്തിലെ സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങൾ വികസന കാഴ്ചപ്പാടിൽ പ്രതിഫലിക്കില്ല?

എറണാകുളം വൈറ്റിലയിൽ താമസിക്കുന്ന പോലെ ഇടുക്കിയിലും മൂന്നാറിലും താമസിക്കണമെന്ന് വാശി പിടിക്കുന്നത് യുക്തിസഹമല്ല. പരിസ്ഥിതിയുടെ സ്വഭാവത്തിനനുസരിച്ച് വേണം ഓരോ സ്ഥലത്തേയും വാസസ്ഥലങ്ങളും പരിപാടികളും നിർണയിക്കാൻ. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അതിന് അനുയോജ്യമായ പെരുമാറ്റ രീതികൾ വേണം. അത് മാത്രമാണ് ഗാഡ്ഗിൽ റിപ്പോർട്ട് പറയുന്നത്. ആരെയും കുടിയിറക്കാൻ ആ റിപ്പോർട്ട് പറയുന്നില്ല. നിങ്ങൾ ഏത് സ്ഥലത്താണോ താമസിക്കുന്നത്. ആ സ്ഥലത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമേ നിങ്ങൾക്ക് അവിടെ താമസിക്കാൻ കഴിയൂ എന്നതാണ് വസ്തുത. അത് നമ്മുടെ മനോഭാവത്തിന്റെ ഭാഗമാകണം. പല യോഗങ്ങൾക്കും പോകുമ്പോൾ നമ്മൾ കേൾക്കുന്നത് ഇതാണ് - നിങ്ങള് ഇടനാട്ടിൽ താമസിക്കുന്നവരല്ലേ. നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളുമുണ്ടല്ലോ. ഞങ്ങൾ മലനാട്ടുകാർക്ക് ഈ സൗകര്യങ്ങളൊന്നുമില്ല. ഞങ്ങൾക്കും ഇതൊക്കെ വേണ്ടേ എന്നാണ്. അങ്ങനെ പറയുന്നത് ശരിയല്ല. ഇടനാട്ടിലെ റോഡിന്റെ സ്വഭാവത്തിൽ മലനാട്ടിൽ റോഡ് നിർമ്മിക്കാനാവില്ല. അങ്ങനെ ഉണ്ടാകാൻ പാടില്ല. മലനാട്ടിലെ പാരിസ്ഥിതിക ആവാസ വ്യവസ്ഥ തീർത്തും വ്യത്യസ്തമാണ്. മത്സ്യത്തൊഴിലാളികളോട് സംസാരിക്കുന്ന കാര്യങ്ങളല്ലല്ലോ നമ്മൾ ആദിവാസികളോട് സംസാരിക്കുക. ആ വ്യത്യാസമുണ്ട്. ഏകതാനമായ ഒരു പരിസ്ഥിതി നിയമം സാധ്യമല്ല. പരിസ്ഥിതി സംരക്ഷണം പ്രാദേശിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു. കേരളം പോലെ വളരെ വൈവിധ്യങ്ങളും പരിസ്ഥിതി ദുർബലപ്രദേശങ്ങളുമുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ചു.

പുതിയ വ്യവസായനയങ്ങളുടെ ഭാഗമായി പദ്ധതികളുടെ നിർണയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഇല്ലാതായി പരാതിയുണ്ട്. നവലിബറൽ മുതലാളിത്ത നയങ്ങൾക്കും മൂലധന താൽപര്യങ്ങൾക്കും വലിയ തടസമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ. ഇതിനെ ദുർബലപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ സ്വാഭാവികമല്ലേ?

തങ്ങളുടെ ഈ നിർണായക പങ്ക് ഇല്ലാതാകുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്കും വലിയ പരാതികളൊന്നും ഇല്ലാതായിരിക്കുന്നു എന്നതാണ് ഇപ്പോൾ കാണുന്നത്. പാർട്ടി തീരുമാനം നടപ്പാക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ഞങ്ങളിപ്പോൾ ചെങ്കോട്ടുമലയിൽ ക്വാറിക്കെതിരെ വലിയ സമരം നടത്തിവരുകയാണ്. അവിടെ പഞ്ചായത്തിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് തന്നെയാണ്. അത്തരത്തിൽ ചില പഞ്ചായത്ത് ഭരണസമിതികൾ ശക്തമായ നിലപാടുകളുമായി ഇപ്പോളും രംഗത്തുണ്ട്. അവർക്ക് ഇതുവരെ ഇവിടെ പാറ പൊട്ടിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഇത് സംസ്ഥാന ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്. നല്ലൊരു സമരമാണ് ഇവിടെ നടന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിച്ചു. കിലോമീറ്ററുകളോളം മനുഷ്യച്ചങ്ങലയുണ്ടാക്കി. ഈ സമരം നല്ല രീതിയിൽ തുടരുന്നുണ്ട്. എന്നാൽ എപ്പോളാണ് ഇത് പൊളിയുക എന്ന് പറയാൻ കഴിയില്ല.
പ്രാദേശികതലത്തിൽ രാഷ്ട്രീയ കക്ഷികൾ പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്നുണ്ടെങ്കിലും സംസ്ഥാനതലത്തിലേയ്ക്ക് പോകുമ്പോൾ വ്യക്തമായ ഒരു നയമില്ലാതിരിക്കുകയോ പരിസ്ഥിതിവിരുദ്ധ വികസന, നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതോ ആണ് കാണുന്നത്. ഈ വൈരുദ്ധ്യത്തെപറ്റി?

ആളുകൾക്ക് ജോലി വേണമെങ്കിൽ, വികസനം വേണമെങ്കിൽ പാറ പൊട്ടിക്കണം എന്നാണ് പറയുന്നത്. ചാലിയാറിൽ മണലൂറ്റാത്തത് കൊണ്ടാണ് വെള്ളപ്പൊക്കമുണ്ടാകുന്നത് എന്നാണ് വാദം. മണലൂറ്റിയാൽ വെള്ളപ്പൊക്കമുണ്ടാകില്ല എന്ന് അവർ കരുതുന്നു. മണലൂറ്റുന്നവർ നാട്ടുകാരെ അത്തരത്തിലാണ് ധരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലുണ്ടായ വലിയ മണ്ണിടിച്ചിൽ ദുരന്തങ്ങളുടെ സമയത്ത് ഈ മേഖലകൾക്ക് ചുറ്റുമുള്ള ക്വാറികളുടെ വലിയ ശൃംഖല ചർച്ചയാവുകയും ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. അനിയന്ത്രിതമായി ക്വാറിയിംഗ് മണ്ണിനെ ദുർബലപ്പെടുത്തി ദുരന്തങ്ങൾക്ക് കാരണമാകുന്നതിനെക്കുറിച്ച്?

സജീവൻ മാഷെപ്പോലുള്ളവർ (ഡോ.ടി വി സജീവൻ) ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ക്വാറിയിൽ പാറ പൊട്ടിക്കുമ്പോൾ ഭൂമിക്കുള്ളിലൂടെ പോകുന്ന കമ്പനങ്ങൾ മറ്റെന്തിനേക്കാളും വേഗതയുള്ളതും അപകടകരവുമാണ്. അതാണ് വനത്തിലടക്കം ഉരുൾപൊട്ടലുണ്ടാകുന്നതിന് കാരണം. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ പോയാൽ പണ്ടവിടെ ഒരു ജലസ്രോതസ്സുണ്ടായിരുന്നു എന്ന് കാണാം. ആ നീർച്ചാൽ അടഞ്ഞുപോയ സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടാകുന്നത്.

പരിസ്ഥിതിപ്രശ്നങ്ങൾ ഉന്നയിക്കുന്നവരെ പരിസ്ഥിതി മൗലികവാദികൾ എന്ന് മുദ്രകുത്തിക്കൊണ്ട് വികസനവാദികൾ എന്ന് അവകാശപ്പെടുന്നവർ ഉന്നയിക്കുന്ന വിമർശനം ഈ പറയുന്ന പരിസ്ഥിതിവാദികൾ വീട് നിർമ്മിക്കാൻ പാറ പൊട്ടിക്കുന്നില്ലേ എന്നും മറ്റുമാണ്. ഇതിനെ എങ്ങനെ കാണുന്നു?

ഞാൻ എന്റെ വീടുണ്ടാക്കിയിരിക്കുന്നത് കരിങ്കല്ല് കൊണ്ടാണ്. എല്ലാ യോഗത്തിലും അത് പറയാറുമുണ്ട്. കേരളത്തിൽ എവിടെയും പാറ പൊട്ടിക്കാനേ പാടില്ല എന്നല്ലല്ലോ പറയുന്നത്. എവിടെ നിന്നും മണൽ വാരാൻ പാടില്ല എന്നുമല്ല പറയുന്നത്. ഓരോ മേഖലയിലും അവിടങ്ങളിലെ സാഹചര്യമനുസരിച്ച് ഇതിന് നിയന്ത്രണങ്ങൾ വേണമെന്നാണ് പറയുന്നത്. എല്ലായിടത്തും പാറ പൊട്ടിക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയപഠനങ്ങൾ നടത്തുന്ന സംഘടനകളുണ്ട്. കേരളത്തിൽ കെഎഫ്ആർഐ (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) ഉണ്ട്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്) ഉണ്ട്. പണ്ടും നമ്മുടെ നാട്ടിൽ പാറ പൊട്ടിച്ചിട്ടുണ്ട്. അന്നാരും പ്രശ്നമുണ്ടാക്കിയിട്ടില്ല. ഇന്ന് ജനവാസത്തിന് ഭീഷണിയായ തരത്തിലാണ് ഇത് നടക്കുന്നത്. അപ്പോൾ അത് പ്രശ്നമാക്കാതെ നിവൃത്തിയില്ല. പണ്ട് ക്വാറി എന്ന് പറയുന്നത് കല്ല് പൊട്ടിക്കുന്ന സംവിധാനം മാത്രമാണ്. ഇന്നതൊരു ഫാക്ടറിയാണ്. മെറ്റലുണ്ടാക്കൽ. ബേബി മെറ്റലുണ്ടാക്കുക, അത് പൊടിച്ച് എം സാൻഡുണ്ടാക്കുക - ഇങ്ങനെയുള്ള പ്രവർത്തനങ്ങളുണ്ട്. ഒരു പ്രകൃതിവിഭവം ആരും ഉപയോഗിക്കാൻ പാടില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല. അങ്ങനെ ജീവിക്കാനാവില്ല. അതിന് ചില സാമൂഹ്യനിയന്ത്രണങ്ങൾ വേണെന്നാണ് പറയുന്നത്. ഈ പ്രകൃതിവിഭവങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് മുതലാളിയല്ല. അതിന് സമൂഹത്തിന്റെ കൂട്ടായ തീരുമാനങ്ങളാണ് ആവശ്യം.

വൻകിട പദ്ധതികളും മറ്റും ലക്ഷ്യമിട്ടുള്ള പരിസ്ഥിതി വിരുദ്ധ നീക്കങ്ങളെ സർക്കാരുകൾ പലപ്പോളും പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ന്യായീകരിക്കാൻ നോക്കുന്നതും മധ്യവർഗക്കാരുടെ ജീവിതപുരോഗതി സംബന്ധിച്ച അഭിലാഷങ്ങളെ മറയാക്കിയാണ്. പാവപ്പെട്ടവന് തൊഴിൽ വേണ്ടേ, ഒരു വീട് വയ്ക്കണ്ടേ എന്നൊക്കെയുള്ള ചോദ്യങ്ങൾ കൊണ്ടാണ് ഇവർ പരിസ്ഥിതിപ്രശ്നങ്ങൾ ഉയർത്തുന്നവരെ നേരിടുക. പരിസ്ഥിതിപ്രശ്നങ്ങൾ ഉയർത്തുന്നവരെല്ലാം പരിഹാസ കഥാപാത്രങ്ങളും വികസനം മുടക്കികളുമായെല്ലാം ചിത്രീകരിക്കപ്പെടുന്ന നിലയുണ്ടാകുന്നു. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

യഥാർത്ഥത്തിൽ ഇത്തരം പദ്ധതികളുടെ വക്താക്കൾ ഇതിനായി തൊഴിലാളികളുടെ അധ്വാനം ചൂഷണം ചെയ്യുക മാത്രമല്ല ചെയ്യുന്നത്. തൊഴിലാളിയുടെ ഇരിപ്പിടം, അയാൾ ജീവിക്കുന്ന ഇടം അപകടത്തിലാക്കിയുള്ള ചൂഷണം കൂടിയാണ് നടക്കുന്നത്. പരിസ്ഥിതിയെ ഉപജീവനത്തിനായി നേരിട്ട് ആശ്രയിക്കുന്നത് ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളാണ്. ഞാനൊരു റിട്ടയർഡ് അധ്യാപകനാണ്. ഞാൻ ജീവിക്കുന്നത് പെൻഷൻ കൊണ്ടാണ്. എന്നാൽ പുല്ലുപറിച്ചും വിറക് പെറുക്കിയും ഇല പെറുക്കിയും ജീവിക്കുന്ന പാവപ്പെട്ടവർ അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവരാണ്. അവരുടെ ജീവിതത്തെയാണ് തൊഴിൽ നൽകാനെന്ന് പറഞ്ഞ് മുതലാളിമാർ ഇല്ലാതാക്കുന്നത്. ചെങ്കോട്ടുമലയിൽ ഞങ്ങൾ പോയപ്പോൾ ഞങ്ങളുടെ ഫോട്ടോയെടുക്കാനും അയച്ചുകൊടുക്കാനും മറ്റും തൊഴിലാളികളെ നിയോഗിച്ചിരിക്കുകയാണ് ഇവർ. വയനാട്ടിൽ ഇഷ്ടികക്കളത്തിൽ പോയപ്പോൾ ഒരു തമിഴ് നാട്ടുകാരനെ ഇവർ നിയോഗിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു ജാഥയുമായി ചെന്നപ്പോൾ അകത്തേയ്ക്ക് കടക്കരുതെന്ന് പറഞ്ഞു. കയറിയാൽ കയ്യും കാലും വെട്ടിക്കൂട്ടി ചൂളയിലിടാനാണ് മുതലാളി പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു. കേരളത്തിലാണ് ഇത് സംഭവിക്കുന്നത് എന്ന് ഓർക്കണം. ഗുരുതരമായ പ്രശ്നമുള്ള സ്ഥലങ്ങളിൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിക്കുന്നവരെ പരിഹാസ കഥാപാത്രങ്ങളാക്കാൻ അവർക്ക് കഴിയില്ല. കാരണം പ്രദേശവാസികളെ സംബന്ധിച്ച് സമരങ്ങൾ വൈകാരികവും കൂടിയായിരിക്കും. പുറത്തുനിന്നെത്തുന്നവർക്ക് ആ വികാരമുണ്ടാകണമെന്നോ മനസ്സിലാകണമെന്നോ ഇല്ല. എന്നാൽ പലപ്പോഴും ഇത്തരം വികാരങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതുകൊണ്ടുള്ള വ്യതിചലനങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. ചിലയിടങ്ങളിൽ അവർ കോൺഗ്രസ്സുകാരെ ചീത്ത പറയും. ചിലയിടങ്ങളിൽ സിപിഎമ്മുകാരെ ചീത്ത പറയും. പ്രശ്നം പരിഹരിക്കപ്പെടുകയുമില്ല. മുതലാളിയുടെ താൽപര്യം നടക്കുകയും ചെയ്യും.

കേരളത്തിൽ കണ്ണൂരിലെ പെരിങ്ങോമിൽ ആണവനിലയം കൊണ്ടുവരാനുള്ള നീക്കങ്ങളെ ശക്തമായ ജനകീയപ്രതിഷേധത്തിലൂടെ ഇല്ലാതാക്കാൻ സാധിച്ചിരുന്നു. അത്തരമൊരു സാഹചര്യം വീണ്ടും വന്നാൽ പഴയത് പോലെ ശക്തമായൊരു പ്രതിഷേധം ഉയർന്നുവരുമെന്ന് കരുതുന്നുണ്ടോ? അത്തരമൊരു ചർച്ച കേരളത്തിൽ വീണ്ടും ഉയർന്നുവരുകയാണെങ്കിൽ അതിനെതിരായ പ്രതിഷേധങ്ങളെ അമർച്ച ചെയ്യുന്നൊരു സാഹചര്യം നിലവിൽ കേരളത്തിലുണ്ടെന്ന് പറയാമോ?

ആണവനിലയം കേരളത്തിൽ ഒരു കാലത്തും നടക്കാൻ പോകുന്നില്ല. ചീമേനിയിൽ താപനിലയവും മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിന് പരിസ്ഥിതി അംഗീകാരം ലഭിച്ചില്ല.

ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളമുണ്ടാക്കുക എന്നത് കേരളത്തിന്റെ പൊതുതാൽപര്യമാണെന്നും വികസനത്തിന് അനിവാര്യമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. 1994-95 കാലത്ത് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞത്, മൂന്ന് അന്താരാഷ്ട്ര വിമാനത്താവളമുണ്ടാവുക എന്നതാണ് കേരള വികസനം എന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നാണ്. അന്ന് നെടുമ്പാശേരി വിമാനത്താവളം വന്നിട്ടില്ല. ഇന്നിപ്പോൾ കണ്ണൂരടക്കം നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സംസ്ഥാനത്തുണ്ട്. ഇതിന് പുറമെയാണ് അഞ്ചാമതൊരു ആഭ്യന്തര വിമാനത്താവളം വരുന്നത്. കേരളത്തിൽ ഇതിന്റെ ആവശ്യമെന്താണ്?

ഹൈദരാബാദും ബാംഗ്ലൂരും അന്താരാഷ്ട്ര വിമാനത്താവളങ്ങളാകുന്നതിന് മുമ്പ് കേരളത്തിൽ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടായിരുന്നു. ഇപ്പോൾ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളായിരിക്കുന്നു. ഇത്രയും ചെറിയ ഭൂപ്രദേശത്ത് ഇത്രയധികം വിമാനത്താവളങ്ങളുള്ള മറ്റൊരു സംസ്ഥാനം രാജ്യത്തില്ല. എല്ലാ ജില്ലകളിലും വിമാനത്താവളങ്ങളുണ്ടാക്കുന്നതാണ് വികസനം എന്നാണ് ഇവർ കരുതുന്നത്. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് പിന്നിൽ സ്ഥലക്കച്ചവട താൽപര്യങ്ങളാണെന്നാണ് മനസ്സിലാക്കുന്നത്. ചെറുവള്ളി വിമാനത്താവളത്തിന് അനുകൂലമായി സിപിഎമ്മും ദേശാഭിമാനിയും വലിയ പ്രചാരണം നടത്തുകയാണിപ്പോൾ. സിമന്റും കമ്പിയുമുണ്ടായാൽ വികസനമുണ്ടാകില്ല എന്ന് ജനകീയാസൂത്രണ കാലത്ത് ഇഎംഎസ് പറഞ്ഞിരുന്നു.

2008ൽ അന്നത്തെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നെൽവയൽ - നീർത്തട സംരക്ഷണം നിയമം ഇപ്പോളത്തെ എൽഡിഎഫ് സർക്കാർ വെള്ളം ചേർത്ത് അട്ടിമറിച്ചു എന്ന പരാതി ഉയർന്നിരുന്നു

നെൽവയൽ - നീർത്തട സംരക്ഷണ നിയമം ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഗസറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പഞ്ചായത്ത് അടിസ്ഥാനത്തിൽ വിവരശേഖരണം നടത്തിയിട്ടില്ല. ഇപ്പോളത്തെ സർക്കാരാണ് അതിൽ കൂടുതൽ വെള്ളം ചേർത്തത്.

കീഴാറ്റൂരിലെ വയൽനികത്തലിന് പരിഷത്ത് എതിരായിരുന്നു. ആ സമരത്തിന്റെ അനുഭവം?

ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഒരു ടീം രൂപീകരിച്ചിരുന്നു. ലഘുലേഖകൾ തയ്യാറാക്കി. മൂന്ന് ബദലുകൾ നിർദ്ദേശിച്ചു. ഞങ്ങൾക്കെതിരെ വലിയ വിമർശങ്ങളുയർന്നു. എന്നാൽ ഞങ്ങൾ ഈ വയൽനികത്തലിനെ എതിർക്കുന്ന നിലപാടിൽ ഉറച്ചുനിന്നു. ഞാൻ ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമിയിൽ ലേഖനമെഴുതിയിരുന്നു. ആ സമരം ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയും അങ്ങനെ പൊളിഞ്ഞുപോവുകയുമാണുണ്ടായത്. ഇത്തരത്തിലുള്ള വികസനപരിപാടികൾക്കും എക്സ്പ്രസ് ഹൈവേയ്ക്കും കെ റെയിലിനുമെല്ലാം ഒരേ തരത്തിലുള്ള പരിസ്ഥിതി പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നെൽവയൽ വിസ്തൃതി കൂടി, കാർഷികോൽപ്പാദനം വർദ്ധിച്ചു എന്നാല്ലാമാണ് വയൽനികത്തലിനെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ. ഇതിൽ എത്രത്തോളം വസ്തുതയുണ്ട്?

കേരളത്തിൽ കാർഷികോൽപ്പാദനം അൽപ്പം വർദ്ധിച്ചിട്ടുണ്ടെങ്കിൽ അത് വയലിന്റെ വിസ്തൃതി കൂടിയതുകൊണ്ടല്ല. കൾട്ടിവേഷന്റെ എണ്ണം കൂടിയതുകൊണ്ടാണ്. എക്സ്റ്റൻസീവ് കൾട്ടിവേഷന് (വ്യാപകമായി കൃഷി ചെയ്യൽ) പകരം ഇന്റൻസീവ് കൾട്ടിവേഷനാണ് നടക്കുന്നത്. ഒരിടത്ത് തന്നെ കൂടുതൽ കൃഷി നടത്തുകയാണ് ചെയ്യുന്നത്. കൂടുംബശ്രീയുടേയും മറ്റും പ്രവർത്തനങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ചിലയിടങ്ങളിൽ തരിശുനിലങ്ങളിൽ കൃഷിയിട്ടിട്ടുണ്ടാകും. പാലക്കാട്, കുട്ടനാട് തുടങ്ങിയ മേഖലകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ വസ്തുതയുണ്ട്. എന്നാൽ സംസ്ഥാനത്ത് പൊതുവായി നെൽവയലിന്റെ വിസ്തൃതി കൂടിയെന്ന തരത്തിലുള്ള അവകാശവാദം തെറ്റാണ്.

2018ലെ പ്രളയത്തിന് ശേഷം റൂം ഫോർ ദ റിവർ പദ്ധതിയെപ്പറ്റി പഠിക്കാനായി മുഖ്യമന്ത്രിയും സംഘവും നെതർലാൻഡ്സ് സന്ദർശിച്ചിരുന്നു. കേരളത്തിന്റെ സാഹചര്യത്തിൽ എത്രത്തോളം പ്രായോഗികമാണ് ഈ പദ്ധതി? ഇതുമായി ബന്ധപ്പെട്ട് കെട്ടിട നിർമ്മാണ രീതികളിൽ മാറ്റവും നിയന്ത്രണങ്ങളും കൊണ്ടുവരാൻ കേരളത്തിൽ സാധിക്കുമെന്ന് കരുതുന്നുണ്ടോ?

വാട്ട് കേരള കാൻ ലേൺ ഫ്രം ദ ഡച്ച് എന്ന പുസ്തകം നെതർലാൻഡ്സിലെ ഇന്ത്യൻ അംബാസഡറും പാലക്കാട്ടുകാരനുമായ വേണു രാജാമണിയും രാജേഷ് എന്നൊരു എഞ്ചിനിയറും കൂടി എഴുതിയതാണ്. നെതർലാൻഡ്സ് മുഴുവനായും ഏതാണ്ട് കുട്ടനാടിന് സമാനമായ പ്രദേശമാണ്. സമുദ്രനിരപ്പിന് താഴെയാണ് കിടപ്പ്. നെതർലാൻഡ്സിൽ നടപ്പാക്കിവരുന്ന ജലവിഭവ സംവിധാനങ്ങളെക്കുറിച്ച് ഈ പുസ്തകം വിശദീകരിക്കുന്നു. കുട്ടനാട്ടിലേയ്ക്ക് പമ്പയടക്കം മൂന്ന് നദികളൊഴുകി വരുന്നുണ്ട്. നെതർലാൻഡ്സിലേയ്ക്ക് മൂന്ന് വലിയ നദികൾ ഇത്തരത്തിൽ ഒഴുകിവരുന്നുണ്ട്. അവർ തയ്യാറാക്കിയ രണ്ട്, മൂന്ന് പ്രോജക്ടുകളിലൊന്നാണ് റൂം ഫോർ ദ റിവർ. നദിക്ക് ഒഴുകാൻ ഇടമൊരുക്കുക എന്നതാണ് ഈ പ്രോജ്ക്ട് കൊണ്ടുദ്ദേശിക്കുന്നത്. നദിക്ക് സമീപം അനുയോജ്യമായ കെട്ടിട നിർമ്മാണരീതികളെപ്പറ്റി ഇതിൽ പറയുന്നുണ്ട്. പ്രത്യേക പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണരീതിയെക്കുറിച്ച് പറയുന്നു. വെള്ളം പൊങ്ങുന്ന സമയത്ത് കെട്ടിടം തന്നെ പൊങ്ങും. വെള്ളം താഴുമ്പോൾ കെട്ടിടം ഭൂമിയിൽ നിൽക്കും. മഴക്കാലത്ത് വെള്ളം സംഭരിക്കാനും വേനൽക്കാലത്ത് കളിസ്ഥലമായി ഉപയോഗിക്കാനും സംവിധാനമുണ്ടാകും. കേരളത്തിൽ കുട്ടനാടാണ് ഇത് നടപ്പാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. കുട്ടനാട് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് നിലവിൽ. നദികളിൽ ബണ്ട് കെട്ടി നശിപ്പിച്ചതടക്കം പരിഹരിക്കാൻ ഈ പദ്ധതി കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ സഹായകമായേക്കും.

കേരളത്തിലെ നിർമ്മാണ, വികസന സമീപനങ്ങളും അനിയന്ത്രിതമായ വ്യവസായ വികസന സങ്കൽപ്പങ്ങളും റൂ ഫോർ ദ റിവർ പദ്ധതിയുമായി ചേർന്നുപോകുമോ?

നദിക്ക് ഒഴുകാൻ വഴി നൽകിയില്ലെങ്കിൽ 2018ലെ പ്രളയം ആവർത്തിക്കും. നദിയുടെ സ്വാഭാവിക ഒഴുക്ക് നോക്കിയാൽ, പെരിയാറിന്റെ ശരാശരി വീതി മുന്നൂറ് മീറ്ററാണ്. 2018ലെ പ്രളയ സമയത്ത് ഇത് 9 കിലോമീറ്ററായി. വ്യക്തമായൊരു പദ്ധതിയില്ലെങ്കിൽ അത് ഇനിയും സംഭവിക്കും. ഇത് തന്നെയാണ് ചാലിയാറിലും സംഭവിച്ചത്. ചാലിയാറിൽ നിന്ന് മണലൂറ്റാത്തത് കൊണ്ടല്ല ഇതുണ്ടായത്. ചളി വന്ന് അടിഞ്ഞുകിടക്കുകയാണ്. അതിന്റെ മുകളിലാണ് മണൽ വരുന്നത്. മണൽത്തിട്ട ഇല്ലാതാകുന്നു. ചെറിയ മഴ വന്നാൽ തന്നെ വെള്ളപ്പൊക്കമുണ്ടാകുന്ന നിലയുണ്ടാകുന്നു. റൂം ഫോർ ദ റിവർ നല്ലൊരു പദ്ധതിയും ആശയവുമാണ്. വേണു രാജാമണിയുടെ പുസ്തകം വളരെ ഉപകാരപ്രദമാണ്.

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന അതിതീവ്രമഴ പ്രധാനപ്പെട്ടതല്ലേ? കേരളത്തിന്റെ ഭൂവിനിയോഗങ്ങളിലെ മാറ്റമോ, വികസനപരിപാടികളോ നിർമ്മിതികളോ അല്ല പ്രശ്നമെന്നോരു വാദം ശക്തമാണ്.

കാലാവസ്ഥാ വ്യതിയാനം പ്രശ്നമുണ്ടാക്കുന്നു വസ്തുതയാണ്. ഇതൊരു ആഗോള പ്രതിഭാസവുമാണ്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കൊടുങ്കാറ്റ് അറബിക്കടലിലേയ്ക്കും വരാൻ കാരണം കാലാവസ്ഥാ വ്യതിയാനമാണ്. അതുകൊണ്ടാണ് ഓഖി പോലുള്ളവ ഉണ്ടായത്. പക്ഷെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള സ്വാഭാവിക തകർച്ചയേക്കാൾ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത് മനുഷ്യനിർമ്മിതികളും പരിസ്ഥിതി നശീകരണവുമാണ്. തുടർച്ചയായി മഴ പെയ്യുന്നത് നമ്മുടെ കുഴപ്പം കൊണ്ടല്ല. എന്നാൽ അത് ഇത്രയവും വലിയ ദുരന്തമുണ്ടാക്കുന്നതിനും കാരണം മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ്. അത്തരമൊരു ഭീകരാവസ്ഥയ്ക്കുള്ള അന്തരീക്ഷമുണ്ടാക്കുന്നത് നമ്മളാണ്. അതുകൊണ്ടാണ് ഇത് മനുഷ്യനിർമ്മിതമായ ദുരന്തമാണെന്ന് പറയാൻ കാരണം. കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നതിൽ തന്നെ മനുഷ്യന്റെ പ്രവൃത്തികൾ നിർണായകമാണ്. നെതർലാൻഡ്സിൽ കൈത വച്ചുപിടിപ്പിച്ചും കണ്ടൽക്കാടുകയും സംരക്ഷിച്ചും അവർ നടത്തുന്ന നാച്വറൽ ബണ്ടിംഗ് മാതൃകാപരമാണ്. ഇവിടെ കടൽഭിത്തിയുണ്ടാക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവരാണ്. അതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. കടൽഭിത്തി നിർമ്മാണം വലിയ തട്ടിപ്പാണ്.

കേരളത്തിന്റെ തെക്കൻ തീരത്ത് ആലപ്പാട് പോലുള്ള തീരപ്രദേശങ്ങൾ കടലെടുത്ത് പോകുന്ന വലിയ പ്രശ്നമുണ്ട്. വലിയ തോതിലുള്ള കരിമണൽ ഖനനം ഇതിന് കാരണമാകുന്നതായി പരാതിയുണ്ട്, ഖനനം എത്രത്തോളം ഇതിന് കാരണമാകുന്നുണ്ട്?

കരിമണൽ ഖനനം കൊണ്ടാണോ ഈ പ്രശ്നമുണ്ടാകുന്നത് എന്ന് പരിശോധിക്കേണ്ടി വരും. കരിമണലും ധതുക്കളും പശ്ചിമഘട്ടത്തിൽ നിന്ന് നദികളൂടെ ഒഴുകി കടലിലെത്തുകയാണ് ചെയ്യുന്നത്. അതേസമയം ഖനനത്തിന് നിയന്ത്രണം അനിവാര്യമാണ് എന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിലെ കൃഷിരീതിയിൽ വന്ന മാറ്റങ്ങൾ മണ്ണിന്റെ ഘടനയെ മാറ്റിയിട്ടില്ലേ? ഒരു ഘട്ടത്തിൽ റബ്ബറിന് കൈവന്ന പ്രാമുഖ്യമടക്കമുള്ളവ എത്തരത്തിലാണ് ഇതിൽ സ്വാധീനം ചെലുത്തിയത്?

കേരളത്തിലെ മണ്ണിന്റെ വൈവിധ്യം വലിയ തോതിൽ നഷ്ടപ്പെട്ടു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഉയർന്നപ്രദേശങ്ങളിൽ മാത്രം കൃഷി ചെയ്തിരുന്ന റബ്ബർ നെൽപ്പാടം നികത്തി സമതലങ്ങളിലേയ്ക്ക് വരെ വന്നു. കുന്നിൽ ചെരിവുകളിൽ പൈനാപ്പിൾ കൃഷി വ്യാപകമായത് മണ്ണൊലിപ്പിന് കാരണമായതായി പഠനങ്ങളുണ്ടായിരുന്നു. മണ്ണിനെ പിടിച്ചുനിർത്താനുള്ള കഴിവ് ഇത്തരം സസ്യങ്ങൾക്കില്ല. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ കൃഷി വ്യാപനം കൂടിയ വിളകളിലൊന്ന് റബ്ബറാണ്. നെല്ലിന്റേയും തെങ്ങിന്റേയും കൃഷി വിസ്തൃതി കുറയുകയാണ് ചെയ്തത്.

ഭൂമിയുടെ ശരിയായ വിനിയോഗം പരിസ്ഥിതി സംരക്ഷണത്തിലും സുരക്ഷിതമായ ജനജീവിതത്തിലും പ്രധാനമല്ലേ? മൂന്നാറിലടക്കം ഭൂമി കയ്യേറ്റത്തിനെതിരായ നടപടികളുണ്ടാകുമ്പോൾ, വൻകിട റിസോർട്ടുകൾക്കും മറ്റുമെതിരെ നടപടിയുണ്ടാകുമ്പോൾ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു എന്ന ആരോപണമാണ് കയ്യേറ്റക്കാരുടെ വക്താക്കളായ രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ചുപോരുന്നത്. റിസോർട്ടുകളുടെ ഭൂമി കയ്യേറ്റത്തെ അവർ ശക്തമായി ന്യായീകരിക്കുകയും ചെയ്യുന്നു

ഭൂമി കയ്യേറുന്നവരായാലും മണലൂറ്റുന്നവരായാലും പാറ പൊട്ടിക്കുന്നവരായാലും തൊഴിലാളികളെ അവരുടെ അജണ്ടകൾക്കായി ഉപയോഗിക്കുകയാണ്. മാർക്സിയൻ കാഴ്ചപ്പാടിൽ നോക്കുകകയാണെങ്കിൽ കെട്ടിടനിർമ്മാണരംഗത്തെ മുതലാളി എന്ന് പറയുന്നത് കെട്ടിടം ഉപയോഗിക്കുന്ന ആളല്ല. കെട്ടിടം നിർമ്മിക്കുന്ന ആളാണ്. എന്തെങ്കിലും പ്രശ്നമുള്ള സ്ഥലത്ത് പരിശോധിക്കാൻ ചെന്നാൽ അവിടെ നിങ്ങളെ തടയുക മുതലാളി ആയിരിക്കില്ല, തൊഴിലാളി ആയിരിക്കും. പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിഭവത്തിന് വില കൊടുക്കേണ്ടതില്ല. മിച്ചമൂല്യത്തിൽ ചെറിയൊരു ശതമാനം കൊടുക്കും എന്നതാണ് മുതലാളിയുടെ നയം. സ്വന്തം ജീവിതമാണ് നശിപ്പിക്കപ്പെടുന്നത് എന്ന് തൊഴിലാളി മനസ്സിലാക്കുന്നില്ല.

ഓരോ പ്രദേശത്തും അനുയോജ്യമായ നിർമ്മാണരീതികൾ മാത്രം എന്നാണ് ആദ്യ പ്രളയത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം റീബിൽഡ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുവരുന്ന പദ്ധതികൾക്ക് പരിസ്ഥിതി സംരക്ഷണ പരിഗണനകളില്ല എന്ന ആരോപണം വരുന്നു. ഇതിനെ ഇങ്ങനെ കാണാം?

പഴയത് പുനർനിർമ്മിക്കുകയല്ല, പുതിയ കേരളം നിർമ്മിക്കുകയാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഐക്യരാഷ്ട്ര സംഘടനയുടെ പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ്) പൂഴ്ത്തിവച്ചാണ് ഇപ്പോൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന ബാനറിൽ വിവിധ പദ്ധതികൾ രംഗത്തുവരുന്നത്. ഇതിന്റെ ഭാഗമായാണ് കൺസൾട്ടൻസികളുടെ ഒഴുക്ക് വന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തു.

ദേശീയതലത്തിൽ ആസൂത്രണ കമ്മീഷനെ മോദി സർക്കാർ ഇല്ലാതാക്കി. കേരളത്തിൽ ആസൂത്രണ ബോർഡ് ഇപ്പോളും നിലവിലുണ്ട്. ആസൂത്രണ ബോർഡിന് കേരളത്തിന്റെ വികസനപരിപാടികളിൽ എത്രത്തോളം കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നതായി തോന്നുന്നുണ്ട്?

വികസനപദ്ധതികൾക്കുള്ള ധനവിഹിതത്തിന്റെ കാര്യത്തിൽ മാത്രമേ അവർക്ക് ഇടപെടാൻ കഴിയുന്നുള്ളൂ. അതിന്റെ വലിയ ഭാഗം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്യുന്നു. നോൺ പ്ലാനിംഗ് എക്സ്പെൻഡിച്ചറിൽ അവർക്കൊന്നും ചെയ്യാനില്ല. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 80-85 ശതമാനവും പോകുന്നത് നോൺ പ്ലാൻഡ് എക്സ്പെൻഡിച്ചറിനാണ്. നേരത്തെ പദ്ധതികൾ തുടങ്ങാൻ ആസൂത്രണ കമ്മീഷന്റെ അനുവാദം വേണമായിരുന്നു. എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അവർക്കൊരു ദേശീയ കാഴ്ചപ്പാടുണ്ടായിരുന്നു. ഐആർഡിപി ഒരു മോശം പദ്ധതിയാണെന്ന് ആരോപിച്ചാലും ദാരിദ്ര്യമുണ്ട് എന്നത് അംഗീകരിക്കുന്നു എന്നാണ് ഇത്തരം പദ്ധതികൾ സാക്ഷ്യപ്പെടുത്തിയത്. ആസൂത്രണ കമ്മീഷൻ തന്നെ ഇല്ലാതായതോടെ അത്തരം സാധ്യതകൾ ഇല്ലാതായി. ഇപ്പോൾ ഈ കൊറോണ കാലത്ത് പോലും ഇന്ത്യയെ മൊത്തത്തിൽ കണ്ടുകൊണ്ട് ഒരു പദ്ധതിയുണ്ടാക്കാൻ സാധിക്കുന്നില്ല. ദേശീയ കൊറോണ നിർമ്മാർജ്ജന പരിപാടി നമുക്കില്ല. ഐസിഎംആർ ഉദ്യോഗസ്ഥ സംവിധാനം മാത്രമാണ്. ആസൂത്രണ കമ്മീഷൻ ഇല്ലാത്തതിന്റെ ദോഷങ്ങൾ ഇപ്പോളാണ് നമ്മൾ ശരിക്കും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


Next Story

Related Stories