TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന്   തുടക്കം;  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോവിഡ് രണ്ടാംതരംഗത്തിനിടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി.കോവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഇത്തവണയും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇത് പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ സജ്ജീകരിച്ച വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അക്ഷരദീപം തെളിയിച്ചു. കോവിഡ് വ്യാപനം കുറയുമ്പോള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തില്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിഥ്വിരാജ് മഞ്ജുവാര്യര്‍, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവര്‍ ചാനലിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. 11 മണി മുതല്‍ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും. ആദ്യ ദിനം അംഗനവാടി കുട്ടികള്‍ക്ക് മാത്രമാണ് ക്ലാസ് ഉണ്ടാവുക. രണ്ടാം തിയ്യതി മുതല്‍ നാല് വരെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രയല്‍ ക്ലാസ് ആകും.

ആദ്യരണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടെന്ന് ഇക്കാലയളവില്‍ അധ്യാപകര്‍ ഉറപ്പുവരുത്തണം. ഇതിന് ശേഷം ജൂലൈ മാസത്തോടെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. മറ്റ് ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായി ആകും ഇത് വ്യാപിപ്പിക്കുക. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് വിക്ടേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം ജൂണ്‍ 15ഓടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവ് പോലെയുണ്ടാകുമെന്നാണ് അറിയിപ്പ്.


Next Story

Related Stories