TopTop
Begin typing your search above and press return to search.

അച്ഛന് രണ്ട് മാസമായി പണിയില്ല, ഓട്ടോയില്‍ സ്‌കൂളില്‍ പോയി വരാന്‍ 1200 രൂപ വേണം, എങ്ങനെ പരീക്ഷയെഴുതുമെന്നറിയാതെ ഗൗരി; മറുപടിയില്ലാതെ അധ്യാപകര്‍

അച്ഛന് രണ്ട് മാസമായി പണിയില്ല, ഓട്ടോയില്‍ സ്‌കൂളില്‍  പോയി വരാന്‍ 1200 രൂപ വേണം, എങ്ങനെ പരീക്ഷയെഴുതുമെന്നറിയാതെ ഗൗരി; മറുപടിയില്ലാതെ അധ്യാപകര്‍

ഗൗരി ആലപ്പുഴ ജില്ലയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. രണ്ട് പരീക്ഷകള്‍ എഴുതാന്‍ ബാക്കിയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ക്ലാസ് ടീച്ചര്‍ ഗായത്രിയുടെ ഫോണ്‍ കോള്‍ ഗൗരിക്ക് വന്നു. "എങ്ങനെ പരീക്ഷയ്ക്കെത്തും? ഏതെങ്കിലും വണ്ടി അറേഞ്ച് ചെയ്യുമോ? സ്‌കൂളില്‍ എത്താന്‍ വണ്ടിയുണ്ടോ?" ഇതായിരുന്നു ചോദ്യം. എത്താന്‍ വാഹനങ്ങളില്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, "എന്താ ചെയ്യുക? ഓട്ടോ വിളിച്ച് വരാന്‍ കഴിയുമോ?" എന്നായി അന്വേഷണം. എന്നാല്‍ ഗൗരി താമസിക്കുന്ന സ്ഥലത്ത് നിന്ന് സ്‌കൂളിലെത്താന്‍ 12 കിലോ മീറ്റര്‍ യാത്ര ചെയ്യണം. ചുരുങ്ങിയത് 300 രൂപയാണ് ഓട്ടോക്കൂലി. തിരികെ വരണമെങ്കില്‍ അത്രയും തന്നെ പണം വീണ്ടും ചെലവാകും. രണ്ട് ദിവസത്തെ പരീക്ഷ എഴുതണമെങ്കില്‍ 1200 രൂപ ചുരുങ്ങിയത് ചെലവാകും. കൂലിപ്പണിക്കാരനായ അച്ഛന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ജോലിയില്ല. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അത്യാവശ്യം പണം കടം വാങ്ങിയാണ് വീട്ട് ചെലവ് നടത്തുന്നത്. അതിനിടയില്‍ ഇത്രയും പണം ചെലവാക്കി മകളെ പരീക്ഷയ്ക്കായി സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കള്‍ക്ക് ആവുകയുമില്ല. പിന്നെ എന്ത് ചെയ്യും? ക്ലാസ് ടീച്ചറോട് കാര്യങ്ങള്‍ വിശദീകരിച്ചു. "ആ ഭാഗത്ത് നിന്ന് എട്ട് പത്ത് കുട്ടികള്‍ ഉണ്ട്. കാറുള്ളവര്‍ ഉണ്ട്. എന്നാല്‍ ഫോണില്‍ അവരെ ആരേയും ബന്ധപ്പെടാനായിട്ടില്ല. സംസാരിക്കാന്‍ കഴിഞ്ഞാല്‍ ആരുടെയെങ്കിലും വണ്ടിയില്‍ എല്ലാ കുട്ടികളേയും കൂടി സ്‌കൂളിലെത്തിക്കാന്‍ നോക്കാം", അധ്യാപിക പറഞ്ഞത് കേട്ട് "അപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കണ്ടേ" എന്ന് ഗൗരിയുടെ അമ്മ ചോദിച്ചു. "എന്ത് ചെയ്യാനാ. പരീക്ഷയ്ക്ക് പിള്ളേരെ എത്തിക്കാന്‍ വേറെ വഴിയില്ല. എല്ലാ ഭാഗത്ത് നിന്നും പിള്ളേരുണ്ട്. ബസ് ഒന്നും ഇല്ല. ബസ് അറേഞ്ച് ചെയ്താലും എത്ര ബസ് അറേഞ്ച് ചെയ്യും? അതിന് സ്‌കൂളില്‍ പൈസയില്ല. എന്തെങ്കിലും വഴിയുണ്ടാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ" എന്ന് മറുപടി നല്‍കി അധ്യാപിക ഫോണ്‍ വിളി അവസാനിപ്പിച്ചു.

കേരളത്തിലെ ഭൂരിഭാഗം സ്‌കൂളുകളും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ നടത്തിപ്പിനായുള്ള നെട്ടോട്ടത്തിലാണ്. മെയ് 26 മുതല്‍ 30 വരെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കാണ്. എന്നാല്‍ ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിനുള്ള സംവിധാനം ഒരുക്കുന്നതിന്റെ പ്രയാസത്തിലാണ് പല സ്‌കൂള്‍ അധികൃതരും. സാമൂഹിക അകലം പാലിച്ച് കുട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കുന്നതടക്കം വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കേണ്ട ചുമതലയും സ്‌കൂള്‍ അധികൃതരില്‍ മാത്രമായതോടെ അതിനുള്ള തിരക്കിട്ട ജോലികളിലേക്ക് കടന്നിരിക്കുകയാണ് പലരും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ആശയക്കുഴപ്പം രണ്ട് ദിവസം മുമ്പാണ് അവസാനിച്ചത്. അതേ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരുടെ ഉത്തരവാദിത്തങ്ങള്‍ വ്യക്തമാക്കി ഉത്തരവിറക്കുകയും സ്‌കൂളുകള്‍ക്ക് കൈമാറുകയും ചെയ്തു. എത്ര വിദ്യാര്‍ഥികള്‍ സ്വന്തം വാഹനങ്ങളിലോ, വാഹനങ്ങള്‍ സംഘടിപ്പിച്ചോ പരീക്ഷയ്ക്കെത്തും എന്നതിന്റെ കണക്കുകള്‍ അതാത് സ്‌കൂളുകളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലേക്ക് ഇന്നലെ കൈമാറി. എന്നാല്‍ പല സ്‌കൂളുകളിലും 10-ഉും 20-ഉും ചില സ്‌കൂളുകളില്‍ 30 വിദ്യാര്‍ഥികള്‍ വരെ സ്‌കൂളുകളില്‍ എത്താന്‍ വാഹന സൗകര്യം ഇല്ലാത്തവരാണ്. അത്തരം വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ അധികൃതര്‍ സൗകര്യം ചെയ്ത് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

"മാനേജ്മെന്റ് സ്‌കൂളുകള്‍ക്ക് പിടിഎ ഫണ്ടോ, മറ്റോ ഒക്കെ ഉപയോഗിച്ച് എങ്ങനെയെങ്കിലും കാര്യങ്ങള്‍ മാനേജ് ചെയ്യാം. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യം പരുങ്ങലിലാണ്. ചില സ്‌കൂളുകള്‍ക്ക് സ്വന്തമായി ബസുകളുണ്ട്. എന്നാല്‍ എന്റേതടക്കമുള്ള സ്‌കൂളുകള്‍ക്ക് ബസ് ഇല്ല. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മറ്റ് പല സ്‌കൂളുകളിലേക്കാളും കുട്ടികള്‍ ഇവിടെ പഠിക്കുന്നുമുണ്ട്. എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതേവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല", എറണാകുളം ജില്ലയിലെ ഒരു ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരോ, ആദിവാസി ഊരുകളിലെ വിദ്യാര്‍ഥികളേയോ എങ്ങനെ സ്‌കൂളില്‍ പരീക്ഷയ്ക്ക് എത്തിക്കും എന്നതാണ് അധ്യാപകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. "ഊരുകളില്‍ ഫോണ്‍ ഉണ്ടാവണമെന്നില്ല. ഉണ്ടെങ്കില്‍ തന്നെ വിളിച്ചാല്‍ പലരേയും കിട്ടുന്നില്ല. മറ്റ് വകുപ്പുകളുടേയും സഹായം തേടി അത്തരം വിദ്യാര്‍ഥികളേയും പരിക്ഷക്കെത്തിക്കാനാവും എന്നതാണ് പ്രതീക്ഷ. എന്നാല്‍ അതിനായി പ്രത്യേക വാഹന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കേണ്ടതുണ്ട്." വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ അധ്യാപകനായ പി കെ വിനോദ് പറഞ്ഞു. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ പലരും ലോക്ക്ഡൗണിന് മുമ്പ് തന്നെ സ്വന്തം വീടുകളിലേക്ക് പോയി. ഇതര ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. അവര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കേണ്ടതും അതത് സ്‌കൂള്‍ അധികൃതരുടെ ചുമതലയാണ്. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ച് പ്രയോഗത്തില്‍ വരുത്താന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കുമോ എന്ന സംശയമാണ് അധ്യാപകര്‍ക്ക്. "സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചു. കുട്ടികളുടെ ഭാവി കൂടി ആലോചിച്ചാണ് അതെന്ന് മനസ്സിലാക്കാം. പക്ഷെ അങ്ങനെ തീരുമാനിക്കുമ്പോള്‍ അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കാനുള്ള ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാം സ്‌കൂള്‍ അധികൃതരെ മാത്രം ഏല്‍പ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഏകജാലക സംവിധാനം വന്നതിന് ശേഷം പ്ലസ്ടുവിന് ജില്ലയിലെ പലയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഓരോ സ്‌കൂളിലും പഠിക്കുന്നുണ്ട്. കിലോമീറ്ററുകള്‍ യാത്ര ചെയ്ത് അവര്‍ എങ്ങനെ എത്തും എന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല. അത്തരം കുട്ടികളെ അവര്‍ താമസിക്കുന്ന സ്ഥലത്തിന് സമീപത്ത് ഏതെങ്കിലും സെന്റര്‍ കണ്ടെത്തി പരീക്ഷ എഴുതിക്കാനുള്ള സംവിധാനമെങ്കിലും സര്‍ക്കാര്‍ ഒരുക്കണമായിരുന്നു" വിനോദ് തുടര്‍ന്നു.

സ്‌കൂളില്‍ എത്താന്‍ പണമില്ലാത്തവരോ സ്‌കൂളിലെത്തിക്കാന്‍ ആളില്ലാത്തവരോ ആണ് 30 ശതമാനം വിദ്യാര്‍ഥികളെങ്കിലും എന്ന് കോഴിക്കോട് ഗവ. ഗണപത് ബോയ്സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സവിത പറയുന്നു. "എന്റെ സ്‌കൂളില്‍ ബോര്‍ഡിങ്ങിലോ ഹോസ്റ്റലിലോ നിന്ന് പഠിക്കുന്ന കുട്ടികളില്ല. എന്നാല്‍ പലയിടങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്നുണ്ട്. ഒരുവിധപ്പെട്ടവരെല്ലാം സ്വന്തം വാഹനങ്ങളിലോ ബന്ധുക്കളുടെ വാഹനങ്ങളിലോ സ്‌കൂളില്‍ എത്താമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. എന്നാല്‍ 10 കുട്ടികള്‍, അവര്‍ക്ക് സ്‌കൂളില്‍ വരാനുള്ള പൈസ പോലും ഇല്ല. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. ബസുണ്ടെങ്കില്‍ അതില്‍ വരാന്‍ പോലും പൈസയില്ല ടീച്ചര്‍ എന്ന് പറഞ്ഞ് ആ കുട്ടികളുടെ രക്ഷിതാക്കള്‍ കരയുകയാണ്. എന്തെങ്കിലും സംവിധാനം ഒരുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കാന്‍ നിവൃത്തികേട് കൊണ്ട് ഞങ്ങളും പറഞ്ഞു. അവരെ ഒന്നുകൂടി വിളിക്കും. സ്‌കൂളിലെത്താന്‍ ഒരു രക്ഷയുമില്ലെങ്കില്‍ പിടിഎ ഇടപെട്ട് എന്തെങ്കിലും സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കും. മറ്റ് ചില സ്‌കൂളുകളില്‍ നിന്ന് ബസ് ചോദിച്ചിട്ടുണ്ട്. കിട്ടിയാല്‍ ഉപകാരമാവും. എന്നാല്‍ ഇതെല്ലാം സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് കണ്ടെത്തേണ്ടി വരുന്നത് എന്ന് പറയുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. എല്ലാ ഉത്തരവാദിത്തവും ഇപ്പോള്‍ ഞങ്ങളുടെ ചുമലില്‍ ആണ്."

അതേസമയം, എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളിലെ പരീക്ഷകള്‍, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ച തീരുമാനം എന്നിവയില്‍ ധാരണയായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കേണ്ടതുണ്ട്. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് പ്രത്യേകം ഇരിപ്പിടമൊരുക്കും. ആളുകള്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന വീടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കും. എല്ലാ വിദ്യാര്‍ഥികളേയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കും. അതിന്റെ അടിസ്ഥാനത്തില്‍ വൈദ്യ പരിശോധന വേണ്ടവര്‍ക്ക് അത് നല്‍കാനുള്ള സൗകര്യവും സ്‌കൂളുകളില്‍ ഉണ്ടാവും. പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കും. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളും ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആര്‍ തെര്‍മോ മീറ്റര്‍ വാങ്ങും. ആവശ്യമായ സൈനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലേക്കും ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പരീക്ഷ നടത്തിപ്പിന് തദ്ദേശ സ്വയംഭരണം, ആരോഗ്യ കുടുംബ ക്ഷേമം, ഫയര്‍ഫോഴ്സ്, പോലീസ്, ഗതാഗത വകുപ്പുകളുടെ സഹകരണമുണ്ടാവും.

എങ്കില്‍ പോലും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ ഭൂരിഭാഗവും സ്‌കൂള്‍ അധികൃതരുടെ മാത്രം ഉത്തരവാദിത്തമായി മാറിയിട്ടുണ്ടെന്നാണ് അധ്യാപകരുടെ പരാതി.


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories