TopTop
Begin typing your search above and press return to search.

പോസിറ്റീവ് ബജറ്റ്, ലക്ഷ്യം വികസനം; കോവിഡ് പാക്കേജ്, ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കാന്‍ പദ്ധതികള്‍

പോസിറ്റീവ് ബജറ്റ്, ലക്ഷ്യം വികസനം; കോവിഡ് പാക്കേജ്, ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കാന്‍ പദ്ധതികള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെയും ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. ചരിത്ര വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. അതെല്ലാം മറികടന്നുള്ള വിജയമാണുണ്ടായത്. വികസന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ടി.എം തോമസ് ഐസക് ഈ വര്‍ഷം അവതരിപ്പിച്ചത്. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കും. കോവിഡാനന്തര കേരളത്തിന്റെ നിര്‍മിതിയില്‍ ഒരുമിച്ച് നില്‍ക്കാമെന്ന് ധനമന്ത്രി പറഞ്ഞു.

വികസനം ലക്ഷ്യമിടുന്ന പോസിറ്റീവ് ബജറ്റാണിതെന്ന് നമന്ത്രി പറഞ്ഞു. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചു. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചു. ഓരോ ധനകാര്യ കമ്മിഷനുകള്‍ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് സാമ്പത്തിക പാക്കേജ്, സൗജന്യ വാക്‌സിന്‍

കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപ വകയിരുത്തി. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നതിന് 8,900 കോടി. എല്ലാ സിഎച്ച്‌സി താലൂക്ക് ജില്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധികളുടെ ചികിത്സയ്ക്ക് 10 ഐസൊലേഷന്‍ കിടക്കകള്‍ സ്ഥാപിക്കും. ഒരു കേന്ദ്രത്തിനു മൂന്നു കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക ബ്ലോക്ക് തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കാന്‍ 50 കോടി വകയിരുത്തി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ 1000 കോടി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി. പീഡിയാട്രിക് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. വാക്‌സിന്‍ ഗവേഷണത്തിന് പദ്ധതിയുണ്ടാകും.

തീരസംരക്ഷണത്തിന് പദ്ധതി

തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. കടലാക്രമണം ചെറുക്കാന്‍ ശാസ്ത്രീയ രീതികള്‍ നടപ്പാക്കും. കടല്‍ഭിത്തികള്‍ ട്രൈപോഡ് ഉപയോഗിച്ച് നേരെയാക്കും. നദീസംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും.

സ്മാര്‍ട്ട് കൃഷിഭവന്‍, കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ

കൃഷിഭവനുകളെ സ്മാര്‍ട് ആക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി. കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും. ഉല്‍പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. നാലു ശതമാനം പലിശയില്‍ 2,000 കോടി രൂപ വായ്പ നല്‍കും.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് 50 ലക്ഷം രൂപയും തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപയും വകയിരുത്തി. പാല്‍ മൂല്യവര്‍ധന ഉല്‍പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും.

ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി; തദ്ദേശസ്ഥാപനങ്ങള്‍ക്ക് 10 കോടി

ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ വകയിരുത്തി. അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്യാന്‍ പദ്ധതി നടപ്പാക്കും. ഈ വര്‍ഷം 10,000 ഓക്‌സിലറി കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും. വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും. നേരത്തെ പ്രഖ്യാപിച്ച രണ്ടു ലക്ഷം ലാപ്‌ടോപ് വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ് നല്‍കുന്നതിന് സ്ഥിരം സംവിധാനം. വെര്‍ച്വല്‍, ഓഗ്മെന്റ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താന്‍ 10 കോടി രൂപ വകയിരുത്തും. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപയും ആയുഷ് വകുപ്പിന് 20 കോടി രൂപയും വകയിരുത്തി.

ടൂറിസം പുനരുജ്ജീവന പാക്കേജ്

വിനോദസഞ്ചാരമേഖലയുടെ മാര്‍ക്കറ്റിങ്ങിന് 50 കോടിരൂപ അധികം. കെഎഫ്‌സി 400 കോടിരൂപയുടെ വായ്പ ലഭ്യമാക്കും. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി. മലബാര്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് പ്രഖ്യാപിച്ചു. ബയോ ഡൈവേഴ്‌സിറ്റി പാക്കേജ് കൊല്ലത്ത്. ഇതിനു രണ്ടിനുമായി 50 കോടി വകയിരുത്തി.

കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി. കെ.ആര്‍ ഗൗരിയമ്മയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി രൂപ. വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി വകയിരുത്തി. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും.

പ്രവാസികള്‍ക്ക് വായ്പ

14.32 ലക്ഷം പ്രവാസികള്‍ കോവിഡിനെ തുടര്‍ന്ന് തിരികെയെത്തി. പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടിരൂപ വായ്പ നല്‍കും. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല.

കെഎഫ്‌സിയുടെ വായ്പ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4,500 കോടിരൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും. കെഎഫ്‌സിയില്‍നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ചുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് 1 വര്‍ഷം മൊറട്ടോറിയം. കെഎസ്ആര്‍ടിസി സിഎന്‍ജി ബസുകള്‍ക്കായി 100 കോടി വകയിരുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പഠനത്തിന് 5 കോടിയും വകയിരുത്തി.

ബജറ്റ് ഒറ്റനോട്ടത്തില്‍

• ഡോ.ടി.എം.തോമസ് ഐസക്ക് നേരത്തെ അവതരിപ്പിച്ച 2021-22 ലേക്കുളള ബജറ്റ് നിർദ്ദേശങ്ങൾ കേരളം ആഴത്തിൽ ചർച്ച ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുളളതാണ്. ആ ബജറ്റിലെ നിർദ്ദേശങ്ങൾ എല്ലാം തന്നെ നടപ്പാക്കും.

• കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പെട്ടെന്നുളള വ്യാപനവും മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചുളള ആശങ്കകളുമാണ് പുതുക്കിയ ബജറ്റ് അവതരിപ്പി ക്കുന്നതിനുള്ള ഒരു പ്രധാന കാരണം

• രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയർന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിക്കുകയാണ്.

• ഈ പാക്കേജിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപ

• ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപ

• സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്സിഡി എന്നിവയ്ക്കായി 8300 കോടി രൂപ

ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ്

• സൗജന്യ വാക്സിൻ വാങ്ങി നൽകുന്നതിനായി 1000 കോടി രൂപ. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപ

• കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വര്‍ഷം 559 കോടി രൂപ ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍

• എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡ്ഡുകൾ വീതമുളള ഐസൊലേഷൻ വാർഡുകൾ. 636.5 കോടി രൂപ

• എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി‌എസ്‌എസ്ഡിയാക്കി (CSSD) മാറ്റുന്നു-ഈ വർഷം 25 CSSD-കൾ നിർമിക്കുന്നതിന് 18.75 കോടി രൂപ

• തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ

• സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ഹോസ്പിറ്റലു കളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമ്മിക്കും. പ്രാരംഭ ഘട്ടമായി 25 കോടി രൂപ

• 150 മെട്രിക് ടൺ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (LMO) പ്ലാന്റ് .ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കുമായി 25 ലക്ഷം രൂപ

• അമേരിക്കയിലുള്ള Centre for Disease Control ന്റെ മാതൃകയിൽ ഒരു സ്ഥാപനം . വിശദ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുവാനും 50 ലക്ഷം രൂപ

• ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വ്വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യിൽ (IAV) വാക്സിൻ ഗവേഷണം, വാക്സിൻ നിർമാണം 10 കോടി രൂപ

സാമ്പത്തിക പുനരുജ്ജീവന പാക്കേജ്

• കാർഷിക മേഖലയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് (PACS) വഴി നാല് ശതമാനം പലിശ നിരക്കിൽ നബാര്‍ഡില്‍ നിന്നുള്ള കേരള ബാങ്ക് മുഖേന പശ്ചാത്തല സൗകര്യ പുനര്‍ വായ്പ ലഭ്യമാക്കും - 2000 കോടി രൂപ

• കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത സംരംഭങ്ങൾ പുനരുജ്ജീവി പ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ - 1600 കോടി രൂപ

• എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും 2000 കോടി രൂപ പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ

• കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിലുള്ള വായ്പ 1000 കോടി രൂപ

• നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീം - 1000 കോടി രൂപ വായ്പ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ

• 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാനായി ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ 200 കോടി രൂപ. ഇതിനായുള്ള പലിശ ഇളവ് നല്‍കുന്നതിന് 15 കോ‌ടി രൂപ

• കെ.എഫ്.സി വഴി കോവിഡിന്റെ രണ്ടാം തരംഗത്തിൽ ടൂറിസം മേഖലയും ചെറുകിട വ്യവസായ മേഖലയും 20 ശതമാനം അധിക വായ്പ 500 കോടി രൂപ

• ചെറുകിട-ഇടത്തരം സംരംഭങ്ങളുടേയും സ്റ്റാര്‍ട്ടപ്പുകളടേയും അതിവേഗ വളര്‍ച്ചയെ സഹായിക്കുന്നതിന് 100 കോടി രൂപ കോര്‍പ്പസ് ഉള്ള ഒരു വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്

• പട്ടിക ജാതി/പട്ടിക വർഗ്ഗ സംരംഭകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പാ 10 കോടി രൂപ

• മലബാർ ലിറ്റററി സർക്യൂട്ട് - തുഞ്ചത്ത് എഴുത്തച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയുളള ടൂറിസം സർക്യൂട്ട്. ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് - കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം സർക്യൂട്ട്. ഈ സർക്ക്യൂട്ടുകൾക്കായി 50 കോടി രൂപ

• ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേയും സിയാലിന്റേയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ 10 കോടി രൂപ

• കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചു പൂട്ടലിന്റെ വക്കിലായ വിനോദസഞ്ചാര മേഖലയ്ക്ക് ഒരു പുനരുജ്ജീവന പാക്കേജ് പാക്കേജിനുളള സർക്കാർ വിഹിതമായി 30 കോടി രൂപ

• ടുറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി വഴി 400 കോടി രൂപയുടെ വായ്പ

• കേരള നോളെജ് സൊസൈറ്റി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവർത്തനം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി 'നോളജ് ഇക്കണോമി ഫണ്ട്' എന്ന നിലയിൽ വകയിരിത്തിയിരിക്കുന്ന തുക 200 കോടി രൂപയിൽ നിന്ന് 300 കോടിയായി ഉയർത്തി

• ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലക്ക് അടിസ്ഥാന സൗകര്യം. 10 കോടി രൂപ

• അതിദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ

• പാൽ ഉപയോഗിച്ചുളള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഫാക്ടറി 10 കോടി രൂപ

• കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല പൈലറ്റ് പദ്ധതി 10 കോടി രൂപ

• ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയര്‍ ഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഖല, മാർക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കർഷകർക്ക് പ്രയോജനപ്രദമാം വിധം ആധുനികവൽക്കരിക്കും. പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ

• തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യ വിപണികളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികൾ ഉൾപ്പെടെ 11,000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പിലാക്കും

• കെ. ആര്‍. ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 'മാര്‍ ക്രിസോസ്റ്റം ചെയര്‍' സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ

• സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ നികുതി വർദ്ധനവ് അനിവാര്യമെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ല

• 2021 ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥകൾ കാലഹരണപ്പെട്ടു. ടി ബില്ലിലെ എല്ലാ ഖണ്ഡങ്ങളും പുനസ്ഥാപിക്കും.


Next Story

Related Stories