TopTop
Begin typing your search above and press return to search.

ആട്, തേക്ക്, മാഞ്ചിയത്തിൽ നിന്ന് പോപ്പുലർ ഫിനാൻസ് വരെ, കേരളത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നത് എന്തുകൊണ്ട്?- ഒരു അന്വേഷണം

ആട്, തേക്ക്, മാഞ്ചിയത്തിൽ നിന്ന് പോപ്പുലർ ഫിനാൻസ് വരെ, കേരളത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നത് എന്തുകൊണ്ട്?- ഒരു അന്വേഷണം

കേരളത്തിലും ദേശീയ തലത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യമാണ് സാമ്പത്തിക തട്ടിപ്പുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം നടന്നത് 6584 സാമ്പത്തിക തട്ടിപ്പുകളാണ്. ദിനംപ്രതി ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയും ബാങ്കിംഗ് അധികൃതരില്‍ നിന്നും...

ഈ വാര്‍ത്തകള്‍ സാധ്യമാകണമെങ്കില്‍ സ്വതന്ത്ര വരിക്കാരുടെ പിന്തുണ കൂടിയേ തീരൂ

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

അഴിമുഖം പ്ലസില്‍ നിങ്ങളെ കാത്തിരിക്കുന്നു-

എക്സ്ക്ളൂസീവ് സ്റ്റോറീസ്, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍,
അഴിമുഖം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍,

അഴിമുഖം ആര്‍ക്കൈവ്സ്
കൂടാതെ മാറിയ വായനയുടെ പുത്തന്‍ അനുഭവങ്ങള്‍ നിരവധി

Support Azhimukham >

നിലവില്‍ വരിക്കാര്‍ ആണോ?


കേരളത്തിലും ദേശീയ തലത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യമാണ് സാമ്പത്തിക തട്ടിപ്പുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം നടന്നത് 6584 സാമ്പത്തിക തട്ടിപ്പുകളാണ്. ദിനംപ്രതി ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയും ബാങ്കിംഗ് അധികൃതരില്‍ നിന്നും മുന്നറിയിപ്പും ഉണ്ടാകുന്നുണ്ടെങ്കിലും ഓരോ വര്‍ഷം തോറും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. 4678, 5522 എന്നിങ്ങനെയായിരുന്നു 2017ലെയും 2018ലെയും കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കണക്കുകള്‍. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ 5829 കേസുകള്‍ ഇപ്പോഴും അന്വേഷണത്തിലാണ്. കേരളത്തില്‍ 204 വിശ്വാസ വഞ്ചന കേസുകളും 33 കള്ളനോട്ട് കേസുകളും 6347 തട്ടിപ്പ് കേസുകളുമാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ 274 ശാഖകളുള്ള പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരില്‍ നിന്നും രണ്ടായിരം കോടി രൂപ തട്ടിച്ചെടുത്തുവെന്ന വാര്‍ത്തയാണ് സമീപകാലത്ത് പുറത്ത് വന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയലിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഇവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സൈന്യത്തില്‍ നിന്നും വിരമിച്ച സുനില്‍ കുമാര്‍ ഏനാത്ത് വര്‍ഷങ്ങളായി കേരളത്തിലെ നിക്ഷേപ മേഖലയിലുള്ള പോപ്പുലര്‍ ഫിനാന്‍സിന് ഇവര്‍ക്കുള്ള സല്‍പ്പേര് കണക്കിലെടുത്താണ് 2014ല്‍ നാല് ലക്ഷം രൂപ നിക്ഷേപിച്ചത്. പലിശയായി എല്ലാ മാസവും അയ്യായിരം രൂപ വീതം ലഭിച്ചതോടെ വിശ്വാസമുണ്ടാകുകയും ഒരു ലക്ഷം രൂപ കൂടി നിക്ഷേപിക്കുകയുമായിരുന്നെന്ന് ഇദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ഇക്കഴിഞ്ഞ മെയ് മാസം വരെയും പലിശ കൃത്യമായി ലഭിച്ചിരുന്നു. അതിന് ശേഷം പലിശ ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്നും സുനില്‍ കുമാര്‍ പറയുന്നു. പോപ്പുലർ ഫിനാന്‍സ് സമരസമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് അടൂർ സ്വദേശിയായ സുനിൽകുമാർ ഏനാത്ത്. 

ഡല്‍ഹിയില്‍ ജോലിയുണ്ടായിരുന്ന ഒരാള്‍ 22 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. മകളുടെ വിവാഹ ആവശ്യത്തിന് ഇട്ടിരുന്ന കാശാണ് നഷ്ടമായത്. മാനസ്സികമായി തകര്‍ന്നുപോയ അദ്ദേഹം ഇപ്പോള്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. നാല് പേര്‍ക്ക് പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞ് ഹൃദയസ്തംഭനം വന്ന് ജീവന്‍ തന്നെ നഷ്ടമായി. തന്റെ സഹോദരിയും വലിയൊരു തുക നിക്ഷേപിച്ചിരുന്നതായി സുനില്‍ കുമാര്‍ പറയുന്നു. താന്‍ പണം നിക്ഷേപിച്ചത് ആരുടെയും സ്വാധീനത്തിന് വഴങ്ങിയല്ലെന്നും പെന്‍ഷന്‍ തുകയില്‍ കുറച്ച് മിച്ചം വന്നപ്പോള്‍ സ്വയം അവരുടെ ബ്രാഞ്ചില്‍ എത്തി പണം നിക്ഷേപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 1965 മുതല്‍ കേരളത്തിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന പാരമ്പര്യം കണക്കിലെടുത്തായിരുന്നു അത്. അമ്പതിനായിരവും അറുപതിനായിരവുമൊക്കെയുള്ള തുക പലിശ കിട്ടാനുള്ളവര്‍ക്ക് എല്ലാവര്‍ക്കും തന്നെ ഇക്കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പലിശ മുടങ്ങിയിരുന്നു. അതോടെയാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയവര്‍ കബളിപ്പിക്കപ്പെട്ടുവെന്ന് പുറംലോകം അറിയുന്നത്.

പന്ത്രണ്ട് ശതമാനം പലിശ കൊടുക്കാനുള്ള കച്ചവടം പോപ്പുലര്‍ ഫിനാന്‍സില്‍ നടക്കാതെ വന്നതോടെയാണ് ഈ തകര്‍ച്ച സംഭവിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. പന്ത്രണ്ട് ശതമാനം നിക്ഷേപകര്‍ക്ക് ലഭിക്കണമെങ്കില്‍ 18 ശതമാനമെങ്കിലും അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലുള്ള ഇരുന്നൂറ് കോടിയുടെ കമ്പനിയാണ് ഇവര്‍ ആദ്യം തുടങ്ങിയത്. സമൂഹത്തില്‍ മാന്യതയുള്ള നാഷണലൈസ്ഡ് ബാങ്കുകളുടെ മാനേജര്‍മാരുമായ വ്യക്തികളെയും ഇവര്‍ റിട്ടയര്‍മെന്റിന് ശേഷം തങ്ങളുടെ ജീവനക്കാരാക്കിയാണ് വിശ്വാസം നേടിയെടുത്തത്

അതേസമയം പോപ്പുലര്‍ തട്ടിപ്പിന് ഇരയായവര്‍ പോപ്പുലറിന്റെ ആസ്ഥാനമായ വകയാറില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ഈമാസം 12 മുതല്‍ ധര്‍ണ്ണ ആരംഭിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കുക, കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ പാസാക്കിയ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിയമമായ ബഡ്‌സ് ആക്ട്(ബാന്നിംഗ് ഓഫ് അണ്‍ലോഫുള്‍ ഡെപ്പോസിറ്റ്‌സ് ആക്ട്) പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നടപ്പാക്കി അന്വേഷണം ആരംഭിക്കുക, പോപ്പുലര്‍ ഫിനാന്‍സിന്റെ ജനറല്‍ മാനേജര്‍മാരെയും സോണല്‍ മാനേജര്‍മാരെയും ക്യാഷിയര്‍മാരെ, തട്ടിപ്പിന് കൂട്ടുനിന്നിട്ടുള്ള ബ്രാഞ്ച് മാനേജര്‍മാരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരിക. പലരും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുകയാണ്. ഇവര്‍ക്ക് അടിയന്തര സഹായം ഏര്‍പ്പെടുത്തുക എന്നിവയാണ് സമരത്തിന്റെ ആവശ്യങ്ങള്‍. ഇന്നലെ ഈ സമരപ്പന്തലിന് മുന്നില്‍ കുഴഞ്ഞു വീണ് മരിച്ച ഭാരതി അമ്മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പോപ്പുലര്‍ തട്ടിപ്പ് കേസില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ഈ വര്‍ഷം തന്നെ പുറത്തുവന്ന മറ്റൊരു തട്ടിപ്പ് കേസണ് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്. സെപ്തംബറില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ 57 പരാതികളാണ് ഉണ്ടായത്. ഇതില്‍ ഒന്നാണ് ചെറുവത്തൂര്‍ കടാങ്കോട് അബ്ദുള്‍ ഷുക്കൂറിന്റെ കേസ്. നാല്‍പ്പത് കൊല്ലക്കാലം ഗള്‍ഫില്‍ ജോലി ചെയ്താണ് ഇദ്ദേഹം മുപ്പത് ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടാക്കിയത്. ഇതറിഞ്ഞ് ഫാഷന്‍ ജ്വല്ലറിയുടെ എംഡി ടി കെ പൂക്കോയ തങ്ങള്‍ തന്നെ സമീപിക്കുകയും ലാഭവിഹിതമായി പ്രതിമാസം മുപ്പതിനായിരം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും അബ്ദുള്‍ ഷുക്കൂര്‍ പറയുന്നു. രണ്ട് മൂന്ന് മാസം കഴിഞ്ഞേ പണം കൈകളിലേക്ക് നല്‍കൂവെന്നാണ് പറഞ്ഞിരുന്നത്. അത് കരാര്‍ എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ട് മൂന്ന്മാസം കഴിഞ്ഞപ്പോഴേക്കും ജ്വല്ലറി പൂട്ടിപ്പോകുകയായിരുന്നു. ഗോള്‍ഡ് നിക്ഷേപമായി സ്വര്‍ണ്ണം വാങ്ങാന്‍ ആ പണം ഉപയോഗിക്കുമെന്നാണ് നിക്ഷേപകരോട് പറഞ്ഞിരുന്നത്. ഒരു വര്‍ഷമായിട്ടും പണം ലഭിക്കാതെ വന്നപ്പോഴാണ് രണ്ട് മാസം മുമ്പ് പൂക്കോയ തങ്ങള്‍ക്കും കമറുദ്ദീനുമെതിരെ കേസ് കൊടുത്തത്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച സാമ്പത്തിക തട്ടിപ്പ് കേസാണ് തിരുവനന്തപുരത്തെ ടോട്ടല്‍ ഫോര്‍ യു. കേവലം രണ്ട് വര്‍ഷം കൊണ്ടാണ് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ഈ സ്ഥാപനം നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയും കേസിലെ ഒന്നാം പ്രതിയുമായ ശബരിനാഥിന്റെ പ്രായവും കേസിനെ പ്രമാദമാക്കി. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ശബരീനാഥ് തന്റെ പണമിടപാട് സ്ഥാപനത്തിലൂടെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ചലച്ചിത്ര താരങ്ങളും, ബിസിനസ്, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരും മുതല്‍ സാധാരണക്കാര്‍ വരെ ഈ തട്ടിപ്പില്‍ കുടുങ്ങി. വളരെ പെട്ടെന്ന് തന്നെ പിടിയിലായ ശബരീനാഥിന് ഇരുപത് വര്‍ഷത്തെ തടവും എട്ടരക്കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളുടെ മാത്രം വിചാരണയാണ് പൂര്‍ത്തിയായിട്ടുള്ളത്. ഒരു കേസില്‍ 31 പരാതിക്കാരുണ്ട്. ആറ് കോടി അഞ്ച് ലക്ഷം രൂപയാണ് ഈ കേസില്‍ തട്ടിച്ചത്. രണ്ടാമത്തെ കേസില്‍ 23 പരാതിക്കാരാണ് ഉള്ളത്. ഇവരില്‍ നിന്നായി രണ്ട് കോടി 51 ലക്ഷം രൂപ തട്ടിയെടുത്തു.

ഏറ്റവുമൊടുവില്‍ യൂണിവേഴ്‌സല്‍ ട്രേഡിംഗ് സൊല്യൂഷന്‍സ്(യുടിഎസ്) എന്ന സ്ഥാപനം വഴി ഗൗതം രമേശ് എന്ന തമിഴ്‌നാട് സ്വദേശി അമ്പത് കോടിയോളം രൂപ മലയാളി നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തെന്ന കേസാണ്പുറത്തുവന്നിരിക്കുന്നത്. 2007 മുതലാണ് ഇയാള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. 2018ല്‍ യുടിഎസ് രൂപീകരിച്ച് ഓണ്‍ലൈന്‍ വഴി നിക്ഷേപ സമാഹരണം ആരംഭിച്ചു. ഇതിനായി കേരളത്തില്‍ ഏജന്റുമാരും ഉണ്ടായിരുന്നു. വന്‍തുകയാണ് പലിശ വാഗ്ദാനം ചെയ്തത്. തുടക്കത്തില്‍ പലിശ കൃത്യമായി നല്‍കിയതിനാല്‍ കൂടുതല്‍ നിക്ഷേപകര്‍ ആകൃഷ്ടരായി. ആദായ നികുതിത്തട്ടിപ്പുമായി ബന്ധപ്പെട്ട കോയമ്പത്തൂരിലെ ഓഫീസില്‍ റെയ്ഡ് നടന്നതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. 48,000ല്‍ അധികം പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. തുടര്‍ന്ന് അറസറ്റിലായ ഇയാള്‍ ഇപ്പോള്‍ കേരള പോലീസിന്റെ കസ്റ്റഡിയിലാണ്. കസ്റ്റഡിയില്‍ കിടന്നും ഇയാള്‍ തട്ടിപ്പ് തുടരുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആരെങ്കിലും പരാതി നല്‍കിയാല്‍ നിക്ഷേപിച്ച തുക തിരികെ നല്‍കുന്നത് വൈകുമെന്നാണ് ഇയാളുടേതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. അല്ലാത്തപക്ഷം ഒത്തുതീര്‍പ്പ് സമിതി വഴി ഉടന്‍ പണം കൊടുക്കുമെന്നും ഇയാള്‍ പറയുന്നു.

ഇതോക്കെ നിക്ഷേപങ്ങളുടെ പേരില്‍ സമീപകാലത്ത് നടന്ന ചില തട്ടിപ്പുകള്‍ മാത്രമാണ്. അതേസമയം മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ക്കും വര്‍ഷങ്ങളായി മലയാളികള്‍ ഇരകളാകുന്നു. സിമന്റ്, കമ്പി എന്നിവ വില കുറച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളാണ് എഴുപതുകളില്‍ സജീവമായിരുന്നത്. പിന്നീട് നിക്ഷേപ തട്ടിപ്പുകളും പണം ഇരട്ടിപ്പിക്കല്‍ തട്ടിപ്പുകളും ഒരുകാലത്ത് വ്യാപകമായെന്ന് മുന്‍ ഡിവൈഎസ്പി എന്‍ സുഭാഷ് ബാബു അഴിമുഖത്തോട് പറഞ്ഞു. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളെല്ലാം ഇത്തരത്തില്‍ കുപ്രസിദ്ധമായ തട്ടിപ്പുകളാണ്. അടിമാലി മറ്റപ്പിള്ളില്‍ വീട്ടില്‍ സജീവ് മാത്യു, ഇയാളുടെ ഭാര്യ ആനി സജീവ് എന്നിവരായിരുന്നു 1996-96 കാലഘട്ടത്തില്‍ നടന്ന ഈ തട്ടിപ്പിലെ പ്രതികള്‍. എന്നാല്‍ 2015ല്‍ ഇവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. നിക്ഷേപകരെ ചതിക്കണമെന്ന ഉദ്ദേശത്തോടെയല്ല തങ്ങള്‍ ഇടപാടുകാരില്‍ നിന്നും പണം വാങ്ങിയതെന്നും പോലീസ് ഇടപെട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ പണം മടക്കിക്കൊടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു എന്നുള്ള ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തൃപ്പൂണിത്തുറ കേന്ദ്രമാക്കി നാഗവല്ലി റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ്, അളകനന്ദ ഗോട്ട് ഫാം, മന്ദാകിനി പ്ലാന്റേഷന്‍സ് എന്നീ പേരുകളില്‍ കമ്പനി രൂപീകരിച്ച് വന്‍ ലാഭം വാഗ്ദാനം ചെയത് നിക്ഷേപകരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. ആകാശഗംഗ എന്ന പേരില്‍ ആയിരം രൂപയുടെ യൂണിറ്റുകളായി 25 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്നും പറ്റിച്ചുവെന്നാണ് കേസ്. കേരളത്തിലുടനീളം ആയിരക്കണക്കിന് പേര്‍ പറ്റിക്കപ്പെട്ട കേസില്‍ ഏതാനും കേസുകളില്‍ മാത്രമാണ് പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും സാധിച്ചത്. സമാനമായ തട്ടിപ്പ് 1995ല്‍ പാലക്കാടും നടന്നു. അന്യസംസ്ഥാനങ്ങളില്‍ തേക്ക്, മാഞ്ചിയം പ്ലോട്ടുകള്‍ ഉണ്ടാക്കിയും ആട് കൃഷി നടത്തിയും വര്‍ഷങ്ങള്‍ക്കകം വന്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഈ തട്ടിപ്പ്. പാലക്കാട് കല്‍മണ്ഡപത്തില്‍ എച്ച്.വൈ.എസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഈ കേസിലെ പ്രതികള്‍ വര്‍ഷങ്ങളോളം ഒളിവിലായിരുന്നു.

ബിടിസി ബിറ്റ്‌സ് എന്ന കമ്പനി നിക്ഷേപം സ്വീകരിച്ച് ബിറ്റ് കോയിന്‍ തട്ടിപ്പും നടത്തിയിരുന്നു. ലോകവ്യാപകമായി 25,000 പേരാണ് ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ നടത്തിയ തട്ടിപ്പില്‍ ആഫ്രിക്ക, കെനിയ, മെക്‌സിക്കോ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകരും പണം നിക്ഷേപിച്ചു. പണം നിക്ഷേപിക്കുന്നവര്‍ക്ക് 180 ദിവസത്തിനകം ഇരട്ടി പണം ലഭിക്കുമെന്നായിരന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ പോലീസിനെ സമീപിച്ചു. അഞ്ഞൂറ് കോടിയില്‍ അധികം രൂപയാണ് പലര്‍ക്കായി നഷ്ടപ്പെട്ടത്. പ്രതിയുടെ ആഡംബര ജീവിതം കണ്ടാണ് തട്ടിപ്പിന് ഇരയായ പലരും ഇതിലേക്ക് ആകൃഷ്ടരായത്.

നോട്ട് ഇരട്ടിപ്പാണ് മറ്റൊരു തട്ടിപ്പിന്റെ മാര്‍ഗ്ഗമെന്നും സുഭാഷ് ബാബു കൂട്ടിച്ചേര്‍ത്തു. കള്ള നോട്ടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത കാലമായിരുന്നു അത്. എങ്കില്‍ത്തന്നെയും ആളുകളുടെ ആര്‍ത്തി തന്നെയായിരുന്നു ആ തട്ടിപ്പുകള്‍ക്കും കാരണം. എറണാകുളം ആലുക്കാസ് ജ്വല്ലറിയില്‍ അഞ്ഞൂറ്‌  ‌സ്വര്‍ണ്ണ നാണയങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവവും സുഭാഷ് ബാബു ചൂണ്ടിക്കാട്ടി. ഏതാനും നാണയങ്ങള്‍ മാത്രം ഒര്‍ജിനല്‍ നല്‍കി ബാക്കി വ്യാജ സ്വര്‍ണ്ണ നാണങ്ങളാണ് അന്ന് നല്‍കിയത്. വിശ്വാസം ആര്‍ജ്ജിച്ച ശേഷമായിരുന്നു തട്ടിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ ചിലതിന് മാത്രമാണ് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസിന് സാധിക്കാറ് എന്നും സുഭാഷ് ബാബു പറഞ്ഞു. പണം തരിച്ച് കിട്ടാതെ വരികയും കേസിന്റെ പിന്നാലെ വര്‍ഷങ്ങളോളം നടക്കേണ്ടി വരികയും ചെയ്യുന്നതിനാല്‍ പരാതിക്കാര്‍ ഇല്ലാതെ വരുന്ന കേസുകളാണ് അധികവും.

നോട്ട് നിരോധനത്തിന് ശേഷം ഓണ്‍ലൈന്‍ പണം ഇടപാടുകളും ഗൂഗിള്‍ പേ പോലുള്ള യുപിഐ ഇടപാടുകളും വര്‍ധിച്ചതോടെ തട്ടിപ്പുകളുടെ എണ്ണവും വര്‍ധിച്ചു. സമ്മാനം ലഭിച്ചതായ സന്ദേശങ്ങള്‍ അയച്ചാണ് ഇക്കൂട്ടത്തില്‍ ഒരു തട്ടിപ്പ് നടക്കുന്നത്. കോവിഡ് കാലത്ത് ബാങ്ക് വായ്പകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തും തട്ടിപ്പുകള്‍ കണ്ട് വരുന്നുണ്ടെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസ് സെബാസ്റ്റിയന്‍ പറഞ്ഞു. വായ്പ തിരിച്ചടവിന്റെ ശേഷി തെളിയിക്കാന്‍ മുന്നൂറ് രൂപ വരെ അടയ്ക്കണമെന്ന ആവശ്യമാണ് ഇത്തരത്തില്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഈ പണം അടയ്ക്കുന്നവര്‍ക്ക് പലപ്പോഴും വാഗ്ദാനം ചെയ്ത വായ്പ ലഭിക്കാറില്ല. ബാങ്കുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാറും ഇല്ല. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഈ തട്ടിപ്പുകള്‍ അധികവും നടക്കുന്നത്.

പല തരത്തിലുള്ള ജോലികള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നടക്കുന്ന തട്ടിപ്പുകളും അധികമായി നടക്കാറുണ്ടെന്ന് ജോസ് സെബാസറ്റ്യന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ വളരെയധികം ചെറുപ്പക്കാര്‍ അധിക യോഗ്യതയുള്ളവരായതിനാല്‍ നില്‍ക്കുന്ന തൊഴിലില്ലായ്മയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പണ്ടൊക്കെ ആ സ്ഥാനത്ത് വിസ തട്ടിപ്പ് ആയിരുന്നു. എന്നാല്‍ പ്രവാസത്തിന്റെ തോത് കുറഞ്ഞത് അനുസരിച്ച് ആ തട്ടിപ്പും കുറഞ്ഞിട്ടുണ്ട്. അതിന് പകരമാണ് ഇപ്പോള്‍ ജോലി തട്ടിപ്പുകളും പെട്ടെന്ന് ജോലി കിട്ടുന്നതാണെന്ന് പറഞ്ഞുള്ള കോഴ്‌സുകളുടെ പേരിലുള്ള തട്ടിപ്പുകളും. ഏത് കോഴ്‌സ് എങ്ങനെയാണ് വിശ്വസിക്കാനാകുക എന്ന് ആര്‍ക്കും യാതൊരു ധാരണയുമില്ല. വിദേശ രാജ്യത്ത് ജോലി ചെയ്തുകൊണ്ട് പഠിക്കാമെന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചിട്ട് യാതൊരു പ്രയോജനവുമില്ല എന്ന ധാരണ ഇവിടെയുണ്ട്. അതുകൊണ്ട് കേരളത്തിന് പുറത്തേക്കും ഇന്ത്യയ്ക്ക് പുറത്തേക്കും പഠിക്കാന്‍ പോകാനായി വിദ്യാഭ്യാസ ലോണും മറ്റും എടുക്കുന്നവരാണ് പറ്റിക്കപ്പെടാറ്. ഈ കോഴ്‌സുകള്‍ ഇന്ത്യയില്‍ അംഗീകാരം ഉളതായിരിക്കണം എന്നില്ല.

വാഹനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളും നടക്കുന്നുണ്ട്. ഒരു പുതിയ വാഹനത്തിന്റെ ഇന്‍വോയിസ് സംഘടിപ്പിച്ച് വിവിധ ഫൈനാന്‍സര്‍മാരെ സമീപിച്ച് ലോണ്‍ നേടിയെടുക്കുന്നതാണ് ഇതില്‍ പ്രധാനം. റോഡില്‍ നിര്‍ത്തിയിട്ടിരിക്കന്ന ആരുടെയെങ്കിലും വാഹനം വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഒഎല്‍എക്‌സ് പോലുള്ള വില്‍പ്പന സൈറ്റുകളില്‍ പരസ്യം ചെയ്തു നടക്കുന്ന തട്ടിപ്പുകളും നടക്കുന്നു. വണ്ടി ലഭിക്കണമെങ്കില്‍ ഒരു നിശ്ചിത തുക നല്‍കി ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇത്. 

ജനങ്ങളുടെ അറിവില്ലായ്മയും ആര്‍ത്തിയുമാണ് സാമ്പത്തിക തട്ടിപ്പുകളില്‍ പലതിനും കാരണം. ബാങ്കുകള്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന ഒ ടി പികളുടെ പേരിലാണ് തട്ടിപ്പുകളില്‍ അധികവും നടക്കുന്നതെന്ന് ബാങ്കിംഗ് മേഖലകളിലുള്ളവര്‍ പറയുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാത്തതിനാലാണ് പലരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളാണ് മറ്റൊരു വിഭാഗം. സുഖമില്ലാത്ത ഒരാള്‍ക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ ജനകീയ സമിതി രൂപീകരിച്ചാണ് മറ്റൊരു തട്ടിപ്പ്. ആദ്യം സഹായം ആവശ്യമുള്ളയാളുടെ പേരില്‍ രൂപീകരിക്കുന്ന അക്കൗണ്ട് പിന്നീട് ജോയിന്റ് അക്കൗണ്ട് ആക്കിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. അതില്‍ നിന്നും ഒരു പങ്ക് ജനകീയ സമിതി രൂപീകരിക്കുന്നവര്‍ക്ക് ലഭ്യമാക്കാനാണ് ഇത്.

ഈ തട്ടിപ്പുകളിലെല്ലാം ഇരകളാകുന്നത് പാവപ്പെട്ടവരാണെന്ന് ജോസ് സെബാസ്റ്റിയന്‍ പറയുന്നു. സാമ്പത്തികമായി മെച്ചമായി നില്‍ക്കുന്നവരാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടുന്നത്. എന്നാല്‍ പണത്തിന് ആവശ്യമുളള പാവപ്പെട്ടവരാണ് മറ്റ് വിധത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നത്. ജോലി തട്ടിപ്പുകള്‍ക്കും വിദ്യാഭ്യാസ തട്ടിപ്പുകള്‍ക്കും ഇരകളാകുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. അവര്‍ക്ക് സാമൂഹികമായ അംഗീകാരം ലഭിക്കുന്നില്ല എന്നതിനാല്‍ ആത്മവിശ്വാസക്കുറവ് നേരിടുന്നുണ്ട്. ബാങ്ക് വായ്പ്പയുടെ പേരിലും തട്ടിപ്പിന് ഇരയാകുന്നത് ഇത്തരത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ ആണ്. ഭാഗ്യപരീക്ഷണം എന്നത് കേരളത്തിലെ ഒരു ജീവിതരീതി തന്നെയായി മാറിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണക്കാരന്‍ സര്‍ക്കാരാണ്. സര്‍ക്കാര്‍ തന്നെ ലോട്ടറി വിറ്റ് ജനങ്ങളെ അതിലേക്ക് തള്ളിവിടുന്നു. പോയാല്‍ മുന്നൂറ് രൂപ കിട്ടിയാല്‍ മൂന്ന് കോടി എന്ന ചിന്തയിലാണ് ജനങ്ങള്‍ ഇത്തരം ഭാഗ്യപരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നത്. കാര്യമായ അധ്വാനം ഇല്ലാതെ പണം നേടാനുള്ള ഒരു ത്വര സമൂഹത്തില്‍ ഉണ്ട്. അതുതന്നെയാണ് ഇവിടെ പലരും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകാനുള്ള കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ബാന്നിംഗ് ഓഫ് അണ്‍ലോഫുള്‍ ഡെപ്പോസിറ്റ്‌സ് സ്‌കീം ആക്ട്(ബഡ്‌സ്) പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിയമം നോട്ടിഫൈ ചെയ്തു. 1938ലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടും 1992ലെ സെബി ആക്ടും 2002ലെ മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ആക്ടും ഭേദഗതി വരുത്തിയാണ് ഈ നിയമം പാസാക്കിയത്. കേരളത്തില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ അധികവും നിക്ഷേപക തട്ടിപ്പുകള്‍(പോണ്‍സി സ്‌കീം) ആയതിനാല്‍ ഈ നിയമം ഇവിടെ നടപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. നിശ്ചിത തുക നിക്ഷേപിച്ചാല്‍ അതിന്റെ ഇരട്ടി തിരിച്ചുതരാമെന്നോ അല്ലെങ്കില്‍ പലിശ തരാമെന്നോ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളെല്ലാം പോണ്‍സി സ്കീമുകള്‍ ആണ്.

ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശ നിരക്കായിരിക്കും ഇത്തരം സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യപ്പെടുന്നത് എന്നതിനാലാണ് പലരും ഇതില്‍ വീഴുന്നത്. 2013-14 കാലഘട്ടങ്ങളില്‍ രാജ്യത്ത്‌ സിബിഐ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 66 എണ്ണം മാത്രമായിരുന്നെങ്കില്‍ 2017-18 ആയപ്പോള്‍ അത് 110 കേസുകള്‍ ആയി ഉയര്‍ന്നു. രാജ്യം ലോക്ഡൗണിലായിരുന്ന ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനിടെ 14,429 ബാങ്കിംഗ് തട്ടിപ്പുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സിബിഐ വെളിപ്പെടുത്തിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം പലരും തങ്ങളുടെ കൈവശമുള്ള കള്ളപ്പണം ഇത്തരം നിക്ഷേപങ്ങളില്‍ മുടക്കിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. അതിനാലാണ് ഇത്തരം കറക്കുകമ്പനികളെ തടയിടുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ബഡ്‌സ് ആക്ട് പാസാക്കിയത്. എവിടെയെല്ലാം നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്നും എവിടെ നിന്നെല്ലാം സ്വീകരിക്കാമെന്നുമാണ് ഈ നിയമം അനുശാസിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ഈ നിയമം എതിര്‍ക്കുന്നു. സെബിയിലോ സംസ്ഥാന സര്‍ക്കാരിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമില്ല. ആര്‍ബിഐ അനുശാസിക്കുന്ന പലിശ മാത്രമാണ് ഈ നിയമം അനുസരിച്ച് നല്‍കാന്‍ പാടുള്ളൂ. അതേസമയം ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ പലിശ നല്‍കി തന്നെ ബിസിനസ്സിനായി വായ്പ സ്വീകരിക്കാവുന്നതാണ്. ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അധ്യക്ഷനായ സമിതിയെ നിയമിക്കണമായിരുന്നു. ഇതിന് വന്ന കാലതാമസം കൊണ്ട് കേരളത്തില്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് കാലതാമസം നേരിട്ടെങ്കിലും രണ്ടാഴ്ച മുമ്പ് കേരളത്തിലും ഈ നിയമം നടപ്പാക്കിയിരിക്കുകയാണ്.

1979ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രൈസ് ചിട്ട്‌സ് ആക്ട് രൂപീകരിച്ചെങ്കിലും അത് നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരുന്നു. സ്വാഭാവികമായും കൂണുപോലെ പൊട്ടിമുളയ്ക്കുന്ന ചിട്ടിക്കമ്പനികളുടെ വര്‍ധനവില്‍ യാതൊരു കുറവും ഉണ്ടായതുമില്ല നിരവധി പേര്‍ക്ക് പിന്നെയും പിന്നെയും പണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫിനാന്‍സിലും മുന്‍കാല തട്ടിപ്പുകളിലും ഭാരതി അമ്മയെ പോലെ നിരവധി പേര്‍ക്ക് പണത്തോടൊപ്പം ജീവന്‍ കൂടി നഷ്ടമായ സാഹചര്യത്തില്‍ ഈ നിയമം കേരളത്തിലും നടപ്പാക്കുന്നതോടെ ഇത്തരം തട്ടിപ്പുകള്‍ പൂര്‍ണ്ണ തോതില്‍ തന്നെ ഇല്ലാതാക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Next Story

Related Stories