TopTop
Begin typing your search above and press return to search.

കിർത്താഡ്സ്; പരിശീലനം പേരിന്, ചിലവഴിക്കുന്നത് കോടികൾ

കിർത്താഡ്സ്; പരിശീലനം പേരിന്, ചിലവഴിക്കുന്നത് കോടികൾ

കേരളത്തിലെ ദളിത് ആദിവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഏകദേശം അമ്പത് വർഷം മുമ്പ് തുടങ്ങിയ കിർത്താഡ്സ് എന്ന സ്ഥാപനം അതിൻ്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പൂർണ പരജയമാണെന്ന വസ്തുതയാണ് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സർക്കാറിൻ്റെ നയരൂപികരണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള പഠനങ്ങൾ നടത്തി പ്രസിദ്ധീകരിക്കാനോ, ജാതി നിർണയം പോലുള്ള വിഷയങ്ങൾ നരവംശശാസ്ത്രത്തിൻ്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി ഇടപെട്ട്പരിഹാരം കാണുന്നതിനോ ഈ സ്ഥാപനത്തിന് കഴിയുന്നില്ലെന്നതിൻ്റെ വിശാദംശങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ

റിപ്പോർട്ടിൻ്റെ ആദ്യഭാഗം

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരിശീലനത്തിൻ്റെ പേരിൽ കോടികൾ ചിലവഴിക്കുന്നതിനെ കുറിച്ചാണ് ഇന്നത്തെ റിപ്പോർട്ട് വിശദമാക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്ക് നിരന്തര പരിശീലനം കിര്‍താഡ്‌സ് നല്‍കുന്നു. എന്നാല്‍ ഈ പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ചെലവഴിക്കാനായി നടത്തപ്പെടുന്നു എന്നതൊഴിച്ചാല്‍ ആദിവാസി ദളിത് വിഭാഗങ്ങള്‍ക്ക് അതുകൊണ്ട് കാര്യമായ ഫലമുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. അവബോധ പരിശീലന പരിപാടി, നേതൃത്വ പരിശീലന പരിപാടി, ഏകദിന പരിശീലനം, ഗോത്ര ജനതയുടെ ജൈവ വൈവിധ്യ സംസ്‌കൃതി പ്രദര്‍ശനം, ഗോത്ര സാഹിത്യ ക്യാമ്പ്, ഗോത്ര സംസ്‌കൃതി പ്രദര്‍ശനം, തലക്കല്‍ ചന്തു അമ്പെയ്ത്ത് മത്സരം, ഗോത്രകലകളുടെ പരിശീലനം, പ്രദര്‍ശനം, അന്തര്‍ദേശീയ സെമിനാര്‍, എന്നിങ്ങനെയാണ് പരിശീലന വിഭാഗത്തിന് കീഴില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഏകദേശ രൂപം. ആദിവാസി പ്രവര്‍ത്തകനായ ഡോ.നാരായണന്‍ എം ശങ്കരന്‍ പറയുന്നു : ചികിത്സ, നേതൃത്വ പരിശീന ക്യാമ്പുകള്‍, ഇത്തരം ക്യാമ്പുകളിലൂടെ ഇവര്‍ കൊടുക്കുന്ന വിദ്യാഭ്യാസം എന്താണ്? സാധാരണ ഒരു എന്‍ജിഒ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പരിശീലന പരിപാടികളിലൂടെ കൊടുക്കുന്നത്. ഇത് ആദിവാസികളുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വളര്‍ച്ചയെ എങ്ങനെ സഹായിക്കും എന്നതാണ് വിശകലനം ചെയ്യേണ്ടത്. ഫണ്ട് തിരിക്കാന്‍ വേണ്ടി ഇത്തരം ചെറിയ പരിശീലന പരിപാടികള്‍ നടത്തി ഞങ്ങള്‍ ആദിവാസികള്‍ക്കായി പ്രവർത്തിക്കുന്നു എന്ന് വരുത്തിതീർക്കുകയാണ് കിര്‍താഡ്‌സ് ചെയ്യുന്നത്. പരിശീലന പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ തന്നെ, എന്തുകൊണ്ട് വിദ്യാഭ്യാസപരമായി ആദിവാസികളെ മുന്നോട്ട് വരുത്താന്‍ വേണ്ടിയിട്ട് അത് ചെയ്യുന്നില്ല? എന്‍ട്രന്‍സ് കോച്ചിങ് എന്ന് പറഞ്ഞ് ഒരു മാസത്തെ പരിശീലനമാണ് കൊടുക്കുന്നത്. അതിന് സ്ഥിരം സംവിധാനം വേണ്ടതുണ്ട്. വയനാട്, അട്ടപ്പാടി പോലുള്ള സ്ഥലത്ത് ആറ് മാസത്തേക്കെങ്കിലും എല്ലാ ശനിയാഴ്ചയും എന്ന രീതിയില്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ സ്റ്റാര്‍ട്ട് ചെയ്യേണ്ടതാണ്. അത്തരം ആറ് മാസത്തെ ട്രെയിനിങ് നല്‍കി പിന്നീട് ഒരു മാസത്തെ പരിശീലനം കിര്‍താഡ്‌സ് സംഘടിപ്പിക്കുകയാണെങ്കില്‍ കുഴപ്പമില്ല. ചെറിയ പരിശീലന ക്യാമ്പുകളിലൂടെ ആദിവാസി സമൂഹത്തെ വീണ്ടും ചെറിയ ചെറിയ തൊഴിലുകള്‍ ചെയ്ത് ജീവിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നത്. ചികിത്സ ക്യാമ്പുകള്‍ നടത്തും. അതിലൂടെ എക്‌സിബിഷന്‍ ആണ് ഇവര്‍ കാര്യമായി ഉദ്ദേശിക്കുന്നത്. ക്യാമ്പുകളില്‍ പങ്കെടുപ്പിച്ച് മറ്റ് പല പരിപാടികള്‍ക്കും അവരെ കൊണ്ട് പോവുന്നതിലുപരിയായി സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ വേണ്ടി സ്ഥാപനങ്ങൾ തുടങ്ങുകയോ അവയെ സാമ്പത്തികമായി കിര്‍താഡ്‌സ് സഹായിക്കുകയും ചെയ്യുന്നുണ്ടോ എന്നതും വേറൊരു ചോദ്യമാണ്. ഗദ്ദിക പോലുള്ള കാര്യങ്ങളിലേക്ക് വരികയാണെങ്കില്‍, ആദിവാസികള്‍ പെര്‍ഫോം ചെയ്യുന്നതിനപ്പുറത്തേക്ക് അത്തരം പരിപാടികളില്‍ കിര്‍താഡ്‌സിന്റെ ഇടപെടലുകള്‍ ഉണ്ടാവാറുണ്ട്. അതായത് ആദിവാസി ആചാരങ്ങളിലേക്ക് കിര്‍താഡ്‌സിന് നേരിട്ട് ഇടപെടാനുള്ള അധികാരം കിര്‍താഡ്‌സിന് എങ്ങനെയാണ് കിട്ടുന്നത്? ആദിവാസിയുടെ ആചാരം എന്ന് പറയുന്നത് അവരുടെ ജീവിത രീതിയുമായി ബന്ധപ്പെട്ടതും അവര്‍ ദൈവികമായി കാണുന്നതുമാണ്. പുറത്തുള്ള സമൂഹത്തിന് ഇടപെടാന്‍ കഴിയാത്ത രീതിയില്‍ നടത്തുന്ന ആചാരങ്ങളാണ്. ഗദ്ദിക പോലുള്ള പരിപാടികള്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം ആക്കി കിര്‍താഡ്‌സ് മീഡിയേറ്ററായി നില്‍ക്കുകയാണ്. ആദിവാസി ആചാരങ്ങളിലേക്കെല്ലാം ഇടപെടുന്നതിന് വലിയ തോതിലാണ് ഇവര്‍ ഫണ്ട് ചെലവഴിക്കുന്നത്. ആദിവസികള്‍ക്ക് അവരുടെ ആചാരം നടത്താന്‍ എന്തിനാണ് കിര്‍താഡ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്നത്? ഇതിലൂടെ ആദിവാസി ആചാരങ്ങളെ അവരിലൂടെ പുറത്തേക്കെത്തിക്കുക എന്നതിനപ്പുറത്തേക്ക് പ്രദർശന വസ്തുക്കളായി മാത്രം കാണിക്കുക എന്നതാണ് ഇവരുടെ ധാരണ. കൊളോണിയലിസം എന്ന് പറയുന്നത് പോലെ, ഞങ്ങളിലൂടെ മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളൂ എന്നുള്ളൊരു ധാരണ കിര്‍താഡ്‌സിനുണ്ട്. ഇതിനപ്പുറത്തേക്ക് കിര്‍താഡ്‌സ് ചെയ്യേണ്ട നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. ഒന്ന്, ആദിവാസി വിദ്യാഭ്യാസ മേഖലയില്‍, ഹയര്‍എജ്യുക്കേഷന്‍ മേഖലയില്‍ ഇവര്‍ എന്ത് ചെയ്തു എന്നത് പ്രസക്തമായ ചോദ്യമാണ്. ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്‍ പലപ്പോഴും ഡ്രോപ്പ് ഔട്ട് ആവുന്നതിന് കാരണം അവര്‍ക്ക് താമസ സൗകര്യം ലഭിക്കാത്തതാണ്. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്ല. ഇത്തരം കാര്യങ്ങളൊന്നും ചെയ്യാതെ വെറുമൊരു എക്‌സിബിറ്റിങ് ഒബ്ജക്ട് ആയാണ് കിര്‍താഡ്‌സ് ആദിവാസികളെ കാണുന്നത്." ഇത് സംബന്ധിച്ചും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്: പരിശീലന വിഭാഗം വിവിധങ്ങളായ പരിപാടികളില്‍ വര്‍ഷം തോറും ഏര്‍പ്പെടുന്നുണ്ട്. നേതൃപാടവം, കലാവിരുത് തുടങ്ങിയ മേഖലകളില്‍ കഴിവ് വര്‍ധിപ്പിക്കാനുതകുന്ന പരിശീലന പരിപാടികള്‍ ഇവയില്‍പ്പെടുന്നുണ്ട്. എന്നാല്‍ മിക്കവാറും എല്ലാ വര്‍ഷവും ഒരേ തരം പരിപാടികള്‍ ആവര്‍ത്തിക്കപ്പെടുന്നതായും പങ്കെടുക്കുന്നവരും ഒരേ ആളുകള്‍ ആകുന്നതായും രേഖകളില്‍ നിന്നും വ്യക്തമാവുന്നു. ഇതുകൊണ്ട് തന്നെ പൂര്‍ണമായ ക്രിയാത്മകത, പരിപാടികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും കൊണ്ട് വരാനും എല്ലാ വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പ് വരുത്താനും കഴിയുന്നില്ല. പരിശീലന പരിപാടികളും ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി നിലവിലുള്ള ആവശ്യകതകള്‍ നിറവേറ്റാനുതകും വിധം ആസൂത്രണം ചെയ്യേണ്ടതുണ്ട്.' പദ്ധതി, പദ്ധതിയേതിര ചെലവുകള്‍ അഞ്ച് കോടിയോളം രൂപ സ്ഥാപനത്തിന് ഉണ്ടാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ തുക നേരിട്ട് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുകയും ചെയ്യുന്നു.എന്നാല്‍ പദ്ധതികളുടെ നിര്‍വ്വഹണത്തിലും ചെലവ് രേഖകള്‍ സൂക്ഷിക്കുന്നതിലുമുള്ള പോരായ്മകളാണ് അക്കൗണ്‍ന്റ് ജനറലിന്റെയും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെയും പരിശോധനകളില്‍ വ്യക്തമായത്. സര്‍ക്കാര്‍ പണം കൈകാര്യം ചെയ്യുന്നതില്‍ വരുന്ന പാകപ്പിഴകള്‍, ചെലവ് രേഖകള്‍ സൂക്ഷിക്കുന്നതിലെ സുതാര്യതക്കുറവ്, ധന ഇടപാടുകള്‍ അക്കൗണ്ട് ചെയ്യുന്നതിലെ വീഴ്ചകള്‍, പ്രോജക്ടുകളുടേയും പ്രോഗ്രാമുകളുടേയും നിര്‍വ്വഹണവും ഫലപ്രാപ്തിയും നിരീക്ഷിക്കപ്പെടുകയോ വിലയിരുത്തപ്പെടുകയോ ചെയ്യാത്തത് തുടങ്ങി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളിലെ വീഴ്ചകള്‍ എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം ആവശ്യപ്പെടുന്നത് കിര്‍താഡ്‌സ് എന്ന പ്രത്യേക വകുപ്പിന്റെ അടിമുടിയുള്ള ഉടച്ച് വാര്‍ക്കലുമാണ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories