Top

നയരൂപീകരണത്തിൽ ഇടപെടാനാവില്ല, ജാതി നിർണയം നടത്തുന്നതിലും വൈദഗ്ധ്യമില്ല, കീർത്താഡ്സ് കൊണ്ട് ആർക്കാണ് പ്രയോജനം?

നയരൂപീകരണത്തിൽ ഇടപെടാനാവില്ല, ജാതി നിർണയം നടത്തുന്നതിലും വൈദഗ്ധ്യമില്ല, കീർത്താഡ്സ് കൊണ്ട് ആർക്കാണ് പ്രയോജനം?

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ഏകദേശം അരനൂറ്റാണ്ട് മുമ്പ് സ്ഥാപിക്കപ്പെട്ട കിർത്താഡ്സ് എന്ന സ്ഥാപനം കെടുകാര്യസ്ഥതയുടെ കേന്ദ്രമായി മാറിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഉദ്ദേശ ലക്ഷ്യങ്ങൾ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, ജാതി നിർണയം അടക്കമുള്ള കാര്യങ്ങളിൽ കിർത്താഡസ് നടത്തുന്ന ഉദ്യോഗസ്ഥമേധാവിത്വപരവും, വൈദഗ്ധ്യവും ഇല്ലാത്ത ഇടപെടലുകൾ നിരവധി അർഹരമായ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പോലും തടസ്സമാകുന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് പുറമെയാണ് ആദിവാസി, ദളിത് ക്ഷേമത്തിൻറെ പേരിൽ നടത്തുന്ന, എന്നാൽ ആ വിഭാഗങ്ങളുടെ ഉന്നമനത്തെ ഒരു രീതിയിലും സഹായിക്കാത്ത പരിപാടികൾ പണം ചെലവഴിക്കാൻ വേണ്ടി മാത്രമായി നടത്തുന്നത്. എന്നാൽ ഓഡിറ്റ് റിപ്പോർട്ടിലടക്കം കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും കിർത്താഡ്സിൻ്റെ പ്രവർത്തനങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്ന നിലപാടിലാണ് മന്ത്രി എ.കെ ബാലനും കിർത്താഡ്സ് ഡയറക്ടർ ഡോ. പി പുഗഴേന്തിയും.

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കിര്‍താഡ്‌സ് എന്ന സ്ഥാപനത്തെ പ്രത്യേക വകുപ്പായി പ്രഖ്യാപിക്കുന്നത് ചില പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയായിരുന്നു. പട്ടിക വിഭാഗങ്ങളുടെ സര്‍വോന്മുഖമായ ഉന്നമനം എന്ന ലക്ഷ്യമായിരുന്നു അത് മുന്നോട്ട് വച്ചത്. ആദ്യം കേന്ദ്ര സര്‍ക്കാരും പിന്നീട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചും പണം നല്‍കി നിലനിര്‍ത്തുന്ന കിര്‍താഡ്‌സ് സ്ഥാപിക്കപ്പെട്ടിട്ട് 50 വര്‍ഷത്തോടടുക്കുന്നു. എന്നാല്‍ സ്ഥാപിത ലക്ഷ്യം പോലും സാക്ഷാത്കരിക്കുന്നതില്‍ ഈ സ്ഥാപനം അഥവാ വകുപ്പ് പൂര്‍ണ പരാജയമാണ് എന്ന ആക്ഷേപം കാലങ്ങളായി പട്ടിക വിഭാഗ അംഗങ്ങളില്‍ നിന്ന് ഉയരുന്നു. ഈ ആക്ഷേപം ഉറപ്പിക്കുന്നതാണ് 2018-19 വര്‍ഷത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. കോടികള്‍ അനുവദിക്കപ്പെടുകയും ചെലവഴിക്കുകയും ചെയ്യുന്ന കിര്‍താഡ്‌സ് വകുപ്പ് അമ്പത് വര്‍ഷത്തിനിടയില്‍ ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് എന്താണ് നല്‍കിയത്? 'വട്ടപ്പൂജ്യം' എന്നാണ് ദളിത് ആദിവാസി പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച ഉത്തരം. 17 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നതും പ്രവര്‍ത്തനത്തിലെ പാളിച്ചകളാണ്. എങ്ങനെയാണ് കിര്‍താഡ്‌സിലെ പ്രവര്‍ത്തനങ്ങള്‍, വകുപ്പ് രൂപീകരണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെട്ടത്?

കിര്‍താഡ്സിൻ്റെ തുടക്കം
1970 ഏപ്രില്‍ മാസത്തില്‍ കിര്‍താഡ്‌സ് പ്രവര്‍ത്തനമാരംഭിച്ചു. പട്ടികവര്‍ഗ ഗവേഷണ പരിശീലന കേന്ദ്രം എന്ന പേരിലാണ് കിര്‍താഡ്‌സ് തുടങ്ങുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് പട്ടിക വര്‍ഗ വികസന വകുപ്പ് രൂപീകരിച്ചപ്പോള്‍ 1979 ഒക്ടോബര്‍ വരെ ആ വകുപ്പിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു. 1979ലാണ് ഇന്നത്തെ കിര്‍താഡ്‌സ് എന്ന രൂപത്തിലേക്ക് അത് മാറുന്നത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റസ് ആന്‍ഡ് ട്രൈബ്‌സ് എന്നാക്കി സ്ഥാപനത്തെ പ്രഖ്യാപിക്കുകയും ഒരു പ്രത്യേക വകുപ്പായി അതിനെ മാറ്റുകയും ചെയ്തു. ആദിവാസി, ദളിത് വിഭാഗങ്ങളുടെ സംസ്‌ക്കാരം, ജീവിത രീതി, വിദ്യാഭ്യാസം, മറ്റു മേഖലയിലെ പുരോഗതി, ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍, ബൗദ്ധിക സ്വത്തവകാശം എന്നിവയെപ്പറ്റി അടfസ്ഥാനപരമായ ഗവേഷണങ്ങള്‍ നടത്തുക എന്നതായിരുന്നു വകുപ്പിന്റെ പ്രധാനപ്പെട്ട ചുമതല. ദളിത് ആദിവാസി വിഭാഗങ്ങളുടെ എല്ലാ മേഖലയിലുമുള്ള പുരോഗതി ലക്ഷ്യമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആസൂത്രണ രംഗത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കുക, വികസന പദ്ധതികള്‍ എത്രകണ്ട് ഈ വിഭാഗങ്ങള്‍ക്ക് പ്രയോജനപ്രദമായിട്ടുണ്ടെന്ന് വിലയിരുത്തുക. പദ്ധതികളുടെ നടത്തിപ്പില്‍ അപാകതകള്‍ കടന്ന് കൂടിയിട്ടുണ്ടെങ്കില്‍ പരിഹരിക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിലയിരുത്തല്‍ പഠനങ്ങള്‍ നടത്തുക, അനര്‍ഹമായി പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുവാനുള്ള പ്രവണതയോടെ ഇതര വിഭാഗക്കാര്‍ നടത്തിവരുന്ന ജാതി മാറ്റം അന്വേഷണവിധേയമാക്കുക, അത്തരക്കാരെ പുറത്താക്കാനും നിരുത്സാഹപ്പെടുത്താനുമുള്ള പഠനങ്ങള്‍ നടത്തുക, ദളിത് ആദിവാസി വിഭാഗങ്ങളുടെ സംസ്‌ക്കാരം, ജീവിത രീതി, പ്രശ്‌നങ്ങള്‍ എന്നിവയില്‍ വേണ്ടത്ര അറിവ് നല്‍കുന്നതിനായി പട്ടികവിഭാഗ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്കും നേതാക്കള്‍ക്കും സര്‍ക്കാരിന്റെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭരണഘടന നല്‍കുന്ന പ്രത്യേകാവകാശങ്ങളെയും സംരക്ഷണങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നേതൃത്വപരിശീലനം നല്‍കുക, ആദിവാസികളുടെ ചികിത്സാ സമ്പ്രദായത്തെ കുറിച്ച് പഠിക്കുന്നതോടൊപ്പം അവര്‍ ഉപയോഗിച്ച് വരുന്ന പച്ചമരുന്നുകള്‍ തിരിച്ചറിയുവാനും ശേഖരിക്കുവാനും ഉപയോഗിക്കുവാനും വിപണനം ചെയ്യുവാനും മൂപ്പന്‍മാരുടെ സഹായത്തോടെ പട്ടികവര്‍ഗ യുവാക്കള്‍ക്ക് പരിശീലനം നല്‍കുക... എന്നിങ്ങനെയാണ് കിര്‍താഡ്‌സന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ ലക്ഷ്യങ്ങളുമെന്ന് കിര്‍താഡ്‌സ് അധികൃതര്‍ പറയുന്നു. പ്രത്യേക വകുപ്പ് ആവുന്നതിന് മുമ്പ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരായിരുന്നു സ്ഥാപനത്തിനായി പണം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ ഏറ്റെടുത്തു.

പഠനങ്ങളില്ലാത്ത ഗവേഷണ സ്ഥാപനം
ആദിവാസി ജീവിത രീതി, വിദ്യാഭ്യാസം, മറ്റു മേഖലയിലെ പുരോഗതി, ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റി അടസ്ഥാനപരമായ ഗവേഷണങ്ങള്‍ നടത്തുകയെന്നതായിരുന്നു കിര്‍താഡ്‌സ് പ്രത്യേകം വകുപ്പായി രൂപീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ സ്ഥാപനം ചെയ്യേണ്ടിയിരുന്നത്. പിന്നീട് വകുപ്പായി മാറിയപ്പോള്‍ ആദിവാസികള്‍ക്കൊപ്പം ദളിതരേയും പഠനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നായി. കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനതയുടെ വിവിധ പ്രശ്‌നങ്ങളും അതിനുള്ള പരിഹാര പരിപാടികളും സമയാസമയങ്ങളില്‍ സര്‍ക്കാരിനെ അറിയിക്കാന്‍ വേണ്ടി ഗവേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട കേരളത്തിലെ സ്ഥാപനമാണ് കേരളാ ഇന്‍സറ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡവെലപ്മെന്റ് സ്റ്റഡീസ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ്. സര്‍ക്കാറിന് വേണ്ടി ശാസ്ത്രീയവും ക്രിയാത്മകവുമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകേയും, നിലവിലെ പദ്ധതികള്‍ അവലോകനം ചെയ്യാനും നിയോഗിക്കപ്പെട്ട കിര്‍താഡ്സിന് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിവരുന്നത്. അമ്പതിലേറെ ജീവനക്കാര്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നു. പഠനം നടത്തി പദ്ധതി ആസൂത്രണങ്ങളില്‍ പങ്കാളികളാവുന്ന വകുപ്പുകള്‍ക്ക് അതിനനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും, സര്‍ക്കാര്‍ നയരൂപീകരണത്തെ അടക്കം സ്വാധീനിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കാനും ചുമതലപ്പെട്ട സ്ഥാപനമാണ് കിര്‍താഡ്‌സ് എങ്കിലും അര നുറ്റാണ്ടിൻ്റെ പ്രവർത്തനത്തിൽ അതൊന്നുമുണ്ടായില്ല. പഠനങ്ങള്‍ കിര്‍താഡ്‌സില്‍ നടക്കുന്നുണ്ട് എന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ നയരൂപീകരണത്തില്‍ പങ്കാളികളാവും വിധം, ആദിവാസി ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രയോജനപ്പെടും വിധം എന്ത് പഠനം നടന്നു എന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് അതിന് വ്യക്തമായ ഉത്തരമില്ല.

ജീവിതാവസ്ഥകളില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ, നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജീവിക്കുന്ന ആദിവാസികളുള്ള കേരളത്തില്‍ അവര്‍ക്കായി ഗൗരവമുള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പഠനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് പതിനൊന്ന് വര്‍ഷമായി. പതിനൊന്ന് വര്‍ഷം മുമ്പ് പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ പുരോഗതിക്കായി കിര്‍താഡ്‌സ് സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്
നു അത്. കുറുമ്പ, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കൊറഗര്‍ എന്നിങ്ങനെയുള്ള പ്രാക്തന ഗോത്ര വിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിതാവസ്ഥകളെക്കുറിച്ചുമുള്ള പഠനമായിരുന്നു അത്. സര്‍വേ ഫലവും നിരീക്ഷണങ്ങളും കിര്‍താഡ്‌സ് കൈമാറുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറി അത് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുകയും ചെയ്തു. കിര്‍താഡ്‌സില്‍ റിസര്‍ച്ച് ഉദ്യോഗസ്ഥനായിരുന്നയാള്‍ പറയുന്നത് ഇങ്ങനെ: "സ്ഥാപനത്തിലെ റിസര്‍ച്ച് വിങ്ങിന് എന്ത് കപ്പാസിറ്റിയാണുള്ളതെന്ന് ആദ്യം പരിശോധിക്കേണ്ടതാണ്. എന്ത് റിസര്‍ച്ച് ആണ് അവിടെ ചെയ്തിട്ടുള്ളത്? എടുത്തു പറയത്തക്ക ഒരു പഠനമെങ്കിലും ഉണ്ടായിട്ടില്ല. നയരൂപീകരണത്തിന് സഹായിക്കാവുന്ന മൂല്യവത്തായ പഠനങ്ങള്‍ ആ സ്ഥാപനം മുന്നോട്ട് വച്ചിട്ടില്ല. കോടിക്കണക്കിന് രൂപയാണ് എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്നത്. തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു നയമാണ് കേരളത്തില്‍ ഈ വിഭാഗങ്ങള്‍ക്കായുള്ളത്. ഇത്രയും ഫണ്ട് കിട്ടുന്ന വിഭാഗത്തിന്റെ ഇന്നത്തെ അവസ്ഥ വിശകലനം ചെയ്ത്, അവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ വിശകലന വിധേയമാക്കി, വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു രേഖ ആവശ്യമാണ്. ഇത്ര പട്ടികജാതിക്കാര്‍ക്ക് ഭൂമിയില്ല, ഇത്ര പേര്‍ക്ക് വീടില്ല, ഇത്ര പേര്‍ക്ക് വീട് വച്ചുകൊടുത്തു തുടങ്ങിയ സര്‍ക്കാര്‍ നല്‍കുന്ന കുറേ കണക്കുകള്‍ എടുത്ത് വച്ച് റിപ്പോര്‍ട്ട് ആക്കി കൊടുക്കുകയല്ലാതെ ഗൗരവത്തോടെ ഒന്നും പഠിക്കുന്നത് ഞാന്‍ അവിടെ വര്‍ക്ക് ചെയ്യുന്ന കാലഘട്ടത്തിലും അതിന് ശേഷവും കണ്ടിട്ടില്ല. ഭൂമിയും വീടും ഇല്ല എന്ന കണക്കുകള്‍ നിരത്തുന്നതിന് പകരം എന്താണ് ദളിതരുടേയും ആദിവാസികളുടേയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ അവസ്ഥയെന്നത് സംബന്ധിച്ച് കേരളത്തില്‍ ഒരു കണക്കും വിവരവും ലഭ്യമല്ല. അത്തരത്തിലൊരു പഠനമല്ലേ യഥാര്‍ഥത്തില്‍ അവര്‍ മുന്നോട്ട് വയ്ക്കേണ്ടത്?. ആന്ധ്ര, കര്‍ണാകടക പോലുള്ള സംസ്ഥാനങ്ങളില്‍ എസ് സി, എസ് ടി ആക്ട് നിലവില്‍ വന്നു. പട്ടികവിഭാഗങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ട് വകമാറ്റുക, ദുരുപയോഗം ചെയ്യുക എന്നിങ്ങനെയുള്ള നടപടികളും, സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അതും കുറ്റകൃത്യമാണെന്ന് പറയുന്ന നിയമഭേദഗതിയാണ് വന്നത്. എന്തുകൊണ്ട് കിര്‍താഡ്‌സിന് അത്തരമൊരു നിയമം വേണമെന്ന് ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നില്ല? കാര്യം വളരെ ലളിതമാണ്. കോടിക്കണക്കിന് രൂപ അനുവദിക്കുന്ന സ്ഥാപനത്തില്‍ അത് ചെലവഴിക്കാന്‍ കുറേ ഉദ്യോഗസ്ഥരുണ്ട്. അത്ര മാത്രം. ആരും ചോദ്യം ചെയ്യാനുമില്ല".


പിന്നീട് റിസര്‍ച്ച് അഡ്വൈസറി കമ്മറ്റി രൂപീകരിച്ചു. എന്നാല്‍ ആറ് വര്‍ഷമായി കമ്മറ്റി പോലും ചേര്‍ന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആദിവാസി ദളിത് പ്രതിനിധികളും നേതാക്കളും, അക്കാദമിക് സ്‌കോളര്‍മാര്‍, പ്ലാനിങ് ബോര്‍ഡ് അംഗം, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സമിതിയാണ് റിസര്‍ച്ച് അഡ്വൈസറി കമ്മറ്റി. ഈ കമ്മറ്റിയുടെയും കൂടി നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് കിര്‍താഡ്‌സില്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടത്. ഇത്രയും നാള്‍ കമ്മറ്റി യോഗം ചേരാതിരുന്നത് വീഴ്ചയാണെന്ന് കിര്‍താഡ്‌സ് ഡയറക്ടര്‍ പറയുന്നു. കിര്‍താഡ്‌സ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തിയുടെ പ്രതികരണം:
"ആര്‍എസി അഞ്ചാറ് വര്‍ഷമായി കൂടിയില്ല എന്നത് സത്യമാണ്. ആര്‍എസിയുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലേ ഗവേഷണങ്ങള്‍ നടത്താനാവൂ. നവംബര്‍ അവസാനത്തോടെ ആര്‍എസി കൂടാന്‍ തീരുമാനമായിട്ടുണ്ട്. മീറ്റിങ് ചേരാനുള്ള അജണ്ടയും മറ്റും തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ അതില്ലെങ്കിലും കിര്‍താഡ്‌സ് ഒന്നും ചെയ്തിട്ടില്ല എന്ന് പറയാനാവില്ല. പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ആ പഠനങ്ങളെ ആധികാരിക രേഖയായി പലപ്പോഴും എടുക്കാറുമുണ്ട്".


എന്നാല്‍ പഠനങ്ങളോ ഗവേഷണങ്ങളോ വേണ്ട രീതിയില്‍ നടക്കുന്നില്ല എന്നും നടന്നാല്‍ തന്നെയും പബ്ലിഷ് ചെയ്യാത്തതിനാല്‍ അത് സര്‍ക്കാരിന് നയരൂപീകരണത്തിനോ പദ്ധതി ആസൂത്രണത്തിനോ സ്വാധീനമോ സഹായമോ ആവുന്നില്ല എന്നാണ് എ ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നത്. കിര്‍താഡ്‌സിലെ പബ്ലിഷ്ഡ്, അണ്‍ പബ്ലിഷ്ഡ് പഠനങ്ങള്‍ പരിശോധിച്ചാല്‍ ഈ നിരീക്ഷണത്തിനാണ് കൂടുതല്‍ ബലം. 1994ല്‍ പ്രസിദ്ധീകരിച്ച 'സമുദായ നിര്‍ണയ പഠനങ്ങള്‍- സീരീസ്-1', 2003ലെ 'സമുദായ നിര്‍ണയ പഠനങ്ങള്‍- സീരീസ്-2', 1995ലെ 'ആന്ത്രപ്പോളജി ഓഫ് ട്രൈബല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിസിന്‍ ഇന്‍ ഫോറസ്റ്റ് എന്‍വയോണ്‍മെന്റ്', 2011ലെ 'റിസര്‍ച്ച് പബ്ലിക്കേഷന്‍ സീരീസ് വോള്യം ഒന്നും രണ്ടും, 2012ലെ റിസര്‍ച്ച് പബ്ലിക്കേഷന്‍ സീരീസ് -വോള്യം മൂന്ന്, 2017ലെ കാണി ഭാഷാ നിഘണ്ടു, പണിയ ഭാഷാ നിഘണ്ടു, എത്തനോബയോളജി ഓഫ് കുമ്പര്‍ ഇന്‍ അട്ടപ്പാടി, 2003ലെ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഓഫ് കേരള അറ്റ് എ ഗ്ലാന്‍സ്, 2016ലെ ഗോത്രഭാഷകളും പണിയന്‍ ഭാഷയ്ക്ക് ലിപി തയ്യാറാക്കലും, 2017ലെ ഗോത്രതാളം, വംശീയ വൈദ്യന്‍മാരുടെ പേരുവിവര സൂചിക 2016 എന്നിങ്ങനെ 14 പുസ്തകങ്ങള്‍ മാത്രമാണ് നിലവില്‍ പബ്ലിഷ് ചെയ്തിട്ടുള്ളത്. അണ്‍ പബ്ലിഷ്ഡ് ലിസ്റ്റില്‍ 21 പഠനങ്ങളാണ്. ഇത് പൂര്‍ണമായും ആദിവാസി, ഗോത്ര വിഭാഗങ്ങളുടെ ഭാഷയുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം എത്രത്തോളം പട്ടിക വിഭാഗത്തിന്റെ സമൂല വികസനം ഉദ്ദേശിച്ചുള്ളതെന്ന ചോദ്യമാണ് ദളിത്, ആദിവാസി നേതാക്കള്‍ ഉന്നയിക്കുന്നത്.

രണ്ടായിരത്തിന് മുമ്പ് ആന്ത്രപ്പോളജിയില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ ഡയറക്ടറായിരുന്ന കാലയളവില്‍ സമൂഹത്തിനുതകുന്ന ചില പഠനങ്ങളെങ്കിലും നടന്നിരുന്നു. എന്നാല്‍ രണ്ടായിരം മുതല്‍ ഇങ്ങോട്ട് ഇത്തരത്തില്‍ ഗൗരവമേറിയ ഒരു പഠനവും നടന്നിട്ടില്ല. പഠനങ്ങളെ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടാലും അത് കിര്‍താഡ്‌സില്‍ നിന്ന് ലഭ്യമാക്കുന്നില്ല എന്നതും സ്ഥാപനത്തിനെതിരെ ഉയരുന്ന ആക്ഷേപമാണ്. "കിര്‍താഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ എന്ത് തരം വികസന പഠനമാണ് നടത്തിതെന്ന് അറിയാം. 'ട്രൈബല്‍ ലാംഗ്വേജ് ആന്‍ഡ് ഓറല്‍ ലിറ്ററേച്ചര്‍ കളക്ഷന്‍' പ്രോജക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ശില്പശാല, ആദിവാസി കലാകാരന്‍മാരുടെ നൃത്താവതരണം, ഗദ്ദികയില്‍ വകുപ്പിന്റെ സ്റ്റാളും, വൈദ്യം, വംശീയ ഭക്ഷ്യമേള, മരുന്നാവിക്കുളി എത്‌നോളജിക്കല്‍ മ്യൂസിയം പ്രദര്‍ശനവും സംഘടിപ്പിക്കുക. ഈ പരിപാടികള്‍ക്കൊക്കെ ലക്ഷങ്ങളുടെ ചിലവും കാണിച്ചിട്ടുണ്ട്. അതിനൊപ്പം പേരിന് ആസൂത്രണ സമിതിയുടേയും കിലയുടേയും ഒക്കെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഠന റിപ്പോര്‍ട്ടുകള്‍ എന്ന പേരില്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതെല്ലാം കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം? കിര്‍താഡ്‌സ് യഥാര്‍ഥത്തില്‍ എന്താണ് ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത്?"
ആദിവാസി സമുദായാംഗമായ ശ്രീരാമന്‍ ചോദിക്കുന്നു.

സംസ്ഥാന ഓഡിറ്റ് വകുപ്പ് റിപ്പോര്‍ട്ടിലും ഇക്കാര്യം പ്രതിപാദിക്കുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് (2012-2017) പട്ടിക വര്‍ഗക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍, സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ, കല, സംസ്‌ക്കാരം തുടങ്ങിയ വിവിധ മേഖലകളില്‍ നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കണ്ടെത്തിയ പ്രശ്‌നങ്ങളുടെയും അവ പരിഹരിക്കുന്നതിനാവശ്യമായ നയങ്ങള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങളും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ പരിപാടികളുടേയും നയരൂപീകരണങ്ങളുടേയും വിവരങ്ങളും ലഭ്യമാക്കാനാവശ്യപ്പെട്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് കൃത്യതയുള്ള മറുപടി നല്‍കാന്‍ സ്ഥാപനത്തിന് കഴിഞ്ഞില്ല എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജാതിനിര്‍ണയത്തിനുള്ള വിദഗ്ദ്ധ ഏജന്‍സിയായി അംഗീകരിച്ചത് മുതല്‍ സമുദായ നിര്‍ണയം, തര്‍ക്കങ്ങള്‍ എന്നിവ സംബന്ധിച്ച കേസുകളിലുള്ള അന്വേഷണവും ചുമതലയും ഉത്തരവാദിത്വവുമാണ് പ്രധാനമായും നിര്‍വ്വഹിക്കുന്നതെന്നാണ് കിര്‍താഡ്‌സ് ഓഡിറ്റ് വിഭാഗത്തിന് നല്‍കിയ മറുപടി. എന്നാല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പൊതുസമൂഹത്തിന്റേതിന് തുല്യമായ നിലവാരത്തിലേക്ക് ഉയരുന്നതിന് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് തടസ്സമാവുന്ന കാര്യങ്ങളെയും ഇതിനുള്ള പരിഹാരങ്ങളേയും സംബന്ധിച്ചുള്ള തനതായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിഭാഗത്തിന് കഴിയുന്നില്ല എന്ന് മറുപടിയില്‍ നിന്ന് വ്യക്തമാവുന്നതായി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വികസന പഠന വിഭാഗം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരവും അല്ലാതെയും വിവിധ മേഖലകളില്‍ പഠനം നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകളുടെ ഭാവി എന്താണെന്ന് എവിടെയും നിരീക്ഷിക്കപ്പെടുന്നില്ല എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ജാതി നിര്‍ണയം
1996ലെ കേരള (പട്ടികജാതി പട്ടികവര്‍ഗ) സമുദായ സര്‍ട്ടിഫിക്കറ്റ് ക്രമപ്പെടുത്തല്‍ ആക്ട് അനുസരിച്ച് കിര്‍താഡ്‌സിനെ ജാതി നിര്‍ണയത്തിന്റെ വിദഗ്ദ്ധ ഏജന്‍സിയായി അംഗീകരിച്ചു. ജാതി നിര്‍ണയവുമായി ബന്ധപ്പെട്ടുയരുന്ന പരാതികളും തര്‍ക്കങ്ങളും പരിഹരിക്കാനായി നരവംശ ശാസ്ത്ര പഠനങ്ങള്‍ നടത്തി വ്യക്തിയെയോ സമൂഹത്തേയോ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്താനും തള്ളാനും അധികാരപ്പെട്ട ഏക ഏജന്‍സിയായി ഇതോടെ കിര്‍താഡ്‌സ് മാറി. കിര്‍താഡ്‌സ് നരവംശ ശാസ്ത്ര വിഭാഗം ഇപ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് സര്‍ക്കാരിന്റെ നിയമ ഭേദഗതി പ്രകാരം ജാതി നിര്‍ണയത്തിന്റെ വിദഗ്ദ്ധ ഏജന്റ്. എന്നാല്‍ കിര്‍താഡ്‌സ് ജാതി നിര്‍ണയങ്ങളും ജാതി പഠനങ്ങളും അശാസ്ത്രീമായ രീതിയില്‍ നടപ്പാക്കി ദളിത്, ആദിവാസി ജനതയെ ഭീതിയില്‍ നിര്‍ത്തി പീഡിപ്പിക്കുകയാണ് എന്ന ആരോപണമാണ് കാലങ്ങളായി ദളിത്, ആദിവാസി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന പട്ടിക ജാതി, പട്ടിക വര്‍ഗ അപേക്ഷ പരിശോധിക്കുകയും സ്‌ക്രീനിങ് കമ്മറ്റിയുടെ ആവശ്യപ്രകാരം അപേക്ഷകരുടെ ജാതി സംബന്ധിച്ച് നരവംശ ശാസ്ത്രപരമായ അന്വേഷണം നടത്തുന്നതും കിര്‍താഡ്‌സ് ആണ്. എന്നാല്‍ ഇതില്‍ വലിയ അഴിമതിയും ക്രമക്കേടും നടക്കുന്നതായാണ് ആരോപണം. എല്ലാ കുട്ടികളുടെയും റിസള്‍ട്ട് വരുമ്പോള്‍ എസ് സി, എസ് ടി വിഭാഗത്തിലെ കുട്ടികളിൽ പലരുടെയും റിസള്‍ട്ട് കൂട്ടത്തോടെ തടഞ്ഞുവെയ്ക്കപ്പെടുന്നതായാണ് ആക്ഷേപം. സ്‌ക്രീനിങ് കമ്മിറ്റിക്ക് ജാതി സംബന്ധിച്ച് സംശയം തോന്നുന്നു എന്നതാണ് ന്യായം. പക്ഷെ ഇത് മൂലം എത്രയോ പേര്‍ക്ക് പഠനത്തിനുള്ള വഴികള്‍ തന്നെ ഇല്ലതാവുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയുടെ പ്രതികരണം:
"വിത്ത് ഹെല്‍ഡ് എന്ന് കണ്ട് അന്വേഷിച്ചപ്പോഴാണ് എന്റെ ജാതി സംബന്ധിച്ച് സ്‌ക്രീനിങ് കമ്മറ്റി തര്‍ക്കം ഉന്നയിച്ചതായി കണ്ടത്. അഡ്മിഷന്‍ സമയം ആവുമ്പോഴും കിര്‍താഡ്‌സ് ജാതി പഠിച്ച് സര്‍ട്ടിഫിക്കറ്റ് തന്നില്ല. പിന്നീട് കുറേ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഞാന്‍ എസ് സി കാറ്റഗറിയില്‍ പെടുന്നതല്ല എന്ന് അവര്‍ തീരുമാനിച്ചു. അപ്പഴേക്കും അഡ്മിഷന്‍ ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. ചലഞ്ച് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. പിന്നീട് കോടതിയില്‍ കേസ് പോയി. കോടതി എനിക്കൊപ്പമാണ് നിന്നത്. കിര്‍താഡ്‌സ് പഠനം അശാസ്ത്രീയമാണെന്നും തെറ്റാണെന്നും കോടതി കണ്ടെത്തി. പക്ഷെ എന്റെ അവസരം നഷ്ടപ്പെട്ടു. എത്ര കഷ്ടപ്പെട്ട് പഠിച്ചാണ് ആ അവസരം ഞാന്‍ നേടിയെടുത്തത്. എന്നെപ്പോലെ ആ വര്‍ഷം തന്നെ കുറേ കുട്ടികള്‍ ഇത് പോലെ കിര്‍താഡ്‌സ് റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ കയറിയിറങ്ങിയിട്ടുണ്ട്. അന്വേഷിച്ചപ്പോള്‍ എല്ലാ വര്‍ഷവും ഇത് തന്നെയാണ് നടക്കുന്നത്."
എല്ലാ വര്‍ഷവും ആയിരത്തിലധികം കേസുകളാണ് കേരള എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി കിര്‍താഡ്‌സില്‍ എത്തുന്നത്. കിര്‍താഡ്‌സില്‍ നിന്ന് ലഭ്യമാവുന്ന 2016-17 വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍, 512 അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗ സമുദായ സംവരണത്തിന് അര്‍ഹരല്ലെന്ന് കണ്ടെത്തി വിശദമായ നരവംശ ശാസ്ത്ര റിപ്പോര്‍ട്ട് സ്‌ക്രീനിങ് കമ്മറ്റിക്ക് സമര്‍പ്പിച്ചു. കേരള മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ അപേക്ഷകരായ 416 പേര്‍, പാരാമെഡിക്കല്‍ കോഴ്‌സിന് അപേക്ഷിച്ച 71 പേരും ജാതി സംവരണത്തിന് അര്‍ഹരല്ലെന്നാണ് കിര്‍താഡ്‌സ് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷ എല്‍എല്‍ബി, മൂന്ന് വര്‍ഷ എല്‍എല്‍ബി, എംഎസ്സി നഴ്‌സിങ്, എല്‍എല്‍എം എന്നീ പരീക്ഷകള്‍ എഴുതിയ 23 പേരേയും കാര്‍താഡ്‌സ് ജാതി ആനുകൂല്യങ്ങളില്‍ നിന്ന് തള്ളി. പരീക്ഷയില്‍ പ്രവേശനത്തിന് യോഗ്യത നേടിയ അഞ്ഞൂറിനും ആയിരത്തിനും ഇടയക്ക് വിദ്യാര്‍ഥികളെ കിര്‍താഡ്‌സിന്റെ പഠനത്തിലൂടെ സംവരണാനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കാറുണ്ടെന്ന് ദളിത് ആദിവാസി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ ചോദ്യം ചെയ്ത നൂറ് കണക്കിന് കേസുകളില്‍ ബഹുഭൂരിപക്ഷം കേസുകളിലും കിര്‍താഡ്‌സിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. വിവരാവകാശ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദളിത് ആദിവാസി പ്രവര്‍ത്തകനായ എം.ഗീതാനന്ദന്‍ പറയുന്നു:
"ജാതി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഒരു ഏജന്‍സി ഉണ്ടാവണമെന്നതാണ് സുപ്രീംകോടതി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കിര്‍താഡ്സ് രൂപീകരിക്കുന്നത് പോലും ഇക്കാര്യത്തില്‍ വേണ്ടത്ര വ്യക്തതയെത്താതെയാണ്. എന്‍ട്രന്‍സ് കമ്മീഷന്‍ ക്ലെയിം ചെയ്യുന്നയാളുകളുടെ കേസുകള്‍ പരിശോധിക്കലാണ് അവരുടെ പ്രധാന ജോലി ഇപ്പോള്‍. ഇന്റര്‍ കാസ്റ്റ് വിവാഹം ചെയ്തവരുടെ കുട്ടികളാണ് ഇതില്‍ പ്രധാനമായും എത്തുന്നത്. അതല്ലാത്തവരുമുണ്ട്. ജാതി നിര്‍ണയം എന്നു പറഞ്ഞ് സംശയാസ്പദമായ കണ്ണട വച്ച് എല്ലാവരേയും വീക്ഷിക്കുകയാണ് യഥാര്‍ഥത്തില്‍ അവര്‍ ചെയ്യുന്നത്. എണ്ണായിരത്തോളം അര്‍ഹരായ വിദ്യാര്‍ഥികളെ കിര്‍താഡ്‌സ് പുറത്താക്കിയിട്ടുണ്ട്. അതിനുള്ള പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നോക്കിയാല്‍ ഒട്ടു തന്നെ ആന്ത്രപ്പോളജിക്കല്‍ വ്യൂ പോയിന്റ്‌സ് ഇല്ലാത്ത, തികച്ചും ക്ലറിക്കല്‍ വര്‍ക്ക് മാത്രമാണ് അതെല്ലാം. ക്ലറിക്കല്‍ ആയി പോലീസ് മുറയില്‍ തെളിവുകള്‍ ശേഖരിക്കുന്ന കിര്‍താഡ്‌സിനെ എക്‌സ്പര്‍ട്ട് എജന്‍സിയായി വച്ചത് തന്നെ ശരിയായ തീരുമാനമല്ല. ഡെപ്യൂട്ടി റാങ്കിലുള്ള ഒരു വിജിലന്‍സ് ഓഫീസറാണ് എക്‌സ്പര്‍ട്ട് ഏജന്റ്. അവിടെ ആ തസ്തികയില്‍ അടുത്ത കാലത്തിരുന്നയാളും ഇപ്പോള്‍ ഇരിക്കുന്നയാളും ആന്ത്രപ്പോളജിയില്‍ എന്തെങ്കിലും യോഗ്യതയുള്ളവരോ ആന്ത്രപ്പോളജിയില്‍ പിഎച്ച്ഡി സ്വന്തമാക്കിയവരോ അല്ല. എക്‌സപര്‍ട്ട് എന്ന് പറയുന്ന ആളുകളാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത്. ആ സ്ഥാനത്തിരിക്കാന്‍ വിദ്യാഭ്യാസപരമായി യോഗ്യതയില്ലാത്തവര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് ആയതിനാലാണ് ഭൂരിഭാഗവും ഫേക്ക് ആന്ത്രപ്പോളജി റിപ്പോര്‍ട്ടുകള്‍ ആവുന്നത്. കേരളത്തിലെ ഒരു വിഭാഗത്തിന്റെ ജാതിയെ ചോദ്യം ചെയ്യുന്ന, ഒരു സമൂഹത്തിന്റെ ജാതി നിര്‍ണയിക്കുന്ന ഏജന്‍സി എന്ന നിലയില്‍ സര്‍ക്കാര്‍ ആന്ത്രപ്പോളജിയില്‍ ഗവേഷണം ചെയ്തവരുടെ ഒരു പാനല്‍ ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ബ്യൂറോക്രാറ്റിക് രീതിയില്‍ സാമുദായിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയായ കാര്യമല്ല. എല്ലാ എന്‍ട്രന്‍സ് റിസള്‍ട്ട് വരുമ്പോഴും മുന്നൂറും നാനൂറും അഞ്ഞൂറും വിദ്യാര്‍ഥികളെ സംശത്തിന്റെ നിഴലില്‍ നിര്‍ത്തി അവരുടെ പ്രവേശനം തടഞ്ഞുവെയ്ക്കും. കിര്‍താഡ്‌സ് റിപ്പോര്‍ട്ട് കൊടുക്കും വരെ ആ സീറ്റിലേക്കുള്ള പ്രവേശനം സ്‌ക്രൂട്ടിനി കമ്മിറ്റി ബ്ലോക്ക് ചെയ്യും. 'അനര്‍ഹര്‍' എന്ന് കിര്‍താഡ്‌സ് കണ്ടെത്തുന്ന എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ആ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്കോ മറ്റ് വിഭാഗങ്ങളിലേക്കോ മാറ്റപ്പെടും. അത്തരത്തില്‍ ദളിത് ആദിവാസികളുടെ പ്രവേശനം ദുര്‍ബലപ്പെടുത്തുന്നതിനോ തടയുന്നതിനോ വേണ്ടിയുള്ള ഒരു പ്രവര്‍ത്തിയില്‍ കിര്‍താഡ്‌സും പങ്ക് പറ്റുന്നു. ഇത് സംബന്ധിച്ച് കോടതിയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുവരെ നൂറിലേറെ കേസുകള്‍ പരിഗണിച്ചതിലെല്ലാം കിര്‍താഡ്‌സ് റിപ്പോര്‍ട്ട് കോടതി തന്നെ തള്ളിക്കളഞ്ഞു. ഒരു കേസില്‍ പോലും കിര്‍താഡ്‌സിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല."
ജോലി സംബന്ധമായും അല്ലാതെയുമുള്ള ജാതി നിര്‍ണയ പഠനങ്ങളിലും വ്യാപകമായ വീഴ്ച സംഭവിച്ചതായി ദളിത് ആദിവാസി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അനര്‍ഹരായ പലരും എസ് എസി, എസ് ടി ലിസ്റ്റില്‍ കടന്നു കൂടുകയും അര്‍ഹരായവര്‍ പുറത്താവുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇക്കാലത്തിനിടയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പുറത്താക്കുന്ന സമുദായത്തിന്റെ ജാതി എന്ത് എന്ന് നിര്‍ണയിക്കാന്‍ കിര്‍താഡ്‌സ് തയ്യാറാവാത്തതിനാല്‍ പല സമൂഹങ്ങളും ജാതിപദവി തന്നെ ഇല്ലാതെ തുടരുകയാണെന്നും ആക്ഷേപമുണ്ട്.
"മലബാറിലെ പെരുവണ്ണാന്‍ സമുദായം കാസ്റ്റ് ഡിസബിലിറ്റി നേരിട്ടവരല്ല. ഈ വിഭാഗത്തെ എസ് സി യില്‍ ഉള്‍പ്പെടുത്തരുതെന്ന് കിര്‍താഡ്‌സ് തന്നെ മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ആ റിപ്പോര്‍ട്ടിനെ മറികടന്നാണ് പെരുവണ്ണാന്‍ വിഭാഗത്തെ എസ് സിയില്‍ ഉള്‍പ്പെടുത്തിയത്. കട്ടച്ചിറ പഞ്ചായത്തില്‍ ഊരാളി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്ക് കയറിയവര്‍ ആനുകൂല്യത്തിനര്‍ഹരല്ലെന്നാണ് കിര്‍താഡ്‌സിന്റെ കണ്ടെത്തല്‍. ഇടുക്കിയില്‍ മാത്രമാണ് ഊരാളികളുള്ളതെന്നും കട്ടച്ചിറയിലുള്ളത് കുറവര്‍ സമുദായമാണെന്നുമാണ് കിര്‍താഡ്‌സിന്റെ നിരീക്ഷണം. എന്നാല്‍ അവര്‍ കുറവ സമുദായമാണോ എന്ന് ഉറപ്പിച്ച് പറയാനോ ജാതി നിര്‍ണയിച്ച് നല്‍കാനോ കിര്‍താഡ്‌സിന് കഴിഞ്ഞിട്ടില്ല. ഒന്നല്ല എന്ന് പറയുമ്പോള്‍ തന്നെ മറ്റെന്താണ് അവര്‍ എന്ന് പറയാനുള്ള ഉത്തരവാദിത്തം അതിന്റെ എക്‌സപര്‍ട്ട് ഏജന്‍സിക്കുണ്ട്. അല്ലാതെ അവരെ ജാതി പദവിയില്ലാതെ നിലനിര്‍ത്തുകയല്ല ചെയ്യേണ്ടത്. പാലക്കാട് എരവാളരെ പുറത്താക്കി. എന്നാല്‍ അവര്‍ക്ക് എസ് ടി സ്റ്റാറ്റസില്ലെന്ന് പറയുമ്പോള്‍ അവര്‍ എന്ത് ജാതിയില്‍ പെടുന്നു എന്നുകൂടി പറയണം. ഗവേഷണത്തിനോ ജാതി നിര്‍ണയിക്കാനോ പ്രാപ്തിയുള്ള ആരും കിര്‍താഡ്‌സില്‍ നരവംശ ശാസ്ത്ര വിഭാഗത്തില്‍ ഇല്ല എന്നതാണ് ഇത് തെളിയിക്കുന്നത്. സോഷ്യല്‍ എന്റിറ്റിയെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും കാര്യങ്ങള്‍ ചെയ്യേണ്ടതാണ്",
ഗീതാനന്ദന്‍ അഭിപ്രായപ്പെട്ടു.

ജാതിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് അയ്യായിരത്തിലധികം കേസുകളാണ് കിര്‍താഡ്സില്‍ കെട്ടിക്കിടക്കുന്നത് എന്നാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. പല കാലങ്ങളിലായി സമര്‍പ്പിക്കപ്പെട്ട ആറായിരത്തിലധികം കേസുകളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 2017-18ലെ സംസ്ഥാന ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മാത്രം കണക്കെടുക്കുമ്പോള്‍ 2855 കേസുകളാണ് ജാതി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇനിയും തീര്‍പ്പാക്കാനുള്ളത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് അനുബന്ധമായി 220 കേസുകള്‍ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ 24 കേസുകള്‍ക്ക് കൌണ്ടര്‍ അഫിഡവിറ്റ്/ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവ സംബന്ധിച്ച് ആവശ്യമായ രേഖകളൊന്നും തന്നെ കിര്‍താഡ്സില്‍ ഇല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയിരിക്കുന്ന സജിത് കുമാറും, ഡെപ്യൂട്ടി ഡയറക്ടറായിരുന്ന, ഇപ്പോള്‍ മന്ത്രി എ കെ ബാലന്റെ പേഴ്സണല്‍ സ്റ്റാഫ് ആയ മണിഭൂഷണും ഉള്‍പ്പെടെ നാല് പേരെ നിയമിച്ചത് യോഗ്യതകളില്ലാതെയാണെന്ന വാര്‍ത്ത അഴിമുഖം പുറത്ത് വിട്ടിരുന്നു. ആവശ്യമായ യോഗ്യതകളില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക വിവേചനാധികാരത്തിലുള്ള റൂള്‍ 39 ഉപയോഗിച്ചാണ് ഇവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തത്. സജിത്കുമാറിന് സോഷ്യല്‍ സയന്‍സില്‍ എംഎയും ഫ്യൂച്ചര്‍ സ്റ്റഡീസില്‍ ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍ സയന്‍സ് എംഫിലുമാണുള്ളത്. എന്നാല്‍ ജാതി നിര്‍ണയം സംബന്ധിച്ച പരാതികള്‍ ഉയരുന്നത് കാര്യമാക്കേണ്ട എന്നാണ് മന്ത്രി എ കെ ബാലന്‍ പറയുന്നത്. "എനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. വളരെ നന്നായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് കിര്‍താഡ്‌സിലെ നരവംശ ശാസ്ത്ര വിഭാഗം. ചിലരുദ്ദേശിക്കുന്ന ജാതി അവര്‍ക്ക് ലഭിക്കാത്തതിലുള്ള ദേഷ്യമാണ് പരാതിയായി ഉയരുന്നതെന്നു"മായിരുന്നു മന്ത്രിയുടെ പ്രതികരണം.
അടുത്തഭാഗം: പരിശീലനം പേരിന്, ചെലവിടുന്നത് കോടികള്‍

Next Story

Related Stories