Top

ഹിന്ദുഐക്യവേദിയുടെ സമരത്തെ തുടര്‍ന്ന് കുന്നംകുളത്ത് 81 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു

ഹിന്ദുഐക്യവേദിയുടെ സമരത്തെ തുടര്‍ന്ന് കുന്നംകുളത്ത് 81 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു

"വലിയ ഭീതിയിലാണ്. മരടിലെ കാര്യം ടിവിയില്‍ കാണുമ്പോള്‍ ഞങ്ങളുടെ നെഞ്ചും കത്തുകയാണ്. കാശുള്ളവര്‍ക്ക് എവിടെയെങ്കിലും പോയി താമസിക്കാം. കഞ്ഞികുടിക്കാന്‍ മാത്രം വകയുള്ള ഞങ്ങള്‍ എവിടെ പോവാനാണ്. ഇനി നാല് ദിവസം ആണ് സമയം. അതിനുള്ളില്‍ ഒഴിഞ്ഞ് പോയില്ലെങ്കില്‍ പോലീസിനെ വച്ച് ഇറക്കും എന്നാണ് ദേവസ്വത്തീന്ന് പറഞ്ഞത്. ഇറക്കി വിട്ടാല്‍ എവിടെ പോവാനാ? റോഡിലിരിക്കേണ്ടി വരും" കുന്നംകുളം മഴുവഞ്ചേരി പെരുവന്‍മല നിവാസിയായ നൗഷാദ് പറഞ്ഞു. നൗഷാദ് നാല്‍പ്പത് വര്‍ഷം മുമ്പ് പെരുവന്‍മലയില്‍ താമസമാക്കിയതാണ്. കൂലിപ്പണിക്കാരനാണ് ഇദ്ദേഹം. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബം. പത്ത് സെന്റ് സ്ഥലവും ചെറിയ വീടും സ്വന്തമായുണ്ടെന്നായിരുന്നു ഇത്രയും കാലം ഇവരുടെ ധാരണ. എന്നാല്‍ ഇപ്പോള്‍ ആ സ്ഥലത്തുനിന്ന്, വീടു വിട്ടൊഴിയാന്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. നൗഷാദിന്റേതുള്‍പ്പെടെ 81 കുടുംബങ്ങള്‍ക്കാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്ഥലമൊഴിയാന്‍ റവന്യൂ അധികൃതര്‍ അനുവദിച്ചത് 15 ദിവസം. പതിനൊന്ന് ദിവസം കഴിഞ്ഞു. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിലും നാലാം ദിനം കുടിയൊഴിപ്പിക്കാന്‍ പോലീസ് തങ്ങളെ തേടിയെത്തുമെന്ന ഭീതിയിലാണ് കുടുംബങ്ങള്‍.


കൊച്ചിന്‍ വേസ്വം ബോര്‍ഡിന്റെ അധീനതയിലുളള ഭൂമിയാണെന്ന് കാണിച്ചാണ് 81 കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. കുന്നംകുളം താലൂക്കിലെ എരനെല്ലൂര്‍, ചിറനെല്ലൂര്‍ വില്ലേജുകളുടെ പരിധിയിലുള്ള കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞുപോവണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് വിതരണം ചെയ്തത്. പതിനഞ്ച് ദിവസത്തിനകം സ്ഥലം ഒഴിഞ്ഞു പോവണമെന്നും അല്ലാത്ത പക്ഷം പോലീസ് സംവിധാനത്തെ ഉപയോഗിച്ച് കുടിയിറക്കുമെന്നും സ്ഥാവരജംഗമ വസ്തുക്കള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് കണ്ടുകെട്ടുമെന്നുമാണ് നോട്ടീസിലെ അന്ത്യശാസനം. വര്‍ഷങ്ങളായി പ്രദേശത്ത് വീട് വച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും നിര്‍ധന കുടുംബങ്ങളാണ്. പെരുവന്‍ മല മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയെന്ന് കാണിച്ചാണ് ദേവസ്വം ബോര്‍ഡ് അന്തിമ നടപടികളിലേക്ക് കടന്നത്.

ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തിലുള്ള പെരുവന്‍ മല ശിവ ക്ഷേത്ര ഭൂമി സംരക്ഷണ സമിതിയാണ് കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി നീങ്ങിയത്. പരാതിയെ തുടര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാറെ നിയമിച്ച് സര്‍വേ നടത്തി. സര്‍വേയില്‍ ദേവസ്വം ബോര്‍ഡിന്റെ ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു. എഴുപതും എണ്‍പതും വര്‍ഷം മുമ്പെ പെരുവന്‍മലയില്‍ താമസിച്ച് വരുന്നവരാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നവരിലേറെയും. നാല് തലമുറകളായി ഇവിടെ താമസിക്കുന്നവരുമുണ്ട്. നൗഷാദ് തുടരുന്നു ' ഒരു നൂറ്റാണ്ടിലധികമായി ഇവിടെ താമസിച്ചു വരുന്ന കുടുംബക്കാരുണ്ട്. മറ്റാളുകളില്‍ നിന്ന് പണം കൊടുത്ത് ഭൂമി വാങ്ങിയവരുമുണ്ട്. അന്നൊന്നും വാങ്ങലും വില്‍ക്കലും ഒരു പ്രശ്നമായിട്ടുമില്ല. മുവ്വായിരത്തിനും അയ്യായിരത്തിനും പതിനായിരത്തിനുമൊക്കെ ഭൂമി വാങ്ങിവരാണ് പലരും. ഇവിടെ സമ്പന്നരൊന്നുമില്ല. എല്ലാവര്‍ക്കും മൂന്ന് സെന്റും നാല് സെന്റും ഒക്കെയാണ്. പരമാവധി ഒരാളുടെ കയ്യിലുണ്ടാവുക 20 സെന്റ് ആണ്. അതുപോലും ചുരുക്കം ചിലര്‍ക്കേ ഉള്ളൂ. ഈ മൂന്ന് സെന്റിലെ കൂരയില്‍ നിന്നാണ് ഇവര്‍ ഇറങ്ങിപ്പോവാന്‍ പറയുന്നത്. ഇതില്‍ 36 കുടുംബങ്ങള്‍ പട്ടിക വിഭാഗത്തില്‍ ഉള്ളവരാണ്. 17 മുസ്ലിം കുടുംബങ്ങളും മുപ്പതില്‍ താഴെ ക്രിസ്ത്യന്‍ കുടുംബങ്ങളുമാണ് പിന്നെയുള്ളത്. ക്ഷേത്രഭൂമിയോട് ചേര്‍ന്ന് ഞങ്ങള്‍ താമസിക്കുന്നതില്‍ ക്ഷേത്രസമിതിക്കാര്‍ പണ്ടും പല അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്. പല രീതിയില്‍ ഇവിടെ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ അന്നൊന്നും ഞങ്ങള്‍ക്കത് മനസ്സിലായില്ല. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണക്കാരാണ് ഞങ്ങള്‍. പക്ഷെ ഇപ്പോഴാണ് എല്ലാ കളികളും മനസ്സിലായി വരുന്നത്. അത് മനസ്സിലായപ്പോഴേക്കും കിടപ്പാടം പോയി.'

പെരുവന്‍ മലയില്‍ ദേവസ്വം ബോര്‍ഡിനുള്ള സ്ഥലത്ത് സര്‍വേ നടപടികള്‍ക്ക് ശേഷം അടയാളങ്ങള്‍ സ്ഥാപിച്ചിരുന്നു. എരനെല്ലൂര്‍ വില്ലേജില്‍ 55.14 ഏക്കര്‍ സ്ഥലമാണ് ക്ഷേത്രത്തിന്റേതായുള്ളത്. ഈ ഭൂമി ബി.ടി.ആറില്‍ വടക്കുന്നാഥന്‍ ദേവസ്വത്തിന്റേതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിയും ഇതിന്റെ തെക്ക് ഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള ഭൂമിയുമാണ് ദേവസ്വത്തിന്റേതായി രേഖപ്പെടുത്തിയിരിക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ 2018 നവംബറില്‍ ഹാജരാക്കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു. പട്ടയമുള്ളവര്‍ രേഖകള്‍ ഹാജരാക്കുകയും നടപടികളില്‍ നിന്ന് ഒഴിവാവുകയും ചെയ്തു. എന്നാല്‍ 81 കുടുംബങ്ങള്‍ക്ക് വിചാരണ സമയത്ത് രേഖകള്‍ ഹാജരാക്കാനായില്ല എന്ന് റവന്യൂ അധികൃതര്‍ പറയുന്നു. പട്ടയം ഇല്ലാത്തവര്‍ക്കാണ് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയത്. പ്രദേശത്ത് 120 കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ ചിലര്‍ക്ക് 1981ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടയം ലഭിച്ചു. എന്നാല്‍ പിന്നീട് പട്ടയ വിതരണം ഉണ്ടായില്ല. പട്ടയം ഇല്ലെങ്കിലും വര്‍ഷങ്ങളായി ഇവിടെ താമസിച്ച് വരുന്ന ഇവര്‍ വസ്തു നികുതിയും കെട്ടിട നികുതിയും എല്ലാം ഒടുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കരം സ്വീകരിക്കുന്നത് റവന്യൂ അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രേഖകള്‍ ഹാജരാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് തങ്ങളുടെ കൈവശമുള്ള രേഖകളുമായെത്തിയവരില്‍ നിന്ന് അത് സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാറായില്ലെന്ന് പെരുവന്‍മല സ്വദേശികള്‍ ആരോപിക്കുന്നു. പ്രദേശവാസിയായ സെയ്ഫുദ്ദീന്‍ പറയുന്നു ' കരം അടച്ച് രസീതും, റേഷന്‍കാര്‍ഡും, ഭൂമിയുടെ ആധാരവുമുള്‍പ്പെടെ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് കൊടുത്തതാണ്. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അവ സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. നാലോ അഞ്ചോ തലമുറകള്‍ക്ക് മുന്നെ എത്തിപ്പെട്ടവര്‍ കയ്യേറിയതാവാം. എന്നാല്‍ അന്നുമുതല്‍ ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ ഇറക്കി വിടുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലായാലും മനുഷ്യത്വപരമല്ല.'

അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ച് പിടിക്കാന്‍ ദേവസ്വം ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇതിനായി 14 ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയോഗിച്ചു. ദേവസ്വം ഭൂമി സര്‍വേ പലയിടങ്ങളിലും നടന്നിരുന്നുവെങ്കിലും കുടിയൊഴിപ്പിക്കലുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പെരുവന്‍ മലയില്‍ ഭൂമി തിരികെ പിടിക്കണമെന്ന ആവശ്യത്തില്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകള്‍ ഉറച്ച് നിന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പെരുവന്‍മലയില്‍ വടക്കുന്നാഥ ദേവസ്വത്തിന്റേതായ 110 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് പരാതിക്കാരുടെ അവകാശ വാദം. രണ്ട് വര്‍ഷം മുമ്പ് ഹിന്ദു ഐക്യവേദി ക്ഷേത്ര പരിസരത്ത് ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതേതുടര്‍ന്നാണ് ദോവസ്വം ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

ദേവസ്വം ബോര്‍ഡ് വില്ലേജ് ഓഫീസുകള്‍ വഴി വിതരണം ചെയ്ത നോട്ടീസുകള്‍ വീട്ടുകാര്‍ കൈപ്പറ്റിയിട്ടില്ല. പെരുവന്‍ മലയില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല എന്ന നിലപാടെടുത്ത് സിപിഎം കുന്നംകുളം ഏരിയാ കമ്മറ്റി രംഗത്തെത്തി. ഒഴിപ്പിക്കല്‍ നടപടികള്‍ തടയുന്നതിന് ജില്ലാ കമ്മറ്റി അംഗം പി ബി അനൂപ് ചെയര്‍മാനായും, ലോക്കല്‍ കമ്മറ്റി അംഗം ടി സി സെബാസ്റ്റ്യന്‍ കണ്‍വീനറായും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കുടിയിറക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് വേണ്ട നിയമസംരക്ഷണം നല്‍കുമെന്ന് ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ പറയുന്നു. കമ്മറ്റി ചെയര്‍മാന്‍ പ ബി അനൂപിന്റെ പ്രതികരണം ' ഹിന്ദുഐക്യ വേദിയും ആര്‍എസ്എസും മറ്റ് പരിവാര് സംഘടനകളും പ്രദേശത്ത് പ്രശ്നമുണ്ടാക്കാന്‍ പല തവണ ശ്രമിച്ചിരുന്നു. ഒരിക്കല്‍ പശുവിനെ കൊന്ന് ക്ഷേത്രഭൂമിയില്‍ ഇട്ട് സാമുദായിക സംഘര്‍ഷത്തിനുള്ള ശ്രമവും നടന്നു. പക്ഷെ നാട്ടുകാരുടെ ഇടപെടല്‍ ഈ ശ്രമം പരാജയപ്പെടുത്തി. പഞ്ചായത്തില്‍ വിവരമറിയിച്ച് ജെസിബി കൊണ്ടുവന്ന് നാട്ടുകാര്‍ തന്നെ മാലിന്യമെല്ലാം നീക്കം ചെയ്തു. പക്ഷെ ഈ സംഭവം ചൂണ്ടിക്കാട്ടി ഹിന്ദുഐക്യവേദിയുടെ നോട്ടീസ് വളരെപ്പെട്ടെന്ന് തന്നെ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടു. ക്ഷേത്രങ്ങള്‍ മുന്‍ നിര്‍ത്തി പ്രശ്നങ്ങളുണ്ടാക്കുക എന്ന സംഘപരിവാര്‍ നീക്കം തന്നെയാണ് പെരുവന്‍ മലയിലും നടക്കുന്നത്. ആരും തിരിഞ്ഞ് നോക്കാനില്ലായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ശിവരാത്രി ആഘോഷം നടക്കുമെന്നല്ലാതെ നിത്യ പൂജ പോലും ഉണ്ടായിരുന്നില്ല. സര്‍വേ രേഖകളിലും കാലി മേക്കുന്ന മേച്ചില്‍ പുറം എന്നല്ലാതെ ക്ഷേത്ര ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടില്ല. പട്ടയം ലഭിച്ചിട്ടുള്ളവരുടെ പട്ടയത്തിലും ഇത് ക്ഷേത്ര ഭൂമിയാണെന്ന് പറയുന്നില്ല. താമസക്കാരുടെയെല്ലാം കയ്യില്‍ റേഷന്‍ കാര്‍ഡും, കരമടച്ച രസീതുമുണ്ട്. വസ്തു കൈമാറ്റം ചെയ്തതിന്റെ രേഖകളുണ്ട്, ആധാരമുണ്ട്, പഞ്ചായത്ത് വീടുകള്‍ക്ക് നമ്പറിട്ട് നല്‍കിയിട്ടുമുണ്ട്. കാലാകാലങ്ങളായി ഇവിടെ താമസിക്കുന്നവരെ പട്ടയമില്ലാത്തവരായാല്‍ കൂടി, പെട്ടെന്ന് വന്ന് ഇറക്കി വിടാനൊരുങ്ങിയാല്‍ അത് ഒരിക്കലും അനുവദിക്കില്ല. ജനകീയ പ്രക്ഷോഭത്തിലൂടെ അത് തടയും.' എന്നാല്‍ ഒഴിയാനുള്ള ദിവസങ്ങള്‍ അടുത്തിരിക്കവെ ആശങ്കയിലാണ് പെരുവന്‍മലക്കാര്‍.

പട്ടയമില്ലാത്തവര്‍ക്കെതിരെയുള്ള നിയമപരമായ നടപടി മാത്രമാണിതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ പറഞ്ഞു. 'പട്ടയം ഇല്ലാത്തവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പട്ടയം ഉള്ളവരിലും, ദേവസ്വം ബോര്‍ഡിന്റേതല്ലാത്ത പട്ടയം ഇല്ലാത്തവര്‍ക്കും നോട്ടീസ് കൊടുത്തിട്ടുണ്ട്. അനധികൃത കയ്യേറ്റം ഒഴിപ്പക്കലിന്റെ ഭാഗമായുള്ള നടപടി ക്രമം മാത്രമാണിത്. ഒഴിപ്പിക്കല്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ അപ്പീല്‍ പോവാം. അന്വേഷണത്തില്‍ കയ്യേറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തന്നെ നിയമിച്ച ഉദ്യോഗസ്ഥരുണ്ട്. അവരാണ് അക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുന്നത്.'
ഇറങ്ങേണ്ടി വന്നാല്‍ കുഞ്ഞുങ്ങളും പ്രായമാവരുമെല്ലാം അടങ്ങുന്ന കുടുംബങ്ങള്‍ എവിടെ പോവും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടന്നാല്‍ പ്രദേശത്തെ ക്രമസമാധാനം തകരുന്നതിലേക്ക് അത് വഴിവക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.


Next Story

Related Stories