TopTop
Begin typing your search above and press return to search.

കട്ടപ്പനക്കാര്‍ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്; ആരാണ് കൂടത്തായി സീരിയല്‍ കൊലപാതക കേസില്‍ പിടിയിലായ ജോളി?

കട്ടപ്പനക്കാര്‍ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്; ആരാണ് കൂടത്തായി സീരിയല്‍ കൊലപാതക കേസില്‍ പിടിയിലായ ജോളി?

കൂടത്തായി കൊലപാതക പരമ്ബരയും ജോളിയും മൂന്ന് ദിവസങ്ങളായി സമൂഹത്തിന്റെ സജീവ ചര്‍ച്ചാ വിഷയമാണ്. സ്ത്രീ കുറ്റവാളി എന്ന നിലയില്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ജോളി പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നു. പോലീസ് പറയുന്നത് പ്രകാരം 14 വര്‍ഷത്തിനുള്ളില്‍ ജോളി ആറ് കൊലപാതകങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലപാതകങ്ങള്‍ ചെയ്തു എന്ന ആരോപിക്കപ്പെടുന്ന, പിടികൂടിയില്ലെങ്കില്‍ ഇനിയും മരണങ്ങളുണ്ടായേനെ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്ന ജോളി ആരാണ്?

ജോളി ജനിച്ചു വളര്‍ന്ന കട്ടപ്പനയില്‍ നിന്നാണ് അന്വേഷണം തുടങ്ങിയത്. സഹപാഠികള്‍, നാട്ടുകാര്‍, വീട്ടുകാര്‍ എല്ലാവര്‍ക്കും ജോളിയെക്കുറിച്ച്‌ പറയാനുണ്ടായിരുന്നത് നല്ല കഥകള്‍ മാത്രം. രണ്ടാഴ്ച മുമ്ബ് ജോളി കട്ടപ്പനയിലെ കുടുംബ വീട്ടില്‍ വന്നു പോയിരുന്നു. അച്ഛന്‍ ജോസഫ് പറഞ്ഞത്, ' ഇവിടെ വന്ന് സന്തോഷത്തോടെയാണ് പോയത്. ഇടക്കെല്ലാം വരും. ചിലപ്പോള്‍ മാസത്തില്‍ ഒരിക്കലും. ജോളിയെക്കുറിച്ചോ കുടുംബത്തില്‍ നടന്ന മറ്റുള്ളവരുടെ മരണങ്ങളെക്കുറിച്ചോ ഞങ്ങള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയാം. മക്കളുടെ പഠനത്തിന് ഞങ്ങളാണ് സഹായം നല്‍കിയിരുന്നത്. വീട്ടില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്ന കാര്യവും അറിയാം. റോയിയുടെ അനുജന്‍ റോജോയുമായി തര്‍ക്കം ഉണ്ടായിരുന്നതായി അവള് പറഞ്ഞിട്ടുണ്ട്. റോയിയുടെ മരണത്തിന് ശേഷമാണ്. അത് പരിഹരിച്ചിരുന്നില്ല. റോയിയുമായി 22 വര്‍ഷം മുമ്ബായിരുന്നു വിവാഹം. അത് അവളുടെ താത്പര്യം അനുസരിച്ചായിരുന്നു. ഷാജുവുമായുള്ള വിവാഹത്തിന് താത്പര്യമെടുത്തത് ജോളി തന്നെയായിരുന്നു. എല്ലാം നന്നായി പോവുന്നു എന്നായിരുന്നു കരുതിയിരുന്നത്. എന്തായാലും അന്വേഷണത്തില്‍ സത്യം തെളിയട്ടെ. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം.' നാല് വര്‍ഷം മുമ്ബാണ് ഇടുക്കി വാഴവരയിലുള്ള കുടുംബ സ്വത്ത് വിറ്റ് കട്ടപ്പന ടൗണിലേക്ക് ജോസഫും കുടുംബവും താമസം മാറിയത്. വാഴവരയില്‍ റേഷന്‍ കട നടത്തിയിരുന്ന, കൃഷി ചെയ്തിരുന്ന ജോസഫിന്റെ ആറുമക്കളില്‍ അഞ്ചാമത്തെയാളാണ് ജോളി. സമ്ബന്ന കുടുംബത്തിലെ അംഗമായിരുന്നു ജോളി.

കട്ടപ്പനയിലെ സുഹൃത്തുക്കളുമായി ജോളി എപ്പോഴും നല്ല ബന്ധം സൂക്ഷിച്ചിരുന്നു. കോളേജില്‍ സഹപാഠികളായിരുന്നവരോടായിരുന്നു കൂടുതല്‍ അടുപ്പം. ആഴ്ചയില്‍ ഒരിക്കലെങ്കിലും അവരെ ഫോണില്‍ വിളിക്കുകയും വിശേഷങ്ങള്‍ പങ്കുവക്കുകയും ചെയ്തു. പാലയിലെ പാരലല്‍ കോളേജില്‍ ബി-കോം പഠനത്തില്‍ ജോളിക്കൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന യുവതി പറയുന്നത്, 'നാലഞ്ച് ദിവസം മുമ്ബും ഞങ്ങള്‍ സംസാരിച്ചിരുന്നു. സാധാരണത്തെ പോലെ. പൊതുവെ എല്ലാവരോടും നന്നായി ഇടപഴകുകയും ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നയാളാണ് ജോളി. എല്ലാവര്‍ക്കും ഇഷ്ടം തോന്നും. പക്ഷെ ചില കള്ളത്തരങ്ങള്‍ ഒക്കെ പണ്ടേ ഉണ്ടായിരുന്നു. പാലായില്‍ ബി കോമിന് പഠിക്കാന്‍ ചേര്‍ന്നത് അല്‍ഫോണ്‍സ കോളേജില്‍ ആണെന്നായിരുന്നു അവള്‍ നാട്ടില്‍ പറഞ്ഞിരുന്നത്. പക്ഷെ ശരിക്കും ഞങ്ങള്‍ അവിടെ ഒരു പാരലല്‍ കോളേജിലായിരുന്നു പഠിച്ചത്. അത്തരത്തില്‍ ചെറിയ ചെറിയ കള്ളത്തരങ്ങള്‍ പലപ്പോഴും സംസാരത്തിലും മനസ്സിലായിരുന്നു. പക്ഷെ അതൊന്നും കാര്യമായി എടുക്കേണ്ടതല്ലാതിരുന്നതിനാല്‍ ശ്രദ്ധിച്ചില്ല.' പൊതുവെ ശാന്തയായും സന്തോഷവതിയായും കാണപ്പെട്ടിരുന്ന ജോളിയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സുഹൃത്തുക്കളില്‍ ഞെട്ടലുണ്ടാക്കി.

'ചെറുപ്പം മുതലേ നല്ല സ്മാര്‍ട് ആണ് ആള്. എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ തന്നെയുണ്ടാവും. കണ്ടാല്‍ വലിയ സ്‌നേഹത്തോടെ സംസാരിക്കും. ആര്‍ക്കെങ്കിലും സഹായം വേണ്ടി വന്നാല്‍ പറ്റുന്നപോലെ അതും ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ചെറുപ്പത്തില്‍ മോഷണമൊക്കെയുണ്ടായിരുന്നു. ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാനായി ഒരിക്കല്‍ അപ്പന്റെ കയ്യില്‍ നിന്ന് പൈസ കട്ടെടുത്തത് വീട്ടില്‍ വലിയ വിഷയമായിരുന്നു. പിന്നേം അത്തരം സംഭവങ്ങളെല്ലാം കേട്ടിട്ടുണ്ട്. നല്ല കാശുള്ളവരാണ് ജോളിയുടെ വീട്ടുകാര്‍. കാശും മറ്റും കട്ടെടുക്കണ്ട ആവശ്യമില്ല. പിന്നെന്തിനാണ് അത് ചെയ്തിരുന്നതെന്ന് അറിയില്ല.' വാഴവരയില്‍ ജോളിയുടെ വീടിന് സമീപം താമസിച്ചിരുന്ന തങ്കച്ചന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

22 വര്‍ഷം മുമ്ബാണ് റോയ് തോമസിനെ വിവാഹം ചെയ്ത് ജോളി കൂടത്തായിയിലെത്തുന്നത്. കൊലപാതക പരമ്ബരയില്‍ നാലാമത് കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ജോളി റോയിയെ കാണുന്നതും ഇരുവരും പ്രണയത്തിലാവുന്നതും. പിന്നീട് വിവാഹിതരാവുകയായിരുന്നു. കൂടത്തായിക്കാര്‍ക്ക് ജോളി പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ മാത്രമായിരുന്നില്ല. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തിരുന്നയാള്‍. നല്ല പെരുമാറ്റം കൊണ്ട് അയല്‍ക്കാരുടെ ഇഷ്ടം സമ്ബാദിച്ചു. ഭര്‍ത്താവ് മരിച്ചതിന് ശേഷം കാര്യപ്രാപ്തിയോടെ കുടുംബം നോക്കിയിരുന്നു. പള്ളിയില്‍ പ്രീമാരേജ് കോഴ്‌സ് കോര്‍ഡിനേറ്റര്‍. ആത്മീയ സംഘടനകളില്‍ അംഗം. അധ്യാപികയാണെന്ന ബഹുമാനം ഏവര്‍ക്കുമുണ്ടായിരുന്നു. ഇത്രയുമാണ് കൂടത്തായിക്കാര്‍ക്ക് പറയാനുണ്ടായിരുന്നത്. ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങളിലുള്ള അന്വേഷണം ജോളിയിലേക്ക് തിരിഞ്ഞത്. ആദ്യം നാട്ടുകാര്‍ വിശ്വസിച്ചില്ല. എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണ സംഘം തെളിവുകള്‍ നിരത്തിയപ്പോള്‍ അതിന്റെ പകപ്പ് പലരിലും വിട്ടുപോയിട്ടില്ല. ഷാജുവുമായുള്ള വിവാഹ ശേഷം അല്‍പ്പം അകല്‍ച്ചയിലായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. എന്‍ഐടിയില്‍ അധ്യാപികയാണെന്നായിരുന്നു ജോളി നാട്ടില്‍ വിശ്വസിപ്പിച്ചിരുന്നത്. എല്ലാ ദിവസവും രാവിലെ കാറെടുത്ത് എന്‍ഐടി ഭാഗത്തേക്ക് ഇവര്‍ പോവുന്നത് നാട്ടുകാരില്‍ പലരും കാണാറുണ്ട്. എന്‍ഐടിയില്‍ അധ്യാപികയാണെന്നത് തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡും ജോളിയുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കളവായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ബി കോം വിദ്യാഭ്യാസമാണുള്ളതെന്ന് ജോളി സമ്മതിച്ചു. ഐഡി കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതാണെന്നും മുക്കത്തിന് സമീപമുള്ള ബ്യൂട്ടി പാര്‍ലറിലേക്കാണ് ജോളി ദിവസവും പോയിക്കൊണ്ടിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കോളേജ് ക്ലാസ്സ് കഴിയുന്ന സമയത്തിനനുസരിച്ച്‌ ഇവര്‍ വീട്ടിലേക്ക് മടങ്ങിയെത്തുമായിരുന്നു. കൊല നടത്തിയിട്ടും വളരെ വിദഗ്ദ്ധമായി അത് മറച്ച്‌ പിടിച്ച്‌ ജീവിക്കാന്‍ ജോളി കാണിച്ചിട്ടുള്ള സൂക്ഷ്മത വലിയ കുറ്റവാളിയുടെ സ്വഭാവസവിശേഷതയാണെന്നാണ് പോലീസ് പറയുന്നത്.

2002നും 2016നും ഇടയില്‍ നടന്ന ആറ് മരണങ്ങളിലെ സമാനതകളാണ് ഇവ കൊലപാതകങ്ങളാണെന്ന സംശയത്തിലേക്ക് ക്രൈംബ്രാഞ്ച് സംഘത്തെ എത്തിച്ചത്. ദീര്‍ഘമായ ആസുത്രണവും, സംശയം തോന്നാത്ത പെരുമാറ്റവുമാണ് ഇത്രനാളും ഈ മരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്ന സംശയം തോന്നാതിരിക്കാന്‍ കാരണം. ഒടുവില്‍, ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്ബരയിലേക്ക് വെളിച്ചം വീശിയത്.

2002 സെപ്തംബര്‍ 22നാണ് ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മ മരിച്ചത്. ആട്ടിന്‍ സൂപ്പ് കഴിച്ചയുടന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. പിന്നീട് 2008 സെപ്തംബര്‍ 26ന് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരണപ്പെട്ടു. 2011 ഒക്ടോബര്‍ 30ന് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസും, 2014 ഏപ്രില്‍ 24ന് അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരണപ്പെട്ടു. മാത്യുവിന്റെ മരണം നടന്ന് ഒരു മാസം പിന്നിടുമ്ബോഴാണ് മെയ് മൂന്നിന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ മരണപ്പെടുന്നത്. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ സിലിയും മരണപ്പെട്ടു. എല്ലാ മരണങ്ങള്‍ക്കും പൊതുസ്വഭാവമുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം അസ്വസ്ഥതയുണ്ടാവുകയും മിനിറ്റുകള്‍ക്കകം എല്ലാവരും മരിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് വയസ്സുള്ള ആല്‍ഫൈന്‍ മാത്രം ശാരീരിക അസ്വസ്ഥതയുണ്ടായി മൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ മരിച്ചു. ഇതില്‍ റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ ജോളി പിന്നീട് റോയിയുടെ മരണം ഹൃദയാഘാതം മൂലമാണന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചത്. ഇത് പോലീസില്‍ സംശയത്തിനിട നല്‍കി. എന്‍ഐടി അധ്യാപിക എന്ന നുണയും റോയിയുടെ മരണത്തിലുള്ള വ്യാജ പ്രചരണവുമാണ് ജോളിയെ സംശയ നിഴലിലാക്കിയത്. ഒസ്യത്ത് തയ്യാറാക്കിയതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് റോയിയുടെ സഹോദരന്‍ റോജോ പോലീസില്‍ പരാതി നല്‍കുന്നത്. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ചായിരുന്നു പരാതി. ആദ്യം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയായിരിക്കും അതെന്ന് പോലീസ് കരുതിയെങ്കിലും പിന്നീട് ജോളിയെ ചോദ്യം ചെയ്തത് മുതല്‍ കാര്യങ്ങള്‍ മാറി. കട്ടപ്പനയിലും കൂടത്തായിയിലുമുള്‍പ്പെടെ രണ്ട് മാസമായി അന്വേഷണം നീളുകയായിരുന്നു.

റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് താനും സഹോദരന്‍ റോജോയും ആവശ്യപ്പെട്ടപ്പോള്‍ ജോളി കരഞ്ഞുകൊണ്ട് അതിന് തടസ്സം നില്‍ക്കുകയായിരുന്നു എന്ന് റോയിയുടെ സഹോദരി റന്‍ജി പറയുന്നു. 'മരണം പോലും താങ്ങാനാവാത്ത അവസ്ഥയിലാണ്. ഇനി ഇതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനും മറ്റും കയറിയിറങ്ങി കേസിന്റെ പുറകെ പോവാനാവില്ല. ഞാനും എന്റെ രണ്ട് മക്കളും തളര്‍ന്ന് പോവും. അതുകൊണ്ട് കേസ് കൊടുക്കണ്ട എന്നാണ് കരഞ്ഞുകൊണ്ട് ജോളി പറഞ്ഞത്. ഒരിക്കല്‍ കൂടി ഞങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ വളരെ ഇമോഷണലായി അതെല്ലാം തടയുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാതെ പെരുമാറാന്‍ അവര്‍ക്കായി. ഞങ്ങള്‍ പറയുന്നത് തെറ്റാണെന്നും ജോളി പറയുന്നത് ശരിയാണെന്നും ബന്ധുക്കളേയും നാട്ടുകാരേയും എല്ലാം വിശ്വസിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. മറ്റൊരു മുഖമായിരുന്നു ജോളിക്ക്. ഞങ്ങള്‍ ഒറ്റക്ക് നിന്ന് പോരാടി ഇത്രയും നാള്‍ ആയപ്പോഴാണ് ആ മുഖം മൂടി അഴിഞ്ഞ് വീണത്.' എന്നാല്‍ അമ്മ ഈ കൊലപാതകങ്ങള്‍ ഒറ്റക്ക് ചെയ്യും എന്ന് കരുതുന്നില്ലെന്ന് ജോളിയുടെ മകന്‍ റോമോ പറയുന്നു. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും നല്ല രീതിയില്‍ കാര്യങ്ങളെ കൊണ്ടുപോവുന്നയാളായിരുന്നു അമ്മ എന്നും റോമോ പറഞ്ഞു.

സ്വത്ത് തട്ടിയെടുക്കലും ഷാജുവുമൊന്നിച്ചുള്ള ജീവിതവുമുള്‍പ്പെടെ ഓരോ കൊലപാതകങ്ങള്‍ക്കും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ പ്രത്യേകിച്ച്‌ ലക്ഷ്യങ്ങള്‍ ഇല്ലാതെ നടക്കാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന് റിട്ട.എസ് പി ജോര്‍ജ് ജോസഫ് പറയുന്നു. ജോളി ഒരു പ്രത്യേക തരം സ്വഭാവത്തിനുടമയാണെന്നും അവര്‍ക്ക് കുറ്റകൃത്യം ചെയ്യുന്നതിനുള്ള വാസനയുള്ളയാളാണെന്നുമാണ് ജോര്‍ജ് ജോസഫിന്റെ നിരീക്ഷണം. 'സാഹചര്യ തെളിവുകളെല്ലാം ആറ് കൊലപാതകങ്ങളും ജോളി തന്നെയാണ് ചെയ്തത് എന്നതിലേക്കാണ് എത്തിക്കുന്നത്. നേരിട്ട് തെളിവുകളോ സാക്ഷികളോ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ക്കാണ് പ്രസക്തി. ഇവിടെ ആറ് കൊലപാതകങ്ങള്‍ നടക്കുമ്ബോഴും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസില്‍ മാത്രമാണ് ഇപ്പോള്‍ ജോളിക്കെതിരെ കേസുള്ളത്. എന്നാല്‍ വരും ദിവസങ്ങളില്‍ മറ്റ് കേസുകളും ഇവരില്‍ ചുമത്താനുള്ള തെളിവുകള്‍ ലഭിക്കും എന്നാണ് കരുതുന്നത്. പക്ഷെ ജോളി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്. കേസ് മനസ്സിലാക്കിയിടത്തോളം ജോളി ഹോമിസൈഡല്‍, സ്യൂയിസൈഡല്‍ മാനിയ ഉള്ളയാളാണ്. കൊലപാതകം ചെയ്യല്‍ അവരുടെ മാനിയയുടെ ഭാഗമാണ്. ക്രൈം ചെയ്യല്‍ അവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അവര്‍ വിചാരിച്ചാല്‍ പോലും അത് ചെയ്യാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഒരു തോന്നലില്‍ കൊലപാതകം ചെയ്യുന്ന ഇംപള്‍സീവ് ആയ മനോ വൈകല്യം അവര്‍ക്കുണ്ട്. ഇത് മാത്രമല്ല, വിവിധ മൊഴികള്‍ പരിശോധിക്കുമ്ബോള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളയാണ് ജോളി എന്ന് വ്യക്തമാണ്. മോഷ്ടിക്കുന്ന ക്ലപ്‌റ്റോമാനിയയ്ക്കും അടിമയാണ് ജോളി. അന്നമ്മയുടെ മരണത്തിന് മുമ്ബ് തന്നെ എട്ട് പവന്‍ വരുന്ന വളകള്‍ കളവ് പോയിട്ടുണ്ട്. മരിച്ച സിലിയുടെ ആഭരണങ്ങളും കാണാതെ പോയിട്ടുണ്ട്. കളവുകള്‍ നിരവധി പറയുകയും ചെയ്യുന്നു. ഇതുകൂടാതെ സെക്ഷ്വല്‍ അബറേഷന്‍സും ഉള്ളയാളാണെന്നാണ് മനസ്സിലാക്കുന്നത്. അഞ്ചിലധികം ആളുകളുമായി ജോളി ശാരീരിക ബന്ധമുണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങളുമുണ്ട്. ആറ് കൊലപാതകങ്ങളിലെ ഒരു കൊലപാതകത്തില്‍ അത്തരത്തില്‍ ഒരു ബന്ധത്തിന്റെ സാധ്യതയും കാണുന്നു. സ്ത്രീകള്‍ പൊതുവെ തങ്ങളുടെ ക്രിമിനല്‍ സ്വഭാവം പുറത്ത് കാണിക്കാതിരിക്കുന്നതില്‍ മിടുക്കരായിരിക്കും. ആര്‍ക്കും മനസ്സിലാവാതെ വര്‍ഷങ്ങളോളം ജോളി സമാധാന ജീവിതം നയിച്ചതും ഇതിന്റെ ഭാഗമായാണ്.'

എന്നാല്‍ ഒരു വലിയ പിശാചെന്ന രീതിയില്‍ ജോളിയെ കാണുന്നത് ശരിയായ സമീപനമല്ലെന്ന് ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കാഞ്ചേരി പറയുന്നു. 'നിലവില്‍ ഒരു കൊലപാതകമാണ് സയനൈഡ് ഉള്ളില്‍ ചെന്നത് എന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ അത് തന്നെയാണോ 2002ലെ കൊലപാതകത്തിന് ഉപയോഗിച്ചത്, അതിന് പിന്നില്‍ ജോളി തന്നെയാണോ എന്നുള്ള ഉറപ്പുകളിലേക്ക് എത്താന്‍ ഇനിയും തെളിവുകള്‍ മതിയാവില്ല. ഇപ്പോള്‍ അത് ഒരു അനുമാനം മാത്രമാണ്. അനുമാനത്തിന്റെ പുറത്ത് ജോളി തന്നെയാണ് എല്ലാ കൊലപാതകങ്ങളും ചെയ്തതെന്ന് പറയുന്നതിലും ശരിയില്ല. ഒസ്യത്ത് തയ്യാറാക്കി എന്ന പറയുന്നു. ഒസ്യത്തിനായുള്ള മുദ്രപത്രം വാങ്ങിയത് റോയ് തോമസും അച്ഛന്‍ ടോം തോമസും മരിക്കുന്നതിനും മുമ്ബാണെന്ന് അതിന് പിന്നില്‍ കുറിച്ചിരിക്കുന്ന തീയതിയില്‍ നിന്ന് വ്യക്തമാണ്. വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതില്‍ ജോളി മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് പറയാന്‍ അതിനാല്‍ തന്നെ സാധിക്കുകയുമില്ല.'

നിലവില്‍ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ്. മുമ്ബ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതിനാല്‍ പോലീസ് കടുത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയിലില്‍ ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Next Story

Related Stories