TopTop
Begin typing your search above and press return to search.

കോഴിക്കോട് ബീച്ച്‌ ആശുപത്രി അഴിമതി: ടി ഒ സൂരജിനെതിരെ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

കോഴിക്കോട് ബീച്ച്‌ ആശുപത്രി അഴിമതി: ടി ഒ സൂരജിനെതിരെ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

ലോകബാങ്കിന്റെ സഹായത്തോടെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ടി.ഒ സൂരജിനെതിരെ പുനരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നേരത്തെ കേസിലെ രണ്ടാം പ്രതിയായ സൂരജിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി തള്ളിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ടി ഒ സൂരജ് കോഴിക്കോട് ജില്ലാ കളക്ടറായിരിക്കെയാണ് ഇടപാട് ഉണ്ടായത്.

ബീച്ച്‌ ആശുപത്രിയിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. 2003 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. 2012ലാണ് ഇതുമായി ബന്ധപ്പെട കേസ് വരുന്നത്. സിഡ്കോയെ ഇടനിലക്കാരാക്കി റീഹാബിലിറ്റേഷന്‍ ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് പ്രൊജക്ടിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ 34 ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്ന് 2007 ലെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആര്‍.സി.എച്ച്‌ പ്രൊജക്‌ട് ഓഫീസര്‍ എം.വിജയന്‍, ടി.ഒ.സൂരജ്, സിഡ്കോ മാനേജര്‍ എം.ജി ശശിധരന്‍, സിഡ്കോ ഓറിയന്റല്‍ സര്‍ജിക്കല്‍ മാനേജിങ് പാര്‍ട്ണര്‍ ടി.എം. വാസുദേവന്‍ എന്നിവരായിരുന്നു പ്രതികള്‍. കേസ് തള്ളണമെന്ന് മൂന്നും നാലും പ്രതികളായവര്‍ ആവശ്യപ്പെട്ട് ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

ക്രമക്കേടില്‍ പ്രതികളുടെ പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പുനരന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. യഥാര്‍ഥ വിലയെക്കാള്‍ പതിന്മടങ്ങ് അധികവില കാണിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. യഥാര്‍ഥ ബില്ലുകളും സര്‍ക്കാരിന് സമര്‍പ്പിച്ച ബില്ലുകളും തമ്മിലുളള വ്യത്യാസവും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. ക്വട്ടേഷന്‍ ക്ഷണിച്ചതിലും ടെണ്ടര്‍ നിശ്ചയിച്ചതിലും ക്രമക്കേട് നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.


Next Story

Related Stories