Top

പ്രതിസന്ധിയ്ക്ക് പരിഹാരം വാടക ബസുകളോ? വരുമാനം കൂടിയിട്ടും കിതച്ചോടുന്ന കെഎസ്ആർടിസി

പ്രതിസന്ധിയ്ക്ക് പരിഹാരം വാടക ബസുകളോ? വരുമാനം കൂടിയിട്ടും  കിതച്ചോടുന്ന  കെഎസ്ആർടിസി

ഈ മാസം നല്‍കിയത് 80 ശതമാനം ശമ്പളം മാത്രം. 193.80 കോടി രൂപ മാസ വരുമാനം ലഭിച്ചിട്ടും ശമ്പളം നല്‍കാന്‍ പണമില്ല. ആകെ കടം 4320 കോടി രൂപ. സര്‍വീസുകള്‍ ക്രമാതീതമായി വെട്ടിക്കുറച്ചു. മൂന്നര വര്‍ഷത്തിനിടയില്‍ ആകെ വാങ്ങിയത് 101 ബസുകള്‍. ഇക്കാലയളവില്‍ പിരിച്ചുവിട്ടത് 9480 ജീവനക്കാരെ. സര്‍ക്കാര്‍ എല്ലാ മാസവും ശമ്പളം നല്‍കാനായി വായ്പയിനത്തില്‍ നല്‍കുന്ന 20 കോടി തിരിച്ചടക്കേണ്ട ബാധ്യത വേറെ. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് മൂക്കുകുത്തുന്ന കെഎസ്ആര്‍ടിസി സ്തംഭനാവസ്ഥിലേക്ക്. ബസുകള്‍ വാങ്ങാതെ, സര്‍വീസുകള്‍ നടത്താതെ സര്‍ക്കാരും കോര്‍പ്പറേഷനും വാടക വണ്ടികള്‍ക്കായി സഹകരണ, സ്വകാര്യമേഖലയോട് കൈകോര്‍ക്കാനൊരുങ്ങുമ്പോള്‍ എന്താവും കെഎസ്ആര്‍ടിസിയുടെ, കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ഭാവിയെന്ന് ആശങ്കപ്പെടുകയാണ് ജീവനക്കാരും കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സാധാരണക്കാരും.

കെഎസ്ആര്‍ടിസിയുടെ സെപ്തംബര്‍ മാസത്തെ വരുമാനം 193.80 കോടി രൂപയാണ്. ടിക്കറ്റ് വരുമാനമായി 192 കോടി രൂപയും മറ്റ് വരുമാനങ്ങള്‍ 1.80 ലക്ഷവും. ഓഗസ്റ്റ് മാസത്തെ വരുമാനത്തേക്കാള്‍ 15 കോടി രൂപ കൂടതല്‍ സെപ്തംബറില്‍ ലഭിച്ചു. ഇതിന് പുറമെ ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 14.5 കോടി രൂപയും നല്‍കി. എന്നാല്‍ സ്ഥിരം, കരാര്‍ ജീവനക്കാര്‍ക്ക് ഇതേവരെ നല്‍കിയത് 80 ശതമാനം ശമ്പളം. 65 കോടി രൂപയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു മാസം ആവശ്യമായ തുക. എന്നാല്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിട്ടും ശമ്പളം നല്‍കാത്തതെന്തെന്ന ചോദ്യമാണ് യൂണിയന്‍ നേതാക്കളും ജീവനക്കാരും ചോദിക്കുന്നത്.
'ശമ്പളം എണ്‍പത് ശതമാനം തന്നെ ലഭിച്ചത് പത്താം തീയതിക്ക് ശേഷമാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഇന്നലെ മാത്രമാണ് അത് കിട്ടിയത്. വരുമാനം ഇല്ല എന്ന് പറഞ്ഞ് തടിതപ്പാന്‍ പറ്റില്ല. കെഎസ്ആര്‍ടിസിക്ക് സാധ്യമായ പരമാവധി കളക്ഷനാണ് കഴിഞ്ഞമാസം ലഭിച്ചത്. എന്നാല്‍ ആ പണം എവിടെപ്പോയെന്ന് ഞങ്ങള്‍ക്കറിയില്ല. രണ്ട്, സര്‍ക്കാര്‍ 20 കോടി നല്‍കാം എന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ 14.5 കോടി രൂപ മാത്രമാണ് നല്‍കുന്നത്. ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസിന്റെ ബാധ്യത 66 കോടി രൂപയായപ്പോള്‍ അതിന് പരഹാരമായി ബസ്‌ കൂലി വര്‍ധിപ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ജനങ്ങളിൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനമാവും എന്ന് പറഞ്ഞ സര്‍ക്കാര്‍ ഐഒസിയ്ക്കുള്ള ബാധ്യത ഏറ്റെടുക്കുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 20 കോടി എല്ലാ മാസവും സര്‍ക്കാര്‍ വായ്പയായി ശമ്പളത്തിന് നല്‍കിയിരുന്നു. ഈ പണത്തില്‍ നിന്ന് 4.5 കോടി പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഐഒസിക്ക് നല്‍കുന്നത്. തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ 29-ാം തീയതി ശമ്പളം നല്‍കാനായി ഈ തുക നല്‍കിയിരുന്ന സര്‍ക്കാര്‍ ഇപ്പോളത് പത്താം തീയതി വരെ ആക്കുന്നു.'
ഐഎന്‍ടിയുസി നേതാവായ ശശിധരന്‍ പറയുന്നു.
ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതാണ് മറ്റൊരു പ്രതിസന്ധി. തിരക്കുള്ള ദിവസങ്ങളില്‍ മാത്രം ദിവസ വേതന അടിസ്ഥാനത്തില്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് ജോലി നല്‍കും. അല്ലാത്ത ദിവസങ്ങളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ മുടങ്ങുന്നത് പതിവാണ്. 4300-4500 ബസുകളാണ് ശരാശരി ഒരു ദിവസം സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 500 മുതല്‍ 800 ബസുകള്‍ വരെ ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവക്കേണ്ടി വരികയാണ്. കൂടുതലും ഗ്രാമീണ മേഖലയിലെ സര്‍വീസുകളെയാണ് ഇത് ബാധിക്കുന്നത്. നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം മൂന്ന് മടങ്ങായി ഉയരുകയും ചെയ്തു.
കഴിഞ്ഞ 39 മാസത്തിനിടയില്‍ കെഎസ്ആര്‍ടിസിയിലെ 289 ജീവനക്കാര്‍ മരിച്ചു എന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്ന കണക്ക്. ഇതില്‍ ആത്മഹത്യയും അതിലേറെ കുഴഞ്ഞുവീണുള്ള മരണങ്ങളുമാണെന്ന് ഇവര്‍ പറയുന്നു. വിശ്രമമില്ലാത്ത ജോലിയും, ജോലിയിലെ അസ്ഥിരതയും, സമ്മര്‍ദ്ദവും എല്ലാം ഇതിന് കാരണമായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയും ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രം സര്‍വീസിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി കെ ജയചന്ദ്രന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം മാറിയില്ലെങ്കില്‍ ഇനിയും മരണങ്ങള്‍ ഉണ്ടാവുമെന്ന് ജീവനക്കാര്‍ ആശങ്കയോടെ പറയുന്നു.
പുതിയ ബസുകള്‍ ഇറക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത് സ്വകാര്യ മേഖലയെ സഹായിക്കാനാണെന്ന പരാതിയും വ്യാപകമായി ഉയരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2500 പുതിയ ബസുകളാണ് ഇറക്കിയത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 810 പഴയ ബസുകള്‍ പൊളിച്ചെങ്കിലും അതിന് ആനുപാതികമായി പുതിയ ബസുകള്‍ നിരത്തിലിറക്കിയില്ല. 101 ബസുകളാണ് ഇതേവരെ പുതുതായി കെഎസ്ആര്‍ടിസിയില്‍ എത്തിയത്. ഈ പ്രതിസന്ധി മറികടക്കാന്‍ പഴയ ബസുകള്‍ പൊളിക്കേണ്ട കാലപരിധി 15 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കുകയാണ് ടോമിന്‍ ജെ തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ ചെയ്തത്. എന്നാല്‍ ഇത് സ്വകാര്യ മേഖലയെയാണ് സഹായിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു,
' റിപ്പയര്‍ വര്‍ക്ക് നടത്താന്‍ സ്പെയര്‍പാര്‍ട്സും മറ്റ് സാധനങ്ങളും വാങ്ങിക്കാന്‍ സാധിക്കാത്ത കെഎസ്ആര്‍ടിസിക്ക് 20 വര്‍ഷത്തെ കാലപ്പഴക്കം അനുവദിച്ചത് കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. സാധാരണ ഗതിയില്‍ ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളൊക്കെ കാലപ്പഴക്കമായാല്‍ സിറ്റി, ഓര്‍ഡിനറി സര്‍വീസുകളാക്കാറാണ് പതിവ്. എന്നാല്‍ വേറെ ബസില്ലാത്തതിനാല്‍ പഴക്കം നോക്കാതെ ഇപ്പോ ഓടിക്കുകയാണ്. പക്ഷെ മിക്കപ്പോഴും ബസുകള്‍ കട്ടപ്പുറത്താണ്. അതുകൊണ്ട് പൊളിക്കാന്‍ അഞ്ച് വര്‍ഷം കൂട്ടി നല്‍കിയത് കാന്‍സറിന് അമൃതാഞ്ജന്‍ ചികിത്സ പോലെയൊന്നായിരുന്നു. ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. 300 സിഎന്‍ജി ബസ് ഇറക്കുമെന്ന് പറഞ്ഞു. ആ തീരുമാനം ഉപേക്ഷിച്ചു. 1000 ബസുകള്‍ വാങ്ങാനുള്ള പണം കിഫ്ബിയില്‍ നിന്ന് തരുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പണം നല്‍കിയില്ല. 1500 ഇലക്ട്രിക് ബസ് ഇറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാലരാമപുരത്ത് അതിനുള്ള കാര്യങ്ങള്‍ ആരംഭിച്ചു എന്നും പറഞ്ഞു. അത് ഇതുവരെ നടന്നില്ല. 250 ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കുമെന്ന് പറഞ്ഞു. അതും ഉണ്ടായില്ല. ഇത്തരത്തില്‍ സഹകരണമില്ലാതെ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ ഏത് രീതിയില്‍ കോര്‍പ്പറേഷന്‍ മെച്ചപ്പെടും. തരുന്ന പണമെല്ലാം വായ്പയാണ്. അല്ലാതെ സര്‍ക്കാര്‍ സഹായമല്ല. ശമ്പളത്തിന് തരുന്ന പണമടക്കം വായ്പ എന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് ഓരോ മാസവും ഉത്തരവിറങ്ങുന്നത്. ഇത്തരം സഹായമല്ലാതെ ബജറ്റ് വിഹിതം എന്തുകൊണ്ട് ഉണ്ടാവുന്നില്ല. ബജറ്റ് വിഹിതം ലഭിക്കാതെ കടബാധ്യതയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് രക്ഷപെടല്‍ തല്‍ക്കാലം സാധ്യമല്ല.'
ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ടോമിന്‍ ജെ തച്ചങ്കരി എംഡിയായിരിക്കെ 10 വോള്‍വോ ബസുകളും പിന്നീട് 10 ഇലക്ട്രിക് ബസുകളും വാടകയ്ക്ക് എടുത്തിരുന്നു. എന്‍സിപി നേതാവിന്റെ മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയില്‍ നിന്ന് വാടകയ്ക്ക് ബസുകള്‍ വാങ്ങിയതിനെതിരെ മുമ്പ് തന്നെ കടുത്ത എതിര്‍പ്പ് യൂണിയന്‍ നേതാക്കളും ജീവനക്കാരും ഉന്നയിച്ചിരുന്നു. വാടകയ്ക്കെടുത്ത ഇലക്ട്രിക് ബസ് ഒരു ദിവസം ഒരു ലക്ഷം രൂപ ചുരുങ്ങിയത് നഷ്ടമുണ്ടാക്കുന്നതായി കെഎസ്ആര്‍ടിസി മാനേജ്മെന്റും സമ്മതിക്കുന്നു. 10 വര്‍ഷത്തേക്ക് കരാറെടുത്തിരിക്കുന്നതിനാല്‍ എല്ലാ മാസവും നഷ്ടം സഹിച്ചും ലക്ഷങ്ങളാണ് വാടകയിനത്തില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നത്.
'രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രണ്ട് വര്‍ഷത്തിനകം കെഎസ്ആര്‍ടിസി ലാഭത്തിലാവും. രണ്ട്, വായ്പകളെല്ലാം ബാങ്ക് കണ്‍സോര്‍ഷ്യത്തിലേക്ക് മാറുന്നതോടെ നഷ്ടം കുറയും വരുമാനം വര്‍ധിക്കും. 4320 കോടി രൂപയാണ് നിലവില്‍ കെഎസ്ആര്‍ടിസിക്ക് കടം. ബാങ്ക് കണ്‍സോര്‍ഷ്യത്തിലേക്കുള്ള തിരിച്ചടവ് മാത്രമാണിത്. ബാങ്ക് കണ്‍സോര്‍ഷ്യത്തിലേക്ക് വായ്പകള്‍ ഏകീകരിച്ചാല്‍ മറ്റ് വായ്പകളുണ്ടാവില്ലെന്നും ഇനി എടുക്കില്ലെന്നുമാണ് വ്യവസ്ഥ. എന്നാല്‍ എല്ലാ മാസവും കെടിഡിഎഫ്സി നാല് കോടി വീതം കോര്‍പ്പറേഷനില്‍ നിന്ന് പിടിക്കുന്നുണ്ട്. 460 കോടി രൂപ കടം ഉണ്ടെന്നാണ് കെടിഡിഎഫ്സി അവകാശപ്പെടുന്നത്. എത്ര കടമെടുത്തിട്ടുണ്ടെന്നോ എത്ര തിരിച്ചടക്കാനുണ്ടെന്നോ എന്നൊന്നും സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ കയ്യില്‍ പ്രത്യേകിച്ച് കണക്കില്ല. ചെലവെത്രയെന്നോ വരവെത്രയെന്നോ സംബന്ധിച്ചും വ്യക്തമായ കണക്കില്ല. കുത്തഴിഞ്ഞ സംവിധാനമായി തുടരുമ്പോള്‍ ജീവനക്കാരെ പിരിച്ച് വിട്ടിട്ട് ജീവനക്കാരില്ലെന്നും, ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ച് ബസില്ലെന്നും പൊതുജനങ്ങളെ ധരിപ്പിച്ച് കൂടുതല്‍ വാടക വണ്ടികള്‍ വാങ്ങാനാണ് സര്‍ക്കാരും കോര്‍പ്പറേഷനും ശ്രമിക്കുന്നത്. സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമായും ഇത് സംശയിക്കേണ്ടതാണ്. ഇനി മേലില്‍ മറ്റിടങ്ങളില്‍ നിന്ന് കടമെടുക്കില്ല എന്ന വ്യവസ്ഥയാണ് ബാങ്ക് കണ്‍സോര്‍ഷ്യവുമായി വച്ചത്. അതിനാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്. ജീവനക്കാരെ വച്ച് പരമാവധി വണ്ടികള്‍ ഓടി മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ.'
എഐടിയുസി നേതാവ് അഭിപ്രായപ്പെട്ടു.
എന്നാല്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടും കോര്‍പ്പറേഷന്റെ അലംഭാവമാണ് പ്രതിസന്ധികള്‍ തുടരുന്നതിന് കാരണമായി സിഐടിയു നേതാവ് ഹരികൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്. 'സ്പെയര്‍ പാര്‍ട്സും ടയറുമെല്ലാം വാങ്ങിയ തുക നല്‍കാതെ ജീവനക്കാരുടെ ശമ്പളം നല്‍കി പ്രതിസന്ധി മറച്ച് വക്കാന്‍ നോക്കി. സാധനങ്ങള്‍ കൊടുത്തവര്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ആ പണം കൊടുത്തപ്പോള്‍ ശമ്പളം മുടങ്ങി. ഡീസല്‍ വില വര്‍ധിച്ചു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച പണം തിരിച്ചടക്കാന്‍ കഴിയില്ല എന്ന കാരണം പറഞ്ഞ് ഇതുവരെ വാങ്ങിയില്ല. സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ഒരു ദിവസം 4.5 കോടി നഷ്ടമുണ്ടായിരുന്നത് 65 ലക്ഷമായി കുറഞ്ഞു. എന്നിട്ടും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷന് കഴിയുന്നില്ല.'

2020 ഏപ്രില്‍ മാസത്തോടെ 101 ബസുകള്‍ ഒഴികെ ബാക്കിയുള്ള സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ പുതിയ ബസ് ഇറക്കണമെന്നിരിക്കെ കോര്‍പ്പറേഷന്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. വാടകയ്ക്ക് ബസ് എടുക്കാനുള്ള തീരുമാനത്തിലേക്ക് ബോധപൂര്‍വ്വം കോര്‍പ്പറേഷന്‍ എത്തുകയായിരുന്നു എന്ന വിമര്‍ശനമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.
ബസുകള്‍ വാടകയ്ക്ക്, കരാർ ഊരാളുങ്കലിനോ?
ദീര്‍ഘ ദൂര സര്‍വീസുകളുടെ ഏഴ് വര്‍ഷ പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയാകാനിരിക്കെ രണ്ട് ഘട്ടങ്ങളിലായി അഞ്ഞൂറ് ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനം. ആദ്യഘട്ടത്തില്‍ 250 ബസുകളാവും എടുക്കുക. 250 ഇലക്ട്രിക് ബസുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ശബരിമല സീസണില്‍ സര്‍വീസ് നടത്തുന്നതിനായാണ് അടിയന്തിരമായി ബസുകള്‍ വാടകയ്ക്ക് എടുക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 250 ഡീസല്‍ ബസുകള്‍ സൂപ്പര്‍ ക്ലാസ് സര്‍വീസിനായും വാടകക്കെടുക്കും. ഡ്രൈവറുള്‍പ്പെടെയുള്ള ബസുകള്‍ വാടകയ്ക്കെടുത്താല്‍ ജീവനക്കാരില്ലാത്ത പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് മാനേജ്മെന്റ് കണക്കുകൂട്ടുന്നത്. എന്നാല്‍ നിലവില്‍ വാടകയ്ക്കെടുത്ത 10 ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണ് ഓടുന്നത്. കിലോമീറ്ററിന് 43 രൂപ നല്‍കിയാണ് സര്‍വീസ് നടത്തുന്നത്. കണ്ടക്ടര്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണ്. വൈദ്യുതി ചെലവും കോര്‍പ്പറേഷനാണ് വഹിക്കുന്നത്. ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ 20 രൂപ നഷ്ടമുണ്ടാവുന്നു എന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ വാടക ബസുകള്‍ കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്ന വിമര്‍ശനം യൂണിയന്‍ നേതാക്കളെല്ലാം ഉന്നയിക്കുന്നുണ്ടെങ്കിലും തല്‍ക്കാലം ഈ വഴി മാത്രമാണ് കോര്‍പ്പറേഷന് മുന്നിലുള്ളതെന്ന് മാനേജ്മെന്റ് പറയുന്നു.
എന്നാല്‍ നിരവധി ഒഴിവുണ്ടായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരെ നിയമിക്കാത്തത് സ്വകാര്യ വ്യക്തികളില്‍ നിന്നും സഹകരണ മേഖലയില്‍ നിന്നും ബസുകള്‍ വാടകക്കെടുക്കുക എന്ന ഉദ്ദേശത്തിലാണെന്ന് യൂണിയന്‍ നേതാക്കള്‍ വിമര്‍ശിക്കുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്ന് ബസുകള്‍ വാടകയ്ക്ക് എടുക്കാനാണ് മാനേജ്മെന്റ് നീക്കമെന്നും ഇവര്‍ പറയുന്നു. ബിഎംഎസ് നേതാവ് കെ എന്‍ രാജേഷ് പറയുന്നു. 'ബാംഗ്ലൂരിന് അടുത്തുള്ള മാണ്ഡ്യയിലുള്ള പ്രകാശ് ബോഡി ബില്‍ഡിങ് വര്‍ക്ക് ഷോപ്പില്‍ കെഎസ്ആര്‍ടിസി ബസിന്റെ രൂപത്തിലുള്ള ഷാസികള്‍ എത്തിയതിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വേണ്ടിയാണ് ബസുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് കരുതുന്നത്. ടെന്‍ഡര്‍ ക്ഷണിച്ചിട്ടേയുള്ളൂ. എന്നാല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത് അടുത്ത് വരുന്ന ശബരിമല സീസണ്‍ ഉദ്ദേശിച്ചാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 250 ബസുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ ബസ് ബോഡി നിര്‍മ്മാണം നേരത്തെ തന്നെ തുടങ്ങിയിരിക്കണം. അതിനാല്‍ പ്രചരണങ്ങള്‍ തെറ്റാണെന്ന് കരുതാന്‍ കഴിയില്ല. വാടകയ്ക്ക് ബസ് എടുത്ത് തുടങ്ങുന്നതോടെ കോര്‍പ്പറേഷന്‍ ഡിപ്പോകളിലുള്ള വര്‍ക്ക് ഷോപ്പുകളില്‍ കാര്യമായ പണിയുണ്ടാവില്ല. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബോഡി ബില്‍ഡിങ് വര്‍ക്ക് ഷോപ്പുകളും അടഞ്ഞ് കിടക്കും. ഡിപ്പോകളിലുള്ള വര്‍ക്ക് ഷോപ്പുകളിലും സേവന മേഖല എന്നതിനൊപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനം എന്ന പേര് ഇനിയുണ്ടാവില്ല.'

കെഎസ്ആര്‍ടിസിയും ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മില്‍ മുമ്പ് തന്നെ പരോക്ഷ ബന്ധമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ നടപ്പാക്കിയപ്പോള്‍ പദ്ധതി രേഖയുള്‍പ്പെടെ തയ്യാറാക്കിയത് ഊരാളുങ്കലാണ്. കെല്‍ട്രോണിന് കോര്‍പ്പറേഷന്‍ നല്‍കിയ കരാര്‍ ഉപകരാറിലൂടെയാണ് ഊരാളുങ്കല്‍ സ്വന്തമാക്കിയത്. ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളെല്ലാം വാടകയ്ക്കെടുക്കാന്‍ തീരുമാനിക്കുന്ന മുറയ്ക്ക് അതെല്ലാം ഊരാളുങ്കലിനോ അതുപോലുള്ള സ്ഥാപനങ്ങളിലോ വന്നു ചേരുമെന്നും ഇത് സ്വകാര്യ വല്‍ക്കരണത്തിനുള്ള നീക്കമായുമാണ് ജീവനക്കാര്‍ വിലയിരുത്തുന്നത്. ബസുകള്‍ കൂടുതല്‍ വാടകയ്ക്കെടുക്കുന്നതോടെ ജീവനക്കാരുടെ എണ്ണം പകുതിയിലധികമായി കുറക്കാനാവും. കണ്ടക്ടര്‍മാരെ മാത്രം നിലനിര്‍ത്തിയാല്‍ മതി എന്ന സ്ഥിതി കോര്‍പ്പറേഷന് ഗുണകരമാവുമെങ്കിലും ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയാവും എന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.
എന്നാല്‍ ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്നും വാടകയ്ക്ക് ബസുകള്‍ എടുക്കുമെന്ന വിവരം കോര്‍പ്പറേന്‍ നിഷേധിച്ചു. ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി യാതൊരുവിധമായ ചര്‍ച്ചകളോ നീക്കങ്ങളോ ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയിട്ടില്ലെന്നും കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) പ്രതികരിച്ചു.


Next Story

Related Stories