'കുതിരാനിട്ട്' കുതിരാന്‍. സംസ്ഥാനം രണ്ടാമത്തെ തുരങ്ക പാതയുടെ നിര്‍മ്മാണം തുടങ്ങാനിരിക്കെ ആദ്യ തുരങ്കമായ കുതിരാന്റെ അവസ്ഥയാണിത്. മഴയില്‍ വെള്ളം കയറി, മണ്ണിടിഞ്ഞ് കിടക്കുന്ന കുതിരാന്‍ തുരങ്കത്തെ കുറിച്ച് ചോദിച്ചാന്‍ നാട്ടുകാര്‍ പറയും കുതിരാന്‍ 'കുതിരാനിട്ടിരിക്കുകയാണ്' എന്ന്. ആറ് വര്‍ഷം കഴിഞ്ഞിട്ടും കുതിരാനിലെ ഇരട്ട തുരങ്കങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനോ വാഹന ഗതാഗതത്തിനായി തുരങ്കങ്ങള്‍ പൂര്‍ണമായും തുറന്ന് കൊടുക്കാനോ കഴിഞ്ഞിട്ടില്ല. 30 മാസങ്ങള്‍ കൊണ്ട് 30 കിലോ മീറ്റര്‍ പാത പൂര്‍ത്തീകരിക്കും എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ മണ്ണുത്തി- വടക്കഞ്ചേരി ആറ് വരി പാതയുടെ നിര്‍മ്മാണവും പാതി വഴിയിലാണ്. ആറ് വരി പാതയുടെ നിര്‍മ്മാണത്തിന് കരാര്‍ ഒപ്പിട്ട് 11 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും 70 ശതമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകളുണ്ടായിട്ടും കുതിരാനിലെ തുരങ്കങ്ങളും ആറ് വരി പാതയും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും 'നിര്‍മ്മാണത്തിലിരിക്കുന്ന'തായി അവശേഷിക്കുന്നു. കരാര്‍ ഏറ്റെടുത്ത കമ്പനിയെ 'പാപ്പര്‍' ആയി പ്രഖ്യാപിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ധന സഹായം നല്‍കുന്നവരെ കാത്തിരിക്കുകയാണ് ദേശീയപാതാ അതോറിറ്റിയും നിര്‍മ്മാണ കമ്പനിയും.
ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ 28.5 കിലോ മീറ്റര്‍ ആറ് വരി പാത നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഒപ്പു വച്ചത് 2011ലാണ്. 30 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് ദേശീയ പാത അതോറിറ്റി തൃശൂര്‍ എക്സ്പ്രസ് വേ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായ കെഎംസിയാണ് നിര്‍മ്മാണ കമ്പനി. കുതിരാനിലെ 965 മീറ്റര്‍ ദൂരമുള്ള ഇരട്ടക്കുഴല്‍ തുരങ്ക പാതയും ഇതില്‍ വരും. കെഎംസി ഉപകരാര്‍ നല്കിയ ബംഗളൂരുവിലെ പ്രഗതി കമ്പനിയായിരുന്നു തുരങ്ക നിര്‍മ്മാണം ഏറ്റെടുത്തത്. രണ്ടിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ 2018ല്‍ നിലച്ചതാണ്. പിന്നീട് കാര്യമായ നിര്‍മ്മാണ പ്രവര്‍ത്തികളൊന്നും തന്നെ തുരങ്കപാതയിലോ ദേശീയപാതയിലോ നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മ്മാണം ഉപേക്ഷിച്ചതെന്നാണ് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ വിശദീകരണം. 13 തവണയാണ് പലപ്പോഴായി കരാര്‍ കമ്പനി നിര്‍മ്മാണം നിര്‍ത്തി വച്ചത്. 678 കോടി രൂപയുടെ കരാര്‍ ഇപ്പോള്‍ 1200 കോടി രൂപയിലാണ് എത്തി നില്‍ക്കുന്നത്.
തുരങ്കമുഖം ഉള്‍പ്പെടെ തുരങ്കങ്ങളുടെ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിരുന്നു. എന്നാല്‍ സുരക്ഷാ സംവിധാനങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ശേഷം ഇത് തുറന്നാല്‍ മതിയെന്ന തീരുമാനമുണ്ടായി. പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഇടത് തുരങ്കം 90 ശതമാനവും തൃശൂര്‍ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വലത് തുരങ്കം 40 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ നില്ക്കുന്നു. തുരങ്കത്തില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അഗ്നി സുരക്ഷാ വകുപ്പ് നല്‍കിയിരുന്നു. വൈദ്യുതി ലഭിക്കാത്തതിനാല്‍ തുരങ്കത്തിനകത്ത് വെളിച്ചമില്ല. വായുക്രമീകരണത്തിനുള്ള ബ്ലോവര്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടില്ല. തീയണയ്ക്കുന്നതിന് വെള്ളത്തിനായി കുഴല്‍ കിണറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. മഴക്കാലത്ത് തുരങ്കത്തില്‍ വരുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതുണ്ട്. തുരങ്കമുഖം ഏത് സമയവും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് കുതിരാന്‍ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞ് കാര്‍ യാത്രികര്‍ മരണപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം. വലത് തുരങ്കത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ പാതിവഴിയില്‍ നില്‍ക്കുകയാണ്. തുരങ്കമൊഴിച്ചുള്ള ആറ് വരി പാതയുടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി.
സാമ്പത്തിക പ്രതിസന്ധിയാല്‍ കെഎംസി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വച്ചു. കെഎംസി പണം വന്‍ തോതില്‍ കുടിശിക വരുത്തിയെന്നാരോപിച്ച് തുരങ്കത്തിന്റെ നിര്‍മ്മാണച്ചുമതലയുള്ള പ്രഗതിയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചു. 40 കോടി രൂപ കെഎംസി തങ്ങള്‍ക്ക് നല്‍കാനുണ്ടെന്നാണ് പ്രഗതി കമ്പനിയുടെ വാദം. എന്നാല്‍ ഇത് കെഎംസി കമ്പനി അധികൃതര്‍ തള്ളിക്കളയുന്നു. പ്രഗതിയെ പിന്നീട് ഉപകരാറില്‍ നിന്ന് ഒഴിവാക്കുകയും ഹൈദരാബാദ് ആസ്ഥാനമായ വൈഷ്ണവ് ഇന്‍ഫ്രാസ്ട്രക്ച ര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കുകയും ചെയ്തു. പിന്നീടും തൊഴിലാളികള്‍ക്കും ലോറിയുടമകള്‍ക്കും നിര്‍മ്മാണ സാധനങ്ങള്‍ക്കും പണം നല്‍കാതായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പല തവണ തടസ്സപ്പെട്ടു. നിര്‍മ്മാണം തുടങ്ങിയത് മുതല്‍ ഇരുപതിലധികം തവണ തുരങ്കനിര്‍മ്മാണം നിര്‍ത്തിവക്കേണ്ടി വന്നു. പ്രഗതി കമ്പനി, നിര്‍മ്മാണത്തിലേര്‍പ്പെട്ട വാഹന ഉടമകള്‍, തൊഴിലാളികള്‍, മറ്റ് ഉപകരാറുകാര്‍ എന്നിവര്‍ക്ക് പണം കൊടുത്ത് തീര്‍ക്കാനുണ്ട്. ഇത് ഉടന്‍ കൊടുത്ത് തീര്‍ക്കുന്നതോടെ ഒന്നാം തുരങ്കത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കാനാവുമെന്ന് വൈഷ്ണവ് കമ്പനി അധികൃതര്‍ പറയുന്നു. 678 കോടി രൂപയ്ക്കാണ് പദ്ധതി തുടങ്ങിയത്. ബാങ്ക് കണ്‍സോര്‍ഷ്യം ഇതിനായി വായ്പ നല്കി. ദേശീയ പാതാ അതോറിറ്റിയുടെ ഗ്യാരന്റിയിലായിരുന്നു ബാങ്ക് വായ്പ നല്‍കിയത്. എന്നാല്‍ ഈ തുക മുഴുവന്‍ ചെലവഴിച്ചിട്ടും കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായില്ല എന്ന് മാത്രമല്ല വായ്പ തിരിച്ചടവും നടന്നില്ല. ഇതോടെ ബാങ്ക് കൂടുതല്‍ പണം നല്‍കില്ല എന്ന ഉറച്ച തീരുമാനത്തിലെത്തി. കരാറെടുത്ത കമ്പനി പണം വക മാറ്റി ചെലവഴിച്ചതായി ബാങ്ക് അന്വേഷണത്തില്‍ തെളിഞ്ഞു. 2017ല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയെ പാപ്പര്‍ കമ്പനിയായി ബാങ്ക് കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചു. ബാങ്കുകാരുമായുള്ള കരാര്‍ പ്രകാരം 2017 ജൂലൈ മുതല്‍ ടോള്‍ പിരിവ് ആരംഭിച്ച് വായ്പ തിരിച്ചടക്കാമെന്നായിരുന്നു. ടോള്‍ബൂത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നിശ്ചിത ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനാല്‍ ടോള്‍ പിരിവ് തുടങ്ങാനായില്ല. 90 ശതമാനം നിര്‍മ്മാണമെങ്കിലും പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിവ് തുടങ്ങാനാവില്ല. തുടര്‍ന്ന് 2018ല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായും നിര്‍ത്തിവക്കേണ്ടതായി വന്നു. 2020ല്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങി എങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള ദേശീയപാതാ ഉദ്യോഗസ്ഥന് പറയുന്നു, "നിര്‍മ്മാണ പ്രവര്‍ത്തികള്‍ വളരെ മന്ദഗതിയിലാണ്. ഒരു കാരണം മഴയാണ്. രണ്ട്, കരാറെടുത്ത കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി. ബാങ്കുകള്‍ വായ്പ നല്‍കില്ല എന്ന് പറഞ്ഞതിനാല്‍ പണം നല്കാന് ശേഷിയുള്ള പുതിയ ആളുകളെ അന്വേഷിക്കുകയാണ്. ബിഒടി വ്യവസ്ഥ പ്രകാരമായിരുന്നു കരാര്‍. ടോള്‍ പിരിച്ച് ലോണ്‍ അടയ്ക്കാം എന്നതായിരുന്നു. എന്നാല്‍ അത് നടന്നില്ല. കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കേണ്ടതായി വന്നു. സാമ്പത്തിക സഹായം ലഭ്യമായാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്".
ആറ് വരി പാതയും തുരങ്കവും യാത്രയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ ഇപ്പോഴും സര്‍വീസ് റോഡുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. എന്നാല്‍ സര്‍വീസ് റോഡുകള്‍ പൊട്ടി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകള്‍ നീണ്ട വാഹനക്കുരുക്കും അപകടങ്ങളും ഇവിടെ പതിവാണ്. പത്ത് വര്‍ഷത്തിനിടെ പാതയില്‍ 302 പേര് മരിച്ചതായാണ് പൊതുപ്രവര്‍ത്തകനായ ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം ഈ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ദേശീയപാതയായ സേലം- കൊച്ചി എന്‍എച്ച് 544 ആണ്. കേരളത്തിലേക്കും കേരളത്തില്‍ നിന്നുമുള്ള ചരക്ക് ഗതാഗതം 90 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. ദിവസേന കടന്ന് പോവുന്നത് ആയിരത്തിലധികം ചരക്കുലോറികളും ഒരു ദിവസം മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിയുന്നത് പതിനായിരക്കണക്കിന് സ്വകാര്യവാഹനങ്ങളുമാണ്. 190 കെഎസ്ആര്‍ടിസി സര്‍വീസുകളും ഇതിലെ ഉണ്ട്. കുതിരാനലെ കുരുക്ക് എത്രമാത്രം ബാധിക്കും എന്നതിന് തെളിവാണ് ഈ കണക്കുകള്‍. ഈ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ പേടിസ്വപ്നമാണ് കുതിരാന്‍ വളവും അതിലൂടെയുള്ള മലകയറ്റവും. അപകടാവസ്ഥയിലുള്ള റോഡുകള്‍ കഴിഞ്ഞയിടെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ക്വാറി വെയ്സ്റ്റ് ഇട്ട് അടച്ചിരുന്നു. എന്നാല്‍ രണ്ട് മഴ ശക്തമായി പെയ്താല്‍ അടച്ച കുഴികളെല്ലാം വീണ്ടും ഗര്‍ത്തങ്ങളായി വരും എന്ന് നാട്ടുകാര്‍ പറയുന്നു.
അതിനിടെ ടോള്‍ ബൂത്തുകളുടേയും അനുബന്ധ സംവിധാനങ്ങളുടേയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. ആറ് വരി പാതയുടെ എഴുപത് ശതമാനം ജോലികള്‍ കഴിഞ്ഞു എന്ന് കാണിച്ച് ടോള്‍ പിരിവ് തുടങ്ങാനാണ് കമ്പനിയുടെ ശ്രമമെന്ന് കുതിരാന്‍ ജനകീയ സമര സമിതി ആരോപിക്കുന്നു. 'നോ റോഡ്, നോ ടോള്‍' എന്ന കാമ്പയിന് ആരംഭിച്ചിരിക്കുകയാണ് വിവിധ സമര സമിതികള്‍. സമര സമിതി കണ്‍വീനര്‍ ബോബന് ജോര്‍ജ് പറയുന്നു, "എഴുപത് ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്ന് അവര്‍ പറയും; ഒരു ഭാഗം പണിതിട്ടുണ്ടേല് മറുഭാഗം പണിതിട്ടില്ല. സര്‍വീസ് റോഡുകളില്‍ ആടിയുലഞ്ഞാണ് വലിയ ചരക്ക് ലോറികളടക്കം വരുന്നത്. കരാര്‍ ഏറ്റെടുത്ത കമ്പനി ഇത്രയും വര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ, 70 ശതമാനം പണി പൂര്‍ത്തീകരിച്ചു എന്ന് പറഞ്ഞ് ടോള്‍ പിരിക്കാന്‍ വന്നാല്‍ ഞങ്ങള്‍ അതിന് അനുവദിക്കില്ല. ഇവിടെ കിടന്ന് പിടഞ്ഞ് മരിക്കേണ്ടി വന്നാലും ടോള്‍ പിരിവ് തല്ക്കാലം അനുവദിക്കില്ല"
മേല്‍പ്പാലത്തിന്റെ പണിയും ഇവിടെ പൂര്‍ത്തിയാവാനുണ്ട്. ഇതിനിടെ ഹൈക്കോടതിയില്‍ പൊതുപ്രവര്‍ത്തകനായ ഷാജി കോടങ്കണ്ടത്ത് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ദേശീയ പാതാ അതോറിറ്റിയുടെ വിശദീകരണം തേടിയിരുന്നു. ജനകീയ സമരങ്ങളാണ് പദ്ധതി വൈകിപ്പിച്ചതെന്നാണ് ദേശീയ പാതാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചത്. ഇതില്‍ കുതിരാനിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ദേശീയപാതാ അതോറിറ്റി ഓഫീസ് ഉപരോധിക്കുകയും ചെയ്തു. പ്രദേശവാസിയും പൊതു പ്രവര്‍ത്തകനുമായ സുരേഷ് വേലായുധന് പറയുന്നു, "ആറ് തവണയാണ് കരാര്‍ നീട്ടിക്കൊടുത്തത്. അറുന്നൂറ് കോടിയില്‍ തുടങ്ങിയ പദ്ധതി 1200 കോടിയുടെ അടുത്തായി നില്ക്കുന്നു. തുക വക മാറ്റി ചെലവഴിച്ചതാണെന്ന് ബാങ്ക് വരെ പറഞ്ഞു. എന്നിട്ട് ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയതവരുടെ മേല്‍ കുറ്റമേല്പ്പിക്കുകയാണ് ദേശീയപാതാ അതോറിറ്റി ചെയ്തത്. തുരങ്കത്തില്‍ ഏത് സമയവും വെള്ളവും മണ്ണിടിച്ചിലുമാണ്. തുരങ്ക മുഖം ചരിച്ചെടുത്തെങ്കില് മാത്രമേ വെള്ളം കയറാതിരിക്കുകയുള്ളൂ. തുരങ്കത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കണമെങ്കിലും പല കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിന് വനഭൂമി ആവശ്യപ്പെട്ടു. വൈകി ആണെങ്കിലും പകരം ഭൂമി നല്കിയാല് വനഭൂമി നല്‍കാം എന്ന് വനം വകുപ്പ് സമ്മതിച്ചു. പിന്നീട് ഇക്കാര്യത്തില്‍ നടപടി ഒന്നുമുണ്ടായതായി അറിവില്ല".
25 കിലോ മീറ്റര്‍ നീളത്തില്‍ ആറ് വരി പാതയും 20 കിലോ മീറ്റര്‍ സര്‍വേ റോഡും ആണ് ഇപ്പോള്‍ പൂര്‍ത്തിയായത്. മണ്ണുത്തി മേല്‍പ്പാലം, ഇരുമ്പുപാലം മേല്‍പ്പാലം, അഞ്ച് അടിപ്പാതകള്‍, ടോള്‍ബൂത്ത് എന്നിവ പൂര്‍ത്തിയായി. ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ ഒരു തുരങ്കത്തിന്റെ 10 ശതമാനവും രണ്ടാമത്തേതിന്റെ അറുപത് ശതമാനവും ഇനി പൂര്‍ത്തിയാവാനുണ്ട്. 3.5 കിലോമീറ്റര്‍ ആറ് വരി പാത, 22 കിലോ മീറ്റര്‍ സര്‍വീസ് റോഡ്, വടക്കഞ്ചേരി മേല്‍പാലം, നാല് അടിപ്പാതകളും കൂടുതലായി നിര്‍ദ്ദേശിച്ച രണ്ട് അടിപ്പാതകളും, കാന നിര്‍മ്മാണത്തിന്റെ നാല്‍പ്പത് ശതമാനം, കലുങ്കുകളുടെ നിര്‍മ്മാണം, 2 സ്ഥലത്ത് ഫൂട് ഓവര്‍ ബ്രിഡ്ജ് എന്നിവ ഇനി പൂര്‍ത്തിയാവാനുണ്ട്. മൂന്ന് ഭാഗത്ത് സ്ഥലമെടുക്കലും തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പാറകള്‍ പൊട്ടിച്ച് നീക്കല്‍, സുരക്ഷാ സംവിധാനങ്ങളൊരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളും ബാക്കിയാണ്.
സേലം-കൊച്ചി ദേശീയപാത വികസനം ആലോചനയില്‍ തീരുമാനമായത് 2004-ല്‍ ആയിരുന്നു. ദേശീയ പാത അതോറിറ്റിക്ക് നേരിട്ടായിരുന്നു നിര്‍മ്മാണ ചുമതല. ദേശീയപാതയിലെ ഭാഗങ്ങള്‍ പല കമ്പനികള്‍ക്കായി നിര്‍മ്മാണത്തിന് കരാര്‍ നല്കി. ഇതില്‍ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള 29 കിലോ മീറ്റര്‍ നീളത്തില്‍ ആറ് വരി പാതയും ഇതിനിടയില്‍ വരുന്ന കുതിരാനില്‍ രണ്ട് തുരങ്കപാതകളും നിര്‍മ്മിക്കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎംസി കമ്പനിക്കാണ് കരാര്‍ നല്‍കിയത്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം 920 മീറ്ററാണ് ഓരോ തുരങ്കത്തിന്റെയും നീളം. തുരങ്കമുഖം ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍. 2005 ല്‍ സര്‍വേ തുടങ്ങി. 2006 മുതല്‍ 2008 വരെ ബിഒടി പാതകള്‍ കേരളത്തില്‍ വേണ്ടെന്ന വി എസ് സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തുടര്‍ നടപടിയുമുണ്ടായില്ല. എന്നാല്‍ പിന്നീട് ബിഒടി പാതകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞു. സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുനരാരംഭിച്ചു. 2009 ല്‍ ന്യായവിലയില്ലാതെ സ്ഥലമേറ്റെടുക്കുന്നതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങി. ഇതോടെ സ്ഥലമേറ്റെടുപ്പ് ഭാഗികമായി തടസ്സപ്പെട്ടു. ഒടുവില്‍ 2013 മെയ് 30 ന് ദേശീയപാതയുടെ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗം ആറ് വരിയായി വികസിപ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് നല്കി. വടക്കഞ്ചേരി-മണ്ണുത്തി റോഡ് 2012 ജൂണ്‍ 30ന് തുറന്നുകൊടുക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ സ്ഥലമെടുപ്പ് വൈകിയതിനാല്‍ സമയം നീട്ടി നല്കി. 2015 മാര്‍ച്ച് 17ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് വീണ്ടും കരാറുണ്ടായി. എന്നാല്‍ തുരങ്ക നിര്‍മ്മാണം ആരംഭിച്ചത് 2014ല്‍ ആയിരുന്നു. ഇതോടെ ഈ തീയതിയും കടന്നു. 2019 ജനുവരിയില്‍ തുരങ്കം തുറക്കുമെന്ന് നിര്‍മ്മാണ കമ്പനിയായ കെഎംസി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. വാക്ക് തെറ്റിച്ചാല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരന് മുന്നറിയിപ്പും നല്കി. എന്നാല്‍ ആ വാക്കും പാലിക്കപ്പെട്ടില്ല. 2019 ഡിസംബര്‍ 31ന് അകം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് കമ്പനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. അതും പാലിക്കപ്പെട്ടില്ല.
@Representational Photo