Top

'കൊയ്യാതിരിക്കാൻ പറ്റില്ല, കൊയ്താൽ ഇൻഷുറൻസും സംഭരണവും നടക്കില്ല' കുട്ടനാട്ടിൽ പ്രതിസന്ധിയുടെ 'രണ്ടാം കൊയ്ത്'


ആലപ്പുഴ നഗരത്തില്‍ നിന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡിലേക്ക് യാത്ര തുടങ്ങിയാല്‍ ഇരു ഭാഗത്തും പരന്ന് കിടക്കുന്ന നെല്‍പാടങ്ങളാണ്. നിലമൊരുക്കി പുഞ്ച വിതച്ച പാടങ്ങള്‍. അതാവും സാധാരണ ഈ മാസങ്ങളിലെ കുട്ടനാടന്‍ പാടശേഖരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പാടങ്ങള്‍ക്ക് മഞ്ഞ നിറമാണ്. ചെടിയും നെല്ലും വൈക്കോല്‍ മഞ്ഞ നിറത്തില്‍ മണ്ണിലേക്ക് ചാഞ്ഞും മണ്ണില്‍ കുഴഞ്ഞും കിടക്കുന്നു. വെള്ളം തിങ്ങിയതോ വെള്ളം ഒഴുകി പോയിട്ടും നനവ് മാറാത്തതോ ആയ പാടശേഖരങ്ങളില്‍ ഒന്നിനൊന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞ് നെല്ലും ചെടിയും. ചില പാടങ്ങളില്‍ നിലത്ത് വീണ നെല്ല് കിളിര്‍ത്ത് പച്ച ചെടികള്‍ പൊന്തിയിട്ടുണ്ട്. കുട്ടനാട്ടില്‍ നാല്‍പ്പത് ശതമാനത്തില്‍ താഴെ പാടങ്ങളില്‍ മാത്രമേ രണ്ടാം കൃഷി ചെയ്യാറുള്ളൂ. കായല്‍ നിലങ്ങളില്‍ രണ്ടാം കൃഷി ചെയ്താല്‍ വെള്ളം കയറിപ്പോവുകയും അവയുടെ കരയില്‍ താമസിക്കുന്നവര്‍ വെള്ളപ്പൊക്കത്തില്‍ ജീവിക്കുകയും ചെയ്യേണ്ടി വരുമെന്നതിനാല്‍ ഭൂരിഭാഗം കുട്ടനാടന്‍ നിലങ്ങളിലും രണ്ടാം കൃഷി ഇപ്പോള്‍ ഉണ്ടാവാറില്ല. കരുത്തുറ്റ ബണ്ടുകളുള്ള കായല്‍ നിലങ്ങളല്ലാത്ത 12,000 ഹെക്ടറോളം പാടങ്ങളിലാണ് രണ്ടാം കൃഷി ചെയ്ത് വരുന്നത്. മെയ് മാസം തുടങ്ങുന്ന രണ്ടാം കൃഷി 120 ദിവസം പാകമാവുമ്പോള്‍ കൊയ്ത് എല്ലാ നിലങ്ങളും പുഞ്ചയ്‌ക്കൊരുങ്ങും. എന്നാല്‍ ഇപ്പോള്‍ കുട്ടനാട്ടില്‍ മണ്ണിലേക്ക് വീണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് രണ്ടാം കൃഷിയുടെ വിളവാണ്. സെപ്തംബര്‍ മാസം അവസാനത്തോടെ കൊയ്ത്ത് പൂര്‍ത്തിയാക്കേണ്ട രണ്ടാം കൃഷി ഇനിയും കൊയ്‌തെടുത്തിട്ടില്ല. പുഞ്ചയും വിതച്ചില്ല. നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെ അതിജീവിക്കുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ എന്തുചെയ്യുമെന്നറിയാതെ കൈമലര്‍ത്തുന്നു.

'കാഴ്ചയില്‍ നല്ല നെല്ലുണ്ടായിരുന്നു. പക്ഷെ ആ നെല്ലൊന്നും ചാക്കില്‍ കേറില്ല' വെള്ളമിറങ്ങാത്ത പാടത്തിനരുകില്‍ നിന്നാണ് മംഗലം പണിയാശേരി വീട്ടില്‍ വര്‍ഗീസ് സംസാരിച്ചത്. 61 കാരനായ വര്‍ഗീസ് അച്ഛനൊപ്പം കര്‍ഷകനായി ജീവിതം തുടങ്ങിയതാണ്. കൃഷി നാശം കുട്ടനാട്ടുകാരുടെ ശാപമാണെന്ന് പറയുമ്പോഴും ഇതുപോലൊരു പ്രതിസന്ധി തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് വര്‍ഗീസ് പറയുന്നു. ' കഴിഞ്ഞ തവണത്തെ വിളവ് കണ്ടപ്പോ കൊതിയായിരുന്നു. പാടം നിറയെ നെല്ലും കര്‍ഷകരുടെ കയ്യില്‍ നല്ല കാശും. ഇത്രേം കാശ് വന്ന് നിറഞ്ഞ, ശരിക്കും സമ്പല്‍സമൃദ്ധി എന്നൊക്കെ പറയാന്‍ പറ്റുന്ന ഒരു വിളവ് അടുത്തകാലത്തൊന്നും കുട്ടനാട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷെ അതൊക്കെ ഈ മഴ കൊണ്ടങ്ങ് തീര്‍ന്നു. വിളഞ്ഞ നെല്ലെല്ലാം വെള്ളത്തിനടിയില്‍ മൂടിക്കൊഴഞ്ഞ് കിടക്കുകയാണ്. അതൊന്നും കൊയ്‌തെടുക്കാന്‍ കഴിയുമെന്ന് തന്നെ ഉറപ്പില്ല. കൊയ്താലും ആരും എടുക്കാനും കാണത്തില്ല.'

കഴിഞ്ഞ പുഞ്ച കൃഷിയില്‍ ലഭിച്ച ഇരട്ടി വിളവിന്റെ ആത്മവിശ്വാസത്തിലാണ് പ്രതികൂല സാഹചര്യങ്ങളേയും മറികടന്ന് കര്‍ഷകര്‍ രണ്ടാം കൃഷിക്കൊരുങ്ങിയത്. 2018ലെ പ്രളയത്തിന് ശേഷം വിതച്ച പുഞ്ച കര്‍ഷകര്‍ പ്രതീക്ഷിച്ചതിലും നന്നായി വിളഞ്ഞു. നെല്ലിന്റെ പൂവുകള്‍ പോലും നഷ്ടപ്പെടാതെ എല്ലാം നെല്ലായി. രോഗങ്ങളോ കളകളോ ബാധിച്ചില്ല. അധികം വളപ്രയോഗം നടത്താതെ തന്നെ പാടങ്ങളിലെല്ലാം നെല്ല് മാത്രം നിറഞ്ഞ് നിന്നു. പ്രളയത്തില്‍ വന്നടിഞ്ഞ എക്കലാണ് വിളവിന് പ്രധാന കാരണമായി കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയിരുന്നത്. ജൂലൈയിലും, ഓഗസ്റ്റിലും ഉണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാര്‍ക്ക് പ്രളയം തന്നെ സമ്മാനിച്ച വിളവായാണ് അതിനെ കര്‍ഷകര്‍ വിശേഷിപ്പിച്ചത്. സാധാരണ പുഞ്ച കൃഷിയില്‍ ഒരു ഹെക്ടറില്‍ നിന്ന് നാല് ടണ്‍ നെല്ല് കിട്ടുമായിരുന്നുവെങ്കില്‍ കഴിഞ്ഞ തവണ അത് എട്ട് ടണ്‍ വരെ കിട്ടി. 1.5ലക്ഷം ടണ്‍ നെല്ലാണ് കുട്ടനാട്ടില്‍ നിന്ന് മാത്രം കേരളം കൊയ്‌തെടുത്തത്.
മുന്‍ കൃഷി ഓഫീസറും കുട്ടനാട്ടിലെ കര്‍ഷകനുമായ എന്‍ വേണുഗോപാല്‍ പറയുന്നു
' എടുത്ത് മാറാന്‍ ഉടുതുണി പോലും ഇല്ലാതിരുന്ന അവസ്ഥയിലാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ അന്ന് പുഞ്ച വിതച്ചത്. പക്ഷെ കൃഷിക്കുള്ള സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിരുന്നു. പ്രളയജലം വന്ന് ഒഴുകി പോയപ്പോള്‍ മണ്ണിലെ വിഷാംശങ്ങളും നീങ്ങി. അമ്ലത കൂടുതലായ പാടങ്ങളെ കഴുകി വടിച്ചാണ് വെള്ളം ഒഴുകിപ്പോയത്. എക്കല്‍ അടിഞ്ഞു. കാര്‍ഷിക കലണ്ടറിനനുസരിച്ച്, അതായത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തന്നെ വിത പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ നല്ല ക്വാളിറ്റിയുള്ള വിത്തുകള്‍ തന്നു. കീടങ്ങളും അവ വരുത്തുന്ന രോഗങ്ങളും പെരുകാന്‍ അനുയോജ്യമായിരുന്നില്ല കാലാവസ്ഥയും. മുടക്ക് മുതലിലും മൂന്നിരട്ടി കാശും കര്‍ഷകര്‍ക്ക് ലഭിച്ചു.'

പുഞ്ച കഴിഞ്ഞാണ് രണ്ടാം കൃഷി മെയില്‍ ആരംഭിച്ചത്. ഇത്തവണയും പ്രളയം കുട്ടനാടിനെയും കുട്ടനാട്ടിലെ കൃഷിയെയും തകര്‍ത്തു. പ്രളയത്തില്‍ വന്ന നഷ്ടത്തില്‍ നിന്ന് അതിജീവിച്ച് വന്ന പാടശേഖരങ്ങളിലെ കൊയ്ത്ത് പ്രായമായ നെല്ലുകളെല്ലാം വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി മഴ ഏറെക്കുറെ മാറി നില്‍ക്കുകയാണെങ്കിലും കുട്ടനാട്ടിലെ പാടങ്ങളില്‍ നിന്ന് വെള്ളമിറങ്ങിയിട്ടില്ല. കൊയ്ത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഇത് തടസ്സമാവുന്നു. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ് ആറേഴ് വര്‍ഷത്തിലധികമായി കായല്‍ നിലങ്ങളിലുള്‍പ്പെടെ യന്ത്രങ്ങളുപയോഗിച്ചാണ് കുട്ടനാട്ടില്‍ കൊയ്ത്ത് നടത്തുന്നത്. എന്നാല്‍ ഈര്‍പ്പമുള്ള മണ്ണില്‍ യന്ത്രങ്ങള്‍ താഴ്ന്ന് പോവുമെന്നതിനാല്‍ വെള്ളക്കെട്ടിലോ, നനവുള്ള പാടശേഖരങ്ങളിലോ കൊയ്ത്ത് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല എന്നത് കൊയ്ത്ത് നീളാന്‍ കാരണമാവുന്നു. കഴിഞ്ഞ തവണത്തെ പ്രളയവും മഴയും ഉണ്ടാക്കിയ നഷ്ടങ്ങള്‍ മുന്നില്‍ കണ്ട് ഇത്തവണ രണ്ടാം കൃഷി സാധാരണയിലും കുറവാണ് ഇറക്കിയത്. 193 പാടശേഖരങ്ങളില്‍ 10508 ഹെക്ടര്‍ സ്ഥലത്ത് വിത നടത്തിയെങ്കിലും ഇതില്‍ 2828.14 ഹെക്ടര്‍ സ്ഥലത്തെ കൃഷി ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ പൂര്‍ണമായും നശിച്ചു. 7774 ഹെക്ടര്‍ പാടങ്ങളിലെ കൃഷിയാണ് പ്രളയത്തെ അതിജീവിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ തുടര്‍ച്ചയായും ഒരാഴ്ച മുമ്പ് അതിശക്തമായും പെയ്ത മഴയില്‍ 4470 ഹെക്ടര്‍ നിലത്തെ നെല്ല് പൂര്‍ണമായും നശിച്ചതായാണ് കണക്ക്. ന്യൂനമര്‍ദ്ദങ്ങളും, സൈക്ലോണുകളുടെ രൂപപ്പെടലും എല്ലാം ചേര്‍ന്ന് കേരളത്തിലാകെ അളവിലധികം മഴ പെയ്തിരുന്നു. ഈ ദിവസങ്ങളില്‍ കുട്ടനാട്ടിലെ പല ഭാഗങ്ങളിലും അതിതീവ്ര മഴയുണ്ടായതായും കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലക്കാത്ത മഴയെ തുടര്‍ന്ന് 1659 പാടശേഖരങ്ങളില്‍ ഭാഗികമായ നാശമുണ്ടായി. 625.88 ഹെക്ടര്‍ നിലത്ത് മാത്രമാണ് ഇതേവരെ കൊയ്ത്ത് പൂര്‍ത്തിയായത്. 1305 ഹെക്ടര്‍ പാടം ഇനിയും കൊയ്ത്തിനായി കാത്ത് നില്‍ക്കുകയാണ്. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം 107 കോടിയുടെ കൃഷി നാശമാണ് കുട്ടനാട്ടില്‍ ഈ സീസണില്‍ ഉണ്ടായിരിക്കുന്നത്.

കിളിര്‍ത്ത് തുടങ്ങിയതോ വെള്ളത്തില്‍ മുങ്ങിയതോ ആയ നെല്ല് എടുക്കാന്‍ സപ്ലൈക്കോ തയ്യാറാവുമോ എന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. ഈര്‍പ്പമുള്ള നെല്ല് എന്ന കാരണത്താല്‍ പലപ്പോഴും നൂറ് കിലോയ്ക്ക് അഞ്ചോ ആറോ കിലോ കൂടുതല്‍ നെല്ല് മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കും. നനഞ്ഞ് കിടന്ന നെല്ല് സപ്ലൈക്കോ സമയത്ത് സംഭരിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
നനഞ്ഞ നിലത്തെ കൊയ്ത്തിന് സമയം കൂടുതലെടുക്കുന്നതിനാല്‍ ഇരട്ടി കൂലിയും നല്‍കേണ്ടി വരും. വിളവ് അധികമായിരുന്നെങ്കിലും പാതിയും വെള്ളം കയറി നശിച്ച് പോയതിനാല്‍ കൊയ്ത്ത് നടത്തിയാലും നെല്ലിന്റെ അളവ് വളരെ കുറവായിരിക്കുമെന്നും കര്‍ഷകര്‍ 'മുടക്ക് മുതല്‍ തിരികെ ലഭിക്കത്തില്ല എന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍ കര്‍ഷകന് അതിലിരട്ടി നഷ്ടമാണ് ഇക്കുറിയുണ്ടാവാന്‍ പോവുന്നത്. കൊയ്യാതിരിക്കാന്‍ പറ്റുകയുമില്ല കൊയ്‌തെടുത്താല്‍ ഇന്‍ഷൂറന്‍സ് കിട്ടുകയുമില്ല. എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ് കുട്ടനാടന്‍ കര്‍ഷകര്‍.'
കര്‍ഷകനായ പാലത്തുങ്കല്‍ ജോണ്‍ മത്തായി പറഞ്ഞു. പുഞ്ച കൃഷിയില്‍ നിന്ന് ലഭിച്ച പണം കടങ്ങള്‍ വീട്ടാനുപയോഗിച്ച ജോണ്‍ രണ്ടാം കൃഷിയില്‍ നല്ല വിളവ് ലഭിച്ചാല്‍ പ്രളയത്തില്‍ തകര്‍ന്ന വീട് പുതുക്കി പണിയാന്‍ ഉദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ അത് കൂടുതല്‍ നഷ്ടമുണ്ടാക്കിയതിന്റെ നിരാശയിലാണ് ഇദ്ദേഹം.തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടക്കാത്തതിനാല്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ' തണ്ണീര്‍മുക്കം ബണ്ടിന്റെ അമ്പത് ഷട്ടറുകളും തുറന്നിരിക്കുകയാണ്. അതിനാല്‍ തന്നെ കൊച്ചിക്കായലില്‍ ഉണ്ടാവുന്ന വേലിയേറ്റത്തിനും ഇറക്കത്തിനും സമാനമായ രീതിയിലാണ് കുട്ടനാട്ടിലും ഉണ്ടാവുന്നത്. പെട്ടിയുടേയും മോട്ടര്‍ത്തറയുടേയും മുകളില്‍ വരെ വെള്ളമെത്തുന്നു. അങ്ങനെ വന്നാല്‍ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ കഴിയില്ല. അഥവാ കഷ്ടം സഹിച്ചും പമ്പ് ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിന്റെ വൈബ്രേഷന്‍ താങ്ങാതെ ചിലപ്പോള്‍ മട വീഴും. അതോടെ ഉള്ളതും കൂടി തീരും.' യുവ കര്‍ഷകനായ മങ്കൊമ്പ് മേടയില്‍ അരുണ്‍ പറയുന്നു. തണ്ണീര്‍മുക്കം ബണ്ട് വര്‍ഷകാലത്ത് 90 ദിവസങ്ങള്‍ തുറന്നിടണമെന്നാണ് വ്യവസ്ഥയെങ്കിലും പലപ്പോഴും കര്‍ഷകരുടെ ആവശ്യ പ്രകാരം അത് 65 ദിവസത്തിലേക്ക് വരെ ചുരുങ്ങാറുണ്ട്. എന്നാല്‍ ഇത്തവണത്തെ പ്രളയവും മഴയും ഉണ്ടാക്കിയ പ്രത്യേക സാഹചര്യത്തില്‍ ബണ്ട് ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങളോളം പണി പൂര്‍ത്തിയാവാതെ കിടന്ന ബണ്ടിന്റെ ഷട്ടറുകളെല്ലാം ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തിരുന്നു. മടവീഴ്ചയാണ് ഇത്തവണ കുട്ടനാടിനെ പ്രതികൂലമായി ബാധിച്ച മറ്റൊരു ഘടകം. രാമരാജപുരം കായല്‍, മംഗലം, തൊള്ളായിരം കായല്‍ തുടങ്ങി അഞ്ച് പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടാവുകയും വ്യാപകമായ നഷടങ്ങള്‍ക്ക് വഴി വക്കുകയും ചെയ്തു.

ജില്ലാ സഹകരണ ബാങ്കിന്റെ കണക്ക് പ്രകാരം സഹകരണ ബാങ്കുകളില്‍ നിന്ന് 26 കോടി രൂപയാണ് കര്‍ഷകര്‍ വായ്പയെടുത്തിരിക്കുന്നത്. 1667 കര്‍ഷകര്‍ക്കാണ് രണ്ടാം കൃഷിക്കായി മാത്രം ബാങ്കുകള്‍ വായ്പ നല്‍കിയത്. മറ്റ് ബാങ്കുകളില്‍ വസ്തു ഈട് വച്ചും സ്വര്‍ണം പണയപ്പെടുത്തിയും എടുത്ത വായ്പകള്‍ അതിലുമേറെ വരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഏതാണ്ട് അമ്പത് കോടി രൂപ വിവിധ ബാങ്കുകളില്‍ നിന്ന് മാത്രമായി വായ്പയെടുത്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൃഷി വെള്ളത്തിലായതോടെ ഇതിന്റെ തിരിച്ചടവ് മുടങ്ങും. ഈ സാഹചര്യത്തില്‍ പുഞ്ച കൃഷിയ്ക്ക് ബാങ്കുകളില്‍ നിന്ന് ധനസഹായം ലഭിക്കുന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
കാവാലം പണിക്കപ്പറമ്പില്‍ ഗോപന്‍ പറയുന്നു
കഴിഞ്ഞ പുഞ്ചയില്‍ അത്യാവശ്യം മോശമില്ലാതെ ലാഭം കിട്ടിയതുകൊണ്ട് പലിശക്കാരെ ആശ്രയിക്കാതെ ബാങ്കില്‍ നിന്നുള്ള വായ്പയില്‍ മാത്രം കാര്യങ്ങള്‍ നിന്നു. പക്ഷെ അതിന്റെ തിരിച്ചടവെല്ലാം മുടങ്ങും. കൈക്കടം തീര്‍ക്കാനുള്ള പൈസ പോലും പാടത്ത് നിന്ന് കിട്ടുമെന്ന് തോന്നുന്നില്ല. പുഞ്ചയിറക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ അറിയാന്‍ പോവുന്നത്. കടം തീര്‍ക്കാതെ ഒരു ബാങ്കും കാശ് തരില്ല.'

ഒരു ഹെക്ടര്‍ നിലത്ത് ചുരുങ്ങിയത് അയ്യായിരത്തിലധികം രൂപയുടെ നഷ്ടം ഉണ്ടാവുമെന്നാണ് കര്‍ഷകരുടെ കണക്ക് കൂട്ടല്‍. ഇതുവരെ കൊയ്ത്ത് നടത്തിയ പാടങ്ങളില്‍ ശരാശരി ഹെക്ടറിന് 5675 രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. ഇനി കൊയ്യാനുള്ളത് ഏറെക്കുറെ വെള്ളക്കെട്ടില്‍ നശിച്ച പാടങ്ങളായതിനാല്‍ നഷ്ടം ഏറെമെന്നും കര്‍ഷകര്‍ പറയുന്നു. ഒരു ഹെക്ടറില്‍ കൃഷി നടത്തുന്നതിന് ഒരു ലക്ഷം രൂപ ചെലവാകും. ഹെക്ടറില്‍ നിന്ന് 52 ക്വിന്റല്‍ നെല്ല് എന്നതാണ് ശരാശരി വിളവ്. ഇത്രയും വിളവ് ലഭിച്ചാല്‍ 1,67,000 രൂപ കര്‍ഷകന് ലഭിക്കും. എന്നാല്‍ ഇതേവരെ കൊയ്ത്ത് പൂര്‍ത്തിയായ പാടങ്ങളില്‍ നിന്ന് 35 ക്വിന്റല്‍ നെല്ല് മാത്രമാണ് ലഭിച്ചിട്ടുള്ളത്. 94,325 രൂപ മാത്രമാണ് ഇതുവഴി കര്‍ഷകന് ലഭിക്കുക. ' കുട്ടനാട്ടിലെ നെല്‍കൃഷി മേഖലയെ പ്രകൃതി ദുരന്ത മേഖലയായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് നൂറ് ശതമാനം ആനുകൂല്യം ലഭ്യമാക്കണം. എന്നാലേ പ്രതികൂല കാലാവസ്ഥകളില്‍ കൃഷി സാധ്യമാവൂ.' പാടശേഖര ഏകോപന സമിതി സെക്രട്ടറി എം കെ വര്‍ഗീസ് പറഞ്ഞു.

വിള ഇന്‍ഷൂറന്‍സ് നല്‍കും-മന്ത്രി

കുട്ടനാട്ടില്‍ കൃഷി നാശം സംഭവിച്ച കൃഷിക്കാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിള ഇന്‍ഷുറന്‍സ് തുക എത്രയും വേഗം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും കൃഷി വികസന വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഴിമുഖത്തോട് പറഞ്ഞു. 'നല്ലവിളവ് കര്‍ഷകര്‍ക്കുണ്ടാവുന്ന സാഹചര്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന മഴ പ്രതീക്ഷകളെ തെറ്റിക്കുകയായിരുന്നു. സംസ്ഥാന ഇന്‍ഷുറന്‍സും കേന്ദ്ര ഇന്‍ഷുറന്‍സും സംയുക്തമായി നടപ്പാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ 35,000 രൂപ ഹെക്ടറിന് നല്‍കുന്ന ഇന്‍ഷുറന്‍സ് സ്‌കീമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 13,000രൂപ മാത്രമായിരുന്നു വിള ഇന്‍ഷുറന്‍സ് തുക. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള ചര്‍ച്ച കഴിഞ്ഞു. എത്രയും പെട്ടെന്ന് വിള ഇന്‍ഷുറന്‍ തുക നല്‍കും. കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചര്‍ക്ക് കഴിഞ്ഞ പ്രളയക്കെടുതിയില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. വിത്ത് ക്ഷാമം ഉണ്ടാവില്ല. ആവശ്യമായ വിത്ത് വിതയുടെ സമയക്രമം അനുസരിച്ച് ഇടതടവില്ലാതെ ലഭ്യമാക്കും. മടവീണിടത്ത് അത് ശരിയാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പിങ് കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ത്ത് വരുകയാണ്'. കഴിഞ്ഞ തവണ മടകുത്തിയ സ്ഥലത്ത് തന്നെ ഇത്തവണയും മടവീണ സാഹചര്യം പഠിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ 26.90 രൂപ വച്ച് നെല്ല് സംഭരിക്കുകയാണെന്നും കൃഷി നാശത്തിന്റെ ഭാരം പേറുന്ന കര്‍ഷകരുടെ മേല്‍ അധിക നഷ്ടം അടിച്ചേല്‍പ്പിക്കാതെ നെല്ല് സംഭരണം നടത്തുന്ന കാര്യം ഭക്ഷ്യവകുപ്പുമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

തുലാം പത്തിന് വിതക്കേണ്ടിയിരുന്ന പുഞ്ച കൃഷി ഇനിയും കുട്ടനാട്ടില്‍ ആരംഭിച്ചിട്ടില്ല. കൃഷി ആരംഭിക്കുന്നതിനുള്ള നിലമൊരുക്കല്‍ പോലും പൂര്‍ത്തിയായില്ല. ഇപ്പോഴും നിലങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതാണ് പ്രതികൂലമായി നില്‍ക്കുന്നത്. രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളും കൊയ്ത്ത് കഴിഞ്ഞ് പുഞ്ച കൃഷിക്കായി ഒരുക്കേണ്ട സമയം കഴിഞ്ഞു. കര്‍ഷകനായി ടിന്റോ കെ എടയാടി പറയുന്നു ' സാധാരണ വിതയിറക്കേണ്ട സമയം കഴിഞ്ഞു. തുലാം മാസത്തില്‍ വിതയിറക്കിയാലേ കാലാവസ്ഥ അനുകൂലമായി നല്ല വിളവ് ലഭിക്കുകയുള്ളൂ. ഇപ്പോള്‍ വൃശ്ചിക മാസം ആവുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാത്തതിനാല്‍ നിലമൊരുക്കല്‍ നടപടികള്‍ തുടങ്ങിയിട്ടില്ല. 15 ദിവസത്തെ ഒണക്ക് കിട്ടിയാലേ നിലമൊരുക്കാന്‍ കഴിയൂ. പക്ഷെ അപ്പോഴേക്കും വിതയിറക്കേണ്ട സമയം കടന്ന് പോവും. അതിനിടയില്‍ മഴ പെയ്താല്‍ വീണ്ടും കൃഷി നീളും.' ടിന്റോയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ പുഞ്ചയില്‍ നിന്ന് മൂന്നിരട്ടി ലാഭം കിട്ടിയിരുന്നു. രണ്ടാംകൃഷി ചെയ്യാതെ പുഞ്ചക്കായി പാടത്തെ ഒരുക്കാനിരുന്നതാണ് ഇയാള്‍. തുലാമാസത്തിലെ നേരിയ മഴയും വൃശ്ചികം, മകരം മാസങ്ങളിലെ മഞ്ഞും വെയിലുമാണ് കൃഷിക്ക് അനുകൂല സാഹചര്യം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് വൃശ്ചികത്തിലും വിതയിറക്കാന്‍ കഴിയില്ലെന്ന് ടിന്റോ പറയുന്നു. 'വിത താമസിക്കുമ്പോള്‍ കൊയ്ത്ത് വരിക ജൂണ്‍, ജൂലൈ മാസങ്ങളിലായിരിക്കും. ഈ മാസങ്ങളില്‍ മണ്‍സൂണ്‍ എത്തിയാല്‍ അത് കൊയ്ത്തിനെയും ബാധിക്കും. കഴിഞ്ഞ വര്‍ഷം മഞ്ഞ് കൂടുതലായിരുന്നത് വിളവ് ഏറാന്‍ ഒരു കാരണമായിട്ടുണ്ട്. ഈ വര്‍ഷം മഞ്ഞ് കൂടുതലുണ്ടായാല്‍ പോലും ആ സമയത്ത് കതിരിടാന്‍ സാധ്യതയില്ലാത്തതിനാല്‍ ആ ആനുകൂല്യവും ലഭിക്കില്ല. കടുത്ത ചൂടിന്റെ സമയത്ത് കതിരുണ്ടായാല്‍ പൂവ് കരിഞ്ഞ് പോവാനുമിടയുണ്ട്.'. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ കീടശല്യവും കീടങ്ങള്‍ പരത്തുന്ന രോഗങ്ങളും നെല്ലിനെ ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്ക പങ്കുവക്കുന്നു. രണ്ടാം കൃഷി വെള്ളത്തിലാവുകയും പുഞ്ച കൃഷി ആരംഭിക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ കേരളത്തിന്റെ നെല്ലുല്പാദനത്തില്‍ ഗണ്യമായ കുറവ് വരുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.


Next Story

Related Stories