TopTop
Begin typing your search above and press return to search.

ജ. മുഹമ്മദ്‌ കമ്മീഷന്‍: ഇങ്ങനെ പണം കളയാനില്ല; ഒന്നുകില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, അല്ലെങ്കില്‍ വൈകുന്നതിന്റെ കാരണം പറയണം; സ്വരം കടുപ്പിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍

ജ. മുഹമ്മദ്‌ കമ്മീഷന്‍: ഇങ്ങനെ പണം കളയാനില്ല; ഒന്നുകില്‍ റിപ്പോര്‍ട്ട്  സമര്‍പ്പിക്കണം, അല്ലെങ്കില്‍ വൈകുന്നതിന്റെ കാരണം പറയണം; സ്വരം കടുപ്പിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍

കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ല കോടതി പരിസരത്തും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇത് എട്ടാം തവണയാണ് കമ്മിഷന്‍ കാലാവധി നിട്ടുന്നത്. 2016-ല്‍ നിയോഗിച്ച ഏകാംഗ കമ്മീഷന് മൂന്നു മാസത്തേക്ക് കൂടി സമയം നീട്ടിനല്‍കാനാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനം. 2019 നവംബര്‍ 13-ന് കമ്മിഷന്‍ കാലാവധി അവസാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നതാണ്. അതിനകം തന്നെ അഞ്ചു തവണയായി 30 മാസം കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ 2019 നവംബറിനുശേഷം രണ്ടുതവണ കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നിട്ടും കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എട്ടാം തവണയും കാലാവധി നീട്ടിയിരിക്കുന്നത്. 1,84,76,933 രൂപയാണ് ഇതുവരെ കമ്മീഷന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കി മൂന്നര വര്‍ഷം കഴിയുമ്പോഴും പ്രാഥമിക മൊഴിയെടുക്കലുകളല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ഒരു തവണപോലും സിറ്റിംഗും നടത്തിയിട്ടില്ല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുത്തന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നാണ് പരമ്പരാഗത മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (കെയുഡബ്ല്യുജെ) - ഉം പറയുന്നത്. കമ്മീഷന്‍ കാലാവധി നീട്ടിക്കൊണ്ടു പോകാതെ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഇപ്പോഴത്തെ ആവശ്യം. അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമാണ് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് അഴിമുഖത്തോട് പറഞ്ഞത്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സഹകരിച്ചും സൗഹാര്‍ദ്ദപരമായുമായാണ് ഇപ്പോള്‍ പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ പ്രശ്‌നം ഉടനെ പരിഹരിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ഇ.എസ് സുഭാഷ് പറഞ്ഞു.

നിഷ പുരുഷോത്തമന്‍, ഇ.എസ് സുഭാഷ്

എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എന്തുകൊണ്ട് ഇത്രയും കാലതാമസം വരുന്നുവെന്നത് വ്യക്തമാക്കാന്‍ ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മീഷന്‍ തയ്യാറാകണമെന്നുമാണ് കെയുഡബ്ല്യുജെ സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമന്‍ ആവശ്യപ്പെടുന്നത്. കമ്മീഷന്റെ ആവശ്യം ഏകപക്ഷീയമായി അംഗീകരിച്ചുകൊടുക്കാതെ, പൊതുഖജനാവിന് നഷ്ടമുണ്ടാക്കാതെ, എന്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നുവെന്നു കമ്മീഷനോട് ചോദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നിഷ പുരുഷോത്തമന്‍ ഈ വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിച്ചു.

'സമൂഹത്തിലെ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങള്‍ തമ്മില്‍ കുറച്ചു കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നിന്നൊരു പ്രശ്‌നം. അതിലൊരു പരിഹാരം ഉണ്ടാക്കാനായി പരിണതപ്രജ്ഞനായൊരു ജഡ്ജിയെ ചുമതലപ്പെടുത്തി ഒരു കമ്മിഷന്‍ രൂപീകരിക്കുക. അഭിഭാഷകകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റീസ് പി എ മുഹമ്മദ് കമ്മിഷനെ നിയോഗിക്കുന്നിടം വരെ കാര്യങ്ങള്‍ നല്ലരീതിയില്‍ പോയി. പിന്നീടതിന്റെ സ്വഭാവം മാറി. അധികം ആളുകള്‍ ഉള്‍പ്പെട്ടതോ ജാതിമതസ്പര്‍ദ്ധ ഉണ്ടാക്കുന്നതോ ആയ ഒരു വിഷയമായിരുന്നില്ല കമ്മിഷനു മുന്നിലുണ്ടായിരുന്നത്. ഹൈക്കോടതിയില്‍ ഉണ്ടായ ചെറിയ തര്‍ക്കം അവിടെ നിന്നും വളര്‍ന്ന് വഷളാവുകയായിരുന്നു. സമൂഹത്തോട് വളരെ ഉത്തരവാദിത്വം പുലര്‍ത്തിക്കൊണ്ട് പക്വതയോടെ ജോലി ചെയ്യുന്ന രണ്ടു തൊഴില്‍ വിഭാഗങ്ങളായിരുന്നു ആ പ്രശ്‌നത്തിന്റെ ഇരുവശവും നിന്നിരുന്നത്. അവരെ രണ്ടു കൂട്ടരെയും വിളിച്ചിരുത്തി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇത്രയും സമയം വേണോ എന്നതാണ് ചോദ്യം.

സര്‍ക്കാരിന്റെ ധൂര്‍ത്ത് അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും, പ്രത്യേകിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആ ചുമതല കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യുന്നവരാണ്. അങ്ങനെയുള്ളവര്‍ കക്ഷികളായ ഒരു പ്രശ്‌നത്തില്‍ കമ്മിഷന്‍ ഇത്തരത്തില്‍ കാലാവധി നീട്ടിക്കൊണ്ടു പോകുന്നത് ശരിയായ നടപടിയല്ല. എത്രയും വേഗം കമ്മിഷന്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. കെയുഡബ്ല്യുജെ ആവശ്യപ്പെടുന്നതും അതാണ്.

സംസ്ഥാനത്ത് ഇതിനകം എത്രയോ കമ്മിഷനുകളെ നാം കണ്ടു. ഇതില്‍ എത്ര കമ്മിഷനുകള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടുണ്ട്? വളരെ കുറച്ചുമാത്രം. നമ്മുടെ മുന്നില്‍ തെളിവുകളുണ്ട്. അതുകൊണ്ട് തന്നെ മുഹമ്മദ് കമ്മിഷനോടും നമുക്ക് ചോദിക്കേണ്ടതുണ്ട്; എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ കാലാവധി നീട്ടിക്കൊണ്ടു പോകുന്നു? അതിന്റെ കാരണം വ്യക്തമാക്കണം. മാധ്യമപ്രവര്‍ത്തകരോ അഭിഭാഷകരോ കമ്മിഷനോട് നിസ്സഹകരണം കാണിക്കുന്നുണ്ടോ? ഉണ്ടെങ്കിലത് വ്യക്തമാക്കണം. ഒരു ജനാധിപത്യവ്യവസ്ഥയ്ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ബാധ്യതയുണ്ട്. പൊതുഖജനാവില്‍ നിന്നും പണമെടുത്താണ് ഇതെല്ലാം ചെയ്യുന്നത്. എന്തുകൊണ്ട് ഇത്രനാളായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുന്നില്ല? എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകരോടോ അഭിഭാഷകരോടോ തുറന്നു പറയണം. ഉണ്ടെങ്കില്‍, അതില്‍ പരിഹാരം കാണാം. അതൊന്നുമില്ലാതെ ഏകപക്ഷീയമായി കാലാവധി നീട്ടിക്കൊണ്ടു പോവുക, കമ്മിഷന്‍ പറയുന്നത് ഏകപക്ഷീയമായ സര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കുക; ഇതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവണതകളാണ്.

പ്രളയവും മഹാമാരികളും വന്ന നാടാണിത്. രാജ്യം തന്നെ സാമ്പത്തികമായി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഇങ്ങനെ പണം കളയാന്‍ നമ്മുടെ കൈയിലില്ല. അതുകൊണ്ട്, ജനങ്ങളോടും സമൂഹത്തോടും ഉത്തരവാദിത്തമുണ്ടെങ്കില്‍ എന്തുകൊണ്ട് കാലാവധി നീട്ടിക്കൊണ്ടുപോകുന്നു എന്നു പറയാന്‍ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിഷന്‍ തയ്യാറാകണം, അക്കാര്യം ചോദിക്കാന്‍ സര്‍ക്കാരും തയ്യാറാകണം'; നിഷ പുരുഷോത്തമന്‍ വ്യക്തമാക്കി.

2016 നവംബര്‍ എട്ടാം തീയതിയിലെ എസ്ആര്‍ഒ നം.686/2016 വിജ്ഞാപനം അനുസരിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം അന്വേഷിക്കാന്‍ കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റീസ് പി എ മുഹമ്മദിനെ കമ്മിഷനായി നിയമിക്കുന്നത്. 2019 ജൂണ്‍ 20വരെയുള്ള കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി എണ്‍പത്തിനാല് ലക്ഷത്തി എഴുപത്താറായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്ന് രൂപ (1,84,76,933) രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 2019 ജൂണ്‍ 27 ന് കെ സി ജോസഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായ വിജയന്‍ നല്‍കിയ മറുപടിയിലായിരുന്നു ജ. മുഹമ്മദ് കമ്മിഷന് വേണ്ടി സര്‍ക്കാര്‍ കോടികള്‍ കോടികള്‍ ചെലവാക്കിയതിന്റെ കണക്ക് പുറത്തു വന്നത്. എന്തിനാണ് ഇത്രയും തുക ചെലവഴിച്ചതെന്നതിനെ കുറിച്ച് യാതൊരു വിശദീകരണവും മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായില്ല. ഇത്രയും കാലത്തിനിടയില്‍ ജ. മുഹമ്മദ് കമ്മിഷന്‍ താന്‍ നിയോഗിക്കപ്പെട്ട ചുമതലയിലിരുന്ന് എന്തൊക്കെ ചെയ്തുവെന്നതും അജ്ഞാതമാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങളിലൊന്നും ഇതുവരെ യാതൊരു വ്യക്തതയും പൊതുസമൂഹത്തിന് നല്‍കിയിട്ടില്ല.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories