TopTop
Begin typing your search above and press return to search.

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ(21) ആണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടുംസംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അര്‍ധരാത്രി വെട്ടേറ്റു. സോമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്.



Next Story

Related Stories