TopTop

ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍ കെട്ടിടം അനധികൃതമെന്ന് രേഖകള്‍, ലക്ഷങ്ങളൊക്കെ 'വെറുതെ'യങ്ങ് വേണ്ടെന്നു വയ്ക്കുന്ന മരട് നഗരസഭ -പരമ്പര: ഭാഗം 2

ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍ കെട്ടിടം അനധികൃതമെന്ന് രേഖകള്‍, ലക്ഷങ്ങളൊക്കെ

ലേക് ഷോര്‍ ആശുപത്രിക്ക് നല്‍കിയ വഴിവിട്ട സഹായങ്ങള്‍ മാത്രമല്ല, കേരള സംസ്ഥാന ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് മരട് നഗരസഭയില്‍ നടത്തിയ ഓഡിറ്റിംഗിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു തദ്ദേശഭരണസ്ഥാപനം നിയമങ്ങളും ചട്ടങ്ങളും അവഗണിച്ച്, സ്വാര്‍ത്ഥതാത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് മരട് നഗരസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിക്കൊണ്ടാണ്, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി നഗരസഭ 'ഉപകാരങ്ങള്‍' ചെയ്തു കൊടുക്കുന്നത്. സാധാരണക്കാരോട് നികുതി പിരിവിലും ചട്ടങ്ങള്‍ പാലിക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ച്ചയും ചെയ്യാത്ത ഉദ്യോഗസ്ഥര്‍ ഉന്നതര്‍ക്കുവേണ്ടി നിയമങ്ങളെല്ലാം മാറ്റിവയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

2018 മാര്‍ച്ചില്‍ അഴിമുഖം 'സ്വന്തം സ്‌കൂളിനെ മരട് നഗരസഭ കൊല്ലുന്നു; കയ്യേറ്റം എതിര്‍ത്ത പ്രധാനാധ്യാപികയെ അസഭ്യം വിളിച്ച് വൈസ് ചെയര്‍മാന്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കുണ്ടന്നൂര്‍ ജെബിഎസ് സ്‌കൂളില്‍ നഗരസഭ നടത്തിയ കയ്യേറ്റങ്ങളെക്കുറിച്ചായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെയോ സ്‌കൂള്‍ അധികൃതരുടെയോ അനുവാദമില്ലാതെ നഗരസഭ പദ്ധതികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തോന്നിയപോലെ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ വാര്‍ത്ത. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പോലും മറികടന്നായിരുന്നു, സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന തരത്തില്‍, കയ്യേറ്റം എന്നു വിളിക്കാവുന്ന തരത്തില്‍ സ്‌കൂള്‍ വക സ്ഥലമേറ്റൈടുത്ത് (ഈ സ്ഥലമാകട്ടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെതാണ്, നഗരസഭയുടെതല്ല) ഓഡിറ്റോറിയവും പാര്‍ക്കിംഗ് ഏരിയായുമെല്ലാം സ്ഥാപിച്ചത്. ഇതിനെ ചോദ്യം ചെയ്ത പ്രധാനാധ്യാപികയെ അസഭ്യം പറയുകയായിരുന്നു ജനപ്രതിനിധികള്‍ ചെയ്തത്. ഇക്കാര്യം ഇപ്പോള്‍ വീണ്ടും പറയാന്‍ കാരണം, ഒരു പൊതുവിദ്യാലയത്തോട് കാണിച്ച സമീപനത്തിന്റെ ചരിത്രം മരട് നഗരസഭയ്ക്ക് ഉള്ളത് ഇങ്ങനെയാണെങ്കില്‍, സ്വകാര്യ സ്‌കൂളിന്റെ കാര്യത്തില്‍ മറിച്ചാണ് എന്നു പറയാനാണ്. സ്വകാര്യ സ്‌കൂളിന്റെ കെട്ടിടം അനധികൃതമാണെങ്കിലും, അതിന് നികുതി ഈടാക്കേണ്ടതാണെങ്കിലും അതിനോടെല്ലാം കണ്ണടച്ചു കാണിക്കാന്‍ നഗരസഭയ്ക്ക് യാതൊരു മടിയുമില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

കെട്ടിടം അനധികൃതം, നികുതി ഈടാക്കാനും മടി

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മരട് നഗരസഭയുടെ കുറ്റകരമായ അനാസ്ഥയായി ചൂണ്ടിക്കാണിക്കുന്നത് അനധികൃതമെന്ന് കണ്ടെത്തിയ സ്‌കൂള്‍ കെട്ടിടത്തിനുമേല്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് മുതിരുന്നില്ല എന്നതാണ്. നഗരസഭയിലെ 15 -ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിന് വാര്‍ഷിക വാടകയുടെ അടിസ്ഥാനത്തില്‍ 2009-10 രണ്ടാം അര്‍ദ്ധവര്‍ഷം മുതല്‍ അനധികൃത കെട്ടിടങ്ങളായി കണക്കാക്കി (U/a) നികുതി നിര്‍ണയിച്ചു നല്‍കിയെങ്കിലും അത് ഈടാക്കാന്‍ നഗരസഭ തയ്യാറായില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രസ്തുത കെട്ടിടങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നികുതി അടപ്പിച്ചതിന്റെ വിശദാംശങ്ങള്‍ ഓഡിറ്റ് എന്‍ക്വയറിക്ക് വേണ്ടി ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ നല്‍കിയ മറുപടിയില്‍, നിശ്ചയിച്ചതിന്‍ പ്രകാരമുള്ള നികുതി ഒടുക്കിയിട്ടില്ലെന്നു സമ്മതിക്കുന്നുണ്ട്. 2009-10 രണ്ടാം അര്‍ദ്ധവര്‍ഷം മുതല്‍ 2015-16 രണ്ടാം അര്‍ദ്ധ വര്‍ഷം വരെ 12,87, 254 രൂപയാണ് വസ്തു നികുതിയിനത്തില്‍ നഗരസഭയ്ക്ക് കിട്ടേണ്ടിയിരുന്നത്. ഇത്ര വര്‍ഷത്തെ കുടിശ്ശിക ഉണ്ടായിട്ടും അത് ഈടാക്കാന്‍ മരട് നഗരസഭ തയ്യാറായിട്ടില്ലെങ്കില്‍, അതാരെ സംരക്ഷിക്കാന്‍ എന്നാണ് ചോദ്യം? നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയും സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ഒരു സ്‌കൂളിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നുമില്ല.


ഗ്രിഗോറിയന്‍ സ്‌കൂളിന്റെ വിശദീകരണം

ഗ്രിഗോറിയന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന വസ്തുതകള്‍ നിഷേധിച്ചുകൊണ്ടാണ് അഴിമുഖത്തോട് സംസാരിച്ചത്. ഒരുതരത്തിലുമുള്ള നിയമലംഘനങ്ങളും സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍ സെക്രട്ടറി ഫാ. ബേബി പറഞ്ഞു. 'നഗരസഭയുമായി നാളിതുവരെയുള്ള എല്ലാ ഇടപാടുകളും തീര്‍ത്തിട്ടുള്ളതാണ്. അതുമായി ബന്ധപ്പെട്ടുള്ള രേഖകളുമുണ്ട്. സ്‌കൂളിന് ഒരു കടവും നഗരസഭയുമായിട്ടില്ല. നികുതിയെല്ലാം തന്നെ അടച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിട്ടങ്ങളൊന്നും തന്നെ അനധികൃതമല്ല. അവര്‍ പറഞ്ഞ തുക മുഴുവനായി നല്‍കിയിട്ടുമുണ്ട്. സ്‌കൂള്‍ ഇപ്പോള്‍ നൂറുശതമാനവും നല്ലരീതിയില്‍ മുന്നോട്ടുപോവുകയുമാണ്'.ഫാ. ബേബി പറഞ്ഞു.

പട്ടികജാതിക്കാര്‍ക്കായുള്ള സ്ഥലം വാങ്ങല്‍ പദ്ധതി; നഗരസഭയുടെ നഷ്ടം 13,84,560

2015-16 കാലത്ത് മരട് നഗരസഭ പ്രഖ്യാപിച്ച 'പട്ടികജാതി വിഭാഗത്തിന് സ്ഥലം വാങ്ങല്‍' എന്ന പദ്ധതിയുടെ (66/16 എന്ന നമ്പരില്‍ രേഖപ്പെടുത്തിയിരിക്കുന്ന പദ്ധതി) നടത്തിപ്പിനായി വികസനഫണ്ടില്‍ നിന്നും ബില്‍ നംബര്‍ 35/1516/3.2016 പ്രകാരം 87,87,939 രൂപ പിന്‍വലിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് 19.12 സെന്റ് ഭൂമി(7.74 ആര്‍ വസ്തു) വാങ്ങിയതിലും അപാകതകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

എറണാകുളം ജില്ല കളക്ടര്‍ മുഖാന്തിരം കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഈ വസ്തുവിന് നിശ്ചയിച്ച വില 68,45,898 രൂപയാണ്. എന്നാല്‍ മരട് നഗരസഭ കൗണ്‍സിലിന്റെ 2016 മാര്‍ച്ച് 23 ലെ നമ്പര്‍ തീരുമാനപ്രകാരം പ്രസ്തുത വസ്തുവിന് 81,28,125 രൂപ വില നല്‍കി വാങ്ങാനാണ് തീരുമാനിച്ചത്. ഇത് ചട്ടവിരുദ്ധമായ തീരുമാനമാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. GO(p) 18/98/LAD നമ്പര്‍ ഉത്തരവ് പ്രകാരം ജില്ല കളക്ടറുടെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കേറ്റിനേക്കാള്‍ 30 ശതമാനം വരെ solatium അനുവദിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, അത് 15,00,000 രൂപയില്‍ താഴെയുള്ള വാങ്ങലുകള്‍ക്കായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഇവിടെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ആദ്യം നിശ്ചയിച്ച തുക 68,45,898 ലക്ഷം രൂപയായിരുന്നു. അതായത്, ഇത്രയും വലിയ തുകയ്ക്ക് മേല്‍ വീണ്ടും solatium അനുവദിക്കാന്‍ വകുപ്പില്ല. ഈ ഉത്തരവിലെ അഞ്ചാം ഖണ്ഡിക പ്രകാരം 15,00,000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്‍ നിലവിലെ ആക്ടിനു വിധേയമായി മാത്രമേ നടത്താവൂ എന്നു വ്യക്തമായി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അധികം തുക നല്‍കേണ്ട പക്ഷം Right to fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act 2013 പ്രകാരം Negotiation നടത്തുന്നതിനായി ജില്ല കളക്ടറെ ചുമതലപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഈ ആക്ടിനും സര്‍ക്കാര്‍ ഉത്തരവിനും വിരുദ്ധമായി അധിക തുക നല്‍കി ഈ ഭൂമി വാങ്ങാനാണ് നഗരസഭ തീരുമാനിച്ചത്. ഇതിനായി ഭൂമി വിലയിനത്തില്‍ 81,28,125 രൂപയും വസ്തുവിന്റെ രജിസ്ട്രേഷന്‍ ചെലവിനായി 6,59,814 രൂപയും ഉള്‍പ്പെടെ ആകെ 87,87,939 രൂപ വികസന ഫണ്ടില്‍ (എസ് സി പി) നിന്നും പിന്‍വലിച്ചു. ഇത്തരമൊരു തീരുമാനപ്രകാരം അധിക വില നല്‍കി വസ്തു വാങ്ങിയതു മൂലം വികസന ഫണ്ടിനുണ്ടായ നഷ്ടമായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് 13,84,560 ലക്ഷം രൂപയാണ്.


ലക്ഷ്വറി ടാക്‌സ് പിരിക്കില്ല, സാധാരണക്കാരെ പിഴിയുന്ന കുത്തക സ്ഥാപനത്തോടും നഗരസഭയുടെ കരുണ

മരട് നഗരസഭയുമായി ബന്ധപ്പെട്ട് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വേറെയുമുണ്ട് കെടുകാര്യസ്ഥതകള്‍. നഗരസഭ പരിധിയില്‍ വരുന്ന കല്യാണ മണ്ഡപം, ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് ഈടാക്കേണ്ട ലക്ഷ്വറി ടാക്സിന്റെ കാര്യത്തില്‍ വന്‍വീഴ്ച്ചയാണ് വരുത്തിയിരിക്കുന്നത്. Kerala taxes on luxury(Acts 32 of 1976) ലെ വകുപ്പ് (എച്ച്) പ്രകാരം ദിവസേന മൂവായിരം മുതല്‍ പതിനായിരം വരെ വാടക വാങ്ങുന്ന കല്യാണ മണ്ഡപം, ഹാള്‍, ഓഡിറ്റോറിയം എന്നിവയില്‍ നിന്നും വര്‍ഷം 20,000 രൂപ വരെ ലക്ഷ്വറി ടാക്‌സ് ഈടാക്കി അത് സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതാണ്. എന്നാല്‍, മരട് നഗരസഭ പരിധിയില്‍ വരുന്ന ഇത്തരം ഹാളുകളില്‍ നിന്നും നികുതി ഈടാക്കുന്നില്ലെന്നാണ് ഓഡിറ്റ് എന്‍ക്വയറിയില്‍ കണ്ടെത്തിയത്. സര്‍ക്കാരിലേക്ക് കിട്ടേണ്ട ലക്ഷങ്ങളാണ് ഇതുമൂലം നഷ്ടമായിരിക്കുന്നത്.

ഇതു കൂടാതെയുള്ള മറ്റൊരു ഗുരുതരമായ പരാതി അബാദ് ന്യൂക്ലിയസ് മാളുമായി ബന്ധപ്പെട്ടുള്ളതാണ്. കേരള മുന്‍സിപ്പാലിറ്റി ആക്ട് 1994 ലെ വകുപ്പ് 475 പ്രകാരം നഗരസഭ പരിധിയില്‍ സ്വകാര്യ വണ്ടിത്താവളങ്ങള്‍ (Parcking areas) പ്രവര്‍ത്തിക്കുന്നതിന് നഗരസഭയില്‍ നിന്നുള്ള ലൈസന്‍സ് ആവശ്യമാണ്. ഇങ്ങനെയൊരു നിയമം ഉണ്ടെന്നിരിക്കെയാണ് നഗരസഭ പരിധിയില്‍ വരുന്ന അബാദ് ന്യുക്ലിയസ് മാളില്‍ വരുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഈ സ്ഥാപനം ഫീസ് ഈടാക്കുമ്പോഴും അവരോട് ചട്ടപ്രകാരമുള്ള ലൈസന്‍സ് ഫീസ് ഈടാക്കാന്‍ തയ്യാറാകാതെ നഗരസഭ സഹായം ചെയതു കൊടുക്കുന്നതായാണ് ഓഡിറ്റിംഗ് എന്‍ക്വയറിയില്‍ കണ്ടെത്തിയത്. വാര്‍ഷിക ലൈസന്‍സ് ഫീസായി 3000 രൂപവരെ ഈടാക്കാമെന്നിരിക്കെയാണ്, കുത്തക സ്ഥാപനം സാധാരണ ജനങ്ങളില്‍ നിന്നും പണം പിരിക്കുകയും അവര്‍ക്ക് ഒരു തദ്ദേശസ്വയഭരണ സ്ഥാപനം വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നതും.

ലക്ഷങ്ങളൊക്കെ വെറുതെയങ്ങ് വേണ്ടെന്നു വയ്ക്കും

സാധാരണക്കാരന്‍, നഗരസഭയിലേക്ക് അടയ്ക്കേണ്ട വീട്ടു കരത്തിലോ മറ്റോ കുടിശ്ശിക വരുത്തിയാല്‍ എന്തായിരിക്കും നേരിടേണ്ടി വരുന്ന നടപടികള്‍? എന്നാല്‍, ലക്ഷങ്ങള്‍ കുടിശ്ശികയിട്ടാലും ചിലരുടെ കാര്യത്തില്‍ മരട് നഗരസഭയ്ക്ക് യാതൊരു പരാതിയുമില്ല. അത്തരത്തിലൊരു ഉദ്ദാഹരണമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഈ വിഷയം.

നഗരസഭ പരിധിയില്‍ വരുന്ന തേവര-കുണ്ടന്നൂര്‍ പാലത്തിലെ ലാമ്പ് പോസ്റ്റുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് പരസ്യം ചെയ്യുന്നതിനുള്ള കരാര്‍ എടുത്ത സ്വകാര്യ വ്യക്തി കരാര്‍ ലംഘിച്ചിട്ടും തിരിച്ചു പിടിക്കേണ്ട തുക പൂര്‍ണമായി ഈടാക്കാന്‍ നഗരസഭയ്ക്ക് മടി! 2015 ല്‍ പരസ്യ ബോര്‍ഡുകള്‍ വയ്ക്കാനുള്ള അവകാശം നല്‍കുമ്പോള്‍ പറഞ്ഞിരുന്ന കരാര്‍, പരസ്യം ചെയ്യുന്നതിനുള്ള അവകാശത്തിന്റെ വാടകയായി നിശ്ചയിച്ച 2,10,000 രൂപയില്‍ കരാര്‍ ഒപ്പിടുന്ന ദിവസം ആദ്യ ഗഡുവായ 70,000 രൂപയും ബാക്കി തുക മൂന്നു മാസത്തിനുള്ളില്‍ തുല്യ ഗഡുക്കളായും അടയ്ക്കണമെന്നായിരുന്നു. തുക അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഒരു ശതമാനം പിഴയും ഈടാക്കാം. കരാര്‍ ലഭിച്ച വ്യക്തി ആദ്യ ഗഡുവായ 70,000 രൂപ അടച്ചെങ്കിലും തുടര്‍ന്നുള്ള ഗഡുക്കള്‍ അടച്ചില്ല. കരാര്‍ ലംഘനം നടത്തിയെന്നു കണ്ട്, ഈ വ്യക്തിയില്‍ നിന്നും പരസ്യം ചെയ്യാനുള്ള അവകാശം മാറ്റി പകരം മറ്റൊരാള്‍ക്ക് നല്‍കിയെങ്കിലും, നഗരസഭയ്ക്ക് കിട്ടേണ്ട പണം മുന്‍ കരാറുകാരനില്‍ നിന്നും വാങ്ങിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ യാതൊരു താത്പര്യവും കാണിച്ചില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2,10,000 രൂപയില്‍ ആദ്യ ഗഡുവായ 70,000 രൂപയും നഗരസഭ തനതു ഫണ്ടിലേക്ക് നല്‍കിയ 10,000 രൂപയും മാത്രമാണ് മുന്‍ കരാറുകാരനില്‍ നിന്നും ആകെ കിട്ടിയത്. ബാക്കിയുള്ള 1.30,000 രൂപയും കരാര്‍ പ്രകാരം ഇടാക്കാവുന്ന പിഴപ്പലിശയും ഈടാക്കാന്‍ നഗരസഭ തയ്യാറായിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

വ്യാപകമായി നടക്കുന്ന ഇത്തരം നിയമലംഘനങ്ങളും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി അന്വേഷിച്ചാല്‍ മരട് നഗരസഭയിലെ അഴിമതിയുടെ പൂര്‍ണ ചിത്രം പുറത്തു വരുമെന്നു ചൂണ്ടിക്കാട്ടിയാണ് കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ മരട് നഗരസഭയിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്മാന്റെ മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മരട് നഗരസഭയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാനായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി സ്വീകരിച്ച ഓംബുഡ്സ്മാന്‍ മൂന്നു സിറ്റിംഗുകളാണ് നടത്തിയത്.

(തുടരും)


Next Story

Related Stories