TopTop
Begin typing your search above and press return to search.

മുസ്ലീങ്ങളെ ആശ്ലേഷിക്കുന്ന മാര്‍പ്പാപ്പയെ സിറോ മലബാര്‍ സിനഡ് മറന്നെന്ന് വൈദികരും വിശ്വാസികളും, 'ലൗ ജിഹാദു'മായി ബിജെപി അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തെരുവിലേക്കെന്ന് മുന്നറിയിപ്പ്

മുസ്ലീങ്ങളെ ആശ്ലേഷിക്കുന്ന മാര്‍പ്പാപ്പയെ സിറോ മലബാര്‍ സിനഡ് മറന്നെന്ന് വൈദികരും വിശ്വാസികളും, ലൗ ജിഹാദുമായി ബിജെപി അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തെരുവിലേക്കെന്ന് മുന്നറിയിപ്പ്

ബിജെപി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുകയും മുസ്ലിം വിരുദ്ധതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന സിറോ മലബാര്‍ സഭ സിനഡിനെതിരേ സഭയ്ക്കുള്ളില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം രൂപപ്പെടുന്നു. 'ലൗ ജിഹാദ്', സംസ്ഥാന സര്‍ക്കാരിന്റെ മുസ്ലിം പ്രീണനം തുടങ്ങിയ പ്രകോപനപരമായ പ്രതികരണങ്ങള്‍ സിനഡ് തിരുത്തണമെന്നാണ് പുരോഹിതരും വിശ്വസികളും അടക്കം ആവശ്യപ്പെടുന്നത്. ഇതിനായി സമ്മേളനങ്ങളും ക്യാമ്ബയിനുകളും സംഘടിപ്പിക്കാനാണ് വിശ്വാസി സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരേ ശബ്ദം ഉയര്‍ത്തുന്നവരെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട്, പറഞ്ഞ കാര്യങ്ങളില്‍ യാതൊരുവിധത്തിലുള്ള തിരുത്തലുകള്‍ക്കും തയ്യാറല്ലെന്ന നിലപാടാണ് സഭാ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. സിറോ മലബാര്‍ സഭയ്ക്കുള്ളിലെ ചേരിപ്പോര് വീണ്ടും ശക്തമാക്കുകയാണ് പുതിയ വിവാദം.

ലോകത്താകമാനവും ഇന്ത്യയിലും, പ്രത്യേകിച്ച്‌ കേരളത്തിലും ക്രിസ്ത്യന്‍ മത സമൂഹം നേരിടുന്ന ആക്രമണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും അവഗണനകള്‍ക്കും ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലാണ് സിറോ മലബാര്‍ സഭ സിനഡ് നിലപാട് എടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനം. ജനുവരി 14,15 തീയതികളിലായി നടന്ന സിനഡില്‍ നിന്നുണ്ടായ പ്രസ്താവനകള്‍ ഈ വിമര്‍ശനത്തെ സാധൂകരിക്കുന്നതുമാണ്. വിവിധ അന്വേഷണ ഏജന്‍സികള്‍ പലവിധത്തില്‍ അന്വേഷിച്ചിട്ടും തെളിവില്ലെന്നു കണ്ട് തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണം, നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ വീണ്ടുമുയര്‍ത്തിക്കൊണ്ടുവന്ന സഭ സിനഡിന്റെ പ്രവര്‍ത്തി യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു പരസ്യമായി തന്നെ സഭ സുതാര്യ സമതി, അല്‍മായ മുന്നേറ്റം തുടങ്ങിയ വിശ്വാസി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ബോധപൂര്‍വം പ്രണയിച്ച്‌ വിവാഹം കഴിച്ച്‌ മതം മാറ്റി തീവ്രവാദ സംഘടനകളില്‍ എത്തിക്കുകയാണെന്നായിരുന്നു സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള സിനഡ് സമിതിയുടെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക മത വിഭാഗത്തെ മാത്രമായി സഹായിക്കുന്നുവെന്നും ഇത് ന്യൂനപക്ഷ ക്ഷേമത്തിലെ വിവേചനമാണെന്നുമുള്ള തരത്തില്‍ മുസ്ലിം സമുദായത്തെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തിയും സിനഡ് പ്രസ്താവനയിറക്കിയിരുന്നു. തുടര്‍ച്ചയായി നടത്തുന്ന മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ സംഘപരിവാറിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെയും സഹായിക്കാന്‍ വേണ്ടിയാണെന്ന ഗൗരവമായ ആരോപണവും വിശ്വാസി സംഘടനകള്‍ നടത്തിയിരുന്നു. പൊതുസമൂഹത്തിനു മുന്നില്‍ ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റിയും സിറോ മലബാര്‍ സഭ മുസ്ലിം വിരുദ്ധ സമീപനം കൈക്കൊള്ളുന്ന സഭയാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ക്യാമ്ബയിനുകള്‍ നടത്തുന്നതെന്നാണ് അല്‍മായ മുന്നേറ്റ പ്രതിനിധികളും സഭ സുതാര്യ സമിതി പ്രതിനിധികളും അഴിമുഖത്തോട് പറഞ്ഞത്. ഏതാനും പേരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മാത്രമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലുള്ളതെന്ന ആക്ഷേപവും പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു.

വിശ്വാസികളെക്കാള്‍, സിനഡിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുന്നത് പുരോഹിതരാണ്. സഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളും പ്രവര്‍ത്തികളും ഒരു തരത്തിലും തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സഭ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ പറയുന്നത്. ഭൂമി പ്രശ്‌നവും സാമ്ബത്തിക തട്ടിപ്പുകളും പുറത്തു കൊണ്ടുവന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പക്ഷത്തിനെതിരേയും നിയമപരമായും സഭാപരമായും പോരാട്ടം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും മറ്റൊരു പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണെന്നാണ് പൗരത്വ ഭേദഗതി ബില്ലിലും ലൗ ജിഹാദ് ആരോപണത്തിലും കര്‍ദിനാളിനും സിനഡിനുമെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കത്തോലിക്ക സഭ പ്രസിദ്ധീകരണമായ സത്യദീപത്തിലൂടെ സിനഡിനെതിരേയും കര്‍ദിനാളിനെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചും എറണാകുളം അതിരൂപത വൈദീക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ലേഖനം എഴുതിയതും ഇതിന്റെ തെളിവാണ്. ശക്തമായ ഭാഷയിലായിരുന്നു 'വരികള്‍ക്കിടയിലൂടെ' എന്ന പംക്തിയില്‍ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ലൗ ജിഹാദ് ആരോപണത്തിലും പൗരത്വ ഭേദഗതി ബില്‍ പിന്തുണയ്ക്കലിനുമെതിരേ സിനഡിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം പ്രതികരണങ്ങള്‍ ഈയൊരു സാഹചര്യത്തില്‍ ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നായിരുന്നു ഫാ. മുണ്ടാടന്‍ അഴിമുഖത്തോട് പറഞ്ഞത്. ഇന്നത്തെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സിനഡില്‍ നിന്നുമുണ്ടായതുപോലുള്ള പ്രസ്താവനകള്‍ ഒരിക്കലും നമുക്ക് അംഗീകരിക്കാനോ സ്വീകരിക്കുവാനോ സാധ്യമല്ല. ആരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെങ്കിലും യാതൊരു തരത്തിലും അംഗീകരിച്ചു കൊടുക്കരുത്. വ്യത്യസ്ത മതങ്ങള്‍, ഒരു സമൂഹത്തില്‍ എത്രയോ സൗഹാര്‍ദ്ദപരമായും സമാധനത്തോടെയുമാണ് വസിച്ചു പോരുന്നത്. അത്തരമൊരിടത്ത് ഒരു പ്രശ്‌നം ചിലര്‍ ചേര്‍ന്ന് ഉണ്ടാക്കുമ്ബോള്‍ അവിടെ സമാധാനപരമായും സമന്വയത്തോടെയും ഐക്യാഹ്വാനത്തോടെയും ഇടപെടലുകള്‍ നടത്തണം. അതിനു പകരം പ്രശ്‌നങ്ങള്‍ വലുതാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയാല്‍ വിപരീതഫലമാണ് ഉണ്ടാവുക.

എന്‍ ഐ എ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത 'ലൗ ജിഹാദ്' കണ്ടെത്തി ആലഞ്ചേരി 'പോലീസ്', സംഘപരിവാര്‍ ചട്ടുകമാകാന്‍ തങ്ങളെ കിട്ടില്ലെന്ന് വിശ്വാസികള്‍

സാധാരണയൊരാളല്ല മതസൗഹാര്‍ദ്ദവും സാമൂഹിക ഐക്യവും തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തിയിരിക്കുന്നതെന്നോര്‍ക്കണം. ഒരു മതത്തിന്റെ ഉയര്‍ന്ന നേതാക്കളാണ്. യാതൊരു സാമാന്യബുദ്ധിയും ഇല്ലാത്ത തരത്തിലുള്ള പ്രസ്താവനകളാണവ. ഹിന്ദു മതത്തിലായാലും മുസ്ലിം-ക്രൈസ്തവ മതങ്ങളിലായാലും തീവ്രവാദവും തീവ്രവാദികളുമുണ്ട്. എന്നാലവര്‍ ആ മതത്തിന്റെ യഥാര്‍ത്ഥ അനുയായികളല്ല, തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും മതമില്ല. ഈ കേരളത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും കാലങ്ങളായി സൗഹാര്‍ദ്ദത്തോടെയാണ് കഴിഞ്ഞു വരുന്നത്. ഡോ. അംബ്ദേക്കറും കൂട്ടരും വിശുദ്ധവും മഹത്തരവുമായൊരു ഭരണഘടനയാണ് നമുക്ക് എഴുതിയുണ്ടാക്കി തന്നത്. ആ ഭരണഘടനയ്ക്ക് കോട്ടം തട്ടുന്നതായ ഒരു കാര്യം സംഭവിക്കുമ്ബോള്‍, അതില്‍ എന്തൊക്കെ വിശദീകരണം ആരൊക്കെ നല്‍കിയാലും അതുള്‍ക്കൊള്ളാന്‍ ഒരു ഇന്ത്യക്കാരന് കഴിയില്ല. അതു മനസിലാക്കണമായിരുന്നു സഭാ നേതാക്കന്മാര്‍. സാമാന്യബുദ്ധിയോ ശ്രദ്ധയോ ഗൗരവമോ ഇല്ലാതെ ഒരു പ്രസ്താവനയിറക്കാന്‍ സിനഡ് പോലൊരു സമിതി തയ്യാറാകരുതായിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്താണ്, ആരാണോ ഈ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനായി ഇറങ്ങിയിരിക്കുന്നത്, അവര്‍ക്ക് അടിക്കാനൊരു വടി കൊണ്ടുപോയി കൊടുത്തിരിക്കുന്നു. ഇതൊന്നും ഒരിക്കലും ക്രൈസ്തവ രീതിയല്ല. ഇന്നത്തെ ലോകത്തിന്റെ ധാര്‍മിക ശബ്ദമായി നിലകൊള്ളുന്നൊരാളാണ് ഫ്രാന്‍സീസ് മാര്‍പാപ്പ. അദ്ദേഹം മുസ്ലിം സമുദായത്തോട് കാണിക്കുന്ന സ്‌നേഹവും സാഹോദര്യവും ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം തന്നിലേക്ക് മുസ്ലിം സഹോദരങ്ങളെ സ്വീകരിക്കുകയാണ്. അങ്ങനെയൊരു മാര്‍പാപ്പയുടെ കാലത്ത് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ കേരളത്തിലെ സഭ നടത്തുന്നുവെന്നതാണ് സങ്കടകരമായ കാര്യം.

സിനഡിന്റെ പ്രസ്താവനകള്‍ അബദ്ധമായോ നാക്കു പിഴയായോ കാണാന്‍ കഴിയില്ല. ഉന്നത പദവി വഹിക്കുന്നവര്‍ കൂടിയിരുന്നാലോചിച്ച്‌ എടുത്ത തീരുമാനമാണ് പ്രസ്താവനയായി ഇറക്കിയത്. ആ പ്രസ്തവാന കേരളത്തിലെ മത സൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ശക്തിയുള്ളതുമാണ്. അതിനാല്‍ തന്നെ സുമനസ്‌കരായ എല്ലാവരും സിനഡിന്റെ പ്രസ്താവനകള്‍ക്കെതിരേ പ്രതികരിക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. ആ അഭിപ്രായം പങ്കുവച്ചുകൊണ്ടാണ് സത്യ ദീപത്തില്‍ ലേഖനം എഴുതിയതും.

കുര്യാക്കോസ് മുണ്ടാടന്റെ വിമര്‍ശനങ്ങളെ തങ്ങളും തള്ളിക്കളയുന്നുവെന്ന നിലപാടാണ് സിറോ മലബാര്‍ സഭ ആസ്ഥാനത്തില്‍ നിന്നുണ്ടായിരിക്കുന്നത്. ഫാദര്‍ മുണ്ടാടന്റെ ലേഖനം വന്ന സത്യദീപത്തിന് സീറോ മലബാര്‍ സഭയുമായോ കത്തോലിക്ക സഭയുമായി നേരിട്ട ബന്ധമില്ലെന്നാണ് സഭ ഔദ്യോഗികമായി പറയുന്നത്. കത്തോലിക്ക സഭ മുഖപത്രമെന്നും സിറോ മലബാര്‍ സഭ മുഖപത്രമെന്നും സത്യദീപത്തെ മാധ്യമങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നതിനെതിരേ ഔദ്യോഗിക പ്രസ്താവനയും സഭ വക്താവ് പുറത്തിറക്കിയിരുന്നു. എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണം മാത്രമാണ് സത്യദീപമെന്നും കത്തോലിക്ക സഭ മുഖപത്രമെന്നോ, സിറോ മലബാര്‍ സഭ മുഖപത്രമെന്നോ ഈ പ്രസിദ്ധീകരണത്തെ വിശേഷിപ്പിക്കരുതെന്നുമാണ് സിറോ മലബാര്‍ സഭ പിആര്‍ഒ ഫാ. എബ്രഹാം കാവില്‍പുരയിടത്തിലിന്റെ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ലൗ ജിഹാദ്, പൗരത്വ ബില്‍ വിഷയങ്ങളില്‍ സഭയ്ക്കുള്ളില്‍ നിന്നു തന്നെ സിനഡിനെതിരേ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.

ആര്‍എസ്‌എസിന് നാവ് വാടകയ്ക്ക് കൊടുക്കും മുമ്ബ് സഭ ഓര്‍ക്കണം സംഘ്പരിവാര്‍ ക്രൈസ്തവരോട് ചെയ്തത്

സിനഡിനെയും സഭ അധ്യക്ഷനെയും വിമര്‍ശിച്ച്‌ ഫാ.കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ ലേഖനത്തിനെതിരേ ആലഞ്ചേരി പക്ഷം രംഗത്തു വന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ സത്യദീപത്തിന്റെ കോപ്പികള്‍ കത്തിച്ചും ഫാ. മുണ്ടാടനെതിരേ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയുമാണ് ആലഞ്ചേരി പക്ഷത്തിന്റെ എതിര്‍പ്പുകള്‍. അതേസമയം ഫാ. മുണ്ടാടന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ സത്യദീപം കത്തിച്ചത് അടക്കമുള്ള പ്രവര്‍ത്തികള്‍ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഏതൊരു പൗരന്റെയും കടമയാണെന്നും അതിനെ ഹനിക്കുന്ന ബിജെപി ഗവണ്മെന്റ്‌ന്റെ നയം തന്നെയാണ് സഭയിലെ ചില സംഘടനകളെ ഉപയോഗിച്ച്‌ ചിലര്‍ നടത്തുന്നതെന്നും ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തിയില്ലെങ്കില്‍ എറണാകുളം അതിരൂപതയില്‍ ഒരിടത്തും സഭയുടെ ദിനപത്രം ഇനി ഉണ്ടാകുകയില്ലെന്നുമാണ് അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം താക്കിത് നല്‍കിയിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ ശക്തമാകുമ്ബോഴും സിനഡ് ഇക്കാര്യത്തില്‍ വിശദീകരണത്തിനൊന്നും തയ്യാറാകുന്നില്ലെന്നത് അവരുടെ ഗൂഢാലോചനകളുടെ ഭാഗമാണെന്നാണ് വിശ്വാസി സംഘടനകള്‍ പറയുന്നത്. സീറോ മലബാര്‍ സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ നിന്ന് വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമാണ് ലൗ ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നതിലൂടെ കാണാനാകുന്നതെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം പ്രസിഡന്റ് അഡ്വ. ബിനു ജോണും വക്താവ് റിജു കാഞ്ഞൂക്കാരനും പറയുന്നത്. 'പൗരത്വ നിയമം പോലെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ പോലും കൃത്യമായി പ്രതികരിക്കാത്ത സീറോ മലബാര്‍ സഭാ സിനഡ് 'ലവ് ജിഹാദ്' വിഷയം ഉന്നയിച്ചു സര്‍ക്കുലര്‍ ഇറക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തത് സഭ നേരിടുന്ന ആഭ്യന്തര വിഷയങ്ങളില്‍ നിന്ന് വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢശ്രമമാണ്. സഭ നേരിടുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഒന്നിനെയും അഡ്രസ്സ് ചെയ്യാതെയാണ് 'ലവ് ജിഹാദ്' ഒരു വലിയ സംഭവമായി പൊതുസമൂഹത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സഭയില്‍ ഒരു കാലഘട്ടത്തിലും കണ്ടിട്ടില്ലാത്ത വിധം അഴിമതി, സാമ്ബത്തിക ക്രമക്കേട്, ഭൂമി കുംഭകോണം, മെത്രാന്മാരും വൈദീകരും ഉള്‍പ്പെടെയുള്ള ലൈംഗിക പീഡന-ബലാത്സംഗം പോലുള്ള ആരോപണങ്ങള്‍, വൈദീകരും മെത്രാനുമൊക്കെ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയുമൊക്കെ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ കത്തോലിക്ക സഭയ്ക്ക് നേരിടേണ്ടി വരുമ്ബോള്‍, അതിലൊന്നും ആശങ്കപ്പെടാതെ, ഒരു തെളിവ് പോലും ഇല്ലാത്ത 'ലവ് ജിഹാദ്'എന്ന വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നത് കേരളത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം നശിപ്പിക്കാനും വര്‍ഗീയ വേര്‍തിരിവിനും കാരണമാവും'; അല്‍മായ മുന്നേറ്റം പ്രസിഡന്റ് അഡ്വ. ബിജു ജോണ്‍ പറയുന്നു.

ബിജെപി സര്‍ക്കാരിനെ പ്രീണിപ്പിച്ച ജയിലില്‍ പോകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി സ്വന്തം തടി മാത്രം രക്ഷിക്കാന്‍ സഭ അധ്യക്ഷന്‍ ഉള്‍പ്പെടെയുളളവര്‍ നടത്തി വരുന്ന കളികളുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നിലുമെന്നാണ് സഭ സുതാര്യ സമിതി ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍ അഴിമുഖത്തോട് പറയുന്നത്. കേരളത്തില്‍ നടക്കുന്ന മിശ്രവിവാഹങ്ങളില്‍ 75% വും ഹിന്ദു-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ ആണ് അതിനെ കുറിച്ച്‌ ഒന്നും പറയാതെ 25% വരുന്ന മുസ്ലിം-ക്രിസ്ത്യന്‍ വിവാഹത്തെ കുറിച്ച്‌ പറയുന്നതില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ആ അജണ്ടയുടെ ഭാഗമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.സിറോ മലബാര്‍ സഭയുടെ പരമാധികാര ബോഡിയാണ് സിനഡ്. ആ സിനഡില്‍ നിന്നും ഉണ്ടാകുന്ന ഓരോ വാക്കിനും അത്രയേറെ പ്രധാന്യമാണ് ഒരോ സഭാ വിശ്വാസിയും നല്‍കുന്നത്. അങ്ങനെയൊരിടത്തു നിന്നു തന്നെയാണ് സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടായിരിക്കുന്നതെന്നോര്‍ക്കണം. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ തന്നെ മനസിലാകുന്നതേയുള്ളൂ. സഭയിലെ പ്രമുഖന്മാര്‍ നേരിടുന്ന കേസുകളില്‍ നിന്നും ആരോപണങ്ങളിലും നിന്നും അവര്‍ക്ക് രക്ഷപ്പെടണം! അത്തരം വിഷയങ്ങളില്‍ നിന്നും വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിച്ചു വിടുക! ഇന്ത്യ ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പിന്തുണ നേടിയെടുക്കാന്‍ സഭയിലെ ചിലര്‍ ശ്രമം നടത്തി വരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിനുവേണ്ടി ചരടു വലിക്കുന്നവര്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നികുതി വെട്ടിപ്പോ, സാമ്ബത്തിക തട്ടിപ്പോ, ഭൂമി കച്ചവട കുംഭകോണമോ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തിട്ടുള്ളവരാണ്. സഭ തലവന്‍ ഉള്‍പ്പെടെ ആ കൂട്ടത്തിലുണ്ടെന്നത് ഏവര്‍ക്കുമറിയാവുന്ന കാര്യവുമാണ്. അവര്‍ക്ക് രക്ഷപ്പെടണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കനിയണം. അതിനുവേണ്ടി ബിജെപിയും സംഘപരിവാറും കൊണ്ടു വരുന്ന പൗരത്വഭേദഗതി ബില്ലോ അതുപോലുള്ള എന്തിനെയും പിന്തുണയ്ക്കും. അതിനു തെളിവാണല്ലോ, ബിജെപി കേരള ഘടകം പുറത്തിറക്കിയ പൗരത്വ ഭേദഗതി ബില്ലിനെ ന്യായീകരിക്കുന്ന നോട്ടീസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതു കൂടാതെയാണ് പിഒസി ഡയറക്ടറും കെസിബിസി പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ആലഞ്ചേരിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടില്‍ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച്‌ ജന്മഭൂമിയില്‍ ലേഖനമെഴുതിയതും. ഇതെല്ലാം ഒരു പ്രീ-പ്ലാന്‍ഡ് ഓപ്പറേഷന്‍ ആണ്. ഇവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടുന്നതിലൂടെ സഭയ്‌ക്കോ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കോ യാതൊരു ഗുണവും ഉണ്ടാകില്ലെന്നതും കൂടി ഇവിടെയുള്ള ഓരോ സാധാരണ നി വിശ്വാസിയും മനസിലാക്കണം. ഇതെല്ലാം വെറും പുക മാത്രമാണ്. ഭൂമി കച്ചവട വിവാദത്തില്‍, കര്‍ദിനാളും കൂട്ടരും സഭയ്ക്കും അതിരൂപതയ്ക്കും ഉണ്ടാക്കി വച്ച സാമ്ബത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ട നടപടികളുമായി ബന്ധപ്പെട്ട തീരുമാനം ഉള്‍്‌പെടെ ഒട്ടേറ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഇക്കഴിഞ്ഞ സിനഡിനു മുന്നില്‍ വച്ചിരുന്നതാണ്. അതിലൊന്നില്‍ പോലും തീരുമാനം എടുക്കയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. സഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കാതെ, എല്ലാവരും മറന്ന ലൗ ജിഹാദും കൊണ്ടു വന്നതിലൂടെ സഭ വിശ്വാസികളെയും സമൂഹത്തെയും കബളിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇതൊന്നും ആത്യന്തികമായ വിജയമല്ല.

EDITORIAL: ഇന്ന് ഞാന്‍ നാളെ നീ? കനകപുരയില്‍ ഉയരുന്ന ക്രിസ്തുവിന്റെ പ്രതിമയോട് ആര്‍എസ്‌എസിന് എന്താണ് പ്രശ്നം?


Next Story

Related Stories