TopTop

സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭ സെക്രട്ടറിക്കെതിരെ 'മാല്‍ അഡ്മിനിസ്‌ട്രേഷന്‍' കുറ്റം ചുമത്തി ഓംബുഡ്‌സ്മാന്‍, ഫ്ലാറ്റ് പൊളിയിലും പാഠം പഠിക്കാതെ മരട്-ഭാഗം 3

സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭ സെക്രട്ടറിക്കെതിരെ

സംസ്ഥാന ഓഡിറ്റ് വകുപ്പ് കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ചട്ടം പ്രകാരം 2013-14, 2014-15,2015-16 വര്‍ഷങ്ങളില്‍ നടത്തിയ ഓഡിറ്റിംഗില്‍ നഗരസഭയുടെ വഴിവിട്ട നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മരട് നഗരസഭയില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ മരട് സഗരസഭ സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ മുന്‍പാകെ പരാതി നല്‍കുന്നത്. പരാതി സ്വീകരിച്ച ഓംബുഡ്‌സ്മാന്‍ എറണാകുളത്ത് നടത്തിയ മൂന്നു സിറ്റിംഗുകളിലേക്കും നഗരസഭ സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഉത്തരവിട്ടെങ്കിലും ഒറ്റ സിറ്റിംഗില്‍ പോലും മരട് നഗരസഭയിലെ സെക്രട്ടറി പങ്കെടുത്തില്ല. സെക്രട്ടറിയുടെ പ്രതിനിധിയായി പോലും ആരെയും അയച്ചില്ല. മൂന്നു തവണയും നഗരസഭ സെക്രട്ടറി സിറ്റിംഗില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന്, സെക്രട്ടറിയുടെ വീഴ്ച്ച 'മാല്‍ അഡ്മിനിസ്‌ട്രേഷന്‍' എന്ന കുറ്റമായി കണക്കാക്കി സ്വമേധയ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്നാണ് 2020 ജനുവരി 17 ന് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ കെ ദിനേശന്‍ ഉത്തരവ് ഇറക്കുകയുണ്ടായി. അടുത്ത സിറ്റിംഗില്‍ പങ്കെടുത്ത്, മുന്‍ സിറ്റിംഗുകളില്‍ ഹാജരാകാതിരുന്നതിന് വിശദീകരണം നല്‍കാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. നിലവിലെ സെക്രട്ടറിയായ മുഹമ്മദ് ആരിഫ് ഖാനെ തല്‍സ്ഥാനത്തു നിന്നും നീക്കാന്‍ വരെ ഓംബുഡ്മാന് ശുപാര്‍ശ ചെയ്യാന്‍ സാധിക്കും. അടുത്ത സിറ്റിംഗ് 2020 ജൂണ്‍ 16 നാണ് നടക്കുക.

വലിയ തോതിലുള്ള അഴിമതിയാണ് മരട് നഗരസഭയില്‍ നടന്നിരിക്കുന്നതെന്നും വിജിലന്‍സ് അന്വേഷണത്തിലൂടെ ഇക്കാര്യങ്ങള്‍ പുറത്തു വരുമെന്നുമാണ് പരാതിക്കാരനായ ചെഷയര്‍ ടാര്‍സന്‍ പറയുന്നത്. പൊളിച്ചു നീക്കിയ ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിനു പിന്നില്‍ നടന്നതുപോലെ നിരവധിയായ കള്ളത്തരങ്ങള്‍ നഗരസഭ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. "ഇപ്പോള്‍ സെക്രട്ടറിക്കെതിരേ ഓംബുഡ്‌സ്മാന്‍ 'മാല്‍ അഡ്മിനിസ്‌ട്രേഷന്‍' എന്ന കുറ്റം കണക്കാക്കി പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞരിക്കുകയാണ്. സംസ്ഥാനത്ത് ഇങ്ങനെയൊരു ഉത്തരവ് ആദ്യമായിട്ടാണ്. അതു തന്നെ മരട് നഗരസഭയില്‍ നടക്കുന്ന ചട്ടലംഘനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും എത്ര വലുതാണെന്നു കാണിക്കുന്നതാണ്"; ചെഷയര്‍ ടാര്‍സന്‍ പറയുന്നു.

അനധികൃത നിര്‍മാണത്തിന് വഴിവിട്ട് അനുമതി നല്‍കുക, പെര്‍മിറ്റ് ഫീസില്‍ വീഴ്ച്ച വരുത്തുക, അധിക എഫ് ആര്‍ എസ് ഫീസ് ഇടാക്കാതിരിക്കുക തുടങ്ങി പല തരത്തിലുള്ള കൃത്യവിലോപങ്ങളാണ് നഗരസഭയ്‌ക്കെതിരെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഴിമുഖത്തിന്റെ മുന്‍ റിപ്പോര്‍ട്ടുകളില്‍ അതേക്കുറിച്ച് പറയുന്നുണ്ട്. (ലേക് ഷോര്‍ ആശുപത്രി നടത്തിയത് ഗുരുതര നിയമ ലംഘനങ്ങള്‍, കണ്ടെത്തല്‍ മരട് നഗരസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍, 5.8 കോടി രൂപ സര്‍ക്കാരില്‍ അടച്ചെന്ന് ആശുപത്രി Part-1/ ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍ കെട്ടിടം അനധികൃതമെന്ന് രേഖകള്‍, ലക്ഷങ്ങളൊക്കെ 'വെറുതെ'യങ്ങ് വേണ്ടെന്നു വയ്ക്കുന്ന മരട് നഗരസഭ Part-2)

'ഈ ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ നാളിതുവരെ മരട് നഗരസഭ തയ്യാറായിട്ടില്ലെന്നതാണ് കുറ്റകരമായ മറ്റൊരാനാസ്ഥ. ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിച്ച് എല്ലാം പുറത്തുകൊണ്ടുവന്ന് കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യവുമായാണ് ഓംബുഡ്‌സ്മാനു മുന്നില്‍ ഹര്‍ജി എത്തുന്നത്. എന്നാല്‍ മൂന്ന് തവണ വിളിച്ചിട്ടും ഒരൊറ്റ സിറ്റിംഗില്‍ പോലും ഹാജരാകന്‍ നഗരസഭ സെക്രട്ടറിയോ പ്രതിനിധികളോ തയ്യാറാകാത്തത് തങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ്. ഓഡിറ്റ് എന്‍ക്വയറിയില്‍ കണ്ടെത്തിയിരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളാണ്. അത് വൈറ്റ് പേപ്പര്‍ എവിഡന്‍സുകളാണ്. ഊഹാപോഹങ്ങളല്ല ഒന്നും. ഗുരുതരമായ വീഴ്ച്ചയാണ് മരട് മുന്‍സിപ്പാലിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇരിക്കുന്ന സെക്രട്ടറിയാണ് കുറ്റമെല്ലാം ചെയ്തതെന്നല്ല, മുന്‍ സെക്രട്ടറിമാരായിരിക്കാം തെറ്റ് ചെയ്തിരിക്കുന്നത്. എന്നാലും നിലവിലെ സെക്രട്ടറിയാണ് ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കേണ്ടത്. മുന്‍ സെക്രട്ടറിമാര്‍ തയ്യാറാക്കിയിരിക്കുന്ന ഫയല്‍ റിപ്പോര്‍ട്ടുകള്‍ വച്ചു മാത്രമേ നിലവിലെ സെക്രട്ടറിക്ക് ഓംബുഡ്സ്മാന് മറുപടി നല്‍കാന്‍ കഴിയൂ. പരാതിക്കാരനായ എന്റെ ആവശ്യം അഴിമതി അന്വേഷിക്കാന്‍ ആദ്യം തന്നെ ഓംബുഡ്സ്മാന്‍ ഉത്തരവ് ഇടണമെന്നായിരുന്നു. എന്നാല്‍ കോടതി ഒരു മാനുഷികമൂല്യം കല്‍പ്പിച്ചാണ്, വിശദീകരണത്തിന് സെക്രട്ടറിക്ക് വീണ്ടും ഒരവസരം കൊടുത്തിരിക്കുന്നത്. എന്നിട്ടും ഒളിച്ചു കളിക്കാന്‍ നോക്കുന്നത്, ഈ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിന് ബദലായി ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടു തന്നെയാണ്. മരട് നഗരസഭയില്‍ അഴിമതി നടന്നിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം. കുറ്റക്കാരായവര്‍ക്കെ ശിക്ഷ നടപടിയെടുക്കുകയും വേണം." ചെഷയര്‍ ടാര്‍സന്‍ പറഞ്ഞു.

വിശദീകരണം നല്‍കുമെന്ന് സെക്രട്ടറി, ഉദ്യോഗസ്ഥരില്‍ കുറ്റം ചാരി ജനപ്രതിനിധികള്‍

ഓംബുഡ്സ്മാന്റെ അറിയിപ്പ് കിട്ടിയെന്നും തനിക്കെതിരേ മാല്‍ അഡ്മിനിസ്ട്രേഷന്‍ എന്ന കുറ്റം ചാര്‍ത്തുമെന്നുള്ള മുന്നറിയിപ്പിനെ കുറിച്ച് ബോധ്യപ്പെട്ടെന്നും സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ അഴിമുഖത്തോട് സമ്മതിക്കുന്നുണ്ട്. എന്നാല്‍,താന്‍ മനഃപൂര്‍വം ഓംബുഡ്സ്മാന്റെ ഹിയറിംഗില്‍ പങ്കെടുക്കാതിരിക്കുകയല്ല ഉണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. മൂന്നു സിറ്റിംഗുകളില്‍ സെക്രട്ടറി പങ്കെടുത്തില്ലെന്നാണ് ഓംബുഡ്സ്മാന്റെ വിമര്‍ശനം. "അത് ശരിയാണ്. ആദ്യത്തെ രണ്ട് ഹിയറിംഗുകള്‍ നടക്കുമ്പോഴും സെക്രട്ടറി സ്ഥാനത്ത് ഞാനായിരുന്നില്ല. ഞാന്‍ ചാര്‍ജ് എടുത്തശേഷം ഒരു ഹിയറിംഗ് ആണ് നടന്നത്. അതില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഓഡിറ്റ് ഒബ്ജക്ഷനുള്ള മറുപടികളും വിശദീകരണങ്ങളും രണ്ട് ഫയലുകളാക്കി തയ്യാറാക്കുകയായിരുന്നു. ഒന്ന്, ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാമത്തെ ഫയലില്‍, ഒന്നു രണ്ടു സെക്ഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി കിട്ടാനുള്ളതുകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹിയറിംഗില്‍ പങ്കെടുത്ത്, ഒരു ഫയല്‍ സബ്മിറ്റ് ചെയ്തശേഷം അടുത്തതിന് സമയം നീട്ടി നല്‍കണമെന്ന് അപേക്ഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഹിയറിംഗ് നടക്കുന്ന തീയതി മാറിപ്പോയതുകൊണ്ട്, എനിക്കതില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോവുകയാണുണ്ടായത്. ബോധപൂര്‍വമുണ്ടായൊരു വീഴ്ച്ചയായിരുന്നില്ലത്. പിന്നീട് ഓംബുഡ്സ്മാന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്ത ഹിയറിംഗില്‍ പങ്കെടുത്താല്‍ മതിയെന്ന് അറിയിപ്പ് കിട്ടുകയും ചെയ്തു. ഏതായാലും അടുത്ത ഹിയറിംഗില്‍ പങ്കെടുത്ത് എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കിയിരിക്കും. ആദ്യത്തെ രണ്ട് ഹിയറിംഗുകളിലും അതാത് സമയത്തെ സെക്രട്ടറിമാര്‍ പങ്കെടുക്കാതെ വന്നപ്പോള്‍, ഓംബുഡ്മാനെ ഗൗരവമായി കാണാന്‍ സെക്രട്ടറിമാര്‍ തയ്യാറാകുന്നില്ലെന്നൊരു നിഗമനത്തിലായിരിക്കണം, എനിക്കെതിരേ മാല്‍ അഡ്മിനിസ്ട്രേഷന്‍ കുറ്റം കണക്കാക്കേണ്ടി വരുമെന്ന് പറഞ്ഞത്. എന്തായാലും കാര്യങ്ങള്‍ ഓംബുഡ്സ്മാനെ ബോധിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം"; സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറയുന്നു.

നഗരസഭയില്‍ നടന്ന അധികാര ദുര്‍വിനിയോഗങ്ങളും ചട്ടലംഘനങ്ങളും സംബന്ധിച്ചുള്ള ഓഡിറ്റ് ഒബ്ജക്ഷനുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സെക്രട്ടറിയുടെ മറുപടി ഇപ്രകാരമാണ്; 'ഓംബുഡ്സ്മാന്‍ പോലുള്ള റെഗുലേറ്ററി കമ്മീഷനുകള്‍ ഇത്തരം വിഷയങ്ങള്‍ ക്ലിയര്‍ ചെയ്യാനാണല്ലോ. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലുള്ള അഴിമതികള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തും'.

ലോക്കല്‍ ഫണ്ട് വിനിയോഗത്തില്‍ ആരോപിക്കപ്പെടുന്നതുപോലെ കുഴപ്പങ്ങള്‍ ഇല്ലെന്നു പറയുന്ന സെക്രട്ടറി, നഗരസഭയ്ക്കെതിരേ ഉയരുന്നതില്‍ വെറും ഇരുപത് ശതമാനം മാത്രമേ കാര്യമുള്ള ആരോപണങ്ങളായിട്ടുള്ളൂവെന്നും ബാക്കിയെല്ലാം തന്നെ ആരോപണം ഉന്നയിക്കാന്‍ വേണ്ടി മാത്രം ആരോപണം ഉന്നയിക്കുന്നതാണെന്നും വാദിക്കുന്നു. നഗരസഭയില്‍ ലക്ഷ്വറി ടാക്സ് പിരിക്കാതിരിക്കുകയും വന്‍കിടക്കാരില്‍ നിന്നും നിയമപരമായി സ്വീകരിക്കേണ്ടേ നികുതി, പിഴ എന്നിവ വാങ്ങാതിരിക്കുകയും ചെയ്ത സംഭവങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതില്‍ സെക്രട്ടറി നല്‍കുന്ന വിശദീകരണം, അതൊന്നും സെക്രട്ടറിയുടെ വീഴ്ച്ചയല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായി ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതുകൊണ്ടാണെന്നുമാണ്. പലതും പ്രൊസീജിയര്‍ എറര്‍ മാത്രമാണെന്നും അതെല്ലാം തന്നെ ഉടന്‍ ക്ലിയര്‍ ചെയ്യുമെന്നും പറയുന്ന സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍, ഇക്കാര്യങ്ങളില്ലൊം വിശദീകരണവുമായിട്ടായിരിക്കും അടുത്ത ഹിയറിംഗിന് ഓംബു്ഡ്സ്മാനെ കാണുകയെന്നും ആവര്‍ത്തിക്കുന്നു.

അതേസമയം, നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറ, ഓംബുഡ്സ്മാന്റെ ഭാഗത്തു നിന്നുണ്ടായ നടപടിയുടെ പഴി ഉദ്യോഗസ്ഥരുടെ മേല്‍ ആരോപിക്കുകയാണ്. ഓംബുഡ്മാന്‍ ഉത്തരവുമായി ബന്ധപ്പെട്ട വിഷയം താന്‍ പത്രവാര്‍ത്തയിലൂടെ മാത്രമാണ് അറിഞ്ഞതെന്നു കൂടി നദീറ പറയുന്നുണ്ട്.

(അവസാനിച്ചു)


Next Story

Related Stories