മാധ്യമ പ്രവര്‍ത്തകയെ വീട്ടിൽക്കയറി ആക്രമിച്ച സംഭവം: പ്രസ് ക്ലബ്ബ് സെക്രട്ടറിയെ കെയുഡബ്ല്യുജെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ജില്ലയിലെ രണ്ട് വനിതാ അംഗങ്ങൾ നൽകിയ പരാതിയെത്തുടർന്ന് പത്ര-ടെലിവിഷൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ കേരളാ യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സിൽ നിന്ന് എം രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്യാൻ ജില്ലാക്കമ്മറ്റിയുടെ തീരുമാനം. വനിതാ അംഗങ്ങൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയമിക്കാനും തീരുമാനമുണ്ട്. വനിതാമാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ പരാതി കൂടി കണക്കിലെടുത്താണിത്.
വീട്ടില്‍ അതിക്രമിച്ച് കയറി മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സദാചാരാക്രമണം നടത്തിയെന്നതാണ് എം രാധാകൃഷ്ണനെതിരായ പരാതി. ഇദ്ദേഹം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കൂടിയാണ്. പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഐപിസി 451, 341 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നെറ്റവര്‍ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ എം രാധാകൃഷ്ണന് നിലവില്‍ ജോലി ചെയ്യുന്ന കേരള കൗമുദി പത്രത്തിലെ ന്യൂസ് എഡിറ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി വനിതാ മാധ്യമപ്രവർത്തകരുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ രാധാകൃഷ്ണന് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്. പത്രപ്രവര്‍ത്തക യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന് തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറയുന്നത്.
പരാതിക്കാരിയുടെ വീട്ടില്‍ പോയ കാര്യം പ്രസ്ക്ലബ് സെക്രട്ടറി രാധാകൃഷ്ണന് സമ്മതിച്ചിരുന്നു. എന്നാല്‍ സമീപത്ത് താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താന്‍ അവിടെ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റ വാദം.