Top

നാട് നടുങ്ങിയ കൊലകള്‍: ഫാദർ ബെനഡിക്ട് ഓണംകുളമല്ലെന്ന് കോടതി, മറിയക്കുട്ടിയെ കൊലപ്പെടുത്തിയതാര്?

നാട് നടുങ്ങിയ കൊലകള്‍: ഫാദർ ബെനഡിക്ട് ഓണംകുളമല്ലെന്ന് കോടതി, മറിയക്കുട്ടിയെ കൊലപ്പെടുത്തിയതാര്?

കൂടത്തായ് കൂട്ടക്കൊല സംബന്ധിച്ച വാര്‍ത്തകള്‍ നിലച്ചിട്ടില്ല. പൊലീസ് അന്വേഷണത്തെ കുറിച്ചും, പ്രതി ജോളിയെ സംബന്ധിച്ചും പുറത്തുവരുന്ന വാര്‍ത്തകളില്‍ കല്‍പിതമായതെന്ത് യാഥാര്‍ത്ഥ്യമെന്ത് എന്നത് വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കുറച്ചുനാള്‍ കൂടി ഇതിന്റെ പിന്നാലെ മാധ്യമങ്ങള്‍ ഉണ്ടാവും. മറ്റൊരു പ്രധാന വാര്‍ത്ത പുറത്തുവരുന്നതോടെ അവര്‍ അതിന് പിന്നാലെയാവും. ഇങ്ങനെ കേരളം മറന്നു തുടങ്ങിയ, എന്നാല്‍ സംഭവിച്ച കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ കൊലപാതകങ്ങള്‍ നിരവധിയുണ്ട്. അവയില്‍ ചിലതിനെക്കുറിച്ച് പരിശോധിക്കുകയാണ് അഴിമുഖം. ഈ കൊലപാതകങ്ങള്‍ എങ്ങനെയാണ് ഒരു സമൂഹമെന്ന നിലയില്‍ കേരളത്തെ ബാധിച്ചത് എന്നും പരിശോധിക്കുന്നു. ക്രൈസ്തവ സഭ പ്രതിസ്ഥാനത്ത് നിന്ന് ഒരു കൊലപാതകത്തെക്കുറിച്ച് പരിശോധിക്കുകയാണ് ആദ്യ ഭാഗത്തില്‍.

ഒരു കത്തോലിക്ക പുരോഹിതന്‍ കൊലപാതകിയായി പ്രതി ചേര്‍ക്കപ്പെട്ട കേരളത്തിലെ ആദ്യ കേസ് ആയിരുന്നു മാടത്തരുവി കൊലപാതകം. ഇത് സംസ്ഥാനത്ത് വന്‍ കോളിളക്കം തന്നെ സൃഷ്ടിച്ചു. 1966 ജൂണ്‍ 16 നാണ് വിധവയായ മറിയക്കുട്ടിയുടെ ജഡം പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്തുള്ള മാടത്തരുവിയിലെ തേയിലത്തോട്ടത്തിനടുത്ത് കണ്ടെത്തിയത്. മാടത്തരുവിയുടെ തീരത്ത് വനത്തിനഭിമുഖമായി മൃതദേഹം കിടന്നു. ശരീരത്തിന്റെ അരയ്ക്ക് മുകള്‍ഭാഗത്ത് വസ്ത്രങ്ങളുണ്ടായിരുന്നില്ല. ഇട്ടിരുന്ന ചട്ട ഒരു കയ്യുടെ ഇടയിലായി കുടുങ്ങിക്കിടന്നു. ഒരു ചെവിയുടെ അറ്റത്ത് നിന്ന് മറുചെവിയുടെ അറ്റം വരെ കഴുത്ത് മുറിച്ചിരുന്നു. ശരീരത്തില്‍ പലയിടത്തായി മുറിവുകള്‍. ശരീരത്തിന്റെ താഴെയായി ഒരു ബഡ്ഷീറ്റും അരികെ ഒരു കുടയും കിടന്നു. സുറിയാനി കത്തോലിക്ക പുരോഹിതനായിരുന്ന ബെനഡിക്ട് ഓണംകുളത്തിന് എതിരെകൊലപാതക്കുറ്റം ആരോപിക്കപ്പെട്ടു. അന്നുവരെ പുരോഹിതനെ പ്രതിചേര്‍ത്തുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നതുകൊണ്ട് തന്നെ മാടത്തരുവി കൊലപാതകം സമൂഹത്തിന് ഞെട്ടലായിരുന്നു.

മൂന്ന് പ്രാവശ്യം വിവാഹിതയായിരുന്ന മറിയക്കുട്ടി അമ്മയുടെ കൂടെ മക്കളുമൊത്ത് ആലപ്പുഴ അവലൂക്കുന്നിലായിരുന്നു താമസം. മൂന്നാം ഭര്‍ത്താവ് ശരീരം തളര്‍ന്ന് കിടപ്പിലായതോടെ വിവാഹ ബന്ധം ഉപേക്ഷിച്ച് ആലപ്പുഴയിലെ കുടുംബ വീട്ടിലായിരുന്നു മറിയക്കുട്ടിയും മക്കളും താമസിച്ചിരുന്നത്. ഫാ.ബനഡിക്ട് ഓണംകുളം വികാരിയായിരുന്ന ചക്കരക്കടപള്ളിയുടെ അല്‍പ്പം മാറിയായിരുന്നു അവരുടെ വീട്. കൂലിവേല ചെയ്തും വീടുകളില്‍ ജോലിക്ക് പോയിയും കുടുംബം പുലര്‍ത്തിയിരുന്ന അവര്‍ക്ക് മരിക്കുമ്പോള്‍ രണ്ട് വയസ്സുള്ള കുഞ്ഞുമുണ്ടായിരുന്നു.
മരിക്കുന്നതിന് തലേദിവസം മറിയക്കുട്ടി വീട്ടില്‍ നിന്ന് എവിടേക്കോ യാത്ര പോയതായി അമ്മയും പതിനാറ് വയസ്സുള്ള മകളും സാക്ഷ്യം പറഞ്ഞു. ആ ദിവസം മറിയക്കുട്ടിയെ ഫാ. ബെനഡിക്ടിനൊപ്പം ചങ്ങനാശേരിയില്‍ കണ്ടതിനും സാക്ഷികളുണ്ടായിരുന്നു. കൊല നടക്കുന്നതിന് തലേ ദിവസം ഫാ. ബെനഡിക്ട് ഓണംകുളം മറിയക്കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. കൊലനടന്ന ദിവസം സന്ധ്യ സമയത്ത് മന്ദമാരുതിയില്‍ ഫാ. ബെനഡിക്ടിനെ കണ്ടവരുമുണ്ട്. സാഹചര്യത്തെളിവുകളും മൊഴികളും ഫാ. ബെനഡിക്ടിന് എതിരായിരുന്നു. അന്വേഷണം അദ്ദേഹത്തിലേക്ക് നീണ്ടു. അന്വേഷണത്തില്‍ മറിയക്കുട്ടിയുടെ ചോര പുരണ്ട ളോഹ പുരോഹിതന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു.
തെളിവെടുപ്പ് ദിവസം പോലീസ് ജീപ്പില്‍ എത്തിയ ഫാ.ബെനഡിക്ട് സംശയമില്ലാതെ മറിയക്കുട്ടിയെ കൊല ചെയ്ത സ്ഥലവും കൊലചെയ്യാനുപയോഗിച്ച കത്തിയെറിഞ്ഞ സ്ഥലവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചൂണ്ടിക്കാണിച്ചു. കൊലപാതകം നടന്ന രാത്രി പുരോഹിതന്‍ ചങ്ങനാശേരി അരമനയില്‍ ഇല്ലായിരുന്നു എന്ന് അവിടുത്തെ അന്തേവാസികളും മൊഴി നല്‍കി. എന്നാല്‍ കോടതിയില്‍ സാക്ഷികളായി വിസ്തരിച്ചപ്പോള്‍ സാക്ഷികളില്‍ ഭൂരിഭാഗം പേരും എത്തിയില്ല. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടെടുത്ത ചങ്ങനാശേരി ബിഷപ്പ് മാത്യു കാവുകാട്ടിനെ സാക്ഷിയാക്കിയതുമില്ല. കൊല്ലം സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയെത്തുടര്‍ന്ന് 1966 നവംബര്‍ 19ന് ഫാ.ബെനഡിക്ടിന് അഞ്ച് വര്‍ഷത്തെ കഠിന തടവിനും വധശിക്ഷയ്ക്കും വിധിച്ചു. എന്നാല്‍ സഭാ നേതൃത്വം കേസ് വിട്ടില്ല. സഭ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്ന് ഹൈക്കോടതി അഭിഭാഷകനായിരുന്ന കെ ടി തോമസും സുപ്രീം കോടതി അഭിഭാഷകന്‍ എ എസ് ആര്‍ ചാരിയും ഫാ.ബെനഡിക്ടിന് വേണ്ടി വാദിച്ചു. പ്രതി കാണിച്ച് കൊടുത്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കത്തികൊണ്ട് കൊലപാതകം നടത്താന്‍ കഴിയില്ല എന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. മറിയക്കുട്ടിയെ കൊന്നതെന്ന് പറയപ്പെടുന്ന കത്തികൊണ്ട് കോഴിയെപ്പോലും കൊല്ലാന്‍ സാധിക്കില്ലെന്ന് ചാരി വാദിച്ചു. സാക്ഷി മൊഴികളേയും അദ്ദേഹം ചോദ്യം ചെയ്തു. പി ടി രാമന്‍ നായരും വി പി ഗോപാലനുമടങ്ങിയ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. കൊലപാതകം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ഫാ. ബെനഡിക്ടിനെ കോടതി വെറുതെ വിട്ടു. 1967 ഏപ്രില്‍ ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഇപ്രകാരമായിരുന്നു, 'മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താലും പോലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന നിരീക്ഷണത്താലും ഫാ. ബെനഡിക്ട് ഓണംകുളത്തെ വെറുതെ വിടുന്നു'.

നിരവധി ചോദ്യങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ് മറിയക്കുട്ടി കൊലപാതക കേസ് അവസാനിച്ചത്. മറിയക്കുട്ടിയുടെ യഥാര്‍ഥ കൊലപാതകി ആരെന്നത് ഇന്നും ഉത്തരംകിട്ടാതെ തുടരുന്നു. കൊലപാതകി ആരായിരുന്നാലും ആ കൊലപാതകവും മറിയക്കുട്ടിയുമായി ഫാ. ബെനഡിക്ട് ഏത് രീതിയിലാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.

കൊലപാതകത്തിനുപയോഗിച്ച കത്തി കിടന്ന സ്ഥലം ഫാ.ബെനഡിക്ട് തന്നയാണ് പോലീസിന് കാട്ടിക്കൊടുത്തത്. മറ്റ് സാക്ഷിമൊഴികള്‍ പ്രതി ബെനഡിക്ട് തന്നെയാണെന്നതിന് തെളിവുകള്‍ നല്‍കി. എന്നാല്‍ ഇതൊന്നും വാദത്തിനിടയില്‍ ഫാ.ബെനഡിക്ടിലേക്ക് നീണ്ടതേയില്ല. ഒരു മുതലാളിയില്‍ നിന്ന് മറിയക്കുട്ടിക്ക് മകന്‍ ഉണ്ടായിരുന്നു. വീണ്ടും ഗര്‍ഭിണിയായ മറിയക്കുട്ടി അബോര്‍ഷന്‍ നടത്തിയെന്നും അതാണ് മരണത്തില്‍ കലാശിച്ചതെന്നുമായിരുന്നു സഭയുടെ പിന്നീടുള്ള വിശദീകരണം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മറിയക്കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നോ, ഗര്‍ഭഛിദ്രമാണ് മരണത്തിന് കാരണമെന്നോ പ്രതിപാദിച്ചിരുന്നില്ല. പത്തിലേറെ മുറിവുകള്‍ മറിയക്കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ആഴത്തിലുള്ള മുറിവുകളായിരുന്നു ഇവയില്‍ ഏറെയും. രക്തം വാര്‍ന്ന് മരിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ ഹാജരാക്കപ്പെട്ട കത്തി കൊണ്ട് കൊല്ലാന്‍ കഴിയില്ലെന്ന വാദം അംഗീകരിച്ച കോടതി നടപടി പലരും ചോദ്യം ചെയ്തു.
അക്കാലത്ത് വൈദിക പട്ടത്തിന് ചേര്‍ന്നിരുന്ന ഫാ.പോള്‍ തേലക്കാട് പറയുന്നു, ' സമൂഹത്തെ ഒന്നാകെ നടുക്കിയ കേസാണ് മറിയക്കുട്ടിയുടെ കൊലപാതകം. അന്നെനിക്ക് പതിനാറോ പതിനേഴോ വയസ്സ് വരും. സമൂഹത്തിന് എന്ത് മനസ്സിലായോ അത് മാത്രമേ എനിക്കും മനസ്സിലായിട്ടുള്ളൂ. ഫാ. ബെനഡിക്ട് ആണോ കൊലപാതകം ചെയ്തതെന്ന് അറിയില്ല. ആയിരിക്കാം അല്ലായിരിക്കാം. കൊന്നു എന്നും കൊന്നില്ല് എന്നും പറയാന്‍ പറ്റാത്ത അവസ്ഥ ഇന്നും തുടരുന്നു. പക്ഷെ എന്തോ ഒരു രീതിയില്‍ ആ സ്ത്രീയുമായി അച്ചന് ബന്ധമുണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. പുരോഹിതന്‍ കൊലപാതകിയാണ് എന്നത് സമ്മതിച്ചുകൊടുക്കന്‍ ബഹുഭൂരിപക്ഷം ആളുകളും തയ്യാറായിരുന്നില്ല. അച്ചന്‍ അത് ചെയ്തിട്ടില്ല എന്നാണ് ഭൂരിപക്ഷം പേരും വിശ്വസിച്ചിരുന്നത്. അച്ചനെ അറസ്റ്റ് ചെയ്തു. തൂക്കിക്കൊല്ലാനും വിധിച്ചു. സുപ്രീം കോടതിയിലെ പേരുകേട്ട അഭിഭാഷകനായിരുന്ന ചാരിയാണ് അച്ചന് വേണ്ടി വാദിക്കാനെത്തിയത്. അന്ന് പുരോഹിതന്‍ കൊന്നു എന്ന് അസന്നിഗ്ദ്ധമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന ചൂണ്ടിക്കാട്ടിയാണ് കോടതി അച്ചനെ വെറുതെ വിട്ടത്. പിന്നീട് യതാര്‍ഥ പ്രതികള്‍ അച്ചനടുത്ത് വന്ന് കുമ്പസരിച്ചു എന്നും അച്ചനെ പറ്റിച്ചതാണെന്നുമുള്ള പുണ്യപ്പെട്ട കഥകള്‍ നിരവധി വന്നു. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്, അച്ചന് അതില്‍ എന്ത് ബന്ധം എന്നൊന്നും ആര്‍ക്കും അറിയില്ല. അതെല്ലാം, കൊലപാതകമുള്‍പ്പെടെ ഇപ്പോഴും ദുരൂഹമായി തുടരുന്നു.'

ഫാ. ബെനഡിക്ട് കുറ്റ വിമുക്തനാക്കപ്പെട്ടതിന് ശേഷം കുറേ നാള്‍ കഴിഞ്ഞ് അഭയകേസ് ചര്‍ച്ചയായ സമയത്താണ് വീണ്ടും മാടത്തരുവി കേസ് പൊങ്ങി വരുന്നത്. അഭയ കേസില്‍ വൈദികരും കന്യാസ്ത്രീയും അറസ്റ്റിലായപ്പോള്‍ മാടത്തരുവിയും ചര്‍ച്ചയായി. അന്ന് മറ്റൊരു തിരക്കഥയുണ്ടാക്കി ആരോപണങ്ങളെ നേരിടാനാണ് സഭ ശ്രമിച്ചത്. മറിയക്കുട്ടി കൊലപാതക കേസിന് 35 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ഡോക്ടറുടെ 94 വയസ്സുള്ള വിധവയും മക്കളും മുടിയബര്‍ക്കര നഴ്സിങ് ഹോമില്‍ താമസിച്ചിരുന്ന ഫാ. ബെനഡിക്ടിനെ സന്ദര്‍ശിച്ചു എന്നും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള സത്യാവസ്ഥ ബോധിപ്പിച്ചെന്നും ക്രിസ്തീയ മാധ്യമങ്ങള്‍ എഴുതി. 2000 ജനുവരി 14നാണ് ഇത് സംഭവിച്ചതെന്ന് സഭാ വക്താക്കള്‍ പറഞ്ഞു. സഭ പ്രചരിപ്പിച്ച കഥയുടെ ചുരുക്കം ഇങ്ങനെ: ഫാ. ബെനഡിക്ടിനെ കാണാനെത്തിയ സ്ത്രീയുടെ ഭര്‍ത്താവായ ഡോക്ടര്‍ മറിയക്കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്തി. ഗര്‍ഭഛിദ്രം നടത്തുന്നതിനിടെ മറിയക്കുട്ടി മരിച്ചു. മറിയക്കുട്ടിയുടെ ഗര്‍ഭത്തിലുണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛന്‍ ഒരു എസ്റ്റേറ്റ് മുതലാളിയാണ്. മറിയക്കുട്ടി അയാളെ പണവും സ്വത്തും ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നു. ഈ കഥയ്ക്കൊപ്പം ഫാ. ബെനഡിക്ടിന്റെ നിരപരാധിത്വത്തെക്കുറിച്ചും ഗര്‍ഭഛിദ്രം നടത്തി മറിയക്കുട്ടിയെ 'കൊന്ന' ഡോക്ടറുടെ കുടുംബത്തില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ചും ക്രിസ്തീയ പുരോഹിതര്‍ പത്രങ്ങളിലും മാസികകളിലും എഴുതി. എന്നാല്‍ ഇതൊന്നും ആ സമയത്ത് പുറം ലോകത്തെത്തിയില്ല. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് പൗവത്തിനോട് ഫാ. ബെനഡിക്ട് കുമ്പസരിച്ചിരുന്നു എന്നും സഭ പ്രചരിപ്പിച്ചു. സംഭവം നടന്നു എന്ന് പറയപ്പെടുന്നതിനും ഏതാണ്ട് ഒരു വര്‍ഷം കഴിയുമ്പോഴാണ് ഈ കഥകളെല്ലാം സമൂഹത്തിലേക്കെത്തുന്നത്. അപ്പോഴേക്കും ഡോക്ടറുടെ ഭാര്യ മരിച്ചിരുന്നു. എസ്റ്റേറ്റ് ഉടമയില്‍ നിന്ന് ഗര്‍ഭിണിയായ മറിയക്കുട്ടിക്കും എസ്റ്റേറ്റ് ഉടമയ്ക്കുമിടയില്‍ മധ്യസ്ഥനായിരുന്നു ഫാ. ബെനഡിക്ട് എന്നും സഭ വിശദീകരിച്ചു. പിന്നീട് സഭ കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ഫാ.ബെനഡിക്ടിന്റെ ശവകുടീരം രോഗശാന്തിയുടെ പേരില്‍ പരസ്യപ്പെടുത്തുകയും അവിടേക്ക് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഈ വഴി ഫാ. ബെനഡിക്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് സഭ ആരംഭിച്ചത്.

സഭാ നവീകരണ സമിതി അംഗം ഷൈജു ആന്റണി പറയുന്നു, 'മേരിക്കുട്ടി കൊലപാതകം അന്ന് സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ബെനഡിക്ട് ഓണംകുളം എന്ന വികാരി പ്രതിയായതായിരുന്നു അതിന് കാരണം. വൈദികരെക്കുറിച്ച് ആരോപണങ്ങള്‍ കേള്‍ക്കുന്ന സമയമല്ല. ആരോപണം കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വലിയ അത്ഭുതമുണ്ടാവുകയും ചെയ്തു. കോടതി വെറുതെ വിട്ടെങ്കിലും അച്ചനാണ് കൊലപാതകം ചെയ്തതെന്ന് ഇപ്പോഴും സമൂഹം വിശ്വസിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തില്ലെന്നും വെറുതെ ക്രൂശിക്കുകയായിരുന്നു എന്നുമുള്ള ആരോപണങ്ങള്‍ ഇപ്പോഴും സഭയില്‍ നിന്ന് വരുന്നുണ്ട്. എന്നാല്‍ അച്ചന്‍ നിഷ്‌കളങ്കനാണെന്ന് കോടതി പറഞ്ഞില്ല. നിരപരാധിയാക്കിയുമില്ല. തെളിവുകളില്ല എന്നാണ് പറഞ്ഞത്. തെളിവില്ല എന്ന കാരണം കൊണ്ട് ഒരാളെ വെറുതെ വിട്ടാല്‍ തെറ്റുകാരനല്ല എന്നല്ല. അതിന് ശേഷം അച്ചന്റെയടുത്ത് തെറ്റ് ചെയ്ത കുടുംബാംഗങ്ങള്‍ കുമ്പസാരിച്ചു, മാപ്പ് ചോദിച്ചു, തെറ്റാണെന്ന് പറഞ്ഞു എന്നെല്ലാം പറഞ്ഞ കഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കുമ്പസാരിച്ചു എന്ന് പറയുന്ന സ്ത്രീ മരിച്ചതിന് ശേഷം ആണെന്നുള്ളതാണ് വിചിത്രമായത്. അവരാരും ജീവിച്ചിരിപ്പില്ല. കഥകളെല്ലാം വെള്ളപൂശി അവതരിപ്പിക്കുകയായിരുന്നു സഭ.'
ഫാ. ബെനഡിക്ടല്ല കൊല ചെയ്തതെന്ന് ഹൈക്കോടതി പറഞ്ഞില്ല. എന്നാല്‍ ആരോപണം സംശയാതീതമായി തെളിയിക്കപ്പെട്ടില്ല എന്ന് മാത്രം പറഞ്ഞ് അച്ചനെ
നെ വെറുതെ വിടുകയായിരുന്നു. മറിയക്കുട്ടിയും ഫാ. ബെനഡിക്ടും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കറിയാം. സഭയുടെ പണവും സ്വാധീനവും ഉപയോഗിച്ച നടത്തപ്പെട്ട കേസ് കൂടിയായിരുന്നു മാടത്തരുവി കൊലക്കേസ്. ഫാ. ബെനഡിക്ട് അല്ലെങ്കില്‍ മറിയക്കുട്ടിയെ കൊലപ്പെടുത്തിയതാര് എന്ന ചോദ്യമോ അന്വേഷണമോ പോലീസിന്റെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായതുമില്ല


Next Story

Related Stories