ഭക്തസഹസ്രങ്ങള്‍ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കുശേഷമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഭക്തര്‍ക്ക് അനുഗ്രഹമായി മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് 5000 പേര്‍ക്കാണ് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്.
ഇത്തവണ പെട്ടിതുറന്നുള്ള തിരുവാഭരണ ദര്‍ശനവും വഴിനീളെയുള്ള സ്വീകരണവും കോവിഡ് കാരണം ഒഴിവാക്കിയിരുന്നു. സന്നിധാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവന്ന തിരുവാഭരണം വൈകീട്ട് ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തിച്ചു.