TopTop
Begin typing your search above and press return to search.

സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മനോരമ, 'ചോദ്യങ്ങള്‍ നേരിടാനാകാത്തപ്പോൾ മലിനമായ നിഴൽ യുദ്ധങ്ങളിലേക്ക് നീങ്ങുന്നു'

സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ,  മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മനോരമ, ചോദ്യങ്ങള്‍ നേരിടാനാകാത്തപ്പോൾ മലിനമായ നിഴൽ യുദ്ധങ്ങളിലേക്ക് നീങ്ങുന്നു

സോഷ്യല്‍ മീഡിയയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ തണലിലാണ് നടക്കുന്നതെന്ന് മലയാള മനോരമ. മുഖം രക്ഷിക്കാന്‍ സൈബര്‍ കുതന്ത്രം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ചുകൊണ്ട് മനോരമ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

കാലിക വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ ഉത്തരം മുട്ടുന്നവര്‍ സൈബര്‍ ലോകത്തെ മലിനമായ നിഴല്‍ യുദ്ധങ്ങളിലേക്ക് നീങ്ങുന്നത് മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കലാണെന്ന് പത്രം അഭിപ്രായപ്പെടുന്നു. ആരോഗ്യ കരമായ സംവാദത്തിന് പകരം അസഹിഷ്ണുതയുടെ സൈബര്‍ വാളോങ്ങി മാധ്യമപ്രവര്‍ത്തകരുടെ നേരെ തിരിയുന്നത് കണ്ടു കൊണ്ടിരിക്കാന്‍ മാധ്യമ ലോകത്തിനും പൊതുസമൂഹത്തിനും കഴിയില്ല. വ്യക്തിഹത്യ നടക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം നിലയുറപ്പിച്ച രാഷ്ട്രീയ കേരളം അപമാനിക്കപ്പെടുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. തന്റെ പ്രസ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും എഡിറ്റോറിയില്‍ ചോദ്യം ചെയ്യുന്നു. സുസജ്ജമായ സൈബര്‍ സംവിധാനം ഉണ്ടായിട്ടും കേരളമാകെ ചര്‍ച്ച ചെയ്ത വിവാദ സംഭവം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ പരാമാര്‍ശത്തെയും മനോരമ വിമര്‍ശിച്ചു.

സൈബര്‍ ആക്രമണത്തെ ന്യായികരിക്കാന്‍ ശ്രമിച്ച ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവനയേയും പത്രം വിമർശിച്ചു. അസഹിഷ്ണുത കയ്ക്കുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. സാമുഹ്യ മാധ്യമങ്ങളെ അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പാക്കി പൊലീസ് വിശ്വാസ്യത തെളിയിക്കണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു. ഇത്തരം നീച മനസ്സുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്ന നടപടി രാഷ്ട്രീയപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നും മനോരമ ആവശ്യപ്പെട്ടു. മനോരമ, ഏഷ്യാനെറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സിപിഎം അനുകൂല പേജുകളില്‍ നിന്ന് വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകള്‍ ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് ആ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി ആക്രമിക്കുന്ന പരമാര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം അനുകൂലികളെന്ന് തോന്നിക്കുന്ന ചിലര്‍ അഴിച്ചുവിട്ടത്.


Next Story

Related Stories