TopTop
Begin typing your search above and press return to search.

വീടിനുള്ളില്‍ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു; നിസഹായരായി കര്‍ഷകര്‍, തിന്നാനും കുടിക്കാനുമില്ലാതെ മൃഗങ്ങളും; മലയോര മേഖലയില്‍ മനുഷ്യ-മൃഗ സംഘര്‍ഷം പെരുകുന്നു

വീടിനുള്ളില്‍ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു; നിസഹായരായി കര്‍ഷകര്‍, തിന്നാനും കുടിക്കാനുമില്ലാതെ മൃഗങ്ങളും; മലയോര മേഖലയില്‍ മനുഷ്യ-മൃഗ സംഘര്‍ഷം പെരുകുന്നു

കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനകത്തേക്ക് കാട്ടുപന്നികള്‍ പാഞ്ഞ് കയറി. ആറ് മണിക്കൂറുകള്‍ക്ക് ശേഷം പന്നികളെ വനം വകുപ്പ് കൂട്ടിലാക്കി. കൂട്ടിലാക്കിയ പന്നികളെ കൊല്ലാതെ കൊണ്ടുപോവാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് രണ്ട് കാട്ടുപന്നികള്‍ കൂരാച്ചുണ്ട് പൂവത്തുംചോല പാലമലയില്‍ മോഹനന്റെ വീട്ടില്‍ കയറിയത്. കിടപ്പുമുറിയിലേക്ക് പന്നികള്‍ കയറിയതും വാതില്‍ അടഞ്ഞ് ഇരുവരും മുറിക്കുള്ളിലായി. വിവരമറിഞ്ഞ് പെരുവണ്ണാമുഴി ഫോറസ്റ്ററും കൂരാച്ചുണ്ട് പോലീസും സ്ഥലത്തെത്തി. എന്നാല്‍ ഡിഎഫ് ഒ എത്തിയതിന് ശേഷം മാത്രമേ പന്നികളെ തുറന്ന് വിടാവൂ എന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ച് നിന്നു. ഡി എഫ് ഒ വന്ന ശേഷം മയക്കുവെടി വച്ച് പന്നികളെ പുറത്തിറക്കണമെന്നും ശേഷം വെടിവച്ച് കൊല്ലണമെന്നായിരുന്നു പ്രദേശവാസികളും കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷനും (കിഫ) ആവശ്യപ്പെട്ടത്. കോഴിക്കോട് ഡിഎഫ്ഒ സ്ഥലത്തെത്തിയതിന് ശേഷം വനംവകുപ്പിന്റെ നേതൃത്വത്തില്‍ പന്നികളെ കൂട്ടിലടച്ചു. "വാഹനത്തില്‍ കയറ്റി വനപ്രദേശത്ത് വിടാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം. എന്നാല്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. വലിയ പ്രതിഷേധമായിരുന്നു. കൊല്ലാതെ ഇവിടെ നിന്ന് പന്നികളെ കൊണ്ട് പോവാന്‍ പറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചു. പന്നികളെ വനം വകുപ്പ് കൊല്ലുന്നില്ല എന്നാണ് അവരുടെ പരാതി. വനംവകുപ്പിനോട് നാട്ടുകാര്‍ക്ക് അതില്‍ അമര്‍ഷവുമുണ്ട്. അത് തീര്‍ക്കാനുള്ള അവസരം കൂടിയായി അവര്‍ അതിനെ ഉപയോഗിച്ചു. അവസാനം നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. അവര്‍ ചോദിക്കുന്നത് ഞങ്ങളുടെ ജീവന് വിലയില്ലേ എന്നാണ്. എന്നാല്‍ എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്ന് അവര്‍ക്ക് മനസ്സിലാവില്ല. അറിഞ്ഞുകൊണ്ട് ഒരു ജീവന്‍ കളയാന്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല", ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാട്ടുകാരും പോലീസും തമ്മില്‍ പന്നിയെ കൊല്ലുന്ന കാര്യത്തില്‍ തര്‍ക്കമായി. വനം വകുപ്പ് ഉദ്യോഗസ്ഥരും ആദ്യം എതിര്‍ത്തു. എന്നാല്‍ "കൊന്നിട്ടല്ലാതെ കൊണ്ടുപോവാന്‍ പറ്റില്ല, അല്ലെങ്കില്‍ ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്ന് പറഞ്ഞപ്പോള്‍ അവസാനം വനം വകുപ്പ് കൊന്നു", നാട്ടുകാരനായ അബ്ദുള്ള പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വനമൃഗ ശല്യം രൂക്ഷമാണെന്നും ഇതില്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ജീവനും സ്വത്തിനും ഭീഷണിയാവുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ അനുമതിയുണ്ടെങ്കിലും പദ്ധതി കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ഇവര്‍ പരാതി പറയുന്നു. കിഫ സംസ്ഥാന സെക്രട്ടറിയും കൂരാച്ചുണ്ട് നിവാസിയുമായ പ്രവീണ്‍ ജോര്‍ജ് പറയുന്നു, "വനം വകുപ്പ് പന്നികളെ പിടിച്ച് 10 കിലോമീറ്റര്‍ അപ്പുറം വിടും. ജീവികള്‍ പഴയ സ്ഥലത്തേക്ക് തന്നെ മടങ്ങി വരും. ഇത് സ്ഥിരം നടക്കുന്നതാണ്. പന്നികള്‍ കയറിയപ്പോള്‍ വാതില്‍ അടഞ്ഞ് പോയതുകൊണ്ടാണ് ഇന്ന് മനുഷ്യര്‍ക്ക് ഒന്നും പറ്റാതിരുന്നത്. താമരശ്ശേരിയില്‍ കഴിഞ്ഞയിടെയാണ് ബൈക്കില്‍ പോവുന്നയാള്‍ കാട്ടുപന്നിയെ തട്ടി മറിഞ്ഞ് വീണ് മരിച്ചത്. ഇത്തരത്തില്‍ എത്രയോ അപകടങ്ങള്‍ നടക്കുന്നു. പക്ഷെ അതിലൊന്നും കാര്യക്ഷമമായ ഒരിടപെടലും ഉണ്ടാവുന്നില്ല. പന്നിയെ വെടിവച്ച് കൊല്ലാന്‍ കര്‍ഷകന് അനുമതി നല്‍കിയ ഉത്തരവുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ അത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. ഓരോ പഞ്ചായത്തും അപേക്ഷിച്ച് തോക്ക് ലൈസന്‍സ് നല്‍കിയവര്‍ക്ക് മാത്രമേ അത് സാധിക്കൂ. കൂരാച്ചുണ്ടില്‍ ആറ് പേര്‍ക്ക് മാത്രമാണ് ലൈസന്‍സ് ഉള്ളത്. അതില്‍ രണ്ട് പേരുടെ കയ്യില്‍ മാത്രമേ തോക്കിലെ തിരയുള്ളൂ. ബാക്കിയുള്ളവര്‍ കൊച്ചിയില്‍ പോയി വാങ്ങാന്‍ നോക്കിയപ്പോള്‍ സ്‌റ്റോക്കില്ല. 22 വാര്‍ഡിലും പന്നിയുടേയും കുരങ്ങുകളുടേയും ശല്യം രൂക്ഷമാണ്".

വീട്ടില്‍ കയറിയ പന്നി ഹാളിലേയും മറ്റും പല സാധനങ്ങളും തട്ടിയിടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു എന്ന് വീ്ടുടമസ്ഥനായ മോഹനന്‍ പറഞ്ഞു. മുപ്പതിലധികം വീടുകളുള്ള പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്നും അദ്ദേഹം പറയുന്നു. കാട്ടുജീവികളുടെ ശല്യം മൂലം പലര്‍ക്കും കൃഷി ഉപേക്ഷിച്ച് പോവേണ്ടതായി വരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. പന്നികളെ വെടിവക്കാനുള്ള ഉത്തരവ് നടപ്പാക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. മലയോര കര്‍ഷകനായ ജെന്‍സണ്‍ പറയുന്നു, "മലയോര കര്‍ഷകന്‍ അവന്റെ അന്നമാണ് കൃഷി ചെയ്യുന്നത്. ചേനയോ ചേമ്പോ കൊണ്ടയിട്ടാല്‍ അതിന്റെ പിറ്റേന്ന് വന്ന് കുത്തിയിട്ടിട്ട് പോവും. കാട്ടില്‍ മുഴുവന്‍ പ്ലാന്റേഷന്‍ ആയതോടെ ജീവികള്‍ക്ക് കഴിക്കാനോ കുടിക്കാനോ ഒന്നുമില്ലാതായി. അതുകൊണ്ടാണ് അവര്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്. അതിന് ഒരു പരിഹാരം വനംവകുപ്പും സര്‍ക്കാരും ചെയ്യണം".

ഉപദ്രവകാരികളായ പന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടെന്നും അതിന് കര്‍ഷകര്‍ക്ക് തന്നെ അനുവാദം കൊടുത്തുകൊണ്ട് 2020 മേയില്‍ ഉത്തരവായിട്ടുണ്ടെന്നും ഡിഎഫ്ഒ എം. രാജീവന്‍ പറഞ്ഞു. പഞ്ചായത്ത് ജനജാഗ്രതാ സമിതി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഡിഎഫ്ഒ വഴി തോക്ക് ലൈസന്‍സ് നല്‍കും. എന്നാല്‍ കൂരാച്ചുണ്ടില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ തോക്ക് ഉപയോഗിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി. മുമ്പും പന്നിയെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും തങ്ങള്‍ക്ക് കൊല്ലാന്‍ കഴിയില്ലെന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ വിയോജിച്ചിരുന്നു. തുടര്‍ന്നാണ് ആ അധികാരം കര്‍ഷകര്‍ക്ക് തന്നെ നല്‍കാന്‍ തീരുമാനമായത്. കൂരാച്ചുണ്ടില്‍ ഇന്നലെ വീട്ടില്‍ കയറിയ പന്നികളെ ചക്കിട്ടപ്പാറയില്‍ ലൈസന്‍സുള്ള ഒരു കര്‍ഷകനാണ് വെടിവച്ച് കൊന്നത്. വെടിയുതിര്‍ത്തെങ്കിലും ഒരു പന്നി മാത്രമാണ് ചത്തത്. പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് ആളെ എത്തിച്ച് രണ്ടാമത്തെ പന്നിയേയും കൊല്ലുകയായിരുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories