പാല എന്‍സിപിയുടെതാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ മത്സരിക്കുമെന്നും ഉറപ്പിച്ച് പറഞ്ഞ് മാണി സി കാപ്പന് എംഎല്‍എ. ജോസ് കെ മാണി വിഭാഗത്തിന് പാല നല്കാന് സിപിഎം തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഒരിക്കല്‍ കൂടി മാസി കാപ്പന് നിലപാട് വ്യക്തമാക്കിയത്. പാല സംബന്ധിച്ച പരാതിയുമായി പാര്‍ട്ടി സംസ്ഥാന ഘടകം എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ് പവാറിനെ നേരില്‍ കണ്ടുവെന്ന വാര്‍ത്തകളും മാണി സി കാപ്പന് നിഷേധിച്ചു. ആശങ്കയില്ലാത്തൊരു കാര്യം എന്തിനാണ് ദേശീയാധ്യക്ഷനോട് പറയുന്നതെന്നായിരുന്നു അഴിമുഖത്തോട് സംസാരിച്ചപ്പോള്‍ മാണി സി കാപ്പന് ചോദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവരുടെ സിറ്റിംഗ് സീറ്റ് അവര്‍ക്ക് തന്നെ വേണമെന്നാണ് പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍ അസംബ്ലി തെരഞ്ഞെടുപ്പിലും അതു തന്നെയല്ലേ വേണ്ടത്, അല്ലാതെ മറ്റൊന്നല്ലല്ലോ. അതുകൊണ്ട് ഞാന്‍ തന്നെയാകും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പാലയില്‍ മത്സരിക്കുന്നത്'; നിലപാടില്‍ ഉറപ്പ് നിന്ന് മാണി സി കാപ്പന് അഴിമുഖത്തോട് പറഞ്ഞു.
'പാല സീറ്റ് നിങ്ങള്‍ക്ക് ഇല്ലാ എന്ന് ആരും ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ ഞങ്ങള്‍ എന്തിനാണ് ആ കാര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്? ഈ വിഷയവുമായി ബന്ധപ്പെട്ട് ശരദ് പവാറിനെ കാണാന്‍ പോയി എന്നതൊക്കെ വെറുതെ പറയുന്നതാണ്. ശരദ് പവാര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. മാസത്തില്‍ ഒരിക്കലെങ്കിലും പോയി കാണാറുമുണ്ട്. അത് ഗ്രൂപ്പ് തിരിഞ്ഞൊന്നുമല്ല പോകുന്നത്. സംസ്ഥാന നേതൃത്വമാണ് പോകുന്നത്. പ്രസിഡന്റ് പീതാംബരന് മാഷും രണ്ട് സെക്രട്ടറിമാരുമാകും പോകുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സംഘടന തീരുമാനങ്ങള്‍, പാര്‍ട്ടി ചുമതലകള്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും പൊതുവില്‍ ചര്‍ച്ച ചെയ്യുക. പാല സീറ്റിന്റെ വിഷയം ദേശീയ നേതൃത്വത്തെ ധരിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഉണ്ടായിട്ടില്ല'.
പാല ജോസ് കെ മാണിക്ക് വിട്ടുകൊടുക്കുന്നതില്‍ സിപിഎമ്മിന് സമ്മതമാണെന്നും പാലായിലുള്ള സിപിഎമ്മുകാര്‍ ഇക്കാര്യത്തില്‍ ജോസ് കെ മാണിക്കൊപ്പമാണെന്നുമുള്ള വാര്‍ത്തകളോട് മാണി സി കാപ്പന്റെ പ്രതികരണം ഇതായിരുന്നു; 'പാലയില്‍ താമസിക്കുന്ന ഞാന്‍ ഇതുവരെ അങ്ങനെയാരും പറയുന്നത് കേട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇതൊക്കെ എങ്ങനെ കേള്ക്കുന്നുവെന്നറിയില്ല'
പാല സീറ്റുമായി ബന്ധപ്പെട്ട് എന്‍സിപി സംസ്ഥാന ഘടകത്തിനുള്ളില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകളും മാണി സി കാപ്പന് നിഷേധിച്ചു. സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടണമെന്ന ആവശ്യമാണ് മാണി സി കാപ്പനുള്ളതെന്നും എന്നാല്‍ എ കെ ശശീന്ദ്രന് ഇതിന് എതിരാണെന്നുമായിരുന്നു വാര്‍ത്തകള്‍. പാല പോകുന്ന പക്ഷം ശശീന്ദ്രന് പക്ഷം എല്‍ഡിഎഫിലും മാണി സി കാപ്പന് പക്ഷം യുഡിഎഫിലുമായി എന്‍സിപി പിളരുമെന്നും വാര്‍ത്തകളുണ്ട്. ഇതിനെയെല്ലാം ചിരിച്ചു തള്ളിക്കളയുകയാണ് മാണി സി കാപ്പന്. 'പാര്‍ട്ടിക്കുള്ളില്‍ എന്ത് ഭിന്നത്? പാല സീറ്റ് കിട്ടാതിരിക്കാന്‍ വേണ്ടി തര്‍ക്കം ഉണ്ടാക്കണമെന്നാണോ പറയുന്നത്? അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്ന് പറഞ്ഞ് ഇപ്പോഴെ ആരെങ്കിലും കുരച്ചു നോക്കാറുണ്ടോ? പാല നിങ്ങള്‍ക്ക് തരില്ലെന്ന് ഒരാളും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയം ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടുമില്ല'.
പാല സീറ്റുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മാണി സി കാപ്പന് പറഞ്ഞു. അങ്ങനെ സംസാരിക്കേണ്ട ആവശ്യം വരുന്നില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ' പല യോഗങ്ങളിലും വച്ച് ഞങ്ങള്‍ കാണാറുണ്ട്. സംസാരിച്ചിട്ടുണ്ട്. ഇതുവരെ പാല സീറ്റുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. പാല ഞങ്ങളുടെ ഹൃദയവികാരം ആണെന്ന് ജോസ് കെ മാണി പറഞ്ഞപ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് പാല ഞങ്ങളുടെ ചങ്ക് ആണെന്ന് ഞാന്‍ പറഞ്ഞു. അതിനപ്പുറം ആ വിഷയത്തില്‍ ഞങ്ങള്‍ക്കിടയില്‍ സംസാരമുണ്ടായിട്ടില്ല.