Top

മരടിലെ പ്രതിസന്ധികൾ: പുനരധിവാസത്തിന് ജില്ലാ അധികൃതർ കാണിച്ച ഫാളാറ്റുകളിൽ ഒഴിവില്ല, വാടക കൂട്ടി ചോദിക്കുന്നു

മരടിലെ പ്രതിസന്ധികൾ: പുനരധിവാസത്തിന് ജില്ലാ അധികൃതർ കാണിച്ച ഫാളാറ്റുകളിൽ ഒഴിവില്ല, വാടക കൂട്ടി ചോദിക്കുന്നു

മരടിലെ ഫ്ലാറ്റുടമകളെ പുനരധിവസിപ്പിക്കാനായി ജില്ലാ ഭരണകൂടം നല്‍കിയ വിലാസങ്ങളില്‍ പലതും ഉപയോഗ ശൂന്യം. ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലാ ഭരണകൂടം പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റിലെ വിലാസങ്ങളില്‍ താമസ സൗകര്യം ലഭ്യമല്ല. മറ്റ് ചില വിലാസങ്ങളിലും നമ്പറുകളിലും ലഭ്യമാവുന്നത് ബ്രോക്കര്‍മാരും ഏജന്റുമാരുമെന്ന് താമസക്കാർ പറയുന്നു. . തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന്റെ പേരില്‍ സുപ്രീം കോടതി പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളിലെ ഉടമകള്‍ താമസ സൗകര്യം ലഭിക്കുന്നതിനായി നെട്ടോട്ടത്തിലാണ്.വ്യാഴാഴ്ചയ്ക്കകം ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് റവന്യൂ അധികൃതര്‍ രേഖാമൂലം അറിയിച്ചിരിക്കുകയാണ്. താല്‍ക്കാലികമായി വാടകയ്ക്ക് താമസിക്കാനുള്ള സൗകര്യമുള്ള ഫ്ലാറ്റുകളുടെ ലിസ്റ്റ് ആണ് ജില്ലാ ഭരണകൂടം ഫ്ലാറ്റുടമകള്‍ക്ക് കൈമാറിയത്. എന്നാല്‍ ഈ ഫ്ലാറ്റുകള്‍ അന്വേഷിച്ച് ചെന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. താമസ സൗകര്യം പോലും ഒരുക്കാത്ത ഫ്ലാറ്റുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഫ്ലാറ്റുടമകള്‍ ആരോപിക്കുന്നു.


521 ഫ്ലാറ്റുകളുള്‍പ്പെടുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ പേരുള്‍പ്പെടെയുള്ള ലിസ്റ്റ് ആണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം റവന്യൂ അധികൃതര്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് കൈമാറിയത്. കാക്കനാട് സ്‌കൈലൈന്‍ അപ്പാര്‍ട്മെന്റില്‍ മാത്രം 300 ഫ്ലാറ്റുകളില്‍ താമസ സൗകര്യം ഉണ്ടെന്ന് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരട് നെട്ടൂരിന് സമീപമുള്ള അസറ്റ് കാന്‍വാസില്‍ 88 ഫ്ലാറ്റുകളും, വാഴക്കാല പാലച്ചുവട് റോഡ് ക്രിസ്റ്റല്‍ ബില്‍ഡേഴ്സില്‍ 40എണ്ണവും, മരട് ഫ്ലാഫ്ഫ്സ് ആന്‍ഡ് ഹൗസസിലും മരട് വില്ല കോംപ്ലക്സിലും 10 എണ്ണം വീതവും ഫ്ലാറ്റുകളുടെ ലഭ്യത ലിസ്റ്റില്‍ പറയുന്നു. മരടിലും കൊച്ചി നഗരത്തിലെ പല പ്രദേശങ്ങളിലുമായി ഒന്നും രണ്ടും മൂന്നും നാലും ഫ്ലാറ്റുകളുടെ സൗകര്യങ്ങളും ലഭിക്കുമെന്നും ആവശ്യക്കാര്‍ ഇതിനായി സമീപിക്കേണ്ടതാണെന്നുമാണ് റവന്യൂ അധികൃതര്‍ ഫ്ലാറ്റ് ഉടമകളോട് പറഞ്ഞത്. ചിലയിടങ്ങളുടെ ആളുകളുമായി ബന്ധപ്പെടേണ്ട നമ്പറുകളും ലിസ്റ്റില്‍ പറയുന്നു. എന്നാല്‍ ' ഈ നമ്പറുകളില്‍ വിളിച്ചപ്പോള്‍ ആ ഫ്ലാറ്റുകളുമായി ഒരു ബന്ധവുമില്ലാത്തവരാണ് ഫോണ്‍ എടുക്കുന്നത്. അന്വേഷിച്ചപ്പോള്‍ അവര്‍ ഫ്ലാറ്റ് ഉടമകളല്ല, ബ്രോക്കര്‍മാരോ ഏജന്റുമാരോ ഒക്കെയാണ്. പുനരധിവാസത്തിനായി താമസസൗകര്യം ഒരുക്കും എന്ന് പറഞ്ഞ് ഇത്രയും വലിയ ചതി ചെയ്യുമെന്ന് ഞങ്ങള്‍ കണക്കാക്കിയിരുന്നില്ല. കളക്ടര്‍ തന്ന ലിസ്റ്റിലെ ഒരു ഫ്ലാറ്റ് പോലും ഞങ്ങള്‍ക്ക് ലഭ്യമാവുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം.' ഫ്ലാറ്റ് ഉടമകളിലൊരാളായ ബിയോജ് പറഞ്ഞു.

അഭിഭാഷകനും ഫ്ലാറ്റ് ഉടമയുമായ ഷംസുദീന്‍ കരുനാഗപ്പള്ളി പറയുന്നത് ' ഇന്നലെ ഞങ്ങള്‍ കളക്ടറുമായി ചര്‍ച്ച ചെയ്തിരുന്നു. ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള സബ്കളക്ടറും പോലീസ് കമ്മീഷ്ണറും ആ സമയം അവിടെയുണ്ടായിരുന്നു. യോഗത്തില്‍ ഞങ്ങള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അവയില്‍ ചിലത് ജില്ലാ ഭരണകൂടം അംഗീകരിച്ചു. ആ യോഗത്തിലാണ് ഒഴിവാക്കപ്പെടുന്നവരുടെ പുനരധിവാസത്തിനായി ഒഴിഞ്ഞുകിടക്കുന്ന ചില അപ്പാര്‍ട്മെന്റുകളുടെ ലിസ്റ്റ് അവര്‍ തന്നത്. ആ ലിസ്റ്റിന്റെ കോപ്പി എല്ലാ ഫ്ലാറ്റ് ഉടമകള്‍ക്കും ഞങ്ങള്‍ നല്‍കി. പക്ഷെ ആ ലിസ്റ്റില്‍ പറയുന്ന സ്ഥലങ്ങളിലൊന്നും ഒഴിഞ്ഞു കിടക്കുന്ന അപ്പാര്‍ട്മെന്റുകള്‍ ഇല്ല എന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അത് ഞങ്ങള്‍ക്ക് ഞെട്ടലാണ് ഉണ്ടാക്കിയത്. കാരണം ഞങ്ങള്‍ ജില്ലാ ഭരണകൂടത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. അവര്‍ നല്ല വിധത്തില്‍ പഠിച്ചും പരിശോധിച്ചും അപ്പാര്‍ട്മെന്റ് ഉടമകളുമായി സംസാരിച്ച് അനുമതി വാങ്ങിയും നല്‍കിയ ലിസ്റ്റ് ആണെന്നാണ് കരുതിയത്. പക്ഷെ ആ ഫ്ലാറ്റ് ഉടമകളുമായി ഒരു വിധത്തിലുള്ള സംസാരവും നടന്നിട്ടില്ലെന്ന് ഇന്ന് മാത്രമാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. പിന്നെ ഇങ്ങനെയൊരു ലിസ്റ്റ് ഞങ്ങള്‍ക്കെങ്ങനെയാണ് തരിക? ഇവിടുന്ന് പോവാന്‍ ഞങ്ങള്‍ എവിടെയാണ് ഒരു താമസ സൗകര്യം കണ്ടേത്തണ്ടത് എന്നാലോചിച്ച് വലിയ ബുദ്ധിമുട്ടിലാണ്. ഇതിന് ജില്ലാ ഭരണകൂടം വളരെ പെട്ടെന്ന് ഒരു പരിഹാരം കണ്ടാല്‍ മാത്രമേ ഇവിടെ നിന്ന് ഞങ്ങള്‍ക്ക് പോവാനാവൂ. ഞ്ങ്ങള്‍ അനുയോജ്യമായ ഒരിടം അന്വേഷിച്ച് പോവുമ്പോള്‍ മരട് ഫ്ലാറ്റില്‍ നിന്നാണോ എന്ന് ചോദിച്ച് അവര്‍ വാടക വലിയ തോതില്‍ ഉയര്‍ത്തുകയാണ്. പലരും വാടകക്ക് പോലും ഫ്ലാറ്റുകള്‍ തരാന്‍ തയ്യാറുമല്ല. മരടില്‍ നിന്നാണെങ്കില്‍ ഇവിടെ ഫ്ലാറ്റില്ല എന്നാണ് പലരുടേയും മറുപടി. ഞങ്ങളുടെ പുനരധിവാസത്തിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാതെ എങ്ങനെ ഞങ്ങള്‍ ഇവിടെ നിന്ന് പോവും? അതാണിപ്പോള്‍ ഞങ്ങളുടെ പ്രധാന ഉത്കണ്ഠ.'

ഫ്ലാറ്റുടമകളുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇതിലെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. 300 അപ്പാര്‍ട്മെന്റുകള്‍ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കാക്കനാട് സ്‌കൈലൈന്‍ അപ്പാര്‍ട്മെന്റ്സ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ അത്തരത്തില്‍ ഒരു ഫ്ലാറ്റ് പോലും ഒഴിവില്ല എന്നാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടമോ റവന്യൂ അധികൃതരോ നഗരസഭയോ തങ്ങളോട് ഇതേവരെ സംസാരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 80 അപ്പാര്‍ട്മെന്റുകളുള്ള അസറ്റ് കാന്‍വാസ് ഫ്ലാറ്റ് സമുച്ചയത്തിലുള്ള മുഴുവന്‍ ഫ്ലാറ്റുകളുടേയും ലിസ്റ്റ് ആണ് ഫ്ലാറ്റുടമകള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ അസറ്റ് കാന്‍വാസിന് ഫയര്‍ എന്‍ഒസി ലഭിക്കാത്തതിനാല്‍ ഇതേവരെ ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫ്ലാറ്റ് സമുച്ചയത്തിലെ മുഴുവന്‍ അപ്പാര്‍ട്മെന്റുകളും വാടകയ്ക്ക് ലഭിക്കുമെന്ന് പറയുന്നതിലുള്ള ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ താല്‍ക്കാലികമായി അണ്‍ ഓതറൈസ്ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി താമസക്കാരെ അനുവദിക്കാം എന്നായിരുന്നു റവന്യൂ അധികൃതരുടെ മറുപടി. എന്നാല്‍ ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വൈദ്യുതി കണക്ഷനും വെള്ളവും ലഭിക്കില്ല. ലഭിച്ചാല്‍ തന്നെയും ഇരട്ടിയോ മൂന്നിരട്ടിയോ തുക അടക്കേണ്ടതായി വരും എന്നാണ് ഒഴിപ്പിക്കപ്പെടുന്ന ഫ്ലാറ്റ് ഉടമകള്‍ പറയുന്നത്. ഒഴിപ്പിക്കുന്നവരെ താല്‍ക്കാലികമായി സമാധാനിപ്പിക്കാന്‍ ഒരു ലിസ്റ്റ് തയ്യാറാക്കി നല്‍കി പറ്റിക്കുകയായിരുന്നു എന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം.

എന്നാല്‍ ഇത് ഫ്ലാറ്റ് ഉടമകളുടെ വീഴ്ചയാണെന്ന് കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പറഞ്ഞു ' പൊളിച്ചുകളയാന്‍ സുപ്രീം കോടതി ഉത്തരവിട്ട കെട്ടിടങ്ങളിലെ അന്തേവാസികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് അടിയന്തിരമായി താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ നല്‍കണമെന്ന് അറിയിച്ചതാണ്. സെപ്തംബര്‍ 16ന് തന്നെ ഇതിനുള്ള നോട്ടീസ് എല്ലാ ഫ്ലാറ്റുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ആരും തന്നെ ഇതിനായി സമീപിച്ചില്ല. 17ന് മൂന്ന് മണിക്ക് മുമ്പ് മരട് നഗരസഭാ ഓഫീസില്‍ പ്രഫോര്‍മ പൂരിപ്പിച്ച് നേരിട്ടോ രേഖാമൂലമോ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. അല്ലാത്തപക്ഷം താല്‍ക്കാലിക പുനരധിവാസം ആവശ്യമില്ല എന്ന നിഗമനത്തില്‍ മരട് നഗരസഭ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെയാണ് ഫ്ലാറ്റ് ഉടമകള്‍ ജില്ലാ കളക്ടറെ കണ്ട് പുനരധിവാസം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി അടിയന്തിരമായി തയ്യാറാക്കപ്പെട്ട ലിസ്റ്റ് ആണ് ഫ്ലാറ്റ് ഉടമകള്‍ക്ക് നല്‍കിയത്. റസിഡന്റ് അസോസിയേഷനുകളോടും ഫ്ലാറ്റ് ഉടമകളോടുമെല്ലാം സംസാരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. അതിലുപരിയായി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. പുനരധിവാസം എന്ന് പറഞ്ഞ് ഫ്ലാറ്റ് കണ്ടെത്തി നല്‍കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തത്തില്‍ വരുന്ന കാര്യമല്ല. എന്നാല്‍ സുപ്രീം കോടതി വിധിയുടെ ഭാഗമായി കുടിയൊഴിക്കപ്പെടേണ്ടി വരുന്നവരോട് പരമാവധി അനുഭാവത്തോടെ പെരുമാറുന്നതിന്റെ ഭാഗമായാണ് അന്വേഷിച്ച് ലിസ്റ്റ് തയ്യാറാക്കി നല്‍കിയത്. ബാക്കി വാടകയും അഡ്വാന്‍സ് തുക തീരുമാനിക്കലുമൊക്കെ അവരുടെ ഉത്തരവാദിത്തമാണ്.'

ഞായറാഴ്ച റവന്യൂ അധികൃതര്‍ ഫ്ലാറ്റ് ഉടമകളെ കണ്ട് ഒക്ടോബര്‍ മൂന്നിനകം ഒഴിയണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനനുസരിച്ചുള്ള തുക കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഫ്ലാറ്റുകളില്‍ താമസിച്ചിരുന്നവരില്‍ പലരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും ഒഴിയാനുള്ള തയ്യാറെടുപ്പുകളിലാണ് ഫ്ലാറ്റ് ഉടമകള്‍. ജോലി സംബന്ധമായി വിദേശത്ത് കഴിഞ്ഞിരുന്നവര്‍ പലരും ഫ്‌ലാറ്റ് ഒഴിയാനായി മടങ്ങിയെത്തി. പലരും കുടുംബവീടുകളിലേക്കോ സുഹൃത്തുക്കളുടെ വീടുകളിലേക്കോ വീട്ടുസാധനങ്ങളും ഫര്‍ണീച്ചറുകളും ഉള്‍പ്പെടെ മാറ്റുന്ന തിരക്കിലാണ്. മരട് നഗരസഭാ പരിധിയിലെ ആല്‍ഫാ വെഞ്ച്വേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയിന്‍ ഹൗിങ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ മെയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഫ്‌ലാറ്റ് ഉടമകള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായി. സെപ്തംബര്‍ 20തിനകം ഫ്‌ലാറ്റ് പൊളിച്ചു നീക്കുന്നതിനുള്ള നടപടികളെടുത്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. 23ന് ചീഫ് സെക്രട്ടറിയോട് നേരില്‍ ഹാജരാവാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെയോ ഫ്‌ലാറ്റ് ഉടമകളുടേയോ ഒരു വാദത്തിനും സുപ്രീം കോടതി ചെവികൊടുത്തില്ല. ഒടുവില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഘട്ടങ്ങളിലെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നീട് പല ഫ്‌ലാറ്റ് ഉടമകളും പിന്‍വലിഞ്ഞു. ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ ഫ്‌ലാറ്റ് ഉടമകള്‍ മാത്രമായിരുന്നു അവസാന ദിവസങ്ങളില്‍ നിരാഹാരമുള്‍പ്പെടെ സമരങ്ങളുമായി പ്രിഷേധിച്ചത്. എന്നാല്‍ ഒക്ടോബര്‍ മൂന്നിനകം ഒഴിയണമെന്ന റവന്യൂ അധികൃതരുടെ അന്തിമ നിര്‍ദ്ദേശവും ലഭിച്ചതോടെ അതും അവസാനിച്ചു.Next Story

Related Stories