TopTop
Begin typing your search above and press return to search.

അന്ന് അര്‍ജുനെ തല തകര്‍ത്ത് ചതുപ്പില്‍ കുഴിച്ചു മൂടി, ഇന്ന് ഫഹദിനെ വെട്ടിയും തല്ലിയും കൊന്നു; ലഹരി മാഫിയ അടക്കി വാഴുന്ന നെട്ടൂർ

അന്ന് അര്‍ജുനെ തല തകര്‍ത്ത് ചതുപ്പില്‍ കുഴിച്ചു മൂടി, ഇന്ന് ഫഹദിനെ വെട്ടിയും തല്ലിയും കൊന്നു; ലഹരി മാഫിയ അടക്കി വാഴുന്ന നെട്ടൂർ

ഒരു വര്‍ഷം മുമ്പായിരുന്നു കേരളത്തെ നടുക്കിയൊരു കൊലപാതക വാര്‍ത്ത എറണാകുളം മരട് നഗരസഭ പരിധിയില്‍ വരുന്ന നെട്ടൂരില്‍ നിന്നും കേട്ടത്. അര്‍ജുന്‍ എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയശേഷം ചതുപ്പ് നിലത്തില്‍ കുഴിച്ചിടുകയായിരുന്നു. 2019 ജൂലൈ മാസത്തിലായിരുന്നു ഈ ദാരുണ സംഭവം നടക്കുന്നത്. ഒരു വര്‍ഷത്തിനപ്പുറം വീണ്ടും നെട്ടൂര്‍ വാര്‍ത്തകളില്‍ നിറയുന്നത് പത്തൊമ്പതുകാരനായൊരു വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലൂടെയാണ്. രണ്ട് കൊലപാതകങ്ങള്‍ക്കു പിന്നിലും ലഹരി മാഫിയയു ടെ കൈകളാണെന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത.

തന്റെ സഹോദരന്റെ അപകടമരണത്തിന് കാരണക്കാരനെന്ന നിലയിലായിരുന്നു നിബിന്‍ എന്നയാളുടെ നേതൃത്വത്തില്‍ അര്‍ജുനെ കൊലപ്പെടുത്തുന്നത്. ലഹരി മാഫിയ സംഘത്തില്‍പ്പെട്ടവരായിരുന്നു കൊലപാതികകള്‍. കഴിഞ്ഞ ഞായറാഴ്ച്ച കൊല്ലപ്പെട്ട ഫഹദ് ഹുസൈന്റെ ഘാതകരും ലഹരി മാഫിയ സംഘത്തില്‍പ്പെട്ടവരാണ്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലായിരുന്നു ഫഹദിന് ജീവന്‍ ന്ഷ്ടപ്പെട്ടത്. ഇയാള്‍ ലഹരിമാഫിയയില്‍ അംഗമല്ലായിരുന്നുവെന്നും അതേസമയം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഒരു സംഘത്തിലെ ചിലരുടെ സുഹൃത്ത് ആയിരുന്നുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കഞ്ചാവ് കേസിന്റെ പേരിലുള്ള മുന്‍വൈരാഗ്യത്തിനു പുറത്തായിരുന്നു രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ആസൂത്രിതമായ സംഘട്ടനമായിരുന്നു നടന്നത്. പനങ്ങാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന, ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസിലെ പ്രതികളായവരായിരുന്നു സംഘട്ടനത്തിനു പിന്നില്‍. ഫഹദിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന സംഘത്തെ എതിരാളികള്‍ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. ഫഹദിനെ സംഭവസ്ഥലത്തേക്ക് ചിലര്‍ വിളിച്ചു വരുത്തുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇരുമ്പ് വടികളും വടിവാളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ മര്‍ദ്ദനം ഏറ്റതോടെ ഫഹദിന്റെ കൂടെയുണ്ടായിരുന്നവരില്‍ പലരും ഓടി രക്ഷപ്പെട്ടു. തന്റെ കൂടെയുണ്ടായിരുന്നയാളെ മര്‍ദ്ദനമേല്‍ക്കുന്നതില്‍ നിന്നും തടയുന്നതിനിടയിലാണ് ഫഹദിനും മര്‍ദ്ദനം ഏല്‍ക്കുന്നത്. ഇരുമ്പ് വടികൊണ്ട് തലയിലും ദേഹത്തും ശക്തമായ അടിയേല്‍ക്കുകയും വടിവാളിന് കൈത്തണ്ടയില്‍ വെട്ടേല്‍ക്കുകയും ചെയ്ത ഫഹദ് ദേശീയപാത കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറച്ചുദൂരം പോയശേഷം തളര്‍ന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫഹദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഏറെ വൈകിയിരുന്നു. പിന്നീട് ആശുപത്രയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇയാളുടെ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 20 മണിക്കൂറോളം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷമാണ് പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ ഫഹദിന്റെ മരണം സ്ഥിരീകരിക്കുന്നത്.

പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷ്‌നില്‍ ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം നടക്കുന്നത്. ഇതേ സ്‌റ്റേഷനില്‍ പരിധിയില്‍ തന്നെയായിരുന്നു അര്‍ജുന്റെ കൊലപാതകവും നടന്നത്. ഫഹദിന്റെ കൊലപാതകത്തെക്കാള്‍ ക്രൂരമായിരുന്നു അര്‍ജുന്റെത്. തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള ചതുപ്പ് നിലത്തില്‍ നിന്നായിരുന്നു കുഴിച്ചിട്ട നിലയില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്. ജൂലൈ രണ്ടാം തീയതിയാണ് നാലുപേര്‍ ചേര്‍ന്ന് അര്‍ജുനെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ മറവ് ചെയ്യുന്നത്. ഒമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടുന്നതും മൃതദേഹം കണ്ടെത്തുന്നതും. ഏകദേശം പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു അര്‍ജുന്റെ ശരീരം പുറത്തെടുക്കുമ്പോൾ. തലയും കാലുമൊക്കെ വേര്‍പ്പെട്ട സ്ഥിതിയില്‍, ഒരു മനുഷ്യ ശരീരമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹം.

ജൂലൈ രണ്ടാം തീയതി രാത്രി പത്തുമണിയോടെ അര്‍ജുന്റെ സഹൃത്തായ പതിനേഴുകാരനെ വിട്ടാണ് അയാളെ കൊലയാളികള്‍ തങ്ങളുടെ അടുക്കലെത്തിക്കുന്നത്. പെട്രോള്‍ വാങ്ങാന്‍ കൂടെ വരാമോയെന്നു ചോദിച്ചായിരുന്നു പതിനേഴുകാരന്‍ അര്‍ജുനെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോകുന്നത്. ഒരു സംശയവും കൂടാതെ വീട് വിട്ടറിങ്ങിയ അര്‍ജുന്‍ പിന്നീടങ്ങോട്ട് ജീവനോടെ തിരിച്ചെത്തിയില്ല. പ്രതികളില്‍ ഒരാളായ നിബിന്റെ സഹോദരന്‍ എബിന്‍ അപകടത്തില്‍ മരിക്കുന്നതും തല തകര്‍ന്നായിരുന്നു. ഒരു വര്‍ഷം മുമ്പ് അര്‍ജുനും എബിനും കൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലോറിക്കു പിന്നില്‍ ഇടിച്ചായിരുന്നു എബിന്റെ മരണം. സംഭവസ്ഥലത്ത് വച്ച് തന്നെ എബിന്‍ മരിച്ചിരുന്നു. അന്ന് അര്‍ജുന്റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദീര്‍ഘകാലത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു അര്‍ജുന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്നത്തെ അപകടത്തില്‍ അര്‍ജുന്‍ മന:പൂര്‍വം തന്റെ സഹോദരനെ കൊലപ്പെടുത്തിയെന്നായിരുന്നു നിബിന്റെ ധാരണ. അതില്‍ നിന്നുണ്ടായ പകയാണ് എബിന്റെ ചരമ വാര്‍ഷികത്തില്‍ തന്നെ അര്‍ജുനെയും കൊല്ലാന്‍ തീരുമാനിച്ചതിനു പിന്നില്‍. കല്ലിനും വടിക്കും മര്‍ദ്ദിച്ചായിരുന്നു കൊലപാതകം. മര്‍ദ്ദനത്തില്‍ അര്‍ജ്ജുന്റെ തലയോട് തകര്‍ന്നു പോയിരുന്നു. മരിച്ചെന്നുറപ്പായ ശേഷം ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. മൃതദേഹം പൊങ്ങി വരാതിരിക്കാന്‍ സമീപത്തുണ്ടായിരുന്ന മതിലിന്റെ സ്ലാബ് പുറത്തിട്ടു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ഒരു പട്ടിയെ തല്ലിക്കൊന്ന് സമീപത്ത് ഇടുകയും ചെയ്തു. പ്രതികളെല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരുമായിരുന്നു. ലഹരിയുടെ പുറത്തായിരുന്നു കൊലപാതകം നടത്തിയതും.

നെട്ടൂരിന്റെ വിവിധ പ്രദേശങ്ങള്‍ ലഹരി സംഘങ്ങളുടെ വിവാഹ കേന്ദ്രങ്ങളാണെന്നത് വര്‍ഷങ്ങളായി പരാതിയുള്ളതാണ്. പൊലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ലഹരി മാഫിയകള്‍ ഇവിടെ ശക്തമാണ്. പതിനഞ്ച് വയസ് പ്രായമുള്ള കുട്ടികള്‍ വരെ ഈ സംഘത്തിലുണ്ട്. വ്യാപകമായ രീതിയില്‍ ലഹരി വില്‍പ്പനയും ഇവിടെ നടക്കുന്നുണ്ട്. കണ്ടല്‍ കാടുകളും ചതുപ്പുകളും നിറഞ്ഞ പ്രദേശങ്ങളാണ് സംഘങ്ങളുടെ കേന്ദ്രങ്ങള്‍. പൊലീസിന് ഇവിടേക്ക് എത്താന്‍ പ്രയാസമാണ്. പൊലീസ് വരുന്നുണ്ടെങ്കില്‍ ആ വിവരം സംഘങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാനും കഴിയും. ഒരുമിച്ച് ലഹരി ഉപയോഗിക്കുന്നവരും പല സംഘങ്ങളില്‍പ്പെട്ടവരും തമ്മില്‍ ഇവിടെ സംഘര്‍ഷങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഫഹദിന്റെ കൊലപാതകത്തിനു പിന്നാലെ ലഹരി മാഫിയകള്‍ക്കെതിരേയു ള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊലീസും നഗരസഭയും.

അതേസമയം ഫഹദിന്റെ കൊല്ലപാതകത്തിലെ പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയതായി സൂചനയുണ്ട്. ചൊവ്വാഴ്ച്ച രാത്രിയോടെ ഇവര്‍ പനങ്ങാട് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Next Story

Related Stories