TopTop
Begin typing your search above and press return to search.

ഉദ്യോഗാര്‍ഥികളെ കൊള്ളയടിച്ച് എംജി യൂണിവേഴ്‌സിറ്റി; അസി. പ്രൊഫ. തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയില്‍ ഫീസ്‌ 5000 രൂപ, എസ്.സി/എസ്.ടി - 2500

ഉദ്യോഗാര്‍ഥികളെ കൊള്ളയടിച്ച് എംജി യൂണിവേഴ്‌സിറ്റി; അസി. പ്രൊഫ. തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയില്‍ ഫീസ്‌ 5000 രൂപ, എസ്.സി/എസ്.ടി - 2500

ഉദ്യോഗാര്‍ഥികളെ കൊള്ളയടിച്ച് എംജി യൂണിവേഴ്‌സിറ്റി. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വന്‍ തുകയാണ് യൂണിവേഴ്‌സിറ്റി ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 5000 രൂപയും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് 2500 രൂപയുമായാണ് ഫീസ് ഉയര്‍ത്തിയത്. മറ്റ് യൂണിവേഴ്‌സിറ്റികളിലുള്ളതിന്റെ ഇരട്ടിയിലധികമാണ് എംജി യൂണിവേഴ്‌സിറ്റിയുടെ ഫീസ്. ഇതില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഒക്ടോബര്‍ 30ന് എംജി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ ഉദ്യോഗാര്‍ഥികള്‍ അടക്കേണ്ട ഫീസിനെക്കുറിച്ചും വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയിലുള്ളവര്‍ ഇപ്പോഴുള്ളത്തിന്റെ പകുതി ഫീസും എസ് സി, എസ് ടി വിഭാഗത്തില്‍ ഉള്ളവര്‍ 500 രൂപയുമായിരുന്നു അടക്കേണ്ടത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫീസില്‍ വലിയ വര്‍ധനവ് നടത്തിയത് ഉദ്യോഗാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തസ്തികയിലേക്ക് അപേക്ഷിക്കുന്ന കോഴിക്കോട് സ്വദേശിയായ ഉദ്യോഗാര്‍ഥി പറയുന്നു, "മറ്റൊരു യൂണിവേഴ്‌സിറ്റിയിലും ഇല്ലാത്ത ഫീസാണ് എം ജി യൂണിവേഴ്‌സിറ്റിയില്‍ ഇപ്രാവശ്യം മുതല്‍ കൊണ്ടുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത് ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന ചതിയാണ്. ജോലി ആവശ്യമുള്ളതിനാല്‍ എങ്ങനെയെങ്കിലും അയ്യായിരം രൂപ കണ്ടെത്തി അടയ്ക്കാന്‍ വേണ്ടി ചങ്ങാതിമാരോടും ബന്ധുക്കളോടും എല്ലാം കടം ചോദിച്ചിട്ടിരിക്കുകയാണ്".

സംസ്ഥാനത്തെ മറ്റൊരു യൂണിവേഴ്‌സിറ്റിയിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഇത്രയും ഉയര്‍ന്ന തുക അടക്കേണ്ടതില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയിലുളഅളവര്‍ക്ക് 2000 രൂപയും എസ് സി എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് 200 രൂപയും ആണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 1000 രൂപയും എസ് സി എസ് ടി കാറ്റഗറിയിലുള്ളവര്‍ക്ക് 500 രൂപയുമാണ്. "എംജി യൂണിവേഴ്‌സിറ്റിയില്‍ മാത്രം എങ്ങനെയാണ് ഇത്രയും ഫീസ് വര്‍ധിപ്പിക്കാനാവുക. അതും നൂറും ഇരുന്നൂറും രൂപയല്ല. ഞാന്‍ എസ് സി കാറ്റഗറിയിലുള്ളതാണ്. അഞ്ഞൂറ് രൂപ ഫീസ് അടക്കാന്‍ പറഞ്ഞാല്‍ പോലും ബുദ്ധിമുട്ടുള്ളവരാണ് പലരും. ആ സ്ഥലത്ത് 2500 രൂപ ജോലിക്ക് അപേക്ഷിക്കാന്‍ അടയ്ക്കുക എന്നത് ചിന്തിക്കാന്‍ പോലും എന്നെപ്പോലുള്ളവര്‍ക്കാവില്ല", ആലപ്പുഴ സ്വദേശിനിയായ ഉദ്യോഗാര്‍ഥി പ്രതികരിച്ചു. ഇതിനെതിരെ നിയമ നടപടിക്ക് പോവാനും ചില ഉദ്യോഗാര്‍ഥികള്‍ ആലോചിക്കുന്നുണ്ട്.

ഫീസ് വര്‍ധനവ് സംബന്ധിച്ച് പ്രതികരണമറിയാന്‍ യൂണിവേഴ്‌സിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ഇക്കാര്യത്തില്‍ ലഭിച്ചില്ല. "കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍, രജിസ്ട്രാര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷനില്‍ ഇതേ ഫീസ് സ്ട്രക്ചര്‍ തന്നെയായിരുന്നു. അതിന് ശേഷം ഇറങ്ങുന്ന നോട്ടിഫിക്കേഷനാണിത്. വിസി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടിഫിക്കേഷനില്‍ ഫീസ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നും അറിയില്ല", എന്നായിരുന്നു രജിസ്ട്രാര്‍ പ്രകാശ് കുമാറിന്റെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. രജിസ്ട്രാറുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഫയല്‍ കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു വിസിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories