Top

'ദയാഹര്‍ജി'യില്‍ ദാനം ചെയ്യേണ്ടതല്ല മാര്‍ക്ക്; ചെന്നിത്തല തുറന്നുവിട്ട ഭൂതം മന്ത്രി കെ ടി ജലീലിനെ വിഴുങ്ങുമോ?

എം ജി സര്‍വകാലശാലയിലെ മാര്‍ക്ക് ദാന വിവാദം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മന്ത്രിയുടെഓഫീസിന്റെ ഇടപെടല്‍ മാര്‍ക്ക് ദാനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ ഇടതു നേതാക്കള്‍ നിഷേധിച്ചെങ്കിലും ചരിത്രകാരനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഡോ. രാജന്‍ ഗുരുക്കളുടെ പ്രസ്താവന സര്‍ക്കാരിന് തലവേദനയായി. രാജന്‍ ഗുരുക്കളുടെ പ്രസ്താവനയോട് മന്ത്രി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ വാദങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇടതു സഹയാത്രികനായ രാജന്‍ ഗുരുക്കളുടെ പ്രസ്താവനയെന്ന രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറയുകയും ചെയ്തുകഴിഞ്ഞു. മാർക്ക് ദാനത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിച്ചു. പുതിയ വിവാദത്തോടെ സർവകലാശാല ഭരണത്തിലെ രാഷ്ട്രീയ ഇടപെടൽ എന്ന വിഷയമാണ് ഒരിക്കൽ കൂടി ചർച്ചയാകുന്നത്.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലിലുടെ ഒരു വിദ്യാർത്ഥിക്ക് ഒരു മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിച്ചെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍ സിന്‍ഡിക്കേറ്റ് ഇത് അഞ്ച് മാര്‍ക്കാക്കി കൂട്ടി നല്‍കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനെയാണ് മാര്‍ക്ക് കുംഭകോണമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം മാര്‍ക്ക് കൂട്ടിനല്‍കാന്‍ അദാലത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്നും സിന്‍ഡിക്കേറ്റ് ആണ് തീരുമാനം എടുത്തതെന്നുമായിരുന്നു ജലീലിന്റെയും സര്‍വകലാശാല വൈസ് ചാന്‍സിലറുടെയും വിശദീകരണം.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ, മന്ത്രി വിളിച്ചുചേര്‍ത്ത അദാലത്തിലാണ് മാര്‍ക്ക് ദാനത്തിന് തീരുമാനം ഉണ്ടായതെന്ന് സര്‍വകലാശാല തന്നെ സമ്മതിക്കുന്ന വിവരാവകാശ രേഖയും പുറത്തുവന്നു. അദാലത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ വൈസ് ചാന്‍സിലര്‍ കൂടി പങ്കെടുത്തിരുന്നുവെന്നും ഈ രേഖ തെളിയിക്കുന്നു. അദാലത്തില്‍ അക്കാദമിക വിഷയങ്ങള്‍ പരിഗണിക്കാനാകില്ലെന്നിരിക്കെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് മാര്‍ക്ക് കൂട്ടി നല്‍കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നത്. അദാലത്തിന്റെ തുടക്കത്തില്‍ തന്റെ പ്രതിനിധിയായി പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മന്ത്രി നടത്തിയ പ്രസംഗത്തില്‍ പറയുന്നുണ്ട്. സെക്രട്ടറി അദാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് പങ്കെടുത്തതെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന്‍ അദാലത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഔദ്യോഗിക കാര്യങ്ങളില്‍ മന്ത്രിയെ സഹായിക്കുക മാത്രമാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ജോലി. ഭരണപരമായ അവകാശമോ അധികാരങ്ങളോ അദ്ദേഹത്തിന് ഇല്ല. ഫയലില്‍ ഒപ്പിടാനോ ഉത്തരവുകള്‍ പുറപ്പെടുവിക്കാനോ പാടില്ല. ഔദ്യോഗിക യോഗങ്ങളില്‍ മന്ത്രിക്കൊപ്പം നിശബ്ദനായി ഇരിക്കാം, അഭിപ്രായ പ്രകടനങ്ങളും പാടില്ല. ഇതൊക്കെയാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ പെരുമാറ്റച്ചട്ടം. മന്ത്രിയെ ജോലിയില്‍ സഹായിക്കാനും അതിനുള്ള കുറിപ്പുകള്‍ നല്‍കാനും മാത്രമാണ് അധികാരം. അല്ലാതെ നയമപരമായ ഒരു കാര്യത്തിലും ഇടപെടാനാകില്ലെന്നിരിക്കെയാണ് ഈ വിലക്കുകളെല്ലാം മറികടന്ന് സ്വയംഭരണ അവകാശമുള്ള സര്‍വകലാശാലകളുടെ അദാലത്തുകളില്‍ ഷറഫുദ്ദീന്‍ പങ്കെടുത്തതും വിസിക്കൊപ്പമിരുന്ന് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഒരു വിഷയത്തിന് മാത്രം തോറ്റ ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാര്‍ക്ക് കൂടി നല്‍കി പരീക്ഷ വിജയിപ്പിക്കാനാണ് അദാലത്ത് തീരുമാനിച്ചത്. എന്നാല്‍ ഒരു മാര്‍ക്കിന് പകരം അഞ്ച് മാര്‍ക്ക് വരെ കൂട്ടി നല്‍കാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സര്‍വകലാശാല നിയമം അനുസരിച്ച് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പുനഃപരിശോധനയിലൂടെ അല്ലാതെ മറ്റേതെങ്കിലും വിധത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കാനാകില്ല. എന്നാല്‍ ഇവിടെ മൂല്യനിര്‍ണയത്തിന് മുമ്പ് അനുവദിച്ച മോഡറേഷന് പുറമെ സ്‌പെഷ്യല്‍ മോഡറേഷന്‍ നല്‍കാനാണ് അദാലത്ത് തീരുമാനിച്ചത്. ഇതാണ് സിന്‍ഡിക്കേറ്റ് അഞ്ച് മാര്‍ക്ക് ആക്കി വീണ്ടും അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മന്ത്രിക്കെതിരെ മുഴുവന്‍ തെളിവുകളും കയ്യിലുണ്ടായിരുന്നപ്പോഴും മന്ത്രിയുടെ വാദങ്ങളെ ഓരോന്നായി പൊളിക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അഴിമുഖത്തോട് പറഞ്ഞു. ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി ആദ്യം രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയായിരുന്നു ചെന്നിത്തല ചെയ്തത്. എന്നാല്‍ കെ ടി ജലീല്‍ ഇത് നിഷേധിച്ചതോടെ വിവരാവകാശ രേഖ പുറത്തുവിട്ടു. അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന്റെ തെളിവുകളും പ്രതിപക്ഷ നേതാവ് നിരത്തി. ഏറ്റവും ഒടുവില്‍ അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതെന്ന് പറഞ്ഞതോടെ ഷറഫുദ്ദീന്‍ മുഴുവന്‍ സമയവും അദാലത്തില്‍ പങ്കെടുത്തിന്റെ തെളിവായി വീഡിയോയും ഇവര്‍ പുറത്തുവിട്ടു. അത്തരത്തില്‍ മന്ത്രി എന്ത് പറഞ്ഞാലും അതിനെ പൊളിക്കാന്‍ തയ്യാറെടുത്താണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഓരോ പത്രസമ്മേളനങ്ങളും വിളിച്ചുചേര്‍ത്തതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിക്കുന്നു.

ഉദ്ഘാടനത്തിന് ശേഷം ഷറഫുദ്ദീന്‍ സര്‍വകലാശാലയുടെ ഗേറ്റ് വിട്ടുപോയെന്ന് വി സി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഉദ്ഘാടന പരിപാടിക്ക് ശേഷവും പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീന്‍ അദാലത്തില്‍ പങ്കെടുത്തുവെന്ന് തെളിയിക്കുന്നതാണ് ചെന്നിത്തല പുറത്തുവിട്ട വീഡിയോ. ഈ വീഡിയോ എംജി യൂണിവേഴ്‌സിറ്റി തന്നെ ശേഖരിച്ച് പുറത്തുവിട്ടതാണ്. അദാലത്ത് നടക്കുന്നതും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതികളുമായി എത്തുന്നതും പരാതി പരിഹരിക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കുന്നതും കാണാം. ഇതിലെല്ലാം ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കൊപ്പം ഷറഫുദ്ദീനെയും കാണാം. ഈ അദാലത്തില്‍ വച്ചാണ് കായംകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനമെടുത്തത്. എംജി യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാനത്തില്‍ കായംകുളം സ്വദേശിയായ ഷറഫുദ്ദീനും പങ്കുണ്ടെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് ഈ ദൃശ്യങ്ങള്‍.

താന്‍ കായംകുളം സ്വദേശിയായതുകൊണ്ട് ആ കുട്ടിയുമായി എങ്ങനെ ബന്ധം വരുമെന്നും ആ കുട്ടിയെ തനിക്ക് അറിയില്ലെന്നുമാണ് ഷറഫുദ്ദീന്റെ വിശദീകരണം. കായംകുളംകാരായതുകൊണ്ട് ബിടെക്കിന് പഠിക്കാന്‍ മേലേ? മാര്‍ക്ക്ദാന വിവാദം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചെന്നിത്തല ഇടതുമുന്നണിക്കെതിരെ സൃഷ്ടിച്ച പ്രചരണം മാത്രമാണെന്നും ഷറഫുദ്ദീന്‍ പറയുന്നു. മാത്രമല്ല, ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഉദ്ഘാടന സമ്മേളനം സമാപന സമ്മേളനമായിട്ടാണ് കാണിക്കുന്നത്. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് രഹസ്യമായിട്ടൊന്നുമല്ല. ആദ്യവസാനം പങ്കെടുത്താലും എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. സുതാര്യത ഉറപ്പാക്കാന്‍ ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. വേദി മുഴുവന്‍ വീഡിയോ കവര്‍ ചെയ്തു. എഫ്ബി ലൈവ് വീഡിയോ 3:59:55 മിനിറ്റുണ്ട്. ഉദ്ഘാടന സെക്ഷന്‍ 18:59 മിനിറ്റ് മുതല്‍ 54:02 മിനിറ്റ് വരെയും. തന്റെ ആശംസാ പ്രസംഗം 43:49 മിനിറ്റ് മുതല്‍ 46:20 മിനിറ്റ് വരെയാണ്. വൈസ് ചാന്‍സിലര്‍ ആവശ്യപ്പെട്ടതിനാലാണ് ആശംസ പറഞ്ഞത്. അദാലത്തില്‍ അപേക്ഷകരെ കാണാന്‍ ഇരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും അത് വീഡിയോ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചവരെ പൂര്‍ണമായി കണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചതിന് ശേഷം പ്രഖ്യാപന സമയത്ത് വേദിയിലെത്തുകയായിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് ആദ്യാവസാനം താന്‍ പങ്കെടുത്തുവെന്നും മാര്‍ക്ക് കൂട്ടിനല്‍കാന്‍ സ്വാധീനിച്ചുവെന്നും പ്രചരണം നടത്തുന്നതെന്നും ഷറഫുദ്ദീന്‍ വ്യക്തമാക്കുന്നു. സര്‍വകാലാശ പുറത്തുവിട്ട വീഡിയോ പൂര്‍ണമായും കാണിക്കാന്‍ അദ്ദേഹം ചാനലുകളെയും ചെന്നിത്തലയെയും വെല്ലുവിളിക്കുന്നുമുണ്ട്.

ബിടെക്ക് ഒരു വിഷയത്തില്‍ മാത്രം തോറ്റ കുട്ടികള്‍ക്ക് അഞ്ച് മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിച്ചത് എംജി സിന്‍ഡിക്കേറ്റാണ്. സിന്‍ഡിക്കേറ്റിന്റെയും വൈസ് ചാന്‍സിലറുടെയും വിവേചനാധികാരം ഉപയോഗിച്ച് നയപരമായ തീരുമാനമെടുക്കാം. നഴ്‌സിംഗ് പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥിള്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കാനുള്ള തീരുമാനവും സിന്‍ഡിക്കേറ്റിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സര്‍വകലാശാല പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടലാണ് പ്രതിപക്ഷ ആവശ്യം. തെളിവുണ്ടെങ്കില്‍ പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കട്ടെയെന്നാണ് മന്ത്രിയുടെ പ്രതികരണം.

കായംകുളം സ്വദേശിയായ ശ്രീഹരി എന്ന വിദ്യാര്‍ത്ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂടുതല്‍ നല്‍കിയെന്നാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. എന്‍ട്രന്‍സ് കോച്ചിംഗിന് പോകാന്‍ പണമില്ലാത്തതിനാല്‍ സ്വയം പഠിച്ചും പ്രാദേശിക എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നല്‍കിയ ഒരാഴ്ച ക്രാഷ് കോഴ്‌സിലൂടെയും 5428-ാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിയാണ് ശ്രീഹരിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീഹരിക്ക് അഞ്ചാം സെമസ്റ്ററില്‍ 'ഡൈനാമിക് ഓഫ് മെക്കാനിക്‌സ്' എന്ന പേപ്പര്‍ പ്രയാസകരമായിരുന്നുവെങ്കിലും ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷെ പരീക്ഷാഫലം വന്നപ്പോള്‍ തോറ്റു. തോൽക്കില്ലെന്ന് ഉറപ്പുള്ള ശ്രീഹരി 500 രൂപ ഫീസടച്ച് ഉത്തരക്കടലാസിന്റെ പകര്‍പ്പെടുത്തു. അത് കോളേജിലെ പ്രൊഫസര്‍ ഉള്‍പ്പെടെയുള്ളവരെ കാണിച്ചു. ഉത്തരക്കടലാസ് പരിശോധിച്ച അവര്‍ വീണ്ടും പരീക്ഷാപേപ്പര്‍ പരിശോധിക്കാന്‍ അപേക്ഷ കൊടുക്കാന്‍ അവര്‍ പറഞ്ഞു. പുനഃപരിശോധനയിലും ജയിച്ചില്ലെന്നായിരുന്നു സര്‍വകലാശാലയുടെ അറിയിപ്പ്.

പിന്നീടാണ് സർവകലാശാല അദാലത്ത് നടത്തുന്ന അറിയിപ്പ് കണ്ട് വിദ്യാർത്ഥി അതിലേക്ക് അപേക്ഷിച്ചത്. വിശദമായ അപേക്ഷ സമര്‍പ്പിച്ചു. വകുപ്പ് മേധാവിയും പ്രിന്‍സിപ്പലും മുഖേനയാണ് അപേക്ഷ നല്‍കിയത്. 2019 ഫെബ്രുവരി 27നായിരുന്നു അദാലത്ത്. സര്‍വകലാശാല അധികൃതരും അധ്യാപകരും നിറഞ്ഞ വേദിയില്‍ ശ്രീഹരി വിഷയം അവതരിപ്പിച്ചെന്നുവെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. .ഇതിന് മുമ്പുള്ള സെമസ്റ്ററുകളില്‍ കിട്ടിയ മാര്‍ക്കുകള്‍ വിശദമാക്കി. ഉത്തരക്കടലാസിലെ ഓരോ ചോദ്യത്തിനും എവിടെയൊക്കെ തനിക്ക് മാര്‍ക്ക് കിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി

മുന്‍പൊരു കേസില്‍ ഹൈക്കോടതി ഒരു സമിതിയെ നിയോഗിച്ച് പരീക്ഷാ പേപ്പര്‍ വീണ്ടും പരിശോധിക്കാന്‍ ഉത്തരവിട്ടത് പരാമര്‍ശിച്ച് സമാനമായ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ കോളേജിലെ രണ്ട് അധ്യാപകര്‍ അടങ്ങിയ സമിതിയെയാണ് ഉത്തരക്കടലാസ് വീണ്ടും പരിശോധിക്കാന്‍ അദാലത്ത് ചുമതലപ്പെടുത്തിയത്. അവര്‍ പരിശോധിച്ചപ്പോള്‍ ഒരു മോഡറേഷനും ഇല്ലാതെ തന്നെ ശ്രീഹരി 48 മാര്‍ക്ക് നേടി വിജയിക്കുകയും ചെയ്തു. അതായത് അദാലത്തോ സിന്‍ഡിക്കേറ്റോ സൗജന്യമായി അനുവദിച്ച മാര്‍ക്ക് അല്ല ശ്രീഹരിക്ക് ലഭിച്ചത് എന്നാണ് വിശദീകരണം. പകരം അയാള്‍ എഴുതിയ ഉത്തരങ്ങള്‍ക്കും സത്യസന്ധമായ മാര്‍ക്കാണ് ഇത്. ഇതില്‍ വിജയിച്ചാല്‍ നേരത്തെ പരീക്ഷാ പേപ്പര്‍ പരിശോധിച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് അദാലത്തില്‍ തീരുമാനിച്ചിരുന്നു. ഇതോടെ സര്‍വകലാശാല നിയമത്തില്‍ അട്ടിമറി നടന്നുവെന്ന മുറവിളിയുമായി ഒരു കൂട്ടര്‍ രംഗത്തെത്തുകയും പ്രതിപക്ഷ നേതാവ് മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തുകയുമായിരുന്നു.

ശ്രീഹരിയുമായി ബന്ധപ്പെടാന്‍ അഴിമുഖം ശ്രമിച്ചെങ്കിലും ആ വിദ്യാർത്ഥി പ്രതികരിക്കാൻ തയ്യാറായില്ല. വീട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലുള്ള ജോലി ആവശ്യമാണ്. ഈ വിവാദത്തില്‍ തന്റെ പേര് ഉയര്‍ന്നുവരുന്നത് ജോലിയെ ബാധിക്കുമോയെന്ന ആശങ്ക അയാള്‍ക്കുണ്ട്. ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ടുള്ള വൈകാരിക വശങ്ങളാണ് സർവകലാശാലയുടെ വാദങ്ങളെ ന്യായീകരിക്കുന്നവർ മുന്നോട്ടുവെയ്ക്കുന്നത്.

എന്നാല്‍ ഈ കേസില്‍ മന്ത്രി ജലീലിന്റെ വാദം പൂര്‍ണമായും തള്ളുന്നതാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കളുടെ വാക്കുകള്‍. സര്‍വകലാശാലാ നടപടിക്രമങ്ങള്‍ മനസിലാക്കുന്ന ആര്‍ക്കും ഇതുതെറ്റാണെന്ന് ബോധ്യമാകും. പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കേണ്ടത് ദയാഹര്‍ജി പരിഗണിച്ച് ചെയ്യേണ്ടതല്ലെന്നുമുള്ള പ്രസ്താവന സർവകലാശാല വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലിനെ ചോദ്യം ചെയ്യുന്നതാണ്.

അധികാരപ്പെട്ട സമിതിയാണ് മോഡറേഷന്‍ അനുവദിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം സിന്‍ഡിക്കേറ്റിന് ഇതിലൊന്നും ചെയ്യാനാകില്ല. സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരോ മന്ത്രിമാരോ ഇടപെടുമ്പോള്‍ അത് സര്‍വകലാശാലകളുടെ സുഗമമായ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാല കാര്യങ്ങളില്‍ ഏത് വിധത്തിലും വെള്ളം ചേര്‍ക്കാമെന്ന കീഴ്‌വഴക്കമാണ് ഇത് സൃഷ്ടിക്കുന്നത്. ഇതുകാണിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച മാത്രമല്ല, ജാഗ്രതയില്ലായ്മയുമാണെന്നും ഡോ. രാജന്‍ ഗുരുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത് ഇതിനാലാണ്.

സാമൂഹിക പ്രശ്‌നം തീര്‍ക്കും പോലെയല്ല സര്‍വകലാശാല പരീക്ഷയില്‍ തോറ്റ കുട്ടിക്ക് സഹായം ചെയ്യേണ്ടതെന്നും അത് പാടില്ലാത്തതാണെന്നും ഗുരുക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായി നടന്ന കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും നിഷ്ഫലമാകുമെന്നും രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം രാജന്‍ ഗുരുക്കളുടെ വാക്കുകളെ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജലീലിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സമ്മതിച്ചിരിക്കുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. മന്ത്രിയുടെ ഇടപെടല്‍ ശരിയല്ലെന്നും ഇത് ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്നും രാജന്‍ ഗുരുക്കള്‍ പറഞ്ഞ സ്ഥിതിക്ക് ഇനിയെങ്ങനെയാണ് ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാനാകുകയെന്നും ചെന്നിത്തല ചോദിക്കുന്നു


Next Story

Related Stories