എംജി യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫ. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് റദ്ദാക്കി. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തില്‍ 5000 രൂപയാക്കിയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ 2500 രൂപയാക്കിയും വര്‍ധിപ്പിച്ച വിജ്ഞാപനമാണ് യൂണിവേഴ്സിറ്റി റദ്ദാക്കിയത്. ജനറല്‍ വിഭാഗത്തിന് 2000 രൂപയും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് 1000 രൂപയുമാക്കി ഫീസ് പുനര്‍നിശ്ചയിച്ച് പുതിയ വിജ്ഞാപനം ഇറക്കി. ഫീസ് വര്‍ധനയ്ക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നിരുന്നത്. ഈ സാഹചര്യത്തിലാണ് വിജ്ഞാപനം റദ്ദാക്കിയത്. (ഇത് സംബന്ധിച്ച് അഴിമുഖം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു: ഉദ്യോഗാര്‍ഥികളെ കൊള്ളയടിച്ച് എംജി യൂണിവേഴ്സിറ്റി; അസി. പ്രൊഫ. തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയില്‍ ഫീസ് 5000 രൂപ, എസ്.സി/എസ്.ടി - 2500)
യൂണിവേഴ്സ്റ്റിയിലെ ഒമ്പത് വകുപ്പുകളിലെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഒക്ടോബര്‍ 30ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ജനറല്‍ കാറ്റഗറിയിലുള്ള അപേക്ഷകര്‍ 5000 രൂപയും എസ് സി, എസ് ടി വിഭാഗത്തിലുള്ളവര്‍ 2500 രൂപയും ഫീസ് അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ചലച്ചിത്ര സംവിധായകന് ബി. ഉണ്ണികൃഷ്ണന് അടക്കമുള്ളവര്‍ ഈ 'കൊള്ളയടി'ക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
മുന്‍ വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 1000 രൂപയും എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 500 രൂപയുമായിരുന്നു ഫീസ്. മറ്റ് സര്‍വകലാശാലകളിലും 1000-2000 രൂപ വരെ അപേക്ഷാ ഫീസ് നിലനില്ക്കുമ്പോള് എംജിയില്‍ മാത്രം ഇരട്ടിയിലധികം ഫീസ് ഈടാക്കുന്നതിനെതിരെ കെ എസ് യു ജില്ലാ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.