TopTop

വെയിലും മഴയുംകൊണ്ട് പണിയെടുത്തതിന്റെ കൂലിയാണ് ചോദിക്കുന്നത്; കേന്ദ്രം കേരളത്തിന് നൽകാനുള്ളത് 1114 കോടി, 12.98 കോടി തൊഴിലുറപ്പ് ജോലിക്കാർക്ക് ജൂലായ് മുതൽ വേതനമില്ല

വെയിലും മഴയുംകൊണ്ട് പണിയെടുത്തതിന്റെ കൂലിയാണ് ചോദിക്കുന്നത്; കേന്ദ്രം  കേരളത്തിന് നൽകാനുള്ളത് 1114 കോടി, 12.98 കോടി തൊഴിലുറപ്പ് ജോലിക്കാർക്ക് ജൂലായ് മുതൽ വേതനമില്ല

ദാരിദ്ര്യ ലഘൂകരണത്തിനും സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനും വർഷത്തിൽ 100 തൊഴിൽ‌ ദിനങ്ങൾ‌ ഉറപ്പ് വരുത്താനുംലക്ഷ്യമിടുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരളത്തിലെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. പദ്ധതിയിൽ ഉൾപ്പെട്ട 12.98 കോടി തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് മാസത്തോളമായി വേതനം മുടങ്ങിയിരിക്കുകയാണ്. പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിക്കേണ്ട 1,114 കോടി ലഭിക്കാത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. ഈ തുക ലഭിക്കാനുള്ള സമ്മർദ്ദം ശക്തമാക്കുകയാണ് സംസ്ഥാന സർക്കാർ.

അഞ്ച് മാസത്തെ കണക്കുകൾ അനുസരിച്ച് 898 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. വിതരണത്തിൽ വന്ന കാലതാമസം സംസ്ഥാനത്തെ 25 ലക്ഷത്തോളം വരുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇക്കാര്യം സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ മന്ത്രി എസി മൊയ്തീൻ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ശ്രദ്ധയിൽ പെടുത്തിയതായാണ് റിപ്പോർട്ട്. അടിയന്തിര ഇടപെടൽ വേണമെന്നാണ് സംസ്ഥാന സർക്കാറിന്റെ ആവശ്യം.

തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധി മാസങ്ങൾക്ക് മുന്‍പ് തന്നെ സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് നൽകിയ അറിയിപ്പിൽ പദ്ധതി നടത്തിപ്പിനായി 483.31 കോടി കിട്ടാനുണ്ടെന്നായിരുന്നു സർക്കാറിന്റെ അറിയിപ്പ്. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ട്.

വ്യവസ്ഥകൾ പ്രകാരം തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അവിദഗ്ദ തൊഴിലാളികൾക്ക് തങ്ങളുടെ വേതനം രണ്ടാഴ്ചയ്ക്കകം നൽകണമെന്നിരിക്കെയാണ് മാസങ്ങളായി വേതനം മുടങ്ങിയിരിക്കുന്നത്. ചെറിയ ഓഡിറ്റ് പ്രശ്നങ്ങൾ, തൊഴിലാളികളുടെ കാര്യക്ഷമത തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫണ്ട് തടഞ്ഞുവച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ട്, സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്, ഫിനാന്‍സ് റിപ്പോര്‍ട്ട് തുടങ്ങിയവയൊന്നും സമയബന്ധിതമായി സമര്‍പ്പിക്കാത്തതിനാലാണ് കേന്ദ്ര ഫണ്ട് വൈകുന്നതെന്നും ആരോപണമുണ്ട്.

സാധാരണക്കാരും പാവപ്പെട്ടവരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും നേരിട്ട് തന്നെ പൂര്‍ണ്ണമായി എത്തുകയെന്നുള്ള തത്വം അടിസ്ഥാനമാക്കിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തിക്കുന്നത്. ഓരോ തൊഴിലാളിക്കും വര്‍ഷത്തില്‍ നൂറു തൊഴില്‍ നല്‍കുമെന്നും പദ്ധതി ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഡിസംബര്‍ പകുതി കഴിഞ്ഞിട്ടും പലര്‍ക്കും പകുതി തൊഴില്‍ പോലും നല്‍കാനായിട്ടില്ല. ഒരു തൊഴില്‍ ദിനത്തിന് 271 രൂപയാണ് കൂലി. അത് ലഭിക്കാതായതോടെ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. 100 ദിവസം തൊഴില്‍ ലഭിക്കണമെന്നത് തൊഴിലാളികളുടെ അവകാശമായി കണക്കാക്കുമ്പോഴാണ് ഈ വ്യത്യാസം.

അതേസമയം, പാവപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കേണ്ട അർഹമായ തുക ലഭിക്കാൻ സമര രംഗത്തേത്ത് ഇറങ്ങാൻ മടിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം രാജ്ഭവൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിച്ച ഇടത് തൊഴിലാളി യൂണിയനായ എൻ ആർഇജി വർക്കേഴ്സ് യൂണിയന്റെ നിലപാട്.

'കേരളത്തിൽ മാത്രം ആയിരക്കണക്കിന് കോടി രൂപയാണ് തൊഴിലാളികൾക്ക് നൽകാനുള്ളത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യം വികസിച്ചെന്ന് അവകാശപ്പെടുന്നത്. തൊഴിലെടുത്ത കൂലിയാണ് നൽകാനുള്ളത്. 117 രൂപയാണ് ഈ മേഖലയിലെ കുറഞ്ഞ കൂലി. ബീഹാറിലും ഛത്തീസ്ഗഡിലും ഉള്ളത്. കേരളത്തിൽ ഇത് 271 രുപയാണ്. ഇത് പോലും നൽകാൻ കഴിയുന്നില്ല. വിലക്കയറ്റം അതി രൂക്ഷമാണ്, ഒരു കിലോ ഉള്ളിക്ക് വില 200 രൂപയോട് അടുക്കുന്നു. ഈ സാഹചര്യത്തിലാണ് പണിയെടുത്ത വേതനം നൽകാതെ ഒരു സർക്കാർ‌ തൊഴിലാളികളെ വഞ്ചിക്കുന്നത്. കേരളത്തിൽ മാത്രം ഏകദേശം പതിനാലര ലക്ഷം കുടുംബങ്ങൾ‌ക്ക് നൽകേണ്ട തുകയാണിതെന്നും എൻ ആർഇജി വർക്കേഴ്സ് യൂണിയന്റെ സംഘാടകരിൽ ഒരാളായ സിപിഎം നേതാവ് എസ് രാജേന്ദ്രൻ പറയുന്നു.'

ഇക്കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഡിസംബർ 11 ന് എൻ ആർഇജി വർക്കേഴ്സ് യൂണിയൻ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ തൊഴിലാളികൾ രാജ്‌ഭവനിലേക്കും മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമാണ്‌ മാർച്ച്‌ നടത്തിയത്‌.

തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥകൾ‌ പ്രകാരം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വേതനം നല്‍കുന്നതാണ് രീതി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളികളുടെ പൂര്‍ണമായ കണക്കുകള്‍ കൃത്യമായി തന്നെ 15 ദിവസത്തിനകം സമര്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് കേരളം. ഈ സാഹചര്യങ്ങൾ എല്ലാ നിലനിൽക്കെയാണ് സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടിൽ വലിയ തോതിൽ കുറവുണ്ടാവുന്നത്. എന്നാൽ‌ ഫണ്ട് അനുവദിക്കുന്നതിന് ഓഡിറ്റിങ് ഉൾ‌പ്പെടെയുള്ളവയിലെ കാലതാമസം ചൂണ്ടിക്കാട്ടുന്നതും ആരോപണങ്ങൾ ഉന്നയിക്കുന്നതും പാർ‌ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും എൻആർഇജി വർക്കേഴ്സ് യൂണിയൻ ആരോപിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് യൂണിയന്‍റെ നിലപാട്. വര്‍ഷത്തിൽ തൊഴിൽ ദിനങ്ങള്‍ 250 ആയി വര്‍ദ്ധിപ്പിക്കാനും കൂലി 600 രൂപയാക്കി ഉയര്‍ത്താനും യൂണിയൻ ആവശ്യപ്പെടുന്നുണ്ട്.

2014 ലെ ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും വലിയ സാമൂഹിക തൊഴില്‍ദാന പദ്ധതി എന്ന് വിശേഷിപ്പിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തകർച്ചയുടെ വക്കിലാണെന്നാണ് എൻആർഇജി വർക്കേഴ്സ് ഫെഡറേഷന്റെ ആരോപണം. ലക്ഷക്കണക്കിന് ആലംബഹീനരുടെ അഭയമേഖല കൂടിയായ തൊഴിലുറപ്പു പദ്ധതിയെ എല്ലാനിലയിലും പരിമിതപ്പെടുത്തി അവസാനിപ്പക്കാനാണ് കേന്ദ്ര സർക്കാർ മുതിരുന്നതെന്ന് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ അനിമോൻ വ്യക്തമാക്കി.

'എല്ലാ സാമ്പത്തിക വര്‍ഷങ്ങളിലും ചെറിയ തോതിലെങ്കിലും വേതനം വര്‍ധിപ്പിച്ചിരുന്നതാണ്. 2019-20 സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും വര്‍ധിപ്പിച്ചില്ല. 18-19 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 1084 കോടി രൂപയുടെ കുറവുകൂടിയാണ് ബജറ്റ് വിഹിതം അനുവദിച്ചതെന്നും സംഘടന ആരോപിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം 61,084 കോടി രൂപ ചെലവഴിക്കുകയും പതിനായിരം കോടി രൂപയിലധികം വര്‍ഷാവസാനം കുടിശിക വരുത്തുകയും ചെയ്തു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അറുപതിനായിരം കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയത്. എന്നാൽ 18-19 ലെ കുടിശിക നല്‍കാനായി പതിനായിരം കോടി രൂപ 2019 ഏപ്രില്‍ നീക്കിവച്ചു. ഇക്കാലയളവിൽ കേരളത്തില്‍ മാത്രം കുടിശിക ഉണ്ടായിരുന്നത് 1511.72 കോടി രൂപയാണ്.

ഫലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് അമ്പതിനായിരം കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്. 1760 കോടി രൂപയിലധികം തുകയുടെ പ്രവൃ‍ത്തികള്‍ നടന്നു കഴിഞ്ഞു. എന്നാല്‍ 383 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. ഈ സാഹചര്യത്തിൽ‌ കേരളത്തില്‍ 1377 കോടി രൂപയുടെ കുടിശികയാണ് നൽകാനുള്ളത്. ഈ സാഹചര്യത്തിൽ വേതനം ലഭിക്കാതെ തൊഴിലാളികള്‍ വിഷമിക്കുകയാണ്. ഇതിനിടെയാണ് മെറ്റീരിയല്‍ ജോലികള്‍ ചെയ്യണമെന്ന കര്‍ക്കശമായ നിര്‍ദ്ദേശം നടപ്പിലാക്കിയത്. എന്നാൽ മെറ്റീരിയല്‍സ് വിതരണം ചെയ്ത ഏജന്‍സികള്‍ക്ക് കഴിഞ്ഞ ആറുമാസമായി തുക നല്‍കുന്നില്ല. അതുകൊണ്ട് തന്നെ സാമഗ്രികള്‍ വിതരണം ചെയ്യുന്നുമില്ല, ഇത് പ്രവൃത്തികള്‍ തടസപ്പെട്ടാനും ഇടയാക്കിയിട്ടുണ്ട്. തന്മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാത്ത അവസ്ഥ സംജാതമായി.' തൊഴിലാളികള്‍ സമയത്തിന് തൊഴില്‍ ലഭിക്കാതെയും വേതനം ലഭിക്കാതെയും ബുദ്ധിമുട്ടുകയാണെന്നും എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് 33.39 ലക്ഷം കുടുംബങ്ങള്‍ക്കാണ് എംജിഎൻആർഇജിഎസ് തൊഴില്‍ കാര്‍ഡുള്ളത്. സംസ്ഥാനത്തെ അംഗങ്ങളില്‍ 90 ശതമാനവും സ്ത്രീകളാണ് എന്ന പ്രത്യേകത നലനിൽക്കെ ഈ പട്ടികയിൽ ഉൾപ്പെട്ട 18.34 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ സജീവവുമാണ്. ഇതിൽ ഉൾപ്പെട്ട അവിദഗ്ദ തൊഴിലാളികളുടെ കഴിഞ്ഞ ജൂലൈ മുതല്‍ ചെയ്ത ജോലിക്കുള്ള വേതനം കാത്തിരിക്കുന്നത്. ഇവർക്ക് പുറമെ വിദഗ്ധ തൊഴിലാളികളുടെ വേതനക്കുടിശികയായി 38 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ 114 കോടി രൂപയും സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാറിൽ നിന്നും കിട്ടാനുണ്ട്. മറ്റ് പല സംസ്ഥാനങ്ങൾക്കും കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി കുടിശിക നല്‍കിയപ്പോഴും കേരളത്തെ അവഗണിക്കുകയായിരുന്നെന്നും അരോപണമുണ്ട്.

ഓരോ സാമ്പത്തിക വര്‍ഷവും തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാതിരിക്കുന്നതും അനുവദിച്ചതിൽ തന്നെ വലിയൊരു ശതമാനം വഴിമാറിപ്പോകുന്നതുമാണ് ഇത്തരത്തിൽ കൂലി കുടിശികയാകുന്നതിന്റെ പ്രധാനകാരണമെന്നാണ് വിലയിരുത്തൽ. 55,000 കോടിയായിരുന്നു കഴിഞ്ഞ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയത്. എന്നാൽ കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ഹൈക്കോടതി ഇടപെടുകയും തൊഴിലാളികള്‍ പലവട്ടം സമരരംഗത്തിറങ്ങുകയും ചെയ്തിട്ടും തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും കൃത്യമായി കൂലിയോ, നഷ്ടപരിഹാരത്തോടു കൂടിയ കുടിശികയോ വിതരണം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

നേരത്തെ, 2019-20 വര്‍ഷത്തേയ്ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞ വേതന വര്‍ദ്ധനവായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ‌2.16 ശതമാനം വേതന വര്‍ദ്ധനവാണ് 2019-20-ലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കിയതിന് ശേഷമുള്ള ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വേതന വര്‍ദ്ധനവായിരുന്നു നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വേതനം ഇതിനേക്കാള്‍ കൂടിയതായതിനാല്‍, ഈ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം വേതന വര്‍ദ്ധനവുണ്ടാവുകയും ചെയ്കിരുന്നില്ല. കേരളത്തിന് പുറമെ കര്‍ണാടകയിലും പശ്ചിമ ബംഗാളിലും സമാനമായ അവസ്ഥയാണ്. ഹിമാചല്‍പ്രദേശിലും പഞ്ചാബിലും ഓരോ രൂപ വീതവും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രണ്ട് രൂപ വീതവുമാണ് വര്‍ദ്ധിക്കുക. 15 സംസ്ഥാനങ്ങളില്‍ പരമാവധി അഞ്ച് രൂപ മാത്രമാണ് കൂലി വര്‍ദ്ധിച്ചിരുന്നത്. ഏറ്റവും കുറവ് തൊഴിലുറപ്പ് കൂലിയുള്ള സംസ്ഥാനങ്ങള്‍ ഝാര്‍ഖണ്ഡും ബിഹാറുമാണ് - 171 രൂപ. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 176. ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്ന സംസ്ഥാനം ഹരിയാനയാണ് - 284 രൂപ. കേരളമാണ് രണ്ടാം സ്ഥാനത്ത് - 271.

രാജ്യത്ത് ആകമാനം 12 കോടി 92 ലക്ഷം തൊഴിലാളികുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള പദ്ധതിയാണ് യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. ഇത് പ്രകാരം ഗ്രാമങ്ങളില്‍ തൊഴില്‍ ആവശ്യമുള്ളവര്‍ക്ക് വര്‍ഷത്തില്‍ 100 ദിവസമാണ് തൊഴില്‍ നല്‍കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ തൊഴില്‍ നല്‍കാനായില്ലെങ്കില്‍ 12 ശതമാനം നഷ്ടപരിഹാരവും വ്യവസ്ഥ ചെയ്യുന്നതുമാണ് പദ്ധതി. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ അടക്കമുള്ളവയുടെ സാഹചര്യത്തില്‍ ഇത് 150 ദിവസമായി ഉയര്‍ത്തുമെന്നുമായിരുന്നു വ്യവസ്ഥ.Next Story

Related Stories