TopTop
Begin typing your search above and press return to search.

കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ മിക്കവര്‍ക്കും പാസിനെക്കുറിച്ച് ധാരണയില്ല; ട്രെയിനുകളില്‍ തീവെട്ടിക്കൊള്ള

കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ മിക്കവര്‍ക്കും പാസിനെക്കുറിച്ച് ധാരണയില്ല; ട്രെയിനുകളില്‍ തീവെട്ടിക്കൊള്ള

''പാസെടുത്തിട്ടുണ്ടോ...''

''പാസ്?'', ''ക്യാ....? ടിക്കറ്റ് ഹേ ടിക്കറ്റ്... മേരാ പാസ് ടിക്കറ്റ് ഹേ...ട്രെയിന്‍ ടിക്കറ്റ് ഹേ....''

'' അതെ, കേരളത്തിലേക്ക് വരാന്‍ പാസെടുത്തുണ്ടോന്ന്...''

ഉത്തരേന്ത്യയില്‍ നിന്നും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ പത്തിരുപതോളം തൊഴിലാളികളോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകന്റെ മലയാളത്തിലുള്ള ചോദ്യവും അതിന് തൊഴിലാളികള്‍ നല്‍കിയ ഹിന്ദിയും മലയാളവും കലര്‍ന്ന മറുപടിയുമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇരു കൂട്ടര്‍ക്കും കാര്യങ്ങള്‍ വ്യക്തമാകാതെ വന്നതോടെ ദ്വിഭാഷിയായി ഇടപെട്ടു.

ജൂണ്‍ 27ന് രാത്രി 9.35ന് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 29ന് ഉച്ചക്ക് ഒന്നരയ്ക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ തുരന്തോ എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങിയ ഒരു ഡസനിലധികം ഇതര സംസ്ഥാന തൊഴിലാളികളുമായിട്ടാണ് ആരോഗ്യ പ്രവര്‍ത്തകന്‍ മലയാളത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നത്.

മലയാളത്തില്‍ മാത്രം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ഭാഷ പരിജ്ഞാനത്തിലുള്ള കുറവായിരിക്കാം. പക്ഷേ, നിയമവിരുദ്ധമായി (സംസ്ഥാനത്ത് പ്രവേശിക്കാനുള്ള അനുമതി പാസ്സില്ലാതെയാണ് എല്ലാവരും എത്തിയിരിക്കുന്നത്) സംസ്ഥാനത്ത് പ്രവേശിച്ച തൊഴിലാളികളോട് വളരെ മാന്യമായിട്ടാണ് അദ്ദേഹം പെരുമാറുന്നത്.

ഒരിക്കല്‍ പോലും ക്ഷോഭിക്കുകയോ തട്ടിക്കയറി സംസാരിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടില്ല. ആരോഗ്യ പ്രവര്‍ത്തകന്‍ പറയുന്നതില്‍ 'പാസ്' എന്ന വാക്ക് ഒഴികെ മറ്റു എന്തെങ്കിലും ഇതര സംസ്ഥാനക്കാര്‍ക്കോ ഹിന്ദിക്കാര്‍ പറയുന്നത് ആരോഗ്യ പ്രവര്‍ത്തകനൊ മനസ്സിലാവുന്നില്ലെന്ന അവസ്ഥ വന്നപ്പോഴാണ് സഹയാത്രികനായ ഈ ലേഖകന്‍ ഇടപെട്ടത്.

27ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട തുരന്തോ എക്‌സ്പ്രസ്സില്‍ മലയാളികളേക്കാള്‍ കൂടുതല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ കോഴിക്കോട് ഇറങ്ങിയതില്‍ അത്യാവശ്യം മാന്യമായി വസ്ത്ര ധരിച്ച ഒരു ഹിന്ദിക്കാരന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പാസുമായി കോഴിക്കോട് വണ്ടിയിറങ്ങിയിട്ടുള്ളത്. മറ്റുള്ളവര്‍ക്കൊന്നും സംസ്ഥാനത്ത് പ്രവേശിക്കാനുള്ള പാസില്ല. ഇവരെ എല്ലാം മേല്‍പറഞ്ഞ ആരോഗ്യ പ്രവര്‍ത്തകന്‍ വരിയായി നിര്‍ത്തുന്നുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ പാസ് ഏര്‍പ്പെടുത്തിയ കാര്യം ഇവര്‍ക്കാര്‍ക്കും അറിയില്ല എന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായത്. ഇത്തരത്തില്‍ ഓരോ ദിവസവും നിരവധി പേര്‍ വരുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകന്‍ പറയുന്നു. ഇവരെ ആരെയും സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ സംവിധാനമില്ലാത്തതിനാല്‍, ഇവിടെ വെച്ച് പാസ് എടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, കേരളത്തില്‍ പ്രവേശിക്കാനുള്ള നിയമപരമായ നടപടി ക്രമങ്ങള്‍ അറിയാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉടനടി പാസെടുത്ത് കൊടുക്കാന്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഡല്‍ഹി അടക്കമുള്ള ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ ശരിയായ കോവിഡ് പരിശോധന നടത്താതെയും ചിലര്‍ കോവിഡിന്റെ മറവില്‍ പണം തട്ടുന്ന ചില ആശുപത്രികള്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായാണ് യാത്ര ചെയ്യുന്നത്. ഇവരില്‍ പലര്‍ക്കും കേരളത്തില്‍ 14 ദിവസത്തെ സുരക്ഷിതമായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ പോലുമില്ല എന്നത് ആശങ്കയുണ്ടാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പാസുമായി എത്തിയ ആ ഏക വ്യക്തി, റെയില്‍വേയിലെ കോവിഡ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പറഞ്ഞത്, 14 ദിവസം ക്വാറന്റൈനില്‍ നില്‍ക്കാം എന്നാണ്; എന്നാല്‍, അദ്ദേഹത്തിന് ക്വാറന്റൈന്‍ സൗകര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും പറയുന്നത് കേള്‍ക്കാമായിരുന്നു. ഇദ്ദേഹം പിന്നീട്, പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷന് പുറത്ത് അലക്ഷ്യമായി നടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

അതേസമയം, ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികളെ പേരും അഡ്രസ്സും മറ്റു വിവരങ്ങളും എല്ലാം ചോദ്യം ചെയ്തതിന് ശേഷം മാത്രമാണ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ക്യാബിനില്‍ നിന്ന് അനങ്ങാന്‍ അനുവദിക്കുന്നുള്ളൂ. വീട് നില്‍ക്കുന്ന സ്ഥലം, ആ പ്രദേശം ഉള്‍പ്പെടുന്ന പഞ്ചായത്ത്, താലൂക്കിന്റെ വരെ പേരും അറിയാത്ത ഒരു മലയാളിക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രയാസമാവും. എന്നാല്‍, ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന 'അതിഥി' തൊഴിലാളികള്‍ പാസു പോലുമില്ലാതെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുന്നത്.

കോവിഡിന്റെ മറവില്‍ ഇന്ത്യന്‍ റെയില്‍വേയും നടത്തുന്നത് മറ്റൊരു പിടിച്ചു പറിയാണ്. ഡല്‍ഹിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന പേരില്‍ രാജധാനി, തുരന്തൊ , മംഗള എക്‌സപ്രസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. നേരത്തെ ഭക്ഷണവും ബ്ലാങ്കറ്റും ഷാളും അടക്കമുള്ള സേവനങ്ങള്‍ക്ക് രാജധാനിയും തുരന്തൊയും ഈടാക്കിയിരുന്ന അതേ ടിക്കറ്റ് ചാര്‍ജ് തന്നെയാണ് ഇപ്പോള്‍ ആ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ ഈടാക്കുന്നത്. ഭക്ഷണവും ബ്ലാങ്കറ്റും ഒഴിവാക്കാന്‍ പറഞ്ഞിരുന്ന കാരണം കോവിഡ് വ്യാപനമായിരുന്നു. എന്നാല്‍, ഈ ട്രെയിനുകളില്‍ ഐ.ആര്‍.സി.ടിസിയുടെ യൂണിഫോം അണിഞ്ഞ ജീവനക്കാര്‍ ഭക്ഷണവും കൂള്‍ ഡ്രിങ്ക്‌സ് അടക്കമുള്ള പാനിയങ്ങളും പണം വാങ്ങി വിതരണം ചെയ്യുന്നുണ്ട്. ഐ.ആര്‍.സി.ടി.സിയുടെ 15 രൂപ വിലയുള്ള റെയില്‍ നീര്‍ 20 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. ബിരിയാണി അടക്കമുള്ള ഭക്ഷണങ്ങള്‍ 'നോ ബില്ല്, നോ പെയ്‌മെന്റ്' (ബില്ലില്ലെങ്കില്‍ പണം നല്‍കേണ്ട) എന്ന് വലിയ അക്ഷരത്തില്‍ എഴുതിപ്പിടിപ്പിച്ച ഐആര്‍സിടിസിയുടെ യൂണിഫോമിട്ട ജീവനക്കാര്‍ ബില്ല് പോലും നല്‍കാതെ ഇരട്ടി വിലക്ക് ഭക്ഷണം വില്‍പ്പന നടത്തുന്നുണ്ട്. 15 രൂപയുടെ റെയില്‍ നീര്‍ 20 രൂപയ്ക്ക് വില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചതിന് അഞ്ച് രൂപ തങ്ങളുടെ കമ്മീഷനാണെന്നായിരുന്നു ഒരു ജീവനക്കാരന്റെ മറുപടി. കൈയ്യില്‍ ഗ്ലൗസ് പോലും ധരിക്കാതെയാണ് ജീവനക്കാര്‍ ഭക്ഷണം വില്‍പ്പന നടത്തുന്നത്. കൂള്‍ ഡ്രിങ്ക്‌സ്, ചായ അടക്കമുള്ളവയ്ക്ക് എല്ലാം അമിത വിലയാണ്.

കോവിഡ് പടരാനുള്ള എല്ലാം പഴുതുകളും അടയ്ക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളില്‍ ഭക്ഷണം ഉണ്ടാവില്ല, ബ്ലാങ്കറ്റ് നല്‍കില്ല എന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരുന്നത് എങ്കില്‍ അതിനേക്കാള്‍ അപകടകരമായ രീതിയിലാണ് ട്രെയിനുകളില്‍ നിയമ വിരുദ്ധമായ കച്ചവടങ്ങള്‍ നടക്കുന്നത്. രാജധാനിയില്‍ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട് വരെ തേഡ് എ.സി യാത്രയ്ക്ക് എല്ലാവിധ ചാര്‍ജും അടക്കം 3999 രൂപയാണ് ഈടാക്കുന്നത് എങ്കില്‍, തുരന്തോയില്‍ 3697.30 പൈസയാണ് ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റിന് തേഡ് എ.സിക്ക് ഇപ്പോള്‍ ഈടാക്കുന്നത്. നേരത്തെ, സമാനമായ ചാര്‍ജില്‍ ഭക്ഷണവും ബ്ലാങ്കറ്റും ഷാളുകളും ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍, നേരത്തെ നല്‍കിയിരുന്ന ടിക്കറ്റ് ചാര്‍ജിന് പുറമെ, ഭക്ഷണം വേണമെങ്കില്‍ ഐ.ആര്‍.സി.ടി.സി ജീവനക്കാര്‍ പറയുന്ന വിലയ്ക്ക് വാങ്ങുക എന്നതാണ് നടപ്പാവുന്നത്.

#Representational Image


Next Story

Related Stories