TopTop
Begin typing your search above and press return to search.

INTERVIEW-മന്ത്രി കെ കൃഷ്ണന്‍കുട്ടി | കര്‍ഷകരെ കാത്തിരിക്കുന്നത് സ്വന്തം ഭൂമി പെപ്സിക്ക് തീറെഴുതിക്കൊടുക്കേണ്ടി വന്ന ഹരിയാനയിലെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ വിധി

INTERVIEW-മന്ത്രി കെ കൃഷ്ണന്‍കുട്ടി | കര്‍ഷകരെ കാത്തിരിക്കുന്നത് സ്വന്തം ഭൂമി പെപ്സിക്ക് തീറെഴുതിക്കൊടുക്കേണ്ടി വന്ന ഹരിയാനയിലെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ വിധി


കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക സമരം ഇന്ന് മുതല്‍ ശക്തമാകുകയാണ്. 150ലധികം കര്‍ഷക സംഘടനകളാണ് സമരത്തില്‍ അണിനിരക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷകരുടെ ജീവിതം
കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നുവെന്നതാണ് കര്‍ഷകരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ വര്‍ഷവും കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്നുവെന്നത് മാത്രമെടുത്താല്‍ ഈ സര്‍ക്കാര്‍ എത്രമാത്രം കര്‍ഷകരെ ദ്രോഹിക്കുന്നുവെന്ന് വ്യക്തമാകും. ഫാര്‍മേഴ്‌സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ആന്‍ഡ് കൊമേഴ്‌സ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്‍, എസന്‍ഷ്യല്‍ കമോഡിറ്റീസ്(അമെന്റ്‌മെന്റ്) ആക്ട് എന്നിവയാണ് പുതിയ ബില്ലുകള്‍. സംസ്ഥാന വിഷയമായ കൃഷി മേഖലയിലെ നിയമ നിര്‍മ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് പ്രധാന ആരോപണം. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമെന്ന് അവകാശപ്പെടുന്നുവെങ്കിലും കോവിഡിന്റെ മറവില്‍ ചര്‍ച്ചകളൊന്നും കൂടാതെ നാല് ദിവസം കൊണ്ട് പാസാക്കിയതും പ്രതിഷേധത്തിന് കാരണമാണ്. കര്‍ഷകര്‍ക്ക് വിളവ് ഇറക്കുന്നതിന് മുമ്പ് തന്നെ ഉല്‍പ്പന്നം വില്‍പ്പന നടത്തി സാമ്പത്തിക സഹായം ഉറപ്പു വരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനെല്ലാമുപരി കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമായ മിനിമം താങ്ങുവില വില ഉറപ്പാക്കുന്നതിനുള്ള യാതൊരു നിയമപരിരക്ഷയും ഈ നിയമം ഉറപ്പുവരുത്തുന്നുമില്ല. ഈ ബില്ലുകള്‍ പാസാക്കിയതിലൂടെ ഇന്ത്യയിലെ കര്‍ഷകരെ വില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നാണ് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രിയും കര്‍ഷകനുമായ
കെ കൃഷ്ണന്‍കുട്ടി
പറയുന്നത്. കര്‍ഷകരെ ഭൂരഹിതനാക്കാന്‍ മാത്രമേ ഈ ബില്ലുകള്‍ സഹായിക്കുകയുള്ളൂവെന്നും കോര്‍പ്പറേറ്റുകള്‍ക്ക് ചൂഷണം ചെയ്യാന്‍ കര്‍ഷകരെ എറിഞ്ഞുകൊടുക്കുകയാണെന്നും അദ്ദേഹം അഴിമുഖം പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

? നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കര്‍ഷകര്‍ക്ക് ദ്രോഹകരമായ നിലപാടുകള്‍ മാത്രമാണ് നിരന്തരം സ്വീകരിച്ചിട്ടുള്ളത്. നിലവിലെ ബില്ലുകള്‍ ഏത് വിധത്തിലാണ് കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുക?


പാവപ്പെട്ട ചെറുകിട കര്‍ഷകരാണ് നമ്മുടെയിടയിലുള്ളത്. അവര്‍ സാമ്പത്തികമായി വലിയ ഞെരുക്കത്തിലാണ്. വിളയിറക്കുന്നതിന് മുമ്പ് തന്നെ ബഹുരാഷ്ട്രക്കുത്തകള്‍ക്ക് കൃഷിയില്‍ ഇടപെടാനാകും. വിളയിറക്കുന്നതിന് മുമ്പ് തന്നെ അവര്‍ കര്‍ഷകര്‍ക്ക് മുന്‍കൂറായി പണം നല്‍കും. ജീവിക്കാനുള്ള സാഹചര്യമില്ലാതിരിക്കുന്ന കര്‍ഷകര്‍ ആ അഡ്വാന്‍സ് സന്തോഷത്തോടെ തന്നെ വാങ്ങുകയും ചെയ്യും. അതിന് ശേഷമായിരിക്കും കമ്പനി കര്‍ഷകനുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഉല്‍പ്പാദന ചെലവിനോടൊപ്പം അമ്പത് ശതമാനം ലാഭം കൂടി ചേര്‍ത്താണ് നമ്മുടെ എംഎസ്പി (Minimum Support Price) നിശ്ചയിക്കുന്നത്. അത് ഇല്ലാതെയാകും. കര്‍ഷകന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തുകൊണ്ട് അയാളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള അവസരമാണ് ഈ ബില്ല് കമ്പനികള്‍ക്ക് നല്‍കുന്നത്. കമ്പനിയുമായുള്ള കരാറില്‍ പറഞ്ഞിരിക്കുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ പിന്നീട് കര്‍ഷകന്‍ ബാധ്യസ്ഥനാകുകയാണ്. എംഎസ്പി തന്നെ എല്ലാ കൃഷിക്കാര്‍ക്കും കിട്ടുന്നുമില്ല. പുതിയ നിയമങ്ങളുടെ ആനുകൂല്യത്തോടെ കമ്പനിയ്ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള അവസരം ലഭിക്കുന്നതോടെ പാവപ്പെട്ട കര്‍ഷകര്‍ വല്ലാത്തൊരു സ്ഥിതിയിലെത്തും.

ഇനി കരാര്‍ ഒപ്പിട്ടിട്ട് പുറത്തെവിടെയെങ്കിലും കൂടുതല്‍ വില കിട്ടുമെന്ന് കണ്ട് കര്‍ഷകര്‍ ഉല്‍പ്പന്നം കമ്പനിക്ക് കൊടുത്തില്ല എന്ന് വന്നാല്‍ അതിന് നഷ്ടപരിഹാരം കൊടുക്കേണ്ടതായും വരും. കേസ് നടക്കുന്നത് ഡല്‍ഹിയിലോ എവിടെയെങ്കിലുമായിരിക്കുകയും ചെയ്യും. ചെറുകിട കര്‍ഷകനെക്കൊണ്ട് അവിടെ പോയി കേസ് നടത്താന്‍ സാധിക്കുമോ? നഷ്ടപരിഹാരം കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അവസാനം അവന്റെ ഭൂമി കമ്പനിക്ക് ലഭിക്കുകയും ചെയ്യും. ഹരിയാനയില്‍ പെപ്‌സി കര്‍ഷകര്‍ക്ക് ഈ വിധത്തിലുള്ള സഹായങ്ങളുമായി രംഗത്തെത്തി. ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള നല്ല സൗകര്യങ്ങള്‍ അവര്‍ ആദ്യം കര്‍ഷകന് നല്‍കി. ഒടുവില്‍ കൃഷിക്കാരെ മുഴുവന്‍ കടക്കാരാക്കി ഭൂമി അവരുടെ കൈകളിലെത്തിച്ചു. കമ്പനിക്ക് ആ ഭൂമി വാങ്ങാനുള്ള സൗകര്യം അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒടുവില്‍ ആ കര്‍ഷകന്‍ സ്വന്തം ഭൂമിയില്‍ കൂലിയ്ക്ക് ജോലി ചെയ്യേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. അതേസംഭവം തന്നെയാണ് ഈ ബില്ലുകളിലൂടെ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്കും വരാന്‍ പോകുന്നത്.

ഈ ബില്ലുകളിലെ മറ്റൊരു പ്രശ്‌നം വിലക്കയറ്റവുമായി ബന്ധപ്പെട്ടാണ്. ഇവിടേക്ക് ഇറക്കുമതി ചെയ്യാനുള്ള അധികാരവും ഈ കമ്പനികള്‍ക്ക് തന്നെയാണ്. വലിയതോതില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലാതായി തീരും. അതോടെ അവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുകയും ചെയ്യും. ചുരുക്കത്തില്‍ വിപണിയുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്നും മാറി ഈ കമ്പനികളില്‍ വന്നുചേരുന്ന സ്ഥിതിയാകും ഉണ്ടാകുക.

? പുതിയ കര്‍ഷക നിയമങ്ങള്‍ ഉപയോഗിച്ച് ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കാനുള്ള സാധ്യതകള്‍ എത്രത്തോളമാണ്?


ഭൂമി കൈക്കലാക്കാന്‍ ഇവര്‍ക്കും വേറെയും അവസരങ്ങളുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ തോട്ടം അടിസ്ഥാനത്തില്‍ ചെയ്യുന്ന കുരുമുളക് കൃഷി കര്‍ഷകന്‍ പോലും അറിയാതെ കമ്പനിക്ക് തങ്ങളുടെ കൈവശം എത്തിക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ കൊല്ലം കുരുമുളക് ഇറക്കുമതി ചെയ്താല്‍ കുരുമുളകിന്റെ വില താനെ കുറയും. അതോടെ കര്‍ഷകന് കരാര്‍ ലംഘിക്കേണ്ടി വരികയും ഭൂമി കമ്പനിയുടെ കൈകളിലേക്ക് വരികയും ചെയ്യും. ഭൂപരിഷ്‌കരണ നിയമം തന്നെ അട്ടിമറിച്ച് ഭൂമിയൊക്കെ അവരുടെ കൈകളിലെത്തിക്കാനാണ് ഈ നീക്കം. ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. സംസ്ഥാനത്തിന്റെ അധികാരത്തിലുണ്ടായിരുന്ന ഭൂപരിഷ്‌കരണം കേന്ദ്രത്തിന്റെ പരിധിയിലേക്ക് മാറ്റിയത് തന്നെ അതിനാണ്. ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്ത് എത്രവേണമെങ്കിലും ഭൂമി കൈവശം വയ്ക്കാമെന്ന അവസ്ഥ വന്നാല്‍ എന്താകും ഫലം? നിലവില്‍ തോട്ടം മേഖല മാത്രമാണ് അതിന്റെ പരിധിക്ക് പുറത്തുള്ളത്. എല്ലാ ഭൂമിയും ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്നും ഒഴിവായാല്‍ സാധാരണക്കാര്‍ക്ക് വീട് വയ്ക്കാന്‍ പോലും ഒരു തുണ്ട് ഭൂമിയില്ലാത്ത സാഹചര്യമുണ്ടാകും. ഭൂപരിഷ്‌കരണ നിയമം വന്നപ്പോഴാണ് ഭൂമി എല്ലാവര്‍ക്കും ലഭിച്ചത്. വീണ്ടും പഴയ കാലത്തേക്ക് തിരിച്ച് പോകാന്‍ മാത്രമാണ് പുതിയ നിയമങ്ങള്‍ സഹായിക്കുകയുള്ളൂ.

കഴിഞ്ഞ തവണ പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ പോയിട്ട് പാല്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ധാരണയാക്കിയിട്ടാണ് തിരിച്ചുവന്നിരിക്കുന്നത്. ഈ മാസം അവസാനം അത് സംബന്ധിച്ച കരാര്‍ ഒപ്പിടും. ലോകത്തിലെ ഒന്നാമത്തെ പാല്‍ ഉല്‍പ്പാദന രാജ്യമാണ് ഇന്ത്യ. അത് ഇപ്പോള്‍ തകരാന്‍ പോകുകയാണ്. അമേരിക്കയിലെ കൃഷിക്കാരനെ സംരക്ഷിക്കാന്‍ വേണ്ടി ഉല്‍പ്പാദന ചെലവിന്റെ ആറ് ഇരട്ടി കൊടുത്ത് നമ്മള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ്. അതും പാലുല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലേക്ക്. ഇവിടുത്തെ പല ക്ഷീരകര്‍ഷകരും ഒന്നും രണ്ടും പശുക്കളെ വളര്‍ത്തിയാണ് കുടുംബച്ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും മരുന്നുകള്‍ക്ക് വേണ്ടി വരുന്ന ചെലവുകളും എല്ലാം നിര്‍വ്വഹിക്കുന്നത്. അടുത്തമാസം കരാര്‍ ഒപ്പിടുന്നതോടെ ഇവിടുത്തെ ക്ഷീരകര്‍ഷകന്റെ ജീവിതം തകരും. അമേരിക്കന്‍ സര്‍ക്കാരിനെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സഹായിക്കാനാണ് ഈ കരാറില്‍ ഇന്ത്യ ഒപ്പിടുന്നത്.

ആരും ഇതില്‍ വേവലാതിപ്പെടുന്നില്ല. അതിനൊപ്പം ഇവിടെ ഫോണ്‍ടെറ എന്ന കമ്പനി വന്നു. അവര്‍ 15 ശതമാനം മാത്രമേ പാല്‍ ആയി കൊടുക്കുന്നുള്ളൂ. ബാക്കിയെല്ലാം അവര്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണ്. അതിലൂടെ ഇവിടുത്തെ പാല്‍ സൊസൈറ്റികളെയും അമുലിനെയും എല്ലാം ഇവര്‍ തകര്‍ക്കും. ആദ്യഘട്ടത്തില്‍ വന്‍കിട വാഗ്ദാനങ്ങളെല്ലാമാണ് ഇവര്‍ കൊടുക്കുന്നത്. ഇതൊന്നും ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളോ കര്‍ഷകനോ ഒന്നും തന്നെ ഗൗരവമായി എടുക്കുകയോ ചര്‍ച്ചയാക്കുകയോ ചെയ്യുന്നില്ല.

? യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനതയെ ചതിക്കുകയല്ലേ കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്?


സംശയമെന്താ. ചതിക്കുകയല്ല വില്‍ക്കുകയാണ്. സായ്പ്പിന് മുന്നില്‍ നമ്മുടെ സമ്പത്തും ജനങ്ങളെയും അടിയറവ് വയ്ക്കുന്ന പഴയ കാലത്തിലേക്ക് തന്നെയാണ് ഇപ്പോഴും പോകുന്നത്. നമ്മുടെ രാജ്യത്ത് സര്‍ക്കാരും പോയി ഭരണകൂടവും പോയി. ഈ കമ്പനികള്‍ അഥവ കുറെ കോര്‍പ്പറേറ്റുകള്‍ നമ്മെ ഭരിക്കുന്ന ഒരു സ്ഥിതിയിലേക്കാണ് പോകുന്നത്. അവരാണ് നിയമം ഉണ്ടാക്കുന്നതും അത് നടപ്പാക്കുന്നതും. ചെറിയ ഒരു ഉദാഹരണം കൂടി പറയാം. പത്ത് രൂപയ്ക്ക് കമ്പനി ഒരു ഉല്‍പ്പന്നം എടുക്കാമെന്ന് പറഞ്ഞു. കമ്പനി നാളെ അത് വേണ്ട എന്ന് പറഞ്ഞാല്‍ നമ്മള്‍ ഡല്‍ഹിയില്‍ പോയി കേസ് കൊടുക്കേണ്ടി വരും. സാധാരണ കൃഷിക്കാരനെക്കൊണ്ട് അത് സാധിക്കുമോ? അങ്ങനെ ഇവിടുത്തെ കൃഷിക്കാരനെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സര്‍ക്കാരിന്റെ സംരക്ഷണമുണ്ട് കര്‍ഷകന് നാളെ അതും ഇല്ലാതാകും.

? ഇന്ന് മുതല്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുകയാണ്. 2014 മുതല്‍ എല്ലാവര്‍ഷവും നമ്മള്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ കാണുന്നുണ്ട്. കര്‍ഷകര്‍ ജീവിക്കാന്‍ വേണ്ടി തെരുവിലിറങ്ങുന്ന അവസ്ഥ. എന്നിട്ടും ഇതൊന്നും അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ലല്ലോ?


ഒരു പശുവെങ്കിലും ഉള്ള ഒരു കര്‍ഷക കുടുംബത്തിന് രാവിലെ അഞ്ച് മണിക്കെങ്കിലും ഉണരേണ്ടതായിട്ടുണ്ട്. പശുവിനെ കുളിപ്പിച്ച്, കറന്ന്, പാല് സൊസൈറ്റിയിലോ എവിടെയെങ്കിലുമൊക്കെ കൊണ്ടുപോയി കൊടുക്കുന്നു. തിരികെയെത്തിയാല്‍ പശുവിനെ തീറ്റിക്കലും അതിനെ പാലിക്കലും മറ്റുമായി പിന്നെയും അതിന് പിന്നാലെ തന്നെയായിരിക്കണം. ഇതിനിടയിലെവിടെയാണ് പാവപ്പെട്ട കര്‍ഷകന് സമരത്തിന് പോകാന്‍ സമയം ലഭിക്കുക? സമരത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയം ലഭിക്കുന്നില്ല. സമരത്തിന് പോയി പശുവിനെ നോക്കാതിരുന്നാല്‍ പിറ്റേദിവസം മുഴുപ്പട്ടിണിയാകും. കൃഷിക്കാരന് വേറെ അത്യാഗ്രഹങ്ങളൊന്നുമില്ല. നല്ല കാലാവസ്ഥയുണ്ടാകണം, കുറച്ച് വിളവ് ലഭിക്കണം, കുറച്ച് വില കിട്ടണം. അത്രമാത്രം ആഗ്രഹങ്ങളേ ഇവിടുത്തെ കൃഷിക്കാര്‍ക്ക് ഉള്ളൂ. അല്ലാതെ ലോകം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹമൊന്നും കൃഷിക്കാരന് ഇല്ല. അവന് അതിന് സമയവും ഇല്ല.

? കൊറോണ സമയത്ത് തന്നെ ഇത്തരമൊരു ബില്‍ പാസാക്കിയെടുക്കുന്നത് എതിര്‍ശബ്ദങ്ങള്‍ ഇല്ലാതിരിക്കാനല്ലേ?


കൊറോണ സമയത്തായതിനാല്‍ വലിയ പ്രതിഷേധം ഉയരില്ലെന്ന് കേന്ദ്രസര്‍ക്കാരിന് അറിയാം. ഈ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊറോണ വന്നാല്‍ പിന്നെ വേറെ ആളുകള്‍ വരാന്‍ മടിക്കും. അതാണ് അവരുടെ ലക്ഷ്യവും. വളരെ തന്ത്രപൂര്‍വ്വമാണ് ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നതും. ഈ സാഹചര്യത്തില്‍ ജനകീയ പ്രക്ഷോഭം പൊന്തിവരില്ലെന്ന് അവര്‍ക്ക് അറിയാം. സമരം ശക്തമായ സ്ഥലങ്ങളില്‍ എവിടെയെങ്കിലും കൊറോണ വ്യാപിക്കുന്നുവെന്ന ഒരു വാര്‍ത്ത പുറത്തു വന്നാല്‍ സമരം പരാജയപ്പെടും. അതുകൊണ്ട് തന്നെ തങ്ങള്‍ വിചാരിച്ചത് പോലെ നിയമം നടപ്പാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയാം.

Next Story

Related Stories