പൗരത്വ നിയമത്തിന്റെ പേരില്‍ വീണ്ടും പ്രക്ഷോഭം ആളിപടര്‍ത്താന്‍ നീക്കം നടക്കുന്നതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ദസ്സറ ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് മോഹന്‍ ഭഗവത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വീണ്ടും ആരംഭിക്കുകയാണെന്ന് പറഞ്ഞത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ചില അവസരവാദികള്‍ കലാപം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ആർഎസ്എസ് മേധാവി കുറ്റപ്പെടുത്തി. കൊറോണ വന്നതോടെ ചിലരുടെ വര്‍ഗീയ വിചാരങ്ങള്‍ അവരുടെ മനസ്സിലൊതുങ്ങി. ഇപ്പോഴും ഈ പ്രതിഷേധം വീണ്ടും ഉയര്‍ത്തികൊണ്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
' 2019 ല്‍ 370-ാം വകുപ്പ് അപ്രസക്തമാക്കി, അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നവംബറില്‍ വന്നു. 2020 രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങി. ഇക്കാലത്തെല്ലാം ക്ഷമയും വിവേകവുമാണ് ഇന്ത്യക്കാരില്‍ ഉണ്ടായത്' ഈവര്‍ഷം പലസംഭവങ്ങളും ഉണ്ടായെങ്കിലും കൊറോണ എല്ലാറ്റിനെയും അപ്രസ്ക്തമാക്കിയെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. പൗരത്വനിയമ ഭേദഗതിയെന്നത് ഏതെങ്കിലും മതവിഭാഗങ്ങള്ക്കെതിരല്ല. മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു.
ചൈനയ്ക്കെതിരെയും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ ക്ഷമയെ ബലഹീനതയായി കാണരുത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചുകടക്കാനുള്ള ചൈനീസ് നീക്കത്തെ ഇന്ത്യയുടെ പ്രതിരോധ സേനയും സര്‍ക്കാരും നേരിട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. എല്ലാവരോടും സൗഹാര്‍ദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഭഗവത് പറഞ്ഞു
ആര്‍എസ്എസ്സിന്റെ സ്ഥാപകദിനമാണ് വിജയ ദശമി.
2019 ലാണ് സിഎഎ വിരുദ്ധ പ്രക്ഷോഭം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായത്. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുകയും ചെയ്തു.