TopTop
Begin typing your search above and press return to search.

മൂന്ന് വര്‍ഷം മുന്‍പ് ഐ എസിലേക്ക് ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ മകള്‍ ഫാത്തിമയെ അമ്മ ബിന്ദു തിരിച്ചറിഞ്ഞത് മടിയിലിരിക്കുന്ന കൊച്ചുമകളെ കണ്ട്

മൂന്ന് വര്‍ഷം മുന്‍പ് ഐ എസിലേക്ക് ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ മകള്‍ ഫാത്തിമയെ അമ്മ ബിന്ദു തിരിച്ചറിഞ്ഞത് മടിയിലിരിക്കുന്ന കൊച്ചുമകളെ കണ്ട്

എന്റെ മോള് പോയ സമയത്ത് ഇവിടെ ജനസമുദ്രമായിരുന്നു. ഇന്നിപ്പൊ ഒരു നല്ല വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു മനുഷ്യകുഞ്ഞുണ്ടോന്നു നോക്കിക്കേ... ഒരാളുമില്ല. ഞാനും എന്റെ വീടും മാത്രം. ഇതാണ് ലോകം. ഈ ലോകമെപ്പോഴും സഹതാപത്തെയും, വിഷമങ്ങളെയും മാത്രമെ ആഘോഷിക്കൂ. ആരും സന്തോഷം ആഘോഷിക്കാറില്ല. ഫാത്തിമ (നിമിഷ)യുടെ ആറ്റുകാലിലെ വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഒരു പാത്രം നിറയെ മിഠായിയുമായി സ്വീകരിക്കാനെത്തുന്ന ഒരമ്മയെ കാണാം. 2016 ജൂലൈയില്‍ ഭര്‍ത്താവ് ഈസയോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ ഫാത്തിമ എന്ന നിമിഷയുടെ അമ്മ ബിന്ദു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്‌ലാമിക് സ്റ്റേറ്റ് സംഘത്തില്‍ ആറ്റുകാല്‍ സ്വദേശി ഫാത്തിമയും കുടുംബവുമുണ്ടെന്ന് അമ്മ ബിന്ദു സ്ഥിരീകരിച്ചിരുന്നു.

"മൂന്ന് ദിവസം മുന്‍പാണ് എന്‍ഐഎ ഉദ്യോഗസ്ഥരില്‍ ഒരാള്‍ എനിക്ക് ഫോട്ടോസ് അയച്ചുതരുന്നത്. അതില്‍ അഞ്ച് ഫോട്ടോഗ്രാഫ്‌സ് ഉണ്ടായിരുന്നു. ആ ചിത്രങ്ങളില്‍ ഒരെണ്ണത്തില്‍ എനിക്കെന്റെ മരുമകനെ തിരിച്ചറിയാനായി. അതൂ കൂടാതെ എനിക്കെന്റെ കൊച്ചുമകളേയും തിരിച്ചറിയാന്‍ കഴിഞ്ഞു. കൊച്ചുമകള്‍ ഒരു സ്ത്രീയുടെ മടിയിലാണ് ഇരിക്കുന്നത്. ഒരുപാട് സ്ത്രീകള്‍ ഇരിക്കുന്നുണ്ട് ആ ഫോട്ടോയില്‍. അവരെല്ലാം തന്നെ മുഖം മറച്ചിട്ടുമുണ്ട്. എന്നാല്‍ എന്റെ കുഞ്ഞുമകള്‍ മടിയിലിരിക്കണമെന്നുണ്ടെങ്കില്‍ അത് എന്റെ മകള്‍ തന്നെ ആവണമല്ലോ. അങ്ങനെയാണ് അതെന്റെ മോളായിരിക്കും എന്ന ബോധ്യം എനിക്കുവരുന്നത്. കൂടാതെ ഞാന്‍ എന്റെ മരുമകന്റെ ഫോട്ടോ അയാളുടെ അമ്മയ്ക്കും അയക്കുകയുണ്ടായി. അപ്പോള്‍ അവരും മകനെ തിരിച്ചറിഞ്ഞു. അവന്‍ കൈ വച്ചിരിക്കുന്ന രീതി കണ്ടാണ് അവര്‍ അവനെ തിരിച്ചറിഞ്ഞത്. അവന്റെ മുഖം മുഴുവനായും മറച്ചിരുന്നില്ല. മുഖത്തിന്റെ ഒരു വശം കാണാമായിരുന്നു. അവര്‍ കൂടി തിരിച്ചറിഞ്ഞ ശേഷമാണ് എനിക്ക് കൂറെക്കൂടി മനസമാധാനമായത്.", ബിന്ദു അഴിമുഖം പ്രതിനിധിയോട് പറഞ്ഞു.

മകള്‍ തന്നെയണൊ എന്ന് ചേദിക്കുന്നവരോട്

അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ പ്രവിശ്യ എന്നു പറയുന്നത് ചെറിയ പ്രദേശമാണ്. അവിടെ ഒരു 50 കുടുംബങ്ങള്‍ മാത്രമെ കാണാന്‍ വഴിയുള്ളൂ. അവിടെ നിന്നും 900 പേര്‍ കീഴടങ്ങി എന്നു പറയുമ്പോള്‍ അവിടെയുള്ള എല്ലാവരും കീഴടങ്ങിയിട്ടുണ്ട്. അപ്പോള്‍ പിന്നെ എന്തിനാണ് എന്റെ മകള്‍ ആ കൂട്ടത്തിലുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നത് എന്നറിയില്ല. പിന്നെ മറ്റൊരു കാര്യം ഗവണ്‍മെന്റെ് മുഖേനയുള്ള സ്ഥിരീകരണം ഇനിയും വരാനുണ്ട്. ഈ 900 പേരുടെയും സ്‌ക്രീനിങ് നടക്കുന്നുണ്ട്. അതെല്ലാം കഴിഞ്ഞ് മോളെ കിട്ടാന്‍ ഇനിയും സമയമെടുക്കുമായിരിക്കും. എന്നാലും എനിക്ക് സമാധാനമുണ്ട്. പ്രതീക്ഷയുണ്ട്.

അറിയാതെ ചെന്നുപെട്ടത്

അവര്‍ പോകുമ്പോള്‍ ഐഎസ് എന്നോ അഫ്ഗാനിസ്ഥാന്‍ എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. മ രുമകന്റെ അച്ഛന്‍ വിന്‍സണും രണ്ടാനമ്മയും എന്നോട് പറഞ്ഞിരുന്നത് 60 ലക്ഷം രൂപ ഞങ്ങള്‍ അവന് കൊടുത്തിട്ടുണ്ട്, അതുകൊണ്ട് ശ്രീലങ്കയില്‍ പോയി കാര്‍പെറ്റ് ബിസിനസ് ചെയ്യും എന്നാണ്. അതുകൊണ്ട് തന്നെയാണ് എനിക്കവരെ തടുക്കാന്‍ കഴിയാതിരുന്നതും. അവന്റെ വീട്ടുകാരു കൂടി പറഞ്ഞപ്പോള്‍ ബിസിനസ്സ് ചെയ്യാനായിരിക്കും എന്നുതന്നെ ഞാനും കരുതി. പിന്നീടാണ് മറ്റ് കാര്യങ്ങള്‍ ഞാന്‍ അറിയുന്നത്. അപ്പോഴത്തേക്കും അതെരു വലിയ വിഷയമായി മാറിക്കഴിഞ്ഞിരുന്നു. അന്നും ഇന്നും എനിക്കൊരു കാര്യം ഉറപ്പാണ്, സ്‌നേഹമുള്ളൊരു അമ്മയുടെ മനസിനെ തടുക്കാന്‍ ലോകത്ത് ഒരു ആയുധത്തിനും കഴിയില്ല.

അവള്‍ ഇതിലേക്ക് പെട്ടുപോകുമ്പോള്‍ 7 മാസം ഗര്‍ഭിണിയായിരുന്നു. അവളെന്നോട് പറഞ്ഞത് കൊച്ചിയിലെ ഒരു ആശുപത്രിയില്‍പോയി നോക്കിയിട്ടുണ്ടെന്നും അവിടെ ചൂട് വെള്ളത്തിലാണ് പ്രസവം നടക്കുക, വേദനയില്ലാത്ത പ്രസവം വേണമെന്നും അതിനാല്‍ അവിടെ വച്ചായിരിക്കും പ്രസവം എന്നുമാണ്. പോകാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ അവളെന്തിനാണ് അവിടെ പോയി അന്വേഷിച്ചത്. അവള്‍ അറിയാതെ പെട്ടതാണെന്നതിന്റെ മറ്റൊരു തെളിവാണിത്. പിന്നെ പഴയതിനെക്കുറിച്ച് പറയുന്നതില്‍ കാര്യമില്ലല്ലോ.

പോയതിനുശേഷം പോയതിനു ശേഷം ഒരു വര്‍ഷത്തോളം ഒരു കോണ്ടാക്ടും ഉണ്ടായിരുന്നില്ല. അതു കഴിഞ്ഞ് എനിക്കൊരു മെസേജ് വന്നു, അമ്മ ആയാം ചിന്നു, ആയാം ഹാപ്പി ഹിയര്‍ എന്നു തുടങ്ങുന്ന മെസേജില്‍ എനിക്ക് സുഖമാണെന്നും ഭര്‍ത്താവ് എന്നെ നന്നായി നോക്കുന്നുണ്ടെന്നും, ഭക്ഷണം കിട്ടുന്നുണ്ടെന്നുമെല്ലാം പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനുശേഷം മകളുടെ മെസേജ് കിട്ടുമ്പോള്‍ മോളെ നീ എന്തിന് ഐസില്‍ ചേര്‍ന്നു, ഐഎസില്‍ എന്താണ് വിശേഷം എന്നൊന്നും എനിക്കറിയണ്ടായിരുന്നു. എനിക്കറിയേണ്ടത് അവള്‍ക്ക് ഭക്ഷണം കിട്ടിയോ, അവള്‍ സുഖമായിരിക്കുന്നുണ്ടോ എന്നുമാത്രമായിരുന്നു. ഞങ്ങള്‍ എപ്പോഴും കൊച്ചുവര്‍ത്താനങ്ങളാണ് പറയാറുള്ളത്. എടോ ബിന്ദുക്കുട്ടി എന്നാണ് അവള്‍ എന്നെ വിളിക്കാറുള്ളത്. നിമിഷ ഫാത്തിമ, ഫാത്തിമ നിമിഷ എന്നൊക്കെ അവളെ മാധ്യമങ്ങളും മറ്റും വിശേഷിപ്പിക്കുമ്പോഴും അവള്‍ അവളെ അടയാളപ്പെടുത്തിയിരുന്നത് ചിന്നുക്കുട്ടി എന്നാണ്. അമ്മ, ചിന്നുക്കുട്ടി ഹിയര്‍ എന്നാണ് അവള്‍ പറയാറുള്ളത്. സമൂഹം ജാതിയുടെയും മതത്തിന്റെയും പേരിലൊക്കെ സംസാരിച്ചപ്പോഴും എനിക്കും അവള്‍ക്കും അതൊന്നും ബാധകമായിരുന്നില്ല. എന്റെ മരുമകനും നന്നായി തന്നെയാണ് അവളെ നോക്കുന്നത്. അവന്‍ അവസാനമയച്ച വോയ്‌സ്‌ മെസേജില്‍ ചെയ്തു പോയത് തെറ്റായിപ്പോയി എന്നൊരു ധ്വനി ഉണ്ടായിരുന്നു. അതുമതിയല്ലോ. സാഹചര്യങ്ങള്‍ കൊണ്ട് അവര്‍ അവിടെ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും തിരിച്ചുവരാനുള്ള ഒരു സമയവും ദൈവം കണ്ടുവെച്ചിട്ടുണ്ട്. അവര്‍ക്കൊപ്പം ഞാനുമുണ്ട്. അവസാനം ബന്ധപ്പെട്ടത് 2018 നവംബര്‍ 26 നാണ്.

മകളില്ലാത്ത 3 വര്‍ഷം ആദ്യത്തെ ഒരു വര്‍ഷം നന്നായിട്ട് കരഞ്ഞു. രണ്ട് തവണ ആത്മഹത്യ ശ്രമം നടത്തി. പിന്നെ എനിക്ക് തോന്നി ജീവിക്കണമെന്ന്. ഭരതനാട്യം ഡാന്‍സറായിരുന്ന ഞാന്‍ പിന്നീട് സൂംബയിലോട്ടും എറോബിക്‌സിലോട്ടുമെല്ലാം പോയി. മേക്കപ്പ് കോഴ്‌സുകള്‍ ചെയ്തു.മുന്‍പൊരു പാര്‍ലര്‍ ആയിരുന്നു. ഇപ്പോള്‍ ഒരു മേക്കപ്പ് സ്റ്റുഡിയോ ആക്കി. എനിക്കു കിട്ടിയ സമയം ഞാന്‍ നശിപ്പിച്ചുകളഞ്ഞില്ല. പിന്നെ എല്ലാത്തിനും അതിന്റതായ സമയമുണ്ടല്ലോ.

ഫോട്ടോ ലഭിച്ചതിനു ശേഷം സത്യം പറഞ്ഞാല്‍ 3 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഞാന്‍ നേരം വെളുക്കും വരെ സുഖമായി കിടന്നുറങ്ങുന്നത്. അവള്‍ക്ക് ദോശയും കൂട്ടുകറിയുമാണ് ഏറ്റവും ഇഷ്ടം. അവളെ കാണാന്‍ പോകുമ്പോള്‍ അതുണ്ടാക്കി കൊണ്ടു പോകണം. മാക്‌സില്‍ നിന്നും ഡ്രസ് എടുത്ത് കൊണ്ടുപോകണം. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അവളാരെയും കൊന്നിട്ടില്ല, ആരെയും മതം മാറ്റിയിട്ടില്ല. ഇനി അന്വേഷങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ. ഇത്രയും കൊണ്ടെത്തിച്ച ദൈവം അതും ശരിയാക്കിത്തരും . സന്തോഷത്തോടെ ബിന്ദു പറഞ്ഞു നിര്‍ത്തി.

ഭീകര സംഘടനയായ ഐസില്‍ ചേര്‍ന്ന് രാജ്യം വിട്ട മലയാളി സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതായി ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. തുടര്‍ന്നാണ് ആ സംഘത്തില്‍ തന്റെ മകളുമുണ്ടെന്ന് ബിന്ദു തിരിച്ചറിയുന്നത്. അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് അംഗങ്ങളില്‍ 13 ഇന്ത്യക്കാരെ കൈമാറ്റ ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയേക്കും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കാബൂളില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നു. തുടര്‍ നടപടികള്‍ക്ക് ശേഷം ഇവരെ കൈമറ്റം ചെയ്തേക്കും. ഇതോടെ ബിന്ദു തിരിച്ചറിഞ്ഞവര്‍ ഫാത്തിമ എന്ന നിമിഷയും കുടുംബവുമാണെങ്കില്‍ അവര്‍ തിരിച്ച് ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. കാസര്‍ഗോഡ് കാസറഗോഡ് പൊയിനാച്ചി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിമിഷ അവിടെവച്ചാണ് പാലക്കാട് സ്വദേശി ബെക്സണ്‍ എന്ന ഈസ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹിതരായ ഇരുവരും മതം മാറുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഈസയും മൂന്നു വയസ്സുള്ള ഉമ്മുക്കുല്‍സുവുമൊത്ത് ഫാത്തിമ എന്ന നിമിഷ അഫ്ഗാനിസ്ഥാനിലേക്ക് പോകുകയായി. പിന്നീട് 2016 ജൂലൈയിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 പേര്‍ ഉള്‍പ്പെട്ട സംഘം ഐ എസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇവരോടൊപ്പം ഈസയുടെ സഹോദരനായ യാഹ്യയും ഭാര്യ മറിയവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇവര്‍ എങ്ങനെ ഐഎസില്‍ എത്തിപ്പെട്ടു എന്നതിനെക്കുറിച്ചും, എന്തിന് മതം മാറി എന്നതിനെക്കുറിച്ചും ഇപ്പോഴും അവ്യക്തത തുടരുന്നു.


Next Story

Related Stories