Top

ഇത് കേരളത്തിലെ യുവാക്കളെ രാഷ്ട്രീയമായി ഷണ്ഡീകരിക്കാനുള്ള നീക്കം - അലന്റെ പിതാവ് ഷുഹൈബ്

ഇത് കേരളത്തിലെ യുവാക്കളെ രാഷ്ട്രീയമായി ഷണ്ഡീകരിക്കാനുള്ള നീക്കം - അലന്റെ പിതാവ് ഷുഹൈബ്

പൊലീസുകാരൻ്റെ താൽപര്യത്തിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെ അറസ്റ്റ് ചെയ്തത് എന്ന് പിതാവ് മുഹമ്മദ് ഷുഹൈബ്. ന്യൂസ് 18നോടാണ് ഷുഹൈബ് ഇക്കാര്യം പറഞ്ഞത്. വിലങ്ങോട് കൂടിയാണ് അലനെ വീട്ടിലെത്തിച്ചത്. അലനെ കാണണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അച്ഛാ, വിലങ്ങിട്ടിട്ടുണ്ട് എന്ന് അലന്‍ പറഞ്ഞു. എന്നെ ഉപദ്രവിച്ചിട്ടില്ല, താഹയെ വയറ്റിലും മുഖത്തും അടിച്ചിച്ചു എന്നാണ് അലന്‍ പറഞ്ഞത്. അലനെ മര്‍ദ്ദിച്ചിട്ടില്ല, പക്ഷെ അവന്റെ കയ്യില്‍ നിന്ന് ഒരു രേഖയും പൊലീസിന് കിട്ടിയിട്ടുമില്ല.

ഞങ്ങളെപ്പോലും പൊലീസ് ഒപ്പിടാന്‍ ശ്രമിപ്പിച്ചത് ഒരു വെള്ളപേപ്പര്‍ മടക്കി ബാക്കിയുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒപ്പിടാനാണ്. പേപ്പറില്‍ യുഎപിഎ എന്ന് എഴുതിയിട്ടുണ്ട്. കാഴ്ചയ്ക്ക് പ്രശ്‌നമുള്ള താഹയുടെ പിതാവിനെക്കൊണ്ട് എന്താണ് പൊലീസ് ഒപ്പിട്ട് വാങ്ങിയത് എന്ന് തനിക്ക് അറിയില്ല എന്നും മുഹമ്മദ് ഷുഹൈബ് പറഞ്ഞു. കയ്യില്‍ ബോംബുണ്ട് എന്നോ മറ്റോ ഉള്ള കാര്യമാണെങ്കിലോ എന്ന് ഷുഹൈബ് ചോദിച്ചു. എന്റെ ഭാര്യ സബിത ശേഖറിന്റെ പേരിലുള്ള വീട് എന്റെ പേരിലുള്ളതാണ് എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ ഒരു കാര്യവും അന്വേഷിക്കാതെയാണ് പൊലീസ് നടപടി.

എന്നെ കാണാന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എസ്‌ഐഒ, സോളിഡാരിറ്റി പ്രവര്‍ത്തകരെല്ലാം വന്നിരുന്നു. കേരളത്തിലെ യുവാക്കളെ ബുദ്ധിപരമായി ഷണ്ഡീകരിക്കാനുള്ള നീക്കമാണ് ഇത് എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. വിവിധ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവര്‍ തമ്മില്‍ സൗഹൃദമുണ്ടാകും. എന്റെ ഭാര്യയും ബിജെപി നേതാവ് കെ സുരേന്ദ്രനും ഒരുമിച്ച് പഠിച്ചതാണ്. സുരേന്ദ്രനെ ഒരു സ്ഥലത്ത് വച്ച് കണ്ടാല്‍ എന്റെ ഭാര്യ ചിരിക്കില്ലേ, വര്‍ത്തമാനം പറയില്ലേ - ഷുഹൈബ് ചോദിച്ചു. സര്‍ക്കാരിന് പരിമിതികളുണ്ട്. ഒരാളെ പ്രതിയെന്ന് പറഞ്ഞ് പൊലീസ് കൊണ്ടുവരുമ്പോള്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. എന്നാല്‍ യുഎപിഎ ഞങ്ങളുടെ നയമല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് - ഷുഹൈബ് പറഞ്ഞു.


Next Story

Related Stories