TopTop
Begin typing your search above and press return to search.

'എന്തിനാണ് ഇനിയും ഉറക്കം തൂങ്ങുന്ന പ്രസിഡന്റ്?': കോണ്‍ഗ്രസില്‍ കലാപം, സ്വയം രാജി വെച്ചൊഴിയില്ലെന്ന് മുല്ലപ്പള്ളി

എന്തിനാണ് ഇനിയും ഉറക്കം തൂങ്ങുന്ന പ്രസിഡന്റ്?: കോണ്‍ഗ്രസില്‍ കലാപം, സ്വയം രാജി വെച്ചൊഴിയില്ലെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കണമെന്നും പകരം കെ.സുധാകരനെയോ വി.ഡി സതീശനേയോ പരിഗണിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.മുന്‍ മന്ത്രിമാരായ കെ.സി ജോസഫും ആര്യാടന്‍ മുഹമ്മദും നേതൃത്വം മുതല്‍ അഴിച്ചു പണി വേണമെന്ന് പറയുന്നവരാണ്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആദ്യം തുറന്നടിച്ചത്.

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒറ്റവരിയില്‍ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍ എംപി. 'എന്തിനാണ് നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്?' എന്ന ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്. കെപിസിസി അധ്യക്ഷനെ ഉന്നമിട്ടുള്ള പരോക്ഷ വിമര്‍ശനത്തെ അനുകൂലിച്ച് പാര്‍ട്ടിയിലെ യുവനിര കമന്റുമായി സജീവമാണ്. എന്നാല്‍ പോസ്റ്റിനെതിരെയും സമൂഹ മാധ്യമങ്ങളിലും ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടി വേദികളില്‍ പറയേണ്ടത് അവിടെ പറയണമെന്നും ഇങ്ങനെ മലര്‍ന്നുകിടന്ന് തുപ്പുന്നത് ഒഴിവാക്കണമെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍ഡാണ് തന്നെ പദവി ഏല്‍പിച്ചത്. എന്ത് നടപടിയും സ്വീകരിക്കാമെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുമെന്നും മുല്ലപ്പള്ളി. സ്വയം രാജി വച്ചൊഴിയില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞോടുന്നത് ഒളിച്ചോടുന്നതിന് തുല്യമാണ്. നാഥനില്ലാകളരിയായി മാറുന്ന പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.


Next Story

Related Stories