TopTop
Begin typing your search above and press return to search.

കൊടുംമഞ്ഞ്, കനത്ത മഴ, ഉരുളന്‍കല്ലുകള്‍ക്കിടയില്‍ ജീവന്റെ അനക്കം തേടുന്നവര്‍; പെട്ടിമുടി ദുരന്തഭൂമിയിലൂടെ

കൊടുംമഞ്ഞ്, കനത്ത മഴ, ഉരുളന്‍കല്ലുകള്‍ക്കിടയില്‍ ജീവന്റെ അനക്കം തേടുന്നവര്‍; പെട്ടിമുടി ദുരന്തഭൂമിയിലൂടെ

മൂന്നാറിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയാണ് രാജമല. അവിടെ നിന്നും പന്ത്രണ്ട് കിലോമീറ്റർ വീണ്ടും റിസർവ് വനത്തിലൂടെ യാത്ര ചെയ്ത് വേണം വ്യാഴാഴ്ച ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ എത്താൻ. മൂന്നാർ പെരിയാവുറൈ പാലത്തിൽ നിന്നും ജീപ്പിൽ വേണം രാജമലയിലേക്കും പെട്ടിമുടിയിലേക്കും എത്തിച്ചേരാൻ. ഉരുൾപൊട്ടലിന് മുമ്പും പിന്നീടും ഉണ്ടായ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളിൽ റോഡ് മുഴുവൻ തകർന്ന് കിടക്കുന്നു.


പെട്ടിമുടിയിൽ നിന്നും മൃതദേഹങ്ങളും വഹിച്ചുള്ള വാഹനങ്ങൾ പോസ്റ്റുമോർട്ടങ്ങൾ നടത്തുന്ന രാജമല ആശുപത്രിയിൽ എത്തേണ്ടത് ഈ തകർന്ന റോഡുകളിലൂടെയാണ്. ഇതാണ് രക്ഷാപ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളിയും. ഇതിനിടയിലാണ് വിഐപി വാഹനങ്ങളുടെ കടന്നുവരവ്. ഇന്നലെ മാത്രം നാല് വിഐപി വാഹനങ്ങളും അവരുടെ വാഹന വ്യൂഹങ്ങളുമാണ് ഇവിടെയെത്തിയത്. ഇതിനു പുറമേയാണ് കനത്ത കോടമഞ്ഞും ഇടവിട്ട് ശക്തിയാർജ്ജിക്കുന്ന മഴയും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നു. ഇവിടേക്കുള്ള വഴിക്കെല്ലാം തൊട്ടുമുന്നിലെത്തുന്ന വാഹനങ്ങൾ പോലും കാണാനാകാത്തവിധം കോടമഞ്ഞ് പെയ്യുകയായിരുന്നു. പെട്ടിമുടിയിലും അത് തന്നെയായിരുന്നു അവസ്ഥ. വരയാടുകളുടെ ആവാസ സ്ഥലമായ ഇരവികുളം നാഷണൽ പാർക്കിന് നടുവിലൂടെയുള്ള റോഡ് ഒരു കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായിരുന്നു. ഇപ്പോൾ അത് ആംബുലൻസുകളുടെ കാതടപ്പിക്കുന്ന ചീറിപ്പായലുകളാൽ നിറഞ്ഞിരിക്കുന്നു.

കനത്ത കോട വീഴ്ചയും ശക്തമായ മഴയും വക വയ്ക്കാതെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. ഇന്നലെ വൈകുന്നേരം നാല് മണി വരെ മാത്രം 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 42 ആയി. 14 പേരെ ആദ്യ ദിവസം തന്നെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. 25 പേർ ഇനിയും മണ്ണിനടിയിലുണ്ടാകുമെന്നാണ് കണ്ണൻ ദേവൻ കമ്പനി നൽകിയ കണക്കുകളിൽ നിന്നും സംശയിക്കുന്നത്.

മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്നു

പെട്ടിമുടിയിലെ നേമക്കാട് എസ്റ്റേറ്റിലെ അഞ്ച് ലൈൻ ലയങ്ങൾക്ക് മേലാണ് ഉരുൾപൊട്ടി വീണത്. ഇവയോട് ചേർന്നുള്ള ഒരു ലൈൻ ലയം മാത്രമാണ് ഉരുൾ പൊട്ടലിൽ നിന്നും രക്ഷപ്പെട്ടത്. ബാക്കിയുള്ള ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയ കല്ലുകളുടെ കൂമ്പാരങ്ങളാണ്.


രണ്ട് കിലോമീറ്റർ മുകളിലുള്ള കയത്തൂരിൽ നിന്ന് ഉരുൾ പൊട്ടിയൊലിച്ചു വരികയായിരുന്നു. മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്നതിനാൽ എല്ലാവരും സുരക്ഷിതരെന്ന് കരുതി ഉറങ്ങുന്ന സമയത്തായിരുന്നു ദുരന്തമുണ്ടായത്. വലിയ പാറക്കെട്ടുകളുമായി വെള്ളം സാവകാശമാണ് ലയങ്ങൾക്ക് മേൽ പതിച്ചത്. ഉരുൾപൊട്ടിയൊലിക്കുന്ന വെള്ളത്തിന് കറുത്ത നിറമായിരിക്കും. അതിൽ നിന്നാണ് പലരും അപകടം തിരിച്ചറിയുന്നത്. എന്നാൽ സുരക്ഷിതരെന്ന് കരുതി എല്ലാവരും ഉറക്കമായതിനാൽ അതിനും സാധിച്ചില്ല. അല്ലങ്കിൽ തന്നെ മൂന്നാർ ടൗൺ പോലും ഏഴ് മണി കഴിയുന്നതോടെ ഉറങ്ങും. വലിയ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് അപകടം തിരിച്ചറിഞ്ഞതെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ ഇവരെ മാറ്റിപ്പാർപ്പിക്കാമായിരുന്നുവെന്നും മൂന്നാർ ടൗണിൽ ജീപ്പ് ഡ്രൈവറായ രാജ പറയുന്നു.ഉരുള്‍ പൊട്ടിയൊലിച്ചു വന്ന വഴി

ഉരുൾപൊട്ടിയ ചെളിയുടെയും വലിയ പാറക്കല്ലുകളുടെയും മുകളിൽ നിന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകൾ തെരച്ചിൽ നടത്തുന്നത്.


കൊടും തണുപ്പും മഞ്ഞ് വീഴ്ചയുമായതിനാൽ മാത്രമാണ് ദുർഗന്ധം ഉണ്ടാകാത്തതെന്ന് അവർ പറയുന്നു. കാണാതായ ഉറ്റവരുടെയോ പരിചയക്കാരുടെയോ മൃതദേഹങ്ങളാണോ ഇനി ലഭിക്കുന്നത് എന്ന ഭീതിയോടെ കൂട്ടംകൂടി നിൽക്കുന്നവരെയും കാണാമായിരുന്നു.


ഇവരെ മടക്കിയയ്ക്കാൻ പോലീസും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ കറുപ്പസ്വാമിയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ദൗത്യസംഘത്തിലെ ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത് രക്ഷാപ്രവർത്തനങ്ങൾക്കിടയിലെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ ഒരു കുടുംബത്തിലെ എട്ട് പേരെ കാണാതായതിൽ രക്ഷപ്പെട്ട ഏക വ്യക്തിയായ കുമാർ രക്ഷാപ്രവർത്തകർക്ക് പോലും വേദനയായി. ആരോടും മിണ്ടാതെ ഉരുൾ പൊട്ടിയൊലിച്ചു വന്ന പൊട്ടിയൂർ പുഴയുടെ കുറുകെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഇയാൾ. ഇടയ്ക്ക് അവശിഷ്ടങ്ങൾക്കിടയിലേക്ക് പോകാൻ ശ്രമിക്കുന്ന ഇയാളെ പോലീസ് ഉദ്യോഗസ്ഥർ തടയും. അവരെ കെട്ടിപ്പിടിച്ച് വാവിട്ട് കരയാൻ മാത്രമേ കുമാറിനാകൂ.

കുമാര്‍

കുമാറിനെ പോലെ നിരവധി പേരുടെ ജീവനും ജീവിതവും സ്വപ്നങ്ങളുമാണ് ഈ ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരിക്കുന്നത്. അതിൽ തൊഴിലാളികളും വിദ്യാർത്ഥികളും കൊച്ചു കുട്ടികളും ഉൾപ്പെടുന്നു. എവിടെയും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ, എസ്റ്റേറ്റിൽ ജോലി ഉള്ളതിനാൽ കമ്പനി നൽകിയ ലയങ്ങളിൽ കഴിയുന്നവരാണ് ഇവർ. പ്രിയപ്പെട്ടവരുടെ ജീവനുകൾക്ക് ഒപ്പം തുച്ഛമായ കൂലിയിൽ നിന്നും മിച്ചം പിടിച്ച് നേടിയ വളർത്തു മൃഗങ്ങളും ഗൃഹോപകരണങ്ങളും നഷ്ടമായി. അതായത് ഒരു ആയുസ്സിന്റെ സമ്പാദ്യമെല്ലാം തകർന്നു. കൂടി നിന്നവരുടെ മുഖങ്ങളിലെ നിസ്സംഗത അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.

കഴിഞ്ഞ വർഷം നിലമ്പൂരിലെ കവളപ്പാറയിലെയും വയനാട്ടിലെ പുത്തുമലയിലെയും ദുരന്തങ്ങളിൽ നിന്നും അതിന് മുന്നത്തെ വർഷം അടിമാലിയിലുണ്ടായ ദുരന്തത്തിൽ നിന്നും പെട്ടിമുടി ഉരുൾപൊട്ടലിനെ വ്യത്യസ്തമാക്കുന്നത് ഇവിടെ എല്ലാം നഷ്ടപ്പെട്ടത് താഴേക്കിടയിലെ തൊഴിലാളികൾക്കാണ് എന്നതാണ്. ദിവസം മുന്നൂറ് രൂപ കൂലിക്ക് പണിയെടുക്കുന്ന, സ്വന്തമായി യാതൊന്നുമില്ലാത്ത സാധാ തൊഴിലാളികൾക്ക്.


Next Story

Related Stories