TopTop
Begin typing your search above and press return to search.

പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു, സര്‍ക്കാര്‍ വിവേചനം കാണിക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് എംപി

പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു, സര്‍ക്കാര്‍ വിവേചനം കാണിക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഉരുള്‍പൊട്ടലിൽ ലയങ്ങൾ തകർന്ന് നിരവധി പേരെ കാണാതാവുകയും 26 മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്ത ഇടുക്കിയിലെ പെട്ടിമുടിയെ ചൊല്ലി രാഷ്ട്രീയ വിവാദം. രാജമലയിലെ ഉരുൾപൊട്ടൽ കരിപ്പൂരിലെ വിമാനാപകടം എന്നിവയിലെ സംസ്ഥാന സർക്കാറിന്റെ ഇടപെടലിനെ ചൊല്ലി നവമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ സമാനമായ ആരോപണവുമായി രംഗത്തെത്തുകയാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്.

ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിൽ വേർതിരിവ് കാണിച്ചെന്ന് ആരോപിച്ച ഡീൻ കുര്യാക്കോസ് അപകടം ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതിനെയും വിമർശിച്ചു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും നാടിനോടുള്ള തരംതിരിവായി കാണുകയാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം. മൂന്നാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദുരന്തത്തിൽ കാണാതായ 45 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിക്കുകയാണ്. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ല എന്ന് ബോധ്യമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വഴി തുറക്കുന്നത്, ഇതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു' എന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു.

കരിപ്പുരിലെ അപകട സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തി. പെട്ടിമുടിയില്‍ ദുരന്തസമയത്ത് 82 ആളുകള്‍ ഉണ്ടായിരുന്നു. 71 ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഭീകമായ ദുരന്തം നടന്ന ഈ നാട്ടില്‍ സര്‍ക്കാരിന്റെ സമീപനത്തില്‍ വ്യത്യാസം കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. മലപ്പുറത്ത് 10 ലക്ഷം രൂപയാണ് ധനസഹായം. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഇവിടെയും ന്യായമായും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്. ഇതിനെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അത് രാഷ്ട്രീയ പരമായി കാണുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി നിലപാട് തിരുത്തണം. ഇടുക്കിയെ വേര്‍തിരിച്ച് കണ്ടതില്‍ ജനപ്രതിനിധിയെന്ന നിലയില്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Next Story

Related Stories