TopTop
Begin typing your search above and press return to search.

പെട്ടിമുടി ഉരുള്‍പൊട്ടല്‍; 45 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍; തിരച്ചില്‍ തുടരുന്നു

പെട്ടിമുടി ഉരുള്‍പൊട്ടല്‍; 45 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍; തിരച്ചില്‍ തുടരുന്നു

മൂന്നാറിലെ രാജമലയ്ക്കടുത്തുള്ള പെട്ടിമുടിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾ പൊട്ടലില്‍ ആകെ മരിച്ചവരുടെ എണ്ണം 26 ആയി. 45 -ഓളം പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇടുക്കിയില്‍ ഇന്ന് അതിതീവ്ര മഴയാണ് പ്രവചിച്ചിട്ടുള്ളത് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെയും ഇത് ബാധിച്ചേക്കാം.

മൂന്ന് ലയങ്ങളിലായി എട്ട് വീടുകളിൽ താമസിക്കുന്ന 84 പേരാണ് ദുരിതത്തിന് ഇരയായത്. എന്നാൽ ഈ കണക്കുകൾ കൃത്യമല്ല. കണ്ണൻദേവൻ കമ്പനി നൽകുന്ന കണക്കുകളാണ് ഇത്. അവരുടെ ആനുകൂല്യം നേടുന്നവരുടെ പേര് വിവരങ്ങൾ അനുസരിച്ച് മാത്രമാണ് ഈ കണക്ക്. എന്തായാലും ഏകദേശം 75-നും ൮൦-നും ഇടയിൽ ആളുകൾ ദുരിതക്കയത്തിൽ വീണുവെന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച ലഭിച്ച 9 മൃതദേഹങ്ങൾ ഉൾപ്പെടെ ഇതുവരെ പെട്ടിമുടിയിൽ നിന്നും 26 മൃതദേഹങ്ങളാണ് ലഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളാണ് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടിക്ക് താഴെ ഒരു വെള്ളച്ചാലുണ്ടായിരുന്നത് ഉരുൾ പൊട്ടിയ വെള്ളം കൂടി നിറഞ്ഞ് ഒരു പുഴ പോലെയായിരിക്കുകയാണ്. ഈ പുഴയിൽ നിന്നാണ് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചത്. മറ്റുള്ളവരും ഇത് വഴി ഒഴുകിപ്പോയിരിക്കാമെന്നാണ് തിരച്ചിൽ സംഘം കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇവരുടെ മൃതദേഹങ്ങൾ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ നേര്യമംഗലം കാട്ടിലൂടെയാണ് ഉരുൾ പൊട്ടിയ വെള്ളം ഒഴുകുന്നത് എന്നതിനാല്‍ പാറകളിൽ തട്ടിത്തെറിച്ച് മൃതദേഹങ്ങൾ ഛിന്നഭിന്നമായി പോകാനുള്ള സാധ്യതകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ദേശീയ ഉദ്യാനത്തിന്റെ ഭാഗമായതു കൊണ്ട് ആരും പ്രവേശിക്കാത്ത ഭാഗമാണ് ഇത്.

ആദ്യത്തെ ദിവസം പുറത്തെടുക്കാനായ 14 പേരെ മാത്രമാണ് ഇപ്പോഴും ജീവനോടെ പുറത്തെടുക്കാനായിട്ടുള്ളത്. 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനിയും പ്രതീക്ഷിക്കുന്നത് 44-ഓളം പേരെയാണ്. പെട്ടിമുടിയിൽ പ്രവർത്തിച്ചിരുന്ന ഒരു ക്യാന്റീനിൽ ആണ് തൊഴിലാളികളുടെ കൃത്യമായ കണക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ ക്യാന്റീൻ പോലും മണ്ണിന് അടിയിലാണ്. തങ്ങൾ നിൽക്കുമ്പോൾ തന്നെ രണ്ട് മൃതദേഹങ്ങൾ കിട്ടിയതായി പെമ്പിളൈ ഒരുമ സമര നായികയും ഇടമലക്കുടി പഞ്ചായത്തിലെ മുൻ അംഗവുമായ പി ഗോമതി അഴിമുഖത്തോട് പ്രതികരിച്ചു. മൂന്ന് ലയത്തിലായാണ് 85 ആളുകൾ താമസിച്ചിരുന്നത്. സംഭവമുണ്ടായ രാത്രി പത്തരയോടെ തന്നെ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. അതിൽ മൂന്ന് പേർ പിന്നീട് മരിച്ചുവെന്നും ഗോമതി പറയുന്നു. 25 പേർ വിദ്യാർത്ഥികൾ തന്നെയുണ്ടെന്നും അവർ വ്യക്തമാക്കി.

"ദുരന്തത്തിൽപ്പെട്ടവർ എല്ലാം തോട്ടം തൊഴിലാളികളാണ്. തുച്ഛമായ കൂലിക്ക് പണിയെടുക്കുന്നവരാണ് അവരെല്ലാം. അവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടു വച്ചിട്ടുണ്ട്. മക്കളെ വളർത്തി പഠിപ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് എല്ലാവരുടെയും ഇഷ്ടം. ഇപ്പോൾ കാണാതായവരിൽ ഡിഗ്രി കഴിഞ്ഞ കുട്ടികളും ഉണ്ട്. എന്നാൽ അവരുടെ ജീവിതം ഈ ലയങ്ങളിൽ തന്നെയാണ്. പഠിച്ച കുട്ടികളെയും പഠിപ്പിക്കാൻ വിട്ട അച്ഛനമ്മമാരെയുമാണ് ഇപ്പോൾ നഷ്ടമായത്. സ്വന്തമായി ഭൂമിയില്ലാത്തവരാണ് അവർ. നഷ്ടം മനസ്സിലാക്കാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കും. ഉരുൾ പൊട്ടിയപ്പോൾ തന്നെ നാട്ടുകാർ ഓടിച്ചെന്നു. പക്ഷെ അവിടമെല്ലാം മണ്ണിന് അടിയിലായിരുന്നു" ഗോമതി പറഞ്ഞു.

കഴുത്തോളം ചെളിമണ്ണിൽ പുതഞ്ഞ ജീവനുകളെ രക്ഷപ്പെടുത്തിയത് ദുരന്തമറിഞ്ഞ് മറയൂരിൽ നിന്നും മറ്റും കിലോമീറ്ററുകളോളം ഇവിടേക്ക് നടന്നെത്തിയവരാണ്. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ആവശ്യത്തിന് വാഹനമില്ലാതെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. തകര ഷീറ്റുകൾ കൂട്ടിക്കെട്ടി പാതയുണ്ടാക്കിയാണ് ഇവർ ചെളിക്ക് മീതെക്കൂടി മരിച്ചവരെ പുറത്തെത്തിച്ചത്. മണ്ണിൽ പൂണ്ടു പോയവരുടെ മൃതദേഹമെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് തങ്ങൾ ഇത് ചെയ്തതെന്ന് രക്ഷാപ്രവർത്തകരിൽ ഒരാളായ അലൻ പറയുന്നു.


Next Story

Related Stories