TopTop
Begin typing your search above and press return to search.

രാജമലയില്‍ 52 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, 14 മരണം; ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍‍കി

രാജമലയില്‍ 52 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, 14 മരണം; ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍‍കി

മൂന്നാറിലെ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 14 ആയെന്ന് റിപ്പോര്‍ട്ട്. ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവരാണ് മരിച്ചത്. രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആകെ 78 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്. തമിഴ് തൊഴിലാളികളാണിവര്‍. 12 പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. 14 പേരാണ് ഇതുവരെ മരിച്ചത്. ബാക്കി 52 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രാജമലയിലെ പെട്ടിമുടി പ്രദേശത്തെ ലയങ്ങളിലാണ് ദുരന്തമുണ്ടായത്. ലയത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 3 കിലോമീറ്റര്‍ ചുറ്റളവില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. നാല് ലൈന്‍ ലയങ്ങളാണ് മണ്ണിനടിയില്‍ പെട്ടിരിക്കുന്നതെന്നും അതല്ല അഞ്ച് ലൈനുകള്‍ മണ്ണിനടിയില്‍ പെട്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 78 പേരല്ല, 84 പേര്‍ മണ്ണിനടിയിലുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇതില്‍ വ്യക്തത വന്നിട്ടില്ല.

കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് സംഭവമുണ്ടായിരിക്കുന്നത്. പ്രദേശത്തേക്കുള്ള പെരിയവര പാലം ശരിയാക്കി വരികയാണ്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്.

തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ നിർദേശം നൽകിയതായി റിപ്പോര്‍ട്ടുണ്ട്. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടർമാർക്കാണ് നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.


Next Story

Related Stories