TopTop
Begin typing your search above and press return to search.

ലീഗുകാര്‍ കൊടുത്ത കേസില്‍ ലീഗ് എംഎല്‍എയെ അറസ്റ്റ് ചെയ്താല്‍ അതെങ്ങനെ രാഷ്ട്രീയ പ്രേരിതമാകും? എം.സി കമറുദ്ദീന്റെ ഇരവാദത്തെ ചോദ്യം ചെയ്ത് നിക്ഷേപക തട്ടിപ്പ് ഇരകള്‍

ലീഗുകാര്‍ കൊടുത്ത കേസില്‍ ലീഗ് എംഎല്‍എയെ അറസ്റ്റ് ചെയ്താല്‍ അതെങ്ങനെ രാഷ്ട്രീയ പ്രേരിതമാകും? എം.സി കമറുദ്ദീന്റെ ഇരവാദത്തെ ചോദ്യം ചെയ്ത് നിക്ഷേപക തട്ടിപ്പ് ഇരകള്‍

"മുടക്കിയ പണം തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ല. എങ്കിലും ഞങ്ങളെ വഞ്ചിച്ചവരില്‍ ഒരാളെങ്കിലും അറസ്റ്റിലായല്ലോ, സന്തോഷമുണ്ട്"; എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് വാര്‍ത്തയില്‍ ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറ്റി നിക്ഷേപക തട്ടിപ്പിന്റെ ഇരകളുടെ പ്രതികരണമാണിത്. 800-ഓളം നിക്ഷേപകരില്‍ നിന്നും 150 കോടിയോളം രൂപയാണ് ജ്വല്ലറി നിക്ഷേപത്തിന്റെ പേരില്‍ തട്ടിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പണം നഷ്ടപ്പെട്ടവര്‍, അത് തിരികെ കിട്ടാന്‍ വേണ്ടി ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം സി കമറുദ്ദീന്റെയും എം ഡി ടി.കെ പൂക്കോയ തങ്ങളുടെയും പിന്നാലെ നടക്കുകയായിരുന്നു. നിക്ഷേപകരെ കാണാനോ സംസാരിക്കാനോ രണ്ടു പേരും തയ്യാറാകാതെ വന്നതോടെയാണ് ഓരോരുത്തരായി പോലീസില്‍ പരാതി കൊടുത്തു തുടങ്ങിയത്. നിലവില്‍ 150-ഓളം പരാതികളാണ് മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം എംഎല്‍എയ്‌ക്കെതിരേ വിവിധ സ്റ്റേഷനുകളിലായുള്ളത്. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും സിവില്‍ കേസാണ് തനിക്കെതിരെയുള്ളതെന്നുമായിരുന്നു കമറുദ്ദീന്‍ പറഞ്ഞുകൊണ്ടിരുന്ന വാദം. രാഷ്ട്രീയപ്രേരണയാലാണ് തനിക്കെതിരേ കേസ് എടുത്തതെന്ന വിമര്‍ശനവും എംഎല്‍എയ്ക്ക് ഉണ്ടായിരുന്നു.

അറസ്റ്റിലായി കഴിഞ്ഞപ്പോഴും എം സി കമറുദ്ദീന്‍ ആവര്‍ത്തിച്ചത് ഇത് രാഷ്ട്രീയ പ്രേരിതമായ കേസ് ആണെന്നായിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ തന്നെ കമറുദ്ദീന്റെ വാദത്തെ പൊളിച്ചുകൊണ്ട് രംഗത്തുണ്ട്. "പരാതി കൊടുത്തവരില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും മുസ്ലിം ലീഗുകാരാണ്. ഒരാള്‍ ഉണ്ടായിരിക്കും കമ്യൂണിസ്റ്റുകാരനായി. മുസ്ലീം ലീഗ് എംഎല്‍എയ്‌ക്കെതിരേ മുസ്ലീം ലീഗുകാര്‍ തന്നെ കൊടുത്ത പരാതിയില്‍ കേസ് എടുക്കുമ്പോള്‍ അതെങ്ങനെ സിപിഎം പ്രേരിതമാകും?" നിക്ഷേപക തട്ടിപ്പിന്റെ ഇരകളിലൊരാളായ ചെറുവത്തൂര്‍ സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെതാണ് ചോദ്യം.

നാല്‍പ്പത് വര്‍ഷം അബുദാബിയില്‍ ജോലി ചെയ്തുണ്ടാക്കിയ 30 ലക്ഷം രൂപയാണ് അബ്ദുള്‍ ഷുക്കൂറിന് നഷ്ടപ്പെട്ടത്. ഹൃദയാഘതത്തെ തുടര്‍ന്നുണ്ടായ അവശതയും പ്രായത്തിന്റെ ബുദ്ധിമുട്ടുകളും സഹിച്ചാണ് അബ്ദുള്‍ ഷുക്കൂര്‍ തട്ടിപ്പിനെതിരേ കേസുമായി രംഗത്തു നില്‍ക്കുന്നത്. "അബുദാബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ഞാന്‍. മാസം കിട്ടുന്ന ശമ്പളത്തിന്റെ ഒരു വിഹിതം അവിടുത്തെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. വലിയ സാമ്പത്തിക സ്ഥിതിയൊന്നും ഉണ്ടായിരുന്ന ആളല്ല, കിട്ടുന്നതില്‍ നിന്നും മിച്ചം പിടിച്ചു ജീവിച്ചു വരികയായിരുന്നു. അതിനിടയിലാണ് എനിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ജോലി തുടരാന്‍ വയ്യാതെയായി. ഉണ്ടായിരുന്ന സാമ്പാദ്യവുമായി നാട്ടിലേക്ക് തിരിച്ചു പോന്നു. ഇവിടെ വന്നിട്ടും മറ്റ് ജോലികള്‍ക്കൊന്നും പോകാനുള്ള ആരോഗ്യസ്ഥിതിയില്ലായിരുന്നു. അങ്ങനെയാണ് ഉള്ള സമ്പാദ്യം ഏതെങ്കിലും ബാങ്കിലിട്ട് അതിന്റെ പലിശ കൊണ്ട് ഇനിയുള്ള കാലം മുന്നോട്ടുപോകാമെന്ന് തീരുമാനിക്കുന്നത്. അപ്പോഴാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ നിക്ഷേപത്തെക്കുറിച്ച് അറിയുന്നത്. പിന്നിലുള്ളവരെല്ലാം വലിയ ആള്‍ക്കാര്‍, തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ളയാളാണ് എം ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ കമറുദ്ദീന്‍ എംഎല്‍എയും. ഇവരൊരിക്കലും പറ്റിക്കില്ലെന്നും പണവുമായി മുങ്ങില്ലെന്നുമൊക്കെ പല ദിക്കില്‍ നിന്നും ഉറപ്പുകള്‍ കിട്ടിയതിന്റെ പുറത്താണ് ഗള്‍ഫിലെ സമ്പാദ്യമായ 30 ലക്ഷം രൂപ ഞാന്‍ ഇവിടെ നിക്ഷേപിക്കുന്നത്. അതാണ് നഷ്ടമായത്"; നിരാശയോടെ അബ്ദുള്‍ ഷുക്കൂര്‍ അഴിമുഖത്തോട് പറഞ്ഞ വാക്കുകള്.

കമറുദ്ദീന്‍ എംഎല്‍എയെ പിടിച്ചതുകൊണ്ടു മാത്രമായില്ലെന്നും നിക്ഷേപകര്‍ പറയുന്നു. ബോര്‍ഡ് അംഗങ്ങളായ ഒമ്പതുപേര്‍ തട്ടിപ്പിനു പിന്നിലുണ്ട്. എം ഡി ടി.കെ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ പുറത്ത് നില്‍ക്കുകയാണ്. അവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. പക്ഷേ, അറസ്റ്റ് കൊണ്ടു മാത്രം കാര്യമില്ലെന്നും, നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു ഉറപ്പുമില്ലെന്ന നിരാശയും നിക്ഷേപകര്‍ക്കുണ്ട്. മൊത്തം പണവും കമറൂദ്ദീന്‍ എടുത്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഇതിനു പിന്നില്‍ പല വമ്പന്മാരും ഉണ്ടെന്നതില്‍ സംശയമില്ലെന്നുമാണ് നിക്ഷേപകര്‍ പറയുന്നത്.

"പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്തിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. അയാളുടെ ആസ്തികളെല്ലാം മക്കളുടെ പേരിലേക്ക് മാറ്റിയെന്നാണ് കേള്‍ക്കുന്നത്. പൂക്കോയയ്ക്കും കമറുദ്ദീനും ബെംഗളൂരുവില്‍ എന്തൊക്കെയോ സമ്പാദ്യങ്ങള്‍ ഉണ്ടെന്നും പറയുന്നു. അതൊക്കെ വിറ്റ് ഞങ്ങളുടെ പണം കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. 150 കോടിയോളം രൂപയാണ് തട്ടിച്ചിരിക്കുന്നത്. ഇത് മുസ്ലീം ലീഗിന്റെ നേതാക്കന്മാരുടെ കൈകളിലും എത്തിയിട്ടുണ്ട്. അവരൊക്കെ അത് പങ്കിട്ടെടുത്തിട്ടുമുണ്ട്. കമറുദ്ദീനെ മുന്നില്‍ നിര്‍ത്തി നടത്തിയ കളിയാണെന്നും സംശയിക്കാം. തങ്ങള്‍ കുടുംബത്തില്‍പ്പെട്ടവര്‍ ആരെയും ചതിക്കില്ലെന്നായിരുന്നു പണം വാങ്ങാന്‍ വേണ്ടി അവര്‍ പറഞ്ഞിരുന്നത്. ഫാഷന്‍ ഗോള്‍ഡിന്റെ എം ഡി പൂക്കോയ തങ്ങള്‍ കുടുംബത്തിലെയാണല്ലോ. പലരും പണം കൊടുക്കാന്‍ കാരണവും അതായിരുന്നു. ഇപ്പോള്‍ മുസ്ലീം ലീഗുകാര്‍ക്ക് തന്നെ മനസിലായിട്ടുണ്ട്; തങ്ങന്മാരിലും കള്ളന്മാരുണ്ടെന്ന്", അബ്ദുള്‍ ഷുക്കൂര്‍ പറയുന്നു.

2004 ലാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ആരംഭിക്കുന്നത്. ചെറുവത്തൂരിനു പുറമെ കാസറഗോഡ്, പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളിലും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. 2019 വരെ സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2019-ഓടെ ബിസിനസ് മോശമായി. ബിസിനസ് നഷ്ടത്തിലായതോടെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കാന്‍ കഴിയാതെ വന്നു. പിന്നാലെ ജ്വല്ലറികള്‍ ഓരോന്നായി പൂട്ടി. ഇതോടെയാണ് നിക്ഷേപകരില്‍ ഓരോരുത്തരായി പണം തിരികെ ചോദിക്കാന്‍ തുടങ്ങിയത്. ഓരോ തവണ സമീപിക്കുമ്പോഴും അടുത്ത മാസം ജ്വല്ലറികള്‍ തുറക്കും എന്നു പറഞ്ഞ് തങ്ങളെ മടക്കി വിടുകയായിരുന്നു എം സി കമറുദ്ദീന്‍ എംഎല്‍എ ചെയ്തിരുന്നതെന്നു നിക്ഷേപകര്‍ പറയുന്നു. പിന്നീട് അദ്ദേഹത്തെ കാണാന്‍ പോലും കിട്ടാതെയായെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ, വീട്ടില്‍ ചെന്നാല്‍ വാതില്‍ തുറക്കുകയോ ചെയ്യില്ലായിരുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷത്തോളം തങ്ങളെ കബളിപ്പിച്ചു. ഇനിയും വഞ്ചിതരാകാന്‍ കഴിയില്ലെന്നതുകൊണ്ട് പോലീസില്‍ പരാതി കൊടുത്തതെന്നും നിക്ഷേപകര്‍ പറയുന്നു. പരാതികള്‍ കൂടുകയും കേസ് ലോക്കല്‍ പോലീസില്‍ നിന്നും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകം സംഘം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണമാണ് എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് വരെ എത്തിയിരിക്കുന്നത്. പക്ഷേ, ഇവിടംകൊണ്ട് ഒന്നും അവസാനിപ്പിക്കരുതെന്നും പോയ പണം കിട്ടിയില്ലെങ്കിലും തങ്ങളെ വഞ്ചിച്ചവരെ നിയമാനുസൃതമായി ശിക്ഷിക്കുന്നതുവരെ അന്വേഷണം മുന്നോട്ടു പോകണമെന്നുമാണ് അബ്ദുള്‍ ഷുക്കൂറിനെപ്പോലുള്ളവര്‍ ആവശ്യപ്പെടുന്നത്.


Next Story

Related Stories