TopTop

പതിനേഴാം നൂറ്റാണ്ടിലെ ജന്മിയുടെ ധാര്‍ഷ്ട്യം വേണ്ട; മുത്തൂറ്റ് മാനേജ്‌മെന്റിനോട് തൊഴിലാളികള്‍, സമരം രണ്ടാഴ്ച പിന്നിടുന്നു

പതിനേഴാം നൂറ്റാണ്ടിലെ ജന്മിയുടെ ധാര്‍ഷ്ട്യം വേണ്ട; മുത്തൂറ്റ് മാനേജ്‌മെന്റിനോട് തൊഴിലാളികള്‍, സമരം രണ്ടാഴ്ച പിന്നിടുന്നു

നിയമവിരുദ്ധമായി ബ്രാഞ്ചുകള്‍ പൂട്ടുകയും 166 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്ത മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരേ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍. തൊഴിലാളി സമരങ്ങളെ പതിനേഴാം നൂറ്റാണ്ടിലെ ജന്മിമാരുടെ ധാര്‍ഷ്ട്യത്തോടെ അടിച്ചൊതുക്കാം എന്ന ധാരണ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന് വേണ്ടെന്നാണ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോടതിയേയും സര്‍ക്കാരിനെയും രാജ്യത്തെ തൊഴില്‍ നിയമങ്ങളെയും വകവയ്ക്കാതെ സ്വന്തം താത്പര്യത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റിനെ നിയമപരമായും സമരത്തിലൂടെയും എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അഴിമുഖത്തോട് പ്രതികരിച്ചു.

മുത്തൂറ്റിന്റെ കേരളത്തിലെ 41 ശാഖകളാണ് പൂട്ടിയത്. ഇവിടെ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരാണ് പുറത്തായത്. ഇതിനെതിരെയാണ് സി ഐ ടി യു പിന്തുണയോടെ, ആ തൊഴിലാളി സംഘടനയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് എംപ്ലോയീസ് യൂണിയന്റെ ഭാഗമായുള്ള മുത്തൂറ്റ് എംപ്ലോയീസ് യൂണിയന്‍ 2020 ജനുവരി രണ്ടു മുതല്‍ വീണ്ടും സമരം തുടങ്ങിയിരിക്കുന്നത്. ശമ്പളവും അനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ കഴിഞ്ഞ വര്‍ഷം 52 ദിവസം നടത്തിയ സമരം കോടതി ഇടപെടലിലൂടെ ഒത്തുതീര്‍പ്പില്‍ എത്തിയതിനു പിന്നാലെയാണ് വീണ്ടും മുത്തൂറ്റില്‍ സമരം ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിലും എല്ലാ റീജിയണല്‍ ഓഫീസുകളിലും സമരം നടന്നുവരികയാണ്.

സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇടപെടല്‍ നടത്തിയെങ്കിലും യൂണിയനുമായി സഹകരിക്കില്ലെന്ന നിലപാട് മാനേജ്‌മെന്റ് എടുത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടു. പൂട്ടിയ ബ്രാഞ്ചുകള്‍ തുറക്കില്ലെന്നും പിരിച്ചു വിടപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്.

ബ്രാഞ്ചുകള്‍ പൂട്ടിയതിനും തൊഴിലാളികളെ പിരിച്ചു വിട്ടതിനും മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്ന ന്യായം, പൂട്ടിയ ബ്രാഞ്ചുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നവയല്ലെന്നതാണ്. 864 ജീവനക്കാര്‍ അധികമെന്നപോലെയാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ ഉള്ളതെന്നതും അവരെയാണ് അര്‍ഹമായ ആനുകൂല്യങ്ങള്‍ കൊടുത്തുകൊണ്ട് ഒഴിവാക്കുന്നതെന്നുമാണ് പിരിച്ചുവിടലിനെ ന്യായീകരിക്കാന്‍ പറയുന്ന വാദം. സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത വിധം വീണ്ടും സമരം തുടരുകയാണെങ്കില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥ വരുമെന്ന മുന്നറിയിപ്പും മുത്തൂറ്റ് മാനേജ്‌മെന്റ് ഉയര്‍ത്തിയിട്ടുണ്ട്. സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത് അക്രമ സമരങ്ങളാണെന്നും മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടറെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേല്‍പ്പിച്ചതും വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്യാന്‍ വന്ന സ്റ്റാഫുകളെ സമരക്കാരെന്ന പേരില്‍ സി ഐ ടി യുക്കാര്‍ കയ്യേറ്റം ചെയ്തതുമൊക്കെയാണ് മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍. അധികമായ തൊഴിലാളികളെ പിരിച്ചുവിടുക എന്നത് മാനേജ്‌മെന്റ് ബോര്‍ഡ് യോഗം നേരത്തെ കൈക്കൊണ്ട തീരുമാനം ആണെന്നും ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനം ഇനിയെടുക്കാന്‍ കഴിയില്ലെന്നും മുത്തൂറ്റ് മാനേജ്‌മെന്റ് നിലപാട് പറയുമ്പോള്‍ സമരത്തിലുള്ള തൊഴിലാളികള്‍, മാനേജ്‌മെന്റിന്റെ ഇത്തരം നടപടികളെ തങ്ങളോടുള്ള പ്രതികാരമായാണ് ചൂണ്ടിക്കാണിക്കുന്നത്.

ജനുവരി രണ്ടു മുതല്‍ ആരംഭിച്ച ഇപ്പോഴത്തെ സമരത്തിന്റെ പ്രധാന ആവശ്യം, 2019 ഡിസംബര്‍ ഏഴാം തീയതി ഇറക്കിയ ഉത്തരവിലൂടെ പിരിച്ചു വിട്ട 166 ജീവനക്കാരെയും തിരിച്ചെടുത്തക്കണമെന്നാണ്. തൊഴിലാളികളെ പിരിച്ചു വിട്ടതും ബ്രാഞ്ചുകള്‍ പൂട്ടിയതും രാജ്യത്തെ എല്ലാ തൊഴില്‍ നിയമങ്ങളുടെയും നഗ്നമായ ലംഘനത്തിലൂടെയാണെന്ന പരാതിയും യൂണിയന്‍ പ്രതിനിധികള്‍ക്കുണ്ട്.

'കഴിഞ്ഞ വര്‍ഷം 52 ദിവസത്തോളം നീണ്ടുനിന്ന സമരത്തിനൊടുവില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സി ഐ ടി യുവും മുത്തൂറ്റ് മാനേജ്‌മെന്റും ചേര്‍ന്ന് ഒപ്പിട്ട കരാര്‍, സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു. സമരം അവസാനിച്ച ശേഷം യാതൊരുവിധ പ്രകോപനങ്ങളും തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഒപ്പിട്ട കരാറിന് യാതൊരു വിലയും കല്‍പ്പിക്കാതെ കോടതിയേയും നിയമങ്ങളെയും വകവയ്ക്കാതെ മാനേജ്‌മെന്റ് തുടര്‍ന്ന് ചെയ്തത് കൊടും ചതിയായിരുന്നു. ഏതൊരു തൊഴില്‍ സ്ഥാപനവും കാണിക്കുന്ന സാമാന്യ മര്യാദപോലും പാലിക്കാതെ വര്‍ഷങ്ങളായി ജോലി ചെയ്തുവന്നിരുന്ന നൂറു കണക്കിനു ജീവനക്കാരെ പുറത്താക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് കേവലം പത്ര പരസ്യം നല്‍കിയാണ് 53 ബ്രാഞ്ചുകള്‍ തങ്ങള്‍ പൂട്ടുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചത്. ആദ്യമവര്‍ പറഞ്ഞത് തൊഴിലാളി സമരമാണ് കാരണമെന്ന്. പിന്നീട് പറഞ്ഞത് ബിസിനസ് ലാഭകരമല്ലെന്ന്. 2600 കോടി ലാഭം നേടിയെന്നു പറഞ്ഞവര്‍ തന്നെയാണ് ബ്രാഞ്ചുകള്‍ പൂട്ടാനുള്ള കാരണമായി സാമ്പത്തിക പ്രശ്‌നവും പറഞ്ഞതെന്നോര്‍ക്കണം. സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് ഇതിന്റെ പിന്നിലെ ചതി മനസിലാക്കാവുന്നതേയുള്ളൂ. മുത്തൂറ്റിന്റെ കേരളത്തിലെ ഒരു ബ്രാഞ്ചിന്റെ ശരാരശരി ഔട്ട് സ്റ്റാന്‍ഡിംഗ് രണ്ടു കോടിയാണ്. ഇപ്പോള്‍ പൂട്ടിയ ബ്രഞ്ചുകളില്‍ എട്ടു കോടി വരെ ഔട്ട് സ്റ്റാന്‍ഡിംഗ് ഉണ്ടായിരുന്നവയുമുണ്ട്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വച്ചാണ് ലാഭകരമല്ലെന്ന കാരണം ഉണ്ടാക്കി പൊതുജനത്തെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് '; മുത്തൂറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ അഴിമുഖത്തോട് പറഞ്ഞു.


പൂട്ടിയ 41 ബ്രാഞ്ചുകളിലേയും തൊഴിലാളികളെ പിരിച്ചുവിട്ട മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നടപടി തൊഴില്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനമായും യൂണിയന്‍ പ്രതിനിധികള്‍ പറയുന്നുണ്ട്. ഒരു സ്ഥാപനത്തില്‍ നിന്നും തൊഴിലാളിയെ പിരിച്ചു വിടുമ്പോള്‍ പാലിക്കേണ്ട നിയമാനുസൃതമായ നടപടികളൊന്നും മുത്തൂറ്റ് കൈക്കൊണ്ടിട്ടില്ലെന്നാണ് ഇവരുടെ പരാതി. എന്തുകൊണ്ട് പിരിച്ചു വിടുന്നുവെന്ന് ഒരു തൊഴിലാളിയോട് പോലും വിശദീകരിച്ചിട്ടില്ലെന്നും സമയബന്ധിതമായി നോട്ടീസ് നല്‍കിയിട്ടല്ല പുറത്താക്കിയിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

2019 സെപ്തംബര്‍ അഞ്ചാം തീയതി ഇന്ന ബ്രാഞ്ചുകള്‍ പൂട്ടുകയാണെന്ന പത്ര പരസ്യം നല്‍കിയതിനു പിന്നാലെ ഡിസംബര്‍ ഏഴാം തീയതി വൈകുന്നേരം അഞ്ചു മണിയോടെ ഓഫീസ് സമയം ജീവനക്കാര്‍ ഇറങ്ങാന്‍ പോകുമ്പോഴാണ് പിരിച്ചു വിട്ടുകൊണ്ടുള്ള ഇ മെയില്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. നൂറിലധികം പേരെ ഒറ്റയടിക്ക് പിരിച്ചു വിടുമ്പോള്‍ അക്കാര്യം തൊഴില്‍ വകുപ്പിനെ അറിയിച്ച് അനുമതി വാങ്ങിക്കണമെന്ന നിയമപരമായ ഉത്തരവാദിത്വം പോലും ചെയ്യാതെയുള്ള പ്രവര്‍ത്തിയായിരുന്നു മാനേജമെന്റ് നടത്തിയതെന്നും യൂണിയന്‍ പ്രതിനിധികള്‍ ആരോപിക്കുന്നു. പതിനഞ്ചും ഇരുപതും വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവരെ ഉള്‍പ്പെടെയാണ് പെട്ടെന്നൊരു നിമിഷത്തിലെന്നപോലെ പുറത്താക്കിയതെന്നാണ് തൊഴിലാളികളുടെ പ്രതിഷേധം.

'ഒരു തൊഴിലാളിക്ക് അയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ അതെന്തുകൊണ്ട് എന്നറിയാനുള്ള ന്യായമായ അവകാശമുണ്ടല്ലോ. ഞങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു അവകാശം കിട്ടിയിട്ടില്ല. ഏതൊരു ടെര്‍മിനേഷന്‍ ഉത്തരവിലും അത്തരമൊരു നടപടിയെടുക്കേണ്ടി വന്നതിന്റെ കാരണം വിശദീകരിച്ചിരിക്കും. ഇവിടെ ഉണ്ടായത്, ബ്രാഞ്ചുകള്‍ പൂട്ടുകയാണ്, നിങ്ങള്‍ മറ്റ് ജോലികള്‍ അന്വേഷിക്കൂ എന്നു മാത്രമാണ്. കഴിഞ്ഞ സമരം അവസാനിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ബ്രാഞ്ചുകളിലേക്ക് കത്തുകള്‍ അയച്ചിരുന്നു. പൂട്ടാന്‍ പോവുകയാണെന്നു മാത്രമാണ് അതില്‍ പരാമര്‍ശിച്ചിരുന്നത്. എന്തുകൊണ്ട്, എപ്പോള്‍ എന്നൊന്നും പറയുന്നുണ്ടായിരുന്നില്ല. ബ്രാഞ്ചുകള്‍ പൂട്ടിയാല്‍ അവിടെയുള്ള ജീവനക്കാര്‍ എന്തു ചെയ്യുമെന്നതിലും മാനേജ്‌മെന്റിന് പറയാനൊന്നുമുണ്ടായിരുന്നില്ല. ഇതാദ്യമായിട്ടല്ല, മുത്തൂറ്റ് ബ്രാഞ്ചുകള്‍ പൂട്ടുന്നത്. ഇതിനു മുമ്പും നടത്തിയിട്ടുണ്ട്. ചില ബ്രാഞ്ചുകള്‍ പരസ്പരം ലയിപ്പിച്ചിട്ടുമുണ്ട്. അന്നൊന്നും ഒരു ജീവനക്കാരനെ പോലും പിരിച്ചു വിട്ടിട്ടില്ല. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. ഇത്തവണയങ്ങനെയൊന്നുമില്ല. പോയ്‌ക്കോളാന്‍ മാത്രമാണ് പറയുന്നത്. നഷ്ടത്തിലായതുകൊണ്ടാണ് പൂട്ടുന്നതെന്നു പറയുന്നവര്‍ തന്നെയാണ് തങ്ങള്‍ രണ്ടായിരവും മൂവായിരവും കോടികള്‍ ലാഭം നേടിയെന്ന് അവകാശപ്പെടുന്നതും. കഴിഞ്ഞ ദിവസം ലേബര്‍ കമ്മിഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വന്ന എച്ച് ആര്‍ പ്രതിനിധി പറഞ്ഞത്, ഇപ്പോള്‍ നഷ്ടത്തിലായതുകൊണ്ടല്ല, ഭാവിയില്‍ നഷ്ടത്തിലായേക്കുമെന്നു കണ്ടാണ് ബ്രാഞ്ചുകള്‍ പൂട്ടിയതെന്നാണ്. ഇതില്‍ നിന്നു തന്നെ കള്ളത്തരങ്ങള്‍ വ്യക്തമാണല്ലോ'; നിഷ ചോദിക്കുന്നു.

'ഇപ്പോള്‍ പിരിച്ചു വിടപ്പെട്ടവരില്‍ മുത്തൂറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയിലെ 41 പേരില്‍ 30 പേരുമുണ്ട്. സമരം ചെയ്തവരെ പുറത്താക്കന്‍ ഉറച്ചു തന്നെയാണ് അവര്‍ ജോലി ചെയ്തിരുന്ന ബ്രാഞ്ചുകള്‍ മാത്രം ടാര്‍ഗറ്റ് ചെയ്തു പൂട്ടിയതെന്നാണ് യൂണിയന്‍ ആരോപിക്കുന്നത്. എന്നാല്‍ മനേജ്‌മെന്റ് ഈ ആരോപണം നിഷേധിക്കുന്നുണ്ട്. ആരോടും പ്രതികാരം ചെയ്തതല്ലെന്നും അധികമായ തൊഴിലാളികളെ, ബ്രാഞ്ചുകള്‍ പൂട്ടിയതിന്റെ പശ്ചാത്തലത്തില്‍ നീക്കം ചെയ്തതെന്നാണ് അവര്‍ പറയുന്നത്. പിരിച്ചു വിടപ്പെട്ടവരില്‍ യൂണിയനില്‍ ഇല്ലാത്തവരും സമരത്തില്‍ പങ്കെടുക്കാവുന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് തങ്ങളുടെ ഭാഗം ശരിയാക്കാന്‍ വേണ്ടി മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഇതിനു പിന്നിലും മാനേജ്‌മെന്റിന്റെ തന്ത്രങ്ങള്‍ ഉണ്ടെന്നാണ് യൂണിയന്റെ ആരോപണം. 'പിരിച്ചു വിടപ്പെട്ടവരില്‍ 40 ഓളം പേര്‍ യൂണിയനില്‍ ഇല്ലാത്തവരാണ്. അവര്‍ സമരത്തിലും ഇല്ലായിരുന്നു. ഇക്കാരണം പറഞ്ഞാണല്ലോ, ഞങ്ങള്‍ വ്യക്തിവൈരാഗ്യത്തോടെയല്ല ഇത്തരമൊരു തീരുമാനമെടുത്തതെന്നു മാനേജ്‌മെന്റ് പറയുന്നത്. എന്നാലിതവരുടെ കളിയാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങളൊന്ന് അടങ്ങിക്കഴിഞ്ഞാല്‍ ആ പിരിച്ചു വിടപ്പെട്ട എല്ലാവരേയും തന്നെ തിരികെയെടുക്കാമെന്നു മാനേജ്‌മെന്റ് വാക്കു കൊടുത്തിട്ടുണ്ട്. അവരുടെ ലക്ഷ്യം ഞങ്ങള്‍ മാത്രമാണ്. തൊഴിലാളി സംഘടനയിലുള്ളവരെ ഏതുവിധേനയും പുറത്താക്കുക മാത്രമാണ് ആവശ്യം. അതല്ലെങ്കില്‍, കഴിഞ്ഞ ഡിസംബര്‍ ഏഴു മുതല്‍ പിരിച്ചു വിടപ്പെട്ടവര്‍ സമരം നടത്തുകയാണ്. ഈ ജനുവരി രണ്ടു മുതല്‍ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതാണ്. എന്തുകൊണ്ട് പിരിച്ചു വിടപ്പെട്ട ആ നാല്‍പ്പതോളം പേരും സമരത്തില്‍ പങ്കാളികളാവുകയോ മാനേജ്‌മെന്റ് പ്രവര്‍ത്തിയെ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല? അതിനര്‍ത്ഥം അവര്‍ക്ക് ഓഫര്‍ കിട്ടിയിട്ടുണ്ടെന്നു തന്നെയാണ്. അവര്‍ക്ക് മാത്രമല്ല, ഇപ്പോള്‍ ജീവനക്കാരായിരിക്കുന്നവര്‍ക്കും മാനേജ്‌മെന്റി പലവിധ ഓഫറുകള്‍ നല്‍കുന്നുണ്ട്. തങ്ങള്‍ക്കൊപ്പം നില്‍ക്കുക, സമരം ചെയ്യുന്നവര്‍ക്കെതിരേ പറയുക എന്നതാണ് പകരമുള്ള ഡിമാന്‍ഡ്. 864 പേരെ പിരിച്ചു വിടുമെന്നാണല്ലോ മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്. അതിനകത്ത് വരാതിരിക്കാന്‍ വേണ്ടിയാണ് ഓരോരുത്തരും ശ്രമിക്കുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന കരിങ്കാലികളാണ് ഈ തൊഴിലാളി സമരത്തേയും അതില്‍ പങ്കെടുക്കുന്നവരെയും തള്ളിപ്പറയുന്നത്. സമരക്കാര്‍ അക്രമികളാണെന്ന് വരുത്തി തീര്‍ക്കാന്‍ മാനേജ്‌മെന്റ് നടത്തുന്ന നാടകങ്ങളില്‍ ഈ കരിങ്കാലികള്‍ തന്നെയാണ് പ്രധാന അഭിനേതാക്കള്‍. ഇങ്ങോട്ടു വന്നു മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും എന്നിട്ടത് വീഡിയോയില്‍ പിടിച്ച് മുതലാളിയെ ഏല്‍പ്പിക്കലുമാണ് ഇവരുടെ ജോലി. കഴിഞ്ഞ ദിവസം ഇക്കൂട്ടത്തില്‍പ്പെട്ടൊരു സ്ത്രീ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാത്തൊരു അന്തരീക്ഷത്തിലാണ് സമരം ചെയ്യുന്ന യൂണിയന്‍ പ്രവര്‍ത്തകനോട് അങ്ങോട്ട് ചെന്ന് പ്രശ്‌നം ഉണ്ടാക്കുകയും എന്നിട്ടാ ദൃശ്യങ്ങള്‍ അവര്‍ക്കനുകൂലമായി ചിത്രീകരിക്കുകയും ചെയ്തത്. ആ സ്ത്രീയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഒരു തെറ്റും ചെയ്യാത്തൊരാള്‍ അറസ്റ്റിലുമായി. എങ്ങനെയും പ്രശ്‌നമുണ്ടാക്കി, സമരത്തിലുള്ള തൊഴിലാളികളെയും സി ഐ ടി യു വിനെയും അക്രമികളും ഗൂണ്ടകളുമാക്കി ചിത്രീകരിക്കുകയെന്നതാണ് മാനേജ്‌മെന്റിന്റെ ആവശ്യം. വേണ്ട നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വന്തം വീടിനടുത്തുള്ള ബ്രാഞ്ചില്‍ മുപ്പതിനായിരവും നാല്‍പ്പതിനായിരവും ശമ്പളവും വാങ്ങി മാനേജര്‍ തസ്തികയിലും മറ്റുമിരുന്ന സുഖിക്കുന്നവരാണ് അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവരെ ചതിക്കുന്നത്. അവര്‍ക്ക് അനുഭവിച്ചു വരുന്ന സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ വയ്യാ, അതിനുവേണ്ടി ഏതു ചതിക്കും വഞ്ചനയ്ക്കും തയ്യാറാകും. ഇതൊന്നും അറിയാതെയോ അന്വേഷിക്കാതെയോ ഇവിടെയുള്ള മാധ്യമങ്ങളടക്കം ഞങ്ങള്‍ സമരക്കാരെ കുറ്റവാളികളാക്കുകയാണ്. എന്തിനാണ് ഈ സമരമെന്ന് ആരും അന്വേഷിക്കുന്നില്ല. എന്തിനാണ് ജീവനക്കാര്‍ സമരം ചെയ്യുന്നതെന്നു മാനേജ്‌മെന്റിനോട് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരം കാണില്ല. അതുകൊണ്ടാണവര്‍ സമരക്കാര്‍ ഞങ്ങളെ കൊല്ലാന്‍ വരുന്നേ, തല്ലാന്‍ വരുന്നേ എന്നു മാത്രം പറഞ്ഞു നടക്കുന്നത്. മുന്‍പ് നടന്ന സമരത്തിന്റെ അവസാനം ഉണ്ടാക്കിയ കരാര്‍ ഒപ്പിടുന്നതിനു മുമ്പായി മുത്തൂറ്റ് എംഡി വാശിപിടിച്ചിരുന്നത്, ഇത്തരമൊരു കരാര്‍ ഒപ്പിടുന്നത് ഒരിക്കിലും തൊഴിലാളി യൂണിയനെ അംഗീകരിക്കുന്നതായി കണക്കാക്കില്ലെന്ന ക്ലോസ് കൂടി എഴുതി ചേര്‍ക്കണമെന്നായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് അങ്ങനെയൊരു ക്ലോസ് ചേര്‍ക്കാതെ തന്നെ അതില്‍ ഒപ്പിടാന്‍ എം ഡി തയ്യാറായത്. അതിന്റെയെല്ലാം വിദ്വേഷം ഞങ്ങളോട് തീര്‍ക്കുകയാണ്'; നിഷ കെ ജയന്‍ പറയുന്നു.

പതിനേഴാം നൂറ്റാണ്ടിലെ ജന്മികള്‍ അടിയാന്മാരെ നേരിട്ടതിനെക്കാള്‍ നികൃഷ്ടമായിട്ടാണ് മുത്തൂറ്റ് മാനേജ്‌മെന്റ് അതിലെ തൊഴിലാളികളെ നേരിടുന്നതെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍, ഒരു കാരണവശാലും ഈ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തോറ്റു കൊടുക്കില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ സമരത്തില്‍, തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ എത്താന്‍ സഹായിച്ച കോടതിയെ തന്നെയാണ് ഇത്തവണയും പ്രതീക്ഷയോട് നോക്കിക്കാണുന്നതെന്നും യൂണിയന്‍ പറയുന്നു. ലേബര്‍ കമ്മീഷ്ന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലും സത്യാവസ്ഥ ബോധ്യപ്പെടുമെന്ന വിശ്വാസവും തൊഴിലാളികള്‍ക്കുണ്ട്. കോടതിയെ വിശ്വസിക്കുന്നതിനൊപ്പം തന്നെ സമരവുമായി മുന്നോട്ടു പോകുമെന്ന കാര്യവും യൂണിയന്‍ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് എല്ലാ തൊഴിലവകാശങ്ങളും തൊഴിലാളി സമരം ചെയ്തു തന്നെയാണ് നേടിയെടുത്തിരിക്കുന്നതെന്ന ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ് മുത്തൂറ്റിലെ തൊഴിലാളികളും ഉയര്‍ത്തിക്കാണിക്കുന്നത്.

Read Also: എംഡിക്ക് നേരെ കല്ലേറ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ നാടകമെന്ന് തൊഴിലാളികള്‍, സി ഐ ടി യു ഗുണ്ടകളെന്ന് മൂത്തൂറ്റ് മാനേജ്മെന്‍റ്




Next Story

Related Stories