TopTop
Begin typing your search above and press return to search.

എംഡിക്ക് നേരെ കല്ലേറ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ നാടകമെന്ന് തൊഴിലാളികള്‍, സി ഐ ടി യു ഗുണ്ടകളെന്ന് മൂത്തൂറ്റ് മാനേജ്മെന്‍റ്

എംഡിക്ക് നേരെ കല്ലേറ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ നാടകമെന്ന് തൊഴിലാളികള്‍, സി ഐ ടി യു ഗുണ്ടകളെന്ന് മൂത്തൂറ്റ് മാനേജ്മെന്‍റ്

ഒരിടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാൻസുമായി ബന്ധപ്പെട്ട തൊഴിൽ തര്‍ക്കം വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നുമായ മുത്തൂറ്റിലെ ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള തർ‌ക്കം സ്ഥാപനത്തിന്റെ എംഡി ആക്രമിക്കപ്പെടുന്ന നിലയിലേക്ക് എത്തിനിൽക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് മുത്തൂറ്റ് എംഡി ജോര്‍ജ്ജ് അലക്സാണ്ടറുടെ കാറിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ കാറിന്റെ ചില്ലുകൾ തകരുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

‌എന്നാൽ, കൊച്ചിയിലെ മുത്തൂറ്റ് ആസ്ഥാനത്തിന് മുന്നിൽ സമരം നടക്കവെ എം ഡി ആക്രമിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിട്ടുള്ളത്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള നോൺ ബാങ്കിങ്‌ ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മുത്തൂറ്റിലെ തൊഴിലാളി സമരം നടക്കുന്നത്. മുൻപ് നടന്ന തൊഴിലാളി സമരങ്ങൾ ഒത്തുതീർപ്പാക്കുന്നതിന് നൽകിയ ഉറപ്പുകൾ പാലിക്കുക, അടുത്തിടെ പിരിച്ച് വിട്ട സംഘടനാ നേതാക്കൾ ഉൾപ്പെടെ 166 പേരെ തിരിച്ചെടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൊച്ചിയിലെ ആസ്ഥാനത്തിന് മുന്നിൽ സമരം നടത്തി വന്നിരുന്നത്. സമരത്തിനിടെ കഴിഞ്ഞ ദിവസം ജോലിക്ക് കയറാനെത്തിയ മാനേജ്മെന്റ് അനുകൂല ജീവനക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റമുൾപ്പെടെ നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച എംഡിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത് ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

എംഡി ജോർജ് അലക്സാണ്ടറെ ആക്രമിച്ചത് സിഐടിയു ഗൂണ്ടകളാണെന്നാണ് മുത്തൂറ്റ് പ്രതിനിധിയുടെ ആരോപിക്കുന്നത്. വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നും സി ഐ ടി യു ഗുണ്ടകളാണെന്നും ആരോപിച്ച മാനേജ്മെന്റ് പ്രതിനിധി സമരം നടത്തി സ്ഥാപനം പൂട്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.

ജോര്‍ജ് അലക്സാണ്ടറിനു നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും സംഭവത്തിന് പിന്നാലെ പുറത്ത് വന്നിരുന്നു. നീല ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് അക്രമി. പ്രകോപനം ഒന്നും കൂടാതെ തന്നെ ഓടിവരികയും വഴിയില്‍ കിടന്ന വലിയ കല്ലെടുത്ത് കാറിനു മുകളിലേക്ക് എറിയുകയായിരുന്നു. ഈ സമയം കാറിന്റെ മുൻസീറ്റിൽ, ഇടതു വശത്ത് ഇരുന്നിരുന്ന ജോർജ് അലക്സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റെന്നുമാണ് വാർത്തകൾ. കൊച്ചിയിലെ ഡിഐജി ഓഫിസിനു മുന്നിൽ വച്ചായിരുന്നു ആക്രമണം.

എന്നാൽ‌, കല്ലേറുൾപ്പെടെയുള്ള അക്രമ സംഭവങ്ങളിൽ പങ്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇപ്പോൾ നടക്കുന്നത് സമരത്തെ അപകീർത്തിപ്പെടുത്താനുള്ള നാടകത്തിന്റെ ഭാഗമാണെന്നും എംപ്ലോയീസ് അസോസിയേഷൻ നേതാക്കള്‍ പറയുന്നു. സമരക്കാർക്ക് അനുകൂല നിലപാടാണ് സർക്കാരും വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ സ്വീകരിച്ചത്. കല്ലെറിഞ്ഞ് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമാധാനപരമാണ് തൊഴിലാളി സമരം നടക്കുന്നത്. പ്രകോപനമുണ്ടാക്കിയത് മാനേജ്മെന്റാണ്. നേരിട്ട് പ്രശ്നപരിഹാരത്തിന് താൻ ചര്‍ച്ച വിളിച്ചെങ്കിലും ഒത്തുതീര്‍പ്പിന് മാനേജ്മെന്റ് തയാറായില്ല. എന്നാൽ തൊഴില്‍വകുപ്പ് പ്രശ്നപരിഹാരത്തിന് ശ്രമം തുടരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം 56 ദിവസം നീണ്ട് നിന്ന മുത്തൂറ്റിലെ സമരം അവസാനിപ്പിച്ചത് ഹൈക്കോടതിയുടെ മുന്നിൽ സമർപ്പിക്കപ്പെട്ട ഒത്തുതീർപ്പ് കരാർ പ്രകാരമാണ്. ഇത് നിലനിൽക്കെ വ്യവസ്ഥകൾ ലംഘിച്ച് ബ്രാ‌ഞ്ചുകൾ പൂട്ടി തൊഴിലാളികളെ പിരിച്ചുവിടുകയാണ് മുത്തൂറ്റ് ചെയ്തത്. ഇത് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ തീർത്തും നിഷേധ നിലപാടാണ് മുത്തൂറ്റ് സ്വീകരിച്ചതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

'സർക്കാരിനെ മാനേജ്മെന്റ് തുടർച്ചയായി വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വൈകാരികമായി പ്രതികരിക്കാൻ സർക്കാർ തൽക്കാലം ഉദ്ദേശിക്കുന്നില്ല. മുത്തൂറ്റിലെ തൊഴിലാളി സമരം സമാധാനപരമായാണ് മുന്നോട്ടു നീങ്ങുന്നത്. അക്രമം തൊഴിലാളി സമരത്തിന്‍റെ രീതിയല്ല. അത്തരത്തിൽ തൊഴിലാളികൾ പെരുമാറില്ല', ടി പി രാമകൃഷ്ണൻ വ്യക്തമാക്കുന്നു.


എംഡിയെ ആക്രമിച്ച സംഭവം ഉൾപ്പെടെ ചൊവ്വാഴ്ച നടന്ന സംഭവങ്ങൾ എല്ലാം തന്നെ വെറും നാടകമാണെന്നാണ് സമര സമിതി നേതാക്കളുടെ നിലപാട്. തൊഴിലാളി സമരം അടുത്ത ദിവസം കോടതിയുടെ മുന്നിലെത്തുമെന്നിരിക്കെ സമരക്കാർ അക്രമികളാണെന്ന് വരുത്തിത്തീർത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നെന്നും എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സിസി രതീഷ് അഴിമുഖത്തോട് പ്രതികരിച്ചു.

'മാനേജ്‌മെൻറ്‌ തന്നെ ആസൂത്രിതമായി നടത്തിയതാണോ ഇന്ന്‌ നടന്ന അക്രമം എന്ന് സംശയിക്കുന്നു. സമരം ചെയ്യുന്ന തൊഴിലാളികൾ ഒരിക്കലും അക്രമം നടത്തിയിട്ടില്ല. ദിവസങ്ങളായി ന്യായമായ ആവശ്യങ്ങൾക്കായി സമരപന്തലിൽ സമാധാനപരമായാണ്‌ തൊഴിലാളികൾ സമരം ചെയ്യുന്നത്‌. സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കമാണിതിന്റെ പിന്നിലെന്ന്‌ കരുതുന്നു.

കഴിഞ്ഞ മൂന്നര വർഷമായി മുത്തൂറ്റ് ഫിനാൻസിൽ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. 565 ശാഖകളിലും ഹെഡ് ഓഫീസിലുമായി 2500 പേരോളം ജോലിചെയ്യുന്നുണ്ട്. അതിൽ പകുതിയോളം പേര്‍ സംഘടനയിൽ അംഗമാണ്. എന്നാൽ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ തിരഞ്ഞ് പിടിച്ച് കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് മുത്തൂറ്റുമായി ബന്ധപ്പെട്ട സമരങ്ങൾ തുടങ്ങുന്നത്. 16, 17 ദിവസം തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉണ്ടാക്കിയാണ് അന്ന് സമരം അവസാനിപ്പിച്ചത്.

എന്നാൽ, പിന്നീട് മുന്ന് വർഷക്കാലം ആ വ്യവസ്ഥകൾ ഒന്നും പാലിക്കപ്പെട്ടില്ല. പിന്നീട് ഒരേ കാര്യത്തിനായി പലതവണ സമരം ചെയ്യേണ്ടിവരികയും ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്യ്തു, പക്ഷേ ഒന്നും നടപ്പാക്കിയിട്ടില്ല. ആറോളം പണിമുടക്കുകളാണ് ഇക്കാലയളവിൽ നടന്നത്. പിന്നാലെയാണ് 52 ദിവസം നീണ്ടുനിന്ന സമരം കഴിഞ്ഞ വർഷം നടന്നത്. അന്ന് എംഡി തന്നെ തങ്ങൾക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തി. സിഐടിയുവിനെതിരെ പരസ്യയി ആരോപണങ്ങൾ ഉന്നയിച്ചു. പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിൽ ഒത്തുതീർപ്പ് കരാർ ഉണ്ടാക്കിയത്. സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടികൾ ഉൾപ്പെടെ ഉണ്ടാവില്ലെന്നായിരുന്നു ഇതിൽ ഒരു വ്യവസ്ഥ. എന്നാൽ ഇത് കാറ്റിൽ പറക്കിക്കൊണ്ടാണ് ഒരു മുന്നറിയിപ്പും കൂടാതെ സംഘടനയുടെ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ബ്രാഞ്ച് അടയ്ക്കുന്ന ഡിംസംബർ ഏഴാം തീയതി മുതൽ പിരിച്ച് വിട്ടുകൊണ്ട് അറിയിപ്പ് വന്നത്.

പിന്നാലെ, പത്താം തീയ്യതി മുതൽ ജനുവരി 1 വരെ സമാധാനപരമായി സത്യാഗ്രഹമിരുന്നു. എന്നിട്ടും പരിഹാരമില്ലാത്തതിനാലാണ് കഴിഞ്ഞദിവസം മുതൽ അനിശ്ചികത കാല സമരത്തിലേക്ക് തിരിഞ്ഞത്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായതിന്റെ പേരിൽ പിരിച്ച് വിട്ട 166 വേണ്ടി മറ്റ് വഴികൾ ഇല്ലാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. പിന്നാലെയാണ് ഇന്നത്തെ സംഭവങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞ സമരകാലത്തും എംഡിയുടെ കാലത്ത് ഇത്തരം നീക്കങ്ങൾ ഉണ്ടായിരുന്നു. അന്ന് റോഡിൽ കുത്തിയിരിക്കുകയാണ് എംഡി ചെയ്തത്. ഒരു മുതലാളിയും ചെയ്യാത്തതരത്തിലാണ് മുത്തൂറ്റ് എംഡി പ്രവർത്തിക്കുന്നത്. തൊഴിലാളി സംഘടനകളുമായി നേരിട്ട് എറ്റുമുട്ടുന്ന രീതിയാണ് അദ്ദേഹം സ്വീകരിക്കുന്നത്'- രതീഷ് പ്രതികരിച്ചു.

എന്നാൽ, യാതൊരു മര്യാദയും കൂടാതെയാണ് 166 പേരെ പിരിച്ച് വിടാനുള്ള മുത്തൂറ്റിന്റെ തീരുമാനം ഉണ്ടായതെന്ന് ജീവനക്കാരുടെ സംഘടനയുടെ സെക്രട്ടറിയും പുറത്താക്കപ്പെട്ട മാനേജറുമായ നിഷ കെ ജയൻ പറയുന്നു. സാമ്പത്തിക പ്രതിസന്ധി ചൂട്ടിക്കാട്ടിയാണ് മുത്തൂറ്റ് 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും 166 ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്യുന്നത്. 17 വര്‍ഷമായി മുത്തൂറ്റില്‍ ജോലി ചെയ്യുന്ന വ്യക്തിയെന്നിരിക്കെ എന്നാൽ അതിന്റെ ഒരു ആനുകൂല്യങ്ങളും നൽകാതെയാണ് നടപടികൾ ഉണ്ടായതെന്നും നിഷ അഴിമുഖത്തോട് പ്രതികരിച്ചു.

'ഡിസംബർ 7ന് വൈകീട്ട് അഞ്ച് മണിക്കാണ് നിങ്ങളുടെ സേവനം മതിയാക്കാമെന്നും ബ്രാഞ്ച് അടച്ച് പൂട്ടിയെന്നും വ്യക്തമാക്കി ഇ-മെയിൽ സന്ദേശം ലഭിക്കുന്നത്. സാമ്പത്തിക ലാഭം ഇല്ലെന്ന് കാട്ടിയാണ് ഞാൻ ജോലിനോക്കുന്ന ബ്രാഞ്ച് അടച്ച് പൂട്ടുന്നത്. എന്നാൽ‌ അതിന്റെ ഉത്തരവാദികൾ അവിടെയുള്ള ജീവനക്കാരല്ല. ഒരു ബ്രാഞ്ചിനെ ജീവനക്കാരി എന്ന നിലയിൽ അല്ല തന്നെ ജോലിക്കെടുത്തത്. തങ്ങളെ വിവിധ ബ്രാഞ്ചിലേക്ക് മാറ്റുകയാണ് സാധാരണ ചെയ്യുന്നത്. ഒരു വർഷം മാത്രമാണ് അവിടെ ആ ബ്രാഞ്ചിൽ ജോലിചെയ്ത് വരുന്നത്. എങ്ങനെയാണ് താൻ നഷ്ടത്തിന് ഉത്തരവാദിയാവുന്നത് എന്ന് അറിയില്ല. എന്നാൽ ഇപ്പോൾ പൂട്ടിയ ബ്രാഞ്ചുകൾ എല്ലാം തന്നെ നല്ലരീതിയിൽ ബിസിനസ് നടക്കുന്നവയാണ്. ജീവനക്കാരുടെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഇവിടെ ഉണ്ടെന്നത് മാത്രമാണ് കാരണം. മുത്തൂറ്റിൽ എന്നല്ല ഒരു സ്ഥലത്തും അംഗീകരിക്കാൻ കഴിയാത്തതാണ് ഈ നടപടികൾ. മാനേജ്മെന്റിന് പ്രതികാരം ചെയ്യാൻ ലാഭകരമല്ലാത്ത ബ്രാഞ്ചിലേക്ക് മാറ്റി പുറത്താക്കുന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. അത് അനുവദിക്കാനാവില്ല. പുറത്താക്കപ്പെട്ട 166 പേരെയും തിരിച്ചെടുക്കണം.

ഇതിനെല്ലാം പുറമെ മാനേജ്മെന്റ് സ്വീകരിച്ച നടപടി തീർത്തും നിയമവിരുദ്ധമാണ്. ശാഖകൾ അടച്ച് പൂട്ടാനുള്ള തീരുമാനത്തിന് സർക്കാറിന്റെ അനുമതിയില്ല. നൂറ് പേരിൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്ഥാപനം അടച്ച് പൂട്ടുമ്പോൾ സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. അതുണ്ടായിട്ടില്ല. സംഘടന രൂപീകരിച്ചതു മുതൽ ജീവനക്കാരെ പീഡിപ്പിക്കുന്ന നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ച് വന്നത്. സ്ഥലം മാറ്റിയും ആനുകൂല്യങ്ങൾ തടഞ്ഞും അത്തരത്തിൽ വലിയ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഇപ്പോൾ പിരിച്ച് വിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യം- നിഷ കെ ജയൻ വ്യക്തമാക്കുന്നു.

എംഡിക്കെതിരെ നടന്ന കല്ലേറുൾപ്പെടെ ആസൂത്രിതമാണെന്നും ഇതിന് മുതലാളിയോട് അടുത്ത് നിൽക്കുന്ന ചിലമാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും നിഷ ആരോപിച്ചു. ഇന്നലെയും ഇന്നുമായി സമര പന്തലിന് സമീപം മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. അപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു ഇത്തരം ഒരു നാടകം. പിന്നാലെയാണ് ഇന്ന് രാവിലെ പൊട്ടിയ ചില്ലുള്ള കാറിൽ എംഡി എത്തുന്നത്. അപ്പോഴാണ് അക്രമത്തെ കുറിച്ച് പോലും അറിയുന്നത്. ഐജി ഓഫീസിന് മുന്നിൽ വച്ചാണ് കല്ലേറ് ലഭിച്ചത്. പരിക്കേറ്റെങ്കിൽ ആശുപത്രിയിൽ പോവാതെ എന്തിനാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.' മാധ്യമങ്ങളെ തയ്യാറാക്കി നിർത്തി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും നിഷ ആരോപിക്കുന്നു.


Next Story

Related Stories