TopTop

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍പിആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നതായി വ്യക്തമാക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് പൊതുഭരണ വകുപ്പിന്റെ അടിയന്തര സന്ദേശം. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് ഇത് സംബന്ധിച്ച സന്ദേശം നൽകിയത്. 2021-ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍.പി.ആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് നടപടി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ഡിസംബർ 20നാണ് സർക്കാർ ഉത്തരവിറക്കിയത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കണക്കിലെടുത്ത് ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) തയാറാക്കുന്നതിന് സഹായകമായവിധമാണ് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികൾ‌ എന്ന ആശങ്ക ഉയർന്ന് പശ്ചാത്തലത്തിലായിരുന്നു നടപടി. പിന്നാലെ ജനസംഖ്യ റജിസ്ട്രി പുതുക്കൽ (എന്‍പിആർ) നടപടികൾ സംസ്ഥാനത്തു നിർ‌ത്തിവയ്ക്കാനും സംസ്ഥാന സർക്കാർ പുതുക്കിയ ഉത്തരവിറക്കുകയായിരുന്നു.

എന്നാൽ,‌ പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരിക്ക് (സെന്‍സസ്) എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ സ്ഥിതിവിവര കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍.പി.ആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സർ‌ക്കാർ നിലപാട് വ്യക്തമാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.


Next Story

Related Stories