TopTop
Begin typing your search above and press return to search.

മാണി സി കാപ്പന്‍ മന്ത്രിയാകുമോ? സാധ്യത തള്ളാതെ തോമസ് ചാണ്ടി

മാണി സി കാപ്പന്‍ മന്ത്രിയാകുമോ? സാധ്യത തള്ളാതെ തോമസ് ചാണ്ടി

പാലായിലെ 54 വര്‍ഷത്തെ ചരിത്രം തിരുത്തി വിജയം സ്വന്തമാക്കിയ മാണി സി കാപ്പന്റെ മന്ത്രിസ്ഥാനത്തിനുള്ള സാധ്യതകള്‍ തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി. ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കേണ്ടത് എന്‍സിപി ഹൈക്കമാന്‍ഡാണെന്നും അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുമാണ് ഇപ്പോള്‍ മുന്നിലുള്ളത്‌ അതിനാല്‍ ഇതിനുശേഷം തീരുമാനങ്ങള്‍ വ്യക്തമാക്കുകയുള്ളൂവെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.

മണ്ഡലം രൂപീകരിച്ച കാലം മുതല്‍ കേരള കോണ്‍ഗ്രസിനൊപ്പം നിന്ന, 54 കൊല്ലമായി കെ എം മാണി തുടര്‍ച്ചയായി ജയിച്ച പാല മണ്ഡലമാണ് ഇപ്പോള്‍ എല്‍ഡിഎഫ് മുന്നണി നേടിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കെ എം മാണിയോട് പരാജയപ്പെട്ട മാണി സി കാപ്പന്‍ ജയിച്ചത് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.

കഴിഞ്ഞ മൂന്ന് തവണകളിലും കെ എം മാണിയോട് പരാജയപ്പെട്ടെങ്കിലും ഓരോ തവണയും ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളിലും, പാലാ നഗരസഭ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയത്. മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ സാധിച്ചത്.

കാപ്പന് 54,137 വോട്ടുകളും ജോസ് ടോമിന് 51,194 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരിക്ക് 18,044 വോട്ടുകളും ലഭിച്ചു. 2014-ല്‍ കെ.എം മാണിക്ക് ലഭിച്ച 58,884 വോട്ടില്‍ നിന്ന് 7,190 വോട്ടുകളുടെ കുറവ് ജോസ് ടോമിന്. കാപ്പന് കഴിഞ്ഞ തവണ ലഭിച്ച 54,181 വോട്ടുകളേക്കാള്‍ 44 വോട്ടുകള്‍ കുറവ്. എന്നാല്‍ ബിജെപി വോട്ടുകളാണ് ഇത്തവണ ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ തവണ എന്‍. ഹരിക്ക് 24,821 വോട്ടുകളാണെങ്കില്‍ ഇത്തവണ അത് 18,044 വോട്ടുകളായി കുറഞ്ഞു- 6777 വോട്ടുകളുടെ കുറവ്.


Next Story

Related Stories