TopTop
Begin typing your search above and press return to search.

സ്ഥിര മദ്യപാനിയായ അച്ഛനുണ്ടാക്കുന്ന അരക്ഷിതത്വം, ഒരു തുണി കഷ്ണത്തിന്റെ ബലം മാത്രമുണ്ടായിരുന്ന ആ വീട് അയല്‍ക്കാരും അവഗണിച്ചിരുന്നു

സ്ഥിര മദ്യപാനിയായ അച്ഛനുണ്ടാക്കുന്ന അരക്ഷിതത്വം, ഒരു തുണി കഷ്ണത്തിന്റെ ബലം മാത്രമുണ്ടായിരുന്ന ആ വീട് അയല്‍ക്കാരും അവഗണിച്ചിരുന്നു


'ആ വീട്ടില്‍ എപ്പോഴും വഴക്കും ബഹളവുമായിരിക്കും, അതായിരിക്കും ആരും ശ്രദ്ധിക്കാതെ പോയതത്'; ഒരു ആറ് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായത് അയല്‍വാസികളാരും അറിഞ്ഞില്ലേ എന്ന ചോദ്യത്തിന് ഉണ്ണികുളം വള്ളിയോത്തെ നാട്ടുകാര്‍ക്കുള്ള മറുപടിയാണ്. മൂന്നര വയസുള്ള തന്റെ കുഞ്ഞനുജനൊപ്പം പാതിരാത്രിയില്‍ വീട്ടുമുറ്റത്തിരുന്ന് ആ കുട്ടി കരയുന്നത് കണ്ടവരും, വീട്ടിലെ സ്ഥിരം വഴക്കിന്റെ ഭാഗമാണെന്നു മാത്രമാണ് കരുതിയത്. ആ വീട്ടിലെ അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും തന്നെയായിരുന്നു പ്രതിയും മുതലെടുത്തത്. എല്ലാത്തിനുമൊടുവില്‍ ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടതു മാത്രമാണ് ആശ്വസിക്കാനുള്ള ഏക വിഷയം.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളായ നേപ്പാള്‍ സ്വദേശികള്‍ കോഴിക്കോട് ബാലുശ്ശേരിയിലെ ഉണ്ണികുളം പഞ്ചായത്തില്‍പ്പെട്ട വള്ളിയോത്ത് താമസിക്കാനെത്തുന്നത്. സമീപത്തെ ക്വാറിയിലായിരുന്നു അച്ഛനും അമ്മയ്ക്കും ജോലി. ഇവിടെ നിന്നും കുറച്ചകലെ മാറി ഇവരുടെ ബന്ധുക്കളായ നേപ്പാള്‍ സ്വദേശികളും താമസിക്കുന്നുണ്ട്. ആറ് വയസുകാരിയെ കൂടാതെ മൂന്നരയും ഒന്നരയും വയസുള്ള രണ്ട് കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. സിമന്റ് തേയ്ക്കാത്ത ഇഷ്ടിക പാകിയ രണ്ടു മുറി വീട്ടിലെ വാടകക്കാരായിട്ടായിരുന്നു നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്നത്.

രാവിലെ മുതല്‍ വൈകിട്ട് വരെ ക്വാറിയിലെ ജോലിയിലായിരിക്കും മാതാപിതാക്കള്‍. പെണ്‍കുട്ടിയുടെ പിതാവ് പണി കഴിഞ്ഞു വന്നാല്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്നാണ് വളളിയോത്ത് വാര്‍ഡ് മെംബര്‍ നസീറ ഹബീബ് പറയുന്നു. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. വീട്ടില്‍ വഴക്ക് പതിവായതോടെ അയല്‍ക്കാരും നാട്ടുകാരുമൊന്നും ശ്രദ്ധിക്കാതെയായി.

ഇന്നിപ്പോള്‍ ഈ വീടിന്റെ രക്ഷാകവചം എന്നു പറയുന്നത് വാതിലിന്റെ സ്ഥാനത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു തുണി മാത്രമാണ്. മുന്‍ വാതില്‍ ഉണ്ടായിരുന്നുവെന്നാണ് പഞ്ചായത്ത് മെംബര്‍ പറയുന്നത്. പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. ഏത് അപകടവും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന ആ വീട്ടില്‍, മാതാപിതാക്കളുണ്ടാക്കുന്ന വഴക്കും ബഹളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ആറു വയസുകാരിയും അവളുടെ സഹോദരങ്ങളും വളര്‍ന്നിരുന്നത്.

മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോഴാണ് മക്കളുടെ കാര്യം പോലും മറന്ന് അമ്മ, ബന്ധുക്കളുടെ താമസ സ്ഥലത്തേക്ക് പോയത്. രാത്രിയോടെ ഭാര്യ എവിടെയുണ്ടെന്ന് മനസിലാക്കി അവരെ കൂട്ടിക്കൊണ്ടുവരാന്‍ വേണ്ടി ഭര്‍ത്താവും പോയി. അയാളും ആ മൂന്നു കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഓര്‍ത്തില്ല.

അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതായതോടെ തന്റെ കുഞ്ഞനുജന്മാരുടെ സുരക്ഷിതത്വം ആറു വയസുകാരി ഒറ്റയ്ക്ക് എറ്റെടുക്കുകയായിരുന്നു. അച്ഛന്‍ അമ്മയേയും കൂട്ടി ഉടനെ മടങ്ങി വരുമെന്നതായിരുന്നു അവളുടെ പ്രതീക്ഷ. പക്ഷേ, ആദ്യം കടന്നു വന്നത് മറ്റൊരാളായിരുന്നു. ആ വീടിനെക്കുറിച്ച് എല്ലാം മനസിലാക്കിയിരുന്ന പ്രതിക്ക് ആ പെണ്‍കുട്ടിയെ തന്റെ ഇരയാക്കാന്‍ വളരെ എളുപ്പം സാധിച്ചു. അക്രമിയില്‍ നിന്നും രക്ഷതേടി വീടിനുള്ളില്‍ കയറി വാതില്‍ അടയ്ക്കാന്‍ പോലും അവള്‍ക്കാകില്ലായിരുന്നു. എന്തു ബഹളം കേട്ടാലും ആരും അന്വേഷിച്ചു വരില്ലെന്ന ബോധ്യവും പ്രതിക്കുണ്ടായിരിക്കണം.

ഒടുവില്‍, അമ്മയില്ലാതെ, ഒറ്റയ്ക്ക് കയറി വന്ന അച്ഛന്‍ തന്നെയാണ് രക്തത്തില്‍ കുളിച്ചെന്ന നിലയില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാണുന്നത്. ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലും അവളെ എത്തിച്ചു. മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അവളുടെ ആരോഗ്യനില തൃപ്തികരമായത്. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

പൊലീസ് ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പിടികൂടി. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രതീഷ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിപ്പോള്‍.


Next Story

Related Stories