നെയ്യാറ്റിന്‍കരയില്‍ രാജന്-അമ്പിളി ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഭൂമി തര്‍ക്കത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ഭൂമിയില്‍ അവകാശമുന്നയിച്ച് പരാതി നല്കിയ വസന്ത സ്ഥലം വാങ്ങിയത് ചട്ടം ലംഘിച്ചാണെന്നാണ് റിപ്പോര്‍ട്ട്. പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുള്ള സാഹചര്യത്തില്‍ പൊലീസ് അന്വേഷണം വേണമെന്നാണ് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസെ നിര്‍ദേശിച്ചിരിക്കുന്നത്.
40 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍. ഭൂമി വസന്തയുടേതാണെന്നും അത് രാജന് കൈയേറിയതാണെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മൂന്ന് സെന്റ് ഭൂമിയാണ് രാജന് കൈയേറി ഷെഡ് കെട്ടിയത്. എന്നാല്‍, ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും തഹസില്‍ദാര്‍ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചത്.
കളക്ടറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അന്വേഷിച്ചത്. തര്‍ക്കഭൂമി പട്ടയ ഭൂമിയാണെന്നാണ് കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലക്ഷംവീട് പദ്ധതിക്കായി പഞ്ചായത്ത് വാങ്ങിയ ഭൂമിയില്‍ മൂന്ന് സെന്റ് സുകുമാരന്‍ നായര്‍ എന്ന വ്യക്തിക്ക് ആദ്യം പട്ടയം അനുവദിച്ചു. 1989ലാണ് പട്ടയം അനുവദിക്കുന്നത്. ലക്ഷം വീടിന് അനുവദിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് 1997ല്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. ഭൂമിക്ക് അവകാശികളില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഈ ഉത്തരവ് നിലനില്‍ക്കുന്നതിനിടെ സുകുമാരന്‍ നായര്‍ മരിച്ച് ഒരു മാസത്തിനുള്ളില്‍ സുകുമാരന്‍നായരുടെ അമ്മ വനജാക്ഷി 2001ല്‍ ഭൂമി സുഗന്ധിക്ക് വിറ്റു. 2006ല്‍ സുഗന്ധി ഭൂമി വസന്തയ്ക്ക് വിറ്റു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സുകുമാരന്‍ നായരുടെ ഭാര്യയും മകളും ജീവിച്ചിരിക്കെയാണ് അമ്മ ഭൂമി വില്‍ക്കുന്നത്. വില്‍പ്പന പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഇതെങ്ങനെ സാധിച്ചു എന്നതിലാണ് അന്വേഷണ സംഘം ദുരൂഹത കാണുന്നത്. കൂടാതെ, വസന്ത അതിയന്നൂര്‍ വില്ലേജ് ഓഫീസില്‍ കരംതീര്‍ത്തതിലും അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നു. പട്ടയം ലഭിച്ച സുകുമാരന്‍നായരുടെ ഭാര്യ ഉഷ കോടതിയില്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നല്‍കിയെന്നാണ് അതിയന്നൂര്‍ വില്ലേജിലെ രേഖകളിലുള്ളത്.
അതേസമയം, കേസ് നല്‍കിയിട്ടില്ലെന്നാണ് റവന്യൂ അന്വേഷണ സംഘത്തോട് ഉഷ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് വിശദമായ പൊലീസ് അന്വേഷണം വേണമെന്നാണ് കളക്ടര്‍ ശുപാര്‍ശ ചെയ്യുന്നത്. വസ്തുവില്‍പ്പനയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നും ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തര്‍ക്ക ഭൂമിയില്‍ തന്നെയാണ് രാജന്റെ മക്കള്‍ ഇപ്പോഴും താമസിക്കുന്നത്. ഈ ഭൂമി വേണമെന്നാണ് ഇവരുടെ ആവശ്യം. വസന്തയില്‍ നിന്നും ഭൂമി വാങ്ങിയ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അത് കുട്ടികള്‍ക്ക് കൈമാറാന്‍ എത്തിയിരുന്നു. എന്നാല്‍, വസന്തയ്ക്ക് ഭൂമി വില്‍ക്കാനുള്ള അധികാരമില്ലെന്നും വ്യാജ രേഖകള്‍ ചമച്ചാണ് അവര്‍ ഭൂമി വിറ്റതെന്നും രാജന്റെ മക്കള്‍ ബോബിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാതെ ഭൂമി വാങ്ങില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.