എറണാകുളത്തെ അല്‍ ഖ്വയ്ദ ഭീകരുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവി. അറസ്റ്റ് സംബന്ധിച്ച വിവരം എന്‍ഐഎ അറിയിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായി 9 പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. എറണാകുളം നഗരത്തിലെ പാതാളം, മുടിക്കല്‍ എന്നിവിടങ്ങളില്‍ നിന്നായാണ് മൂന്നു പേര് ഇന്ന് പിടിയിലായത്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അറസ്റ്റിലായവരില്‍ ചിലര്‍ ലാപ്ടോപ് ഉള്‍പ്പെടെ ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് ഇവര്‍ക്കൊപ്പം താമസിക്കുന്നവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലാപ്ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കൂടെ താമസിക്കുന്നവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാത്രി രണ്ട് മണിയോടെയാണ് എന്‍ഐഎ സംഘം ഇവരെ പിടികൂടാനെത്തിയതെന്ന് പാതാളത്ത് നിന്നും അറസ്റ്റിലായ മുര്‍ഷിദ് ഹസന്റെ കൂടെ താമസിക്കുന്നവര്‍ പറയുന്നു. രണ്ടര മാസത്തോളം മാത്രമാണ് ഇയാള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ടുള്ളത്. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ജോലിക്ക് പോയിരുന്നത്. താമസസ്ഥലത്തേക്ക് പുറത്ത് നിന്നും ആരും വരുന്നത് കണ്ടിട്ടില്ലെന്നും മറ്റ് തൊഴിലാളികള്‍ അറിയിച്ചു.
പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘം വാങ്ങിവച്ച ഐഡി കാര്‍ഡ്, മൊബൈല്‍ എന്നിവ തിരിച്ച് വാങ്ങാനായി എത്തിയതായിരുന്നു മറ്റ് തൊഴിലാളികള്‍. രണ്ട് മൂന്ന് ദിവസം മാത്രമായിരുന്നു ലാപ്ടോപ് ഉപയോഗിച്ചത്. അത് പിന്നീട് കേടായി എന്ന് അറിയിച്ചത്. തങ്ങള്‍ സ്ഥിരമായി ജോലിക്ക് പോവുന്നവരാണെന്നും പകല്‍ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെന്ന സൂചനയുമാണ് കുടെ താമസിച്ചവര്‍ നല്‍കുന്നത്. വിവധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അല്‍ ഖ്വായിദയുടെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ മാസം 11 ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപപടിയെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
സാമൂഹ്യമാധ്യങ്ങള്‍ വഴിയാണ് അറസ്റ്റിലായവര്‍ അല്‍ ഖ്വായ്ദയിലേക്ക് ആകൃഷ്ടരായതെന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. ഇവരുടെ പേരു വിവരങ്ങളും ഏജന്‍സി പുറത്ത് വിട്ടു. മൂര്‍ഷിദ് ഹസന്, ഇയാക്കൂബ് ബിശ്വാസ് എന്നിവരെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. അബു സുഫിയാന്, മൈന്യൂള് മൊണ്ടാന്, ലിയു ഇയാന്‍ അഹമ്മദ് എന്നിവരെയാണ് മുര്‍ഷിദാബാദില്‍ നിന്നും പിടികൂടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൊച്ചിയില്‍ നിര്‍മാണ തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയവരാണ് അറസ്റ്റിലായതെന്നാണ് കേരളത്തില്‍ നിന്നും അന്വേഷണ സംഘം നല്കുന്ന വിവരം. നിലവില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ ഇവരെ അങ്ങോട്ടേക്ക് കൈമാറിയേക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.